Coverstory

തേജോമയി മദര്‍ ഏലീശ്വാ

സിസ്റ്റർ ഗ്രെയ്‌സ് തെരേസ് സി എം സി
  • സി. ഗ്രെയ്‌സ് തെരേസ് സി എം സി

    സുപ്പീരിയര്‍ ജനറല്‍,

    കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മ്മല്‍

കേരളത്തില്‍ കത്തോലിക്കാസന്യാസമെന്ന ആശ്രമജീവിതാവസ്ഥയ്ക്ക് വേരുപാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. അക്കാലത്ത് സവര്‍ണ്ണാധിപത്യവും പുരുഷകോയ്മയും, മതനൈതികതയും സ്ത്രീകളുടെ പൊതുജീവിതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വീടകയാത്രയായി പരിമിതപ്പെട്ടിരുന്ന വനിതകളുടെ ആത്മീയപ്രതിപത്തിയും ഭക്തജീവിത താല്‍പര്യവും കണക്കിലെടുത്തുകൊണ്ടാണ് 1866 ഫെബ്രുവരി 13 ന് കൂനമ്മാവില്‍ കര്‍മ്മലീത്താ നിഷ്പാദുക മൂന്നാം സഭ സ്ഥാപിതമാകുന്നത്. സുറിയാനി സഭയ്ക്കായുള്ള അന്നത്തെ വികാരി ജനറാള്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ് ഇതിന്റെ സ്ഥാപകന്‍. കൊവേന്തകള്‍ക്കും കന്യാസ്ത്രീമഠങ്ങള്‍ക്കും വേണ്ടിയുള്ള ദലഗാത്ത് ഫാദര്‍ ലെയോപോള്‍ഡ് ഒ സി ഡി എന്ന ഇറ്റാലിയന്‍ മിഷനറിയുടെ ആത്മീയ ചൈതന്യവും ദിശാബോധവും സ്ഥാപക ദൗത്യത്തില്‍ ചാവറയച്ചന് കരുത്തുറ്റ പിന്തുണയായി. കൂനമ്മാവില്‍ സ്ഥാപിച്ച പനമ്പുമഠത്തില്‍ എത്തിയ പ്രഥമ അംഗമാണ് വാകയില്‍ കുടുംബത്തില്‍പ്പെട്ട ഏലീശ്വാ.

1866 മുതല്‍ 1871 വരെ ആദ്യശ്രേഷ്ഠത്തിയായി സേവനമനുഷ്ഠിച്ച മദര്‍ ഏലീശ്വായുടെ പ്രാര്‍ഥനാചൈതന്യം, സുകൃതജീവിതം, നേതൃത്വവാസന, സഹാനുഭൂതി, മാനവികത എന്നിവ സന്യാസ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കരുത്തു പകര്‍ന്നു.

ബാഹ്യജോലികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ദൈവത്തില്‍ ഹൃദയത്തെ ചേര്‍ത്തുറപ്പിക്കാന്‍ ഏലീശ്വാമ്മയ്ക്ക് കഴിഞ്ഞിരുന്നു. പെണ്‍പൈതങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുവേണ്ടി 1868 ജനുവരി രണ്ടാം തീയതി ആരംഭിച്ച എദുക്കുംദാത്ത് (ബോര്‍ഡിങ്ങ്) മഠത്തിനോടനുബന്ധിച്ചുള്ള പഠന കളരിയായിരുന്നു.

വേദപഠനത്തോടൊപ്പം ധ്യാനവും കൈത്തൊഴിലും ഭാഷയും കണക്കും ശാസ്ത്രവും സാഹിത്യവും പാചകവിദ്യയും താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. അറിവും അഭ്യസനവും വഴി പെണ്‍പൈതങ്ങളെ സാംസ്‌കാരികവും സാമൂഹികവുമായ ഉന്നതിയിലെത്തിക്കാന്‍ എലീശ്വാമ്മയുടെ നേതൃത്വത്തിന് കഴിഞ്ഞു.

അടുക്കളയുടെ പുകമറയ്ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരുന്ന സ്ത്രീയിടങ്ങളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിനുള്ള പരിശ്രമങ്ങളെ ഏകോപിപ്പിക്കാനും, പടുത്തുയര്‍ത്താനും ഏലീശ്വാമ്മ വഹിച്ച പങ്ക് നിസ്തുലങ്ങളാണ്. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സ്ത്രീസമുദ്ധാരണത്തിന്റെ ആദ്യാങ്കുരങ്ങള്‍ ഈ കന്യകാമഠത്തില്‍ നിന്നാണെന്ന് നിസ്തര്‍ക്കം പറയാവുന്നതാണ്. 2025 നവംബര്‍ എട്ടിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ ഏലീശ്വായുടെ സുകൃതോജ്ജ്വലമായ ജീവിതം അനേകരെ ദൈവസ്‌നേഹത്തിലേക്കും പുണ്യാഭിവൃദ്ധിയിലേക്കും നയിക്കട്ടെ.

വില്ലന്മാരല്ല, ഹീറോകളാണ്! ബാക്ടീരിയ

CHAINS അല്ല CHANTS!!! [Paul & Silas in Prison]

വസ്തുതാപരമായ സമീപനം [Factual Approach]

ദൈവമുണ്ടായിട്ടും ലോകത്ത് ദുരിതങ്ങളും കഷ്ടപ്പാടുകളും നിലനിൽക്കുന്നത് എന്തുകൊണ്ട്?

എല്ലാ വിശുദ്ധര്‍ക്കും വേണ്ടി : നവംബര്‍ 1