Coverstory

കാലത്തെ തോൽപിച്ച് ഫ്രാൻസിസ്…

ഷാജി കരിംപ്ലാനില്‍ കപ്പൂച്ചിന്‍

എല്ലാ ദേശത്തും എല്ലാ കാലത്തും ആരൊക്കെയോ അസ്സീസിയിലെ ഫ്രാൻസിസിന്റെ സ്വാധീനവലയത്തിൽ പ്പെട്ടു പോകുന്നതു നമ്മൾ കാണുന്നുണ്ട്. ബൈബിളിനു പുറത്തുള്ളവരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരയ്ക്കപ്പെട്ടിരിക്കുന്നത് ഫ്രാൻസിസിനെക്കുറിച്ചാണത്രേ. ഇസ്ലാമിക പണ്ഡിതനായ ഫരീദ് മുനീറിന്റെ വാക്കുകൾ ഇങ്ങനെയാണ്: “ഫ്രാൻസിസിന്റെ കാലവും ലോകവും ഇസ്ലാമിനോടു തികഞ്ഞ വെറുപ്പു കൊണ്ടുനടന്നപ്പോൾ, അതിന്റെ വിശ്വാസങ്ങളെയും നന്മകളെയും വലിയ ആദരവോടെ കണ്ടയാളാണ് ഫ്രാൻസിസ്... അതുകൊണ്ടുതന്നെ ഇസ്ലാം അദ്ദേഹത്തിൽ ഒരു മുസ്ലീമിനെ കാണുന്നു.” നമ്മുടെ വർത്തമാനകാലവും ലോകവും വമ്പൻ സിദ്ധാന്തങ്ങളെയും പ്രമാണങ്ങളെയും അവജ്ഞയോടെ യാണു കാണുന്നത്. എന്നിട്ടും ഫ്രാൻസിസിനോടുള്ള ഇഷ്ടത്തിന് ഇന്നും ഇടിവു വന്നിട്ടില്ല. അതിനു കാരണം ലളിതമായ കാര്യങ്ങളേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ എന്നതാണ്; പിന്നെ പറഞ്ഞതൊക്കെ ജീവിച്ച് കാണിച്ചുതരികയും ചെയ്തു.

ഫ്രാൻസിസിന്റെ ജീവചരിത്രകാരൻ തോമസ്  ഓഫ് സെലാനോ ഒരു സംഭവം വിവരിക്കുന്നുണ്ട്. തന്റെ സന്ന്യാസസമൂഹ ത്തിന് അംഗീകാരം തേടി റോമിലെത്തിയ തായിരുന്നു ഫ്രാൻസിസ്. ബിഷപ് ഹ്യൂഗോ അദ്ദേഹത്തെ ഹൊണോറിയൂസ് പാപ്പയും കർദ്ദിനാൾമാരും ഇരിക്കുന്നിട ത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. തന്റെ ദർശനത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചു മല്ല പക്ഷേ ഫ്രാൻസിസ് അവരോടു പറഞ്ഞുപോകുന്നത്, ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദൈവസ്നേഹത്തെക്കുറിച്ചാണ്. അതോടെ അയാളുടെ സംസാരം സംഗീതമായി മാറുന്നു; ചുവടുകൾ നിയന്ത്രണം വിട്ട് നൃത്തത്തിലെന്നപോലെ നീങ്ങിത്തുടങ്ങുന്നു. ഇത്തരമൊരു മനുഷ്യന്റെ മുമ്പിൽ ആരുടെ മനസ്സാണ് അലിയാത്തത്? അതുകൊണ്ടൊക്കെ യാണ് നിനക്കും എനിക്കും വിശ്വാസിക്കും അവിശ്വാസിക്കും ഫ്രാൻസിസിൽ പ്രിയമുണ്ടാകുന്നത്.

നമ്മുടെ വർത്തമാന കാലവും ലോകവും വമ്പൻ സിദ്ധാന്ത ങ്ങളെയും പ്രമാണങ്ങളെയും അവജ്ഞയോടെയാണു കാണുന്നത്. എന്നിട്ടും ഫ്രാൻസിസിനോടുള്ള ഇഷ്ടത്തിന് ഇന്നും ഇടിവു വന്നിട്ടില്ല.

ഇന്നിപ്പോൾ ഫ്രാൻസിസ് കൂടുതലായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലിയോ പാപ്പ ഒരു വർഷം മുഴുവൻ വിശുദ്ധനെ ഓർക്കാനായി ആവശ്യപ്പെട്ടതാണ് ഒരു കാരണം. മറ്റൊരു കാരണം ആ പേര് സ്വയം സ്വീകരിച്ച് നമ്മുടെ കാലത്തെ പ്രകാശിപ്പിച്ച ഫ്രാൻസിസ് പാപ്പയാണ്. ഇഗ്നേഷ്യസ് ലയോളയുടെ ഈശോസഭയിൽ അംഗമായിരുന്നിട്ടും ബൊർഗോളിയോയുടെ നെഞ്ചിനെ തൊട്ടത് ഫ്രാൻസിസാണ്. അതിനും ഒരു നൂറ്റാണ്ടുമുമ്പ് ഇതേ ഈശോസഭയിൽ പ്പെട്ട പീറ്റർ ലിപ്പർട്ടിന്റേതായി ഒരു നിരീക്ഷണമുണ്ട്: “ബെനഡിക്ടിൽ തുടങ്ങി, ഡൊമിനിക്കിലൂടെ, ഇഗ്നേഷ്യസ് ലയോളയിലെത്തി നില്ക്കുന്ന സന്ന്യാസ സമൂഹത്തെക്കുറിച്ചുള്ള ദർശനം അതിന്റെ ആന്തരിക സാധ്യതകളുടെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു... ഒരു പുത്തൻ വഴിത്താര ഇനി തുറക്കണമെങ്കിൽ നാം മറ്റൊന്നിനെ ആശ്രയിച്ചേ മതിയാകൂ: കാർക്കശ്യങ്ങളില്ലാതെ, തളരാത്ത ഉന്മേഷത്തോടെ ജീവിക്കുന്ന സ്നേഹസമൂഹമെന്ന ഫ്രാൻസിസ്‌കൻ ആദർശമാണത്. സഭയെ ഭാവിയിലേക്കു നയിക്കാൻ കെൽപുള്ള പുതിയൊരു സന്ന്യാസ സമൂഹത്തെ നല്‌കിയനുഗ്രഹിക്കാൻ ദൈവം തീരുമാനിച്ചാൽ, ആ സമൂഹം ഉറപ്പായും ഫ്രാൻസിസ്കൻ ചൈതന്യത്തിന്റെ മുദ്ര പേറുന്നതായിരിക്കും.” സഭ ഏതു വഴിക്കാണു പോകേണ്ടത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ദിശാബോധമാണ് ഈ രണ്ട് ഈശോസഭാംഗങ്ങൾ ചേർന്നു നമുക്കു നൽകിയത്.

* * * * * * * *

ഫ്രാൻസിസിന്റെ കാലം യുദ്ധങ്ങളുടെ കാലമായിരുന്നു. മേലാളരും കീഴാളരും തമ്മിൽ, മേയറും മെത്രാനും തമ്മിൽ, പാപ്പയും ചക്രവർത്തിയും തമ്മിൽ, ക്രിസ്‌ത്യാനികളും മുസ്ലീമുകളും തമ്മിൽ... അസ്സീസിയിലെ കുന്നുകളുടെയെല്ലാം മുകളിൽ ഭീമാകാരങ്ങളായ കോട്ടകളുണ്ടായിരുന്നു; നിരത്തുകളിലാകട്ടെ ആയുധധാരികളുടെ സംഘങ്ങളും. അവിടുത്തെ കുട്ടികൾ യുദ്ധവീരന്മാരുടെ കഥകൾ കേട്ടാണു വളർന്നത്. യുദ്ധം ചെയ്യാൻ വേണ്ടിത്തന്നെ പ്രത്യേക സന്ന്യാസസഭകൾ അക്കാലത്ത് രൂപംകൊള്ളുന്നുണ്ട്. ഏതാനും ദശകങ്ങൾക്കു മുമ്പ് അസ്സീസിയിലെ മേയറായിരുന്ന അർനാൾഡോ ഫൊർത്തീനി പറയുന്നത് ഫ്രാൻസിസിന്റെയൊക്കെ കാലത്ത് ചില പെരുന്നാളുകളോട് അനുബന്ധിച്ച് അസ്സീസിക്കാർ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ആയുധമേന്തി ഏറ്റുമുട്ടിയിരുന്നു എന്നാണ്. കുറഞ്ഞതു പത്തുപേരെങ്കിലും അത്തരം ‘മേള’കളിൽ കൊല്ലപ്പെട്ടിരുന്നുവത്രേ. ക്രിസ്മസിനെ തുടർന്നുള്ള ആഴ്ച‌യിൽ കത്തീഡ്രലിൽ പള്ളിമണി മുഴങ്ങുന്നതോടെ പട്ടണത്തിൽ കാളപ്പോരു തുടങ്ങിയിരിക്കും. യുദ്ധങ്ങൾ മാത്രമല്ല, കളിതമാശകൾപോലും ചോരക്കളിയായി മാറിയിരുന്നുവെന്നു സാരം. അത്തരമൊരു കാലത്താണ് ഫ്രാൻസിസ് തന്റെ സന്ന്യാസ സമൂഹത്തിനു രൂപംകൊടുത്തത്. അതിന് അദ്ദേഹം കൊടുത്ത പേര്:

“നിസ്സാര സഹോദരന്മാരുടെ സമൂഹം.” ആ പേരിലുണ്ട് എല്ലാം. രണ്ടു കാര്യങ്ങളാണ് ആ കൂട്ടായ്മയുടെ മുഖമുദ്ര: നിസ്സാരതയും സാഹോദര്യവും. എന്നും ചോര ചിന്തപ്പെട്ടിട്ടുള്ളത് പണത്തിനും അധികാരത്തിനും വേണ്ടിയായിരുന്നല്ലോ. അതിനു ബദലാണു ഫ്രാൻസിസ് നിർദ്ദേശിക്കുന്നത്.

* * * * * * * *

അന്നത്തെ റോമൻ സിവിൽ സമൂഹത്തിൽ നിലവിലിരുന്ന രണ്ടു കാര്യങ്ങളാണ് ‘ഓർദോ’യും ‘ഫ്രത്തേനിത്താസും’. ‘ഓർദോ’ക്ക് ഓർഡർ അഥവാ ക്രമബദ്ധത എന്നേ അർത്ഥമുള്ളൂ. മുൻഗണന-പിൻഗണന ക്രമത്തെ അതു സൂചിപ്പിക്കുന്നു. ‘ഫ്രത്തേനിത്താസ്’ ക്ലബ്ബുകൾ പോലുള്ള കൂട്ടങ്ങളാണ്. സമഭാവനയാണ് അതിന്റെ സ്വഭാവം. ഈ രണ്ടു പദങ്ങളും പിന്നീട് ക്രൈസ്‌തവ സന്ന്യാസസമൂഹങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ബനഡിക്ടൈൻ ആശ്രമങ്ങളിൽ പ്രാർത്ഥനക്കും മറ്റും ഇരിക്കുമ്പോൾ ആശ്രമാംഗങ്ങൾ കൃത്യമായി മുൻഗണനാക്രമം പാലിച്ചിരുന്നു. അങ്ങനെയാണ് അവരുടെ സമൂഹം ഓർഡർ എന്നു വിളിക്കപ്പെട്ടത്.

എന്നും ചോര ചിന്തപ്പെട്ടിട്ടുള്ളത് പണത്തിനും അധികാരത്തിനും വേണ്ടിയായിരുന്നല്ലോ. അതിനു ബദലാണു ഫ്രാൻസിസ് നിർദ്ദേശിക്കുന്നത്.

എന്നാൽ ഫ്രാൻസിസിന്റെ എഴുത്തുകളിൽ, നൈയാമികമായ കാര്യങ്ങൾ പറയുന്നിടത്തൊഴികെ, തന്റെ സമൂഹത്തെ കുറിക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന പദം ‘ഫ്രത്തേനിത്താസ്’ ആണ്. സഹോദരന്മാർക്കിടയിൽ ആരും ശ്രേഷ്ഠനെന്നോ പ്രഥമനെന്നോ വിളിക്കപ്പെടരുതെന്നും അദ്ദേഹം നിഷ്‌കർഷിച്ചു. ഫ്രാൻസിസിന്റെ ഒന്നാം നിയമാവലിയിൽ ഇങ്ങനെ നാം വായിക്കുന്നു: “ഒരു വിധത്തിലുമുള്ള അധികാരമോ കസേരയോ സഹോദരന്മാർ കൈയാളാൻ പാടുള്ളതല്ല. ഇക്കാര്യത്തിൽ ആർക്കും ഒഴികഴിവില്ല. മറ്റംഗങ്ങളുടെ മേലുള്ള അധികാരപ്രയോഗങ്ങൾ ഉണ്ടാകരുത്... ആരും സുപ്പീരിയർ എന്നു വിളിക്കപ്പെടരുത്. എല്ലാവരും നിസ്സാര സഹോദരന്മാർ എന്നറിയപ്പെടണം; പരസ്പരം കാലുകൾ കഴുകാൻ അവർ തയ്യാറാകുകയും വേണം.” കാർക്കശ്യത്തെയും അധികാരത്തെയും പടിക്കുപുറത്തു നിർത്തി, മറ്റൊരു ജീവിതം സാധ്യമാണെന്ന്  തെളിയിക്കാൻ ശ്രമിക്കുന്നുണ്ട് ഫ്രാൻസിസ്.

* * * * * * * *

1033 വളരെ പ്രധാനപ്പെട്ട കൊല്ലമായിരുന്നു ക്രൈസ്തവ സഭയ്ക്ക്. ക്രിസ്തു മരിച്ച് ആയിരം കൊല്ലം പൂർത്തിയായ അന്ന് ജറുസലെമിലേക്ക് ലോകമെമ്പാടുനിന്നും വൻ തീർത്ഥാടക പ്രവാഹമുണ്ടായി. അങ്ങനെയാണ് ജറുസലെം ക്രൈസ്‌തവന് ആവേശമായി മാറുന്നത്. പക്ഷേ 1187-ൽ സലാവുദ്ദീന്റെ നേതൃത്വത്തിൽ മുസ്ലിം സൈന്യം അവിടം കീഴടക്കിയത് വിശ്വാസികളെ ഞെട്ടിച്ചുകളഞ്ഞു. തുടർന്ന് ആയുധങ്ങൾക്ക് മൂർച്ച കൂട്ടപ്പെടുന്നുണ്ട്. യുദ്ധഗാനങ്ങൾ രചിക്കലും ആലപിക്കലും തകൃതിയായി നടക്കുന്നുണ്ട്. അക്കാലത്ത് അവതരിപ്പിക്കപ്പെട്ട ഒരു ടാബ്ലോ ഇങ്ങനെയായിരുന്നു: രക്തമൊലിക്കുന്ന ക്രിസ്‌തുവിനെ ചാട്ടവാറുകൊണ്ടടിക്കുന്ന മുസ്ലീം സൈനികൻ! കൂട്ടത്തിൽ ഒരു വിശദീകരണകുറിപ്പും: “ഇതാണു ക്രിസ്‌തു - മുസ്ലീമുകളുടെ പ്രവാചകനായ മുഹമ്മദിനാൽ ക്രൂരമായി കൊലചെയ്യപ്പെട്ടവൻ”! (സത്യാനന്തരകാലം തുടങ്ങിയത് അടുത്തയിടെ ഒന്നുമല്ല സർ!) ഇതിനെയൊക്കെ തുടർന്നാണ് കുരിശുയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

യുദ്ധങ്ങൾകൊണ്ട് രാജ്യങ്ങളെ കീഴ്പ്പെടുത്താനേ ആകൂ, ഹൃദയങ്ങളെ കീഴ്പ്പെടുത്താനാകില്ലെന്ന് ഫ്രാൻസിസ് സഭയെ പഠിപ്പിച്ചു.

1215-ലെ നാലാം ലാറ്ററൻ സൂനഹദോസിൽവെച്ച് അഞ്ചാം കുരിശുയുദ്ധത്തിനുള്ള പോർവിളി മുഴങ്ങി. അക്കാലത്ത് ഈജിപ്തിന്റെ ഭരണാധിപൻ സുൽത്താൻ മാലിക്-അൽ-കമൽ ആണ്. ഒന്നര വർഷത്തെ ശ്രമങ്ങൾക്കൊടുക്കം കുരിശുയുദ്ധക്കാർ 1219-ൽ ഈജിപ്തിലെ തുറമുഖ നഗരമായ ഡാമിയെറ്റ കീഴ്പ്പെടുത്തുന്നു. അതോടെ മുഴുവൻ ഈജിപ്തും കീഴ്പെടുത്താമെന്ന മോഹം കുരിശുയുദ്ധക്കാർക്കുണ്ടാകുന്നു. അങ്ങനെ രണ്ടു കപ്പൽ നിറയെ ആയുധധാരികളായ കുരിശുദ്ധക്കാർ ഇറ്റലിയിൽനിന്നു ഡാമിയെറ്റയിലേക്ക് പുറപ്പെടുന്നു. അക്കൂട്ടത്തിൽ ആയുധമില്ലാത്ത രണ്ടു പേർകൂടി ഉണ്ടായിരുന്നു: ബ്രദർ ഫ്രാൻസിസും ബ്രദർ ഇല്ലൂമിനാത്തോയും. തുറമുഖത്തെത്തിയ ഉടനെ ഇരുവരും നേരെ പോകുന്നത് സുൽത്താനെ കാണാനാണ്. ആയുധങ്ങൾമാത്രം സംസാരിച്ചിരുന്ന അന്നാളിൽ ഇരുചേരികളിലുള്ള മനുഷ്യർ സമാധാനത്തോടെ സംസാരിച്ച ഒരേയൊരു സംഭവം ഇതാകാം. മുസ്ലീം മതപണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് സുൽത്താൻ ഫ്രാൻസിസിനെ ആദരവോടെ കേൾക്കുന്നുണ്ട്; രോഗബാധിതനായ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്; ഒടുക്കം സ്വന്തം പട്ടാളത്തിന്റെ അകമ്പടിയോടെ സുരക്ഷിതനായി കുരിശുയുദ്ധക്കാരുടെ ക്യാമ്പിൽ എത്തിക്കുന്നുമുണ്ട്. വിലപിടിപ്പുള്ള സമ്മാനങ്ങൾ പലതു നല്കിയതാണു സുൽത്താൻ. എന്നാൽ ഫ്രാൻസിസ് അവയെല്ലാം വേണ്ടെന്നുവെയ്ക്കുകയാണുണ്ടായത്. അദ്ദേഹം സുൽത്താനെ അത്ഭുതപ്പെടുത്തിക്കാണണം. എന്തായാലും ഏതാനും മാസങ്ങൾ കഴിഞ്ഞ് ഒരിക്കൽ ക്രിസ്ത്യൻ സൈന്യം നൈൽ നദിയിൽ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിച്ചത് ഈ സുൽത്താന്റെ സൈന്യമാണ്. മുസ്ലീം സൈന്യത്തെ ഒരുമിച്ചു കൂട്ടാനായി കാഹളമൂതാനുപയോഗിച്ചിരുന്ന ആനക്കൊമ്പുകൊണ്ടുള്ള ഒരു കുഴൽ അസ്സീസിയിലെ ഫ്രാൻസിസിന്റെ പേരിലുള്ള പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. സുൽത്താൻ ഫ്രാൻസിസിനു കൊടുത്ത സമ്മാനമാണ് അതെന്ന് ഒരു ഐതിഹ്യമുണ്ട്. യുദ്ധങ്ങൾക്കൊണ്ട് രാജ്യങ്ങളെ കീഴ്പ്പെടുത്താനേ ആകൂ, ഹൃദയങ്ങളെ കീഴ്പ്പെടുത്താനാകില്ലെന്ന് ഫ്രാൻസിസ് അങ്ങനെയാണു സഭയെ പഠിപ്പിച്ചത്.

* * * * * * * *

മോറിസ് വെസ്റ്റിന്റെ The Shoes of the Fisherman എന്ന നോവലിൽനിന്ന് ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു: “അസ്സീസിയിലെ ഫ്രാൻസിസ് പുണ്യവാളനെക്കുറിച്ച് ഒന്നു ചിന്തിക്കൂ. ആരായിരുന്നു അദ്ദേഹം? ചരിത്രത്തിൽ സമാനതകളില്ലാതിരുന്നവൻ... ആദിമ ക്രൈസ്‌തവ ചൈതന്യത്തിന് പെട്ടെന്നു വീണ്ടും ജീവൻ വച്ചതുപോലെ... അദ്ദേഹം തുടങ്ങിവച്ച കാര്യം ഇന്നും തുടരുന്നുണ്ട്... പക്ഷേ എന്തോ, അതു പഴയതുപോലെയല്ല... തുടങ്ങിവെച്ച വിപ്ലവം തീർന്നുപോയി. വിപ്ലവകാരികളൊക്കെ ഇന്നു പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആ ചെറിയ മനുഷ്യന്റെ പിൻതലമുറക്കാർ സ്വന്തം സന്ന്യാസസഭക്ക് ലാഭമുണ്ടാക്കിക്കൊടുക്കാൻ റെയിൽവേ സ്റ്റേഷനിൽ പിച്ചതെണ്ടുകയോ, റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ഏർപ്പെടുകയോ ഒക്കെ ചെയ്യുന്നു. തീർച്ചയായും അതു മാത്രമല്ല കേട്ടോ അവർ ചെയ്യുന്നത്. അവർ പഠിപ്പിക്കുന്നുണ്ട്, പ്രസംഗിക്കുന്നുണ്ട്, തങ്ങൾക്കറിയാവുന്ന വിധത്തിലെല്ലാം ദൈവത്തിന്റെ വേല നിറവേറ്റുന്നുണ്ട്. എന്നാലും അതിന് ഇനിയൊരിക്കലും ഒരു വിപ്ലവമാകാൻ സാധിക്കില്ല.”

യുവജനങ്ങളുടെ സ്വന്തം വിശുദ്ധൻ ഇനി ചിറ്റൂരിൽ; കാർലോ അക്യുത്തിസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു!

വിശുദ്ധ നോര്‍ബര്‍ട്ട് (1060-1134) : ജൂണ്‍ 6

‘ഗെയിം ഓവർ’ പറഞ്ഞവർക്ക് മുന്നിൽ സ്വന്തമായി ‘പുതിയ ഗെയിം’ തുടങ്ങിയവർ: ലോസ് പെരെജിലിസിന്റെ മാസ്സ് സ്റ്റോറി!

സന്ന്യാസം നവസംവിധാനങ്ങൾ ആവശ്യപ്പെടുന്നുണ്ടോ?

നിലാവിന്റെ വീട് - 09