വൈദികരുടെ ദൈവവിളിക്കും സാമൂഹ്യസേവനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിബന്ധത്തിന്‍റെ കാവലാളായിരുന്നു ഫാ. ഡേവിസ് കുറ്റിക്കാട്ട് സി.എം.ഐ.
മാതൃക സന്യാസവൈദികന്‍, വൈദിക ദൈവവിളിയുടെ മുഖ്യപ്രോത്സാഹകന്‍, സാമൂഹ്യസേകവന്‍, സഹവൈദീകരുടെയിടയിലെ ജ്യോഷ്ഠസഹോദരന്‍, അവിഭക്ത തൃശ്ശൂർ രൂപതയിലെ ഉദാരമതികളുടെ ഇഷ്ടസുഹൃത്ത്, വൈദികരുടെ ഇടയിലെ സാധാരണക്കാരന്‍, ഏല്പിച്ച ചുമതലകളോട് നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയ വ്യക്തി, അധികാരികളോട് വിധേയത്വം പുലര്‍ത്തിയ വൈദീകന്‍, പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനമായാലും പരിസരപ്രദേശങ്ങളിലെ സ്ഥിരകുമ്പസാരക്കാരന്‍ തുടങ്ങിയ നിലകളില്‍ തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളില്‍ നിറഞ്ഞുനിന്ന ഫാ. ഡേവിസ് കുറ്റിക്കാട്ട് സി.എം.ഐ. മെയ് 26ന് വൈകിട്ട് നിര്യാതനായി.
1937 നവംബര്‍ 21ന് കുറ്റിക്കാട്ട് പൗലോസ്-മറിയം ദമ്പതികളുടെ മകനായി മാപ്രാണത്താണ് ജനിച്ചതെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍മൂലം മാതാപിതാക്കള്‍ പിന്നീട് ഒല്ലൂര്‍ ഇടവകയില്‍ വന്ന് താമസമായി. ഒല്ലൂര്‍ പനംകുറ്റിച്ചിറ ഗവ. എല്‍.പി. സ്കൂളിലെ നാലം ക്ലാസ്സ് വരെയുള്ള പഠനത്തിനുശേഷം വീട്ടുജോലികള്‍ക്കും മറ്റുമായി നാട്ടില്‍ വിവിധ കുടുംബങ്ങളില്‍ പ്രവര്‍ത്തിച്ചതിനുശേഷം സെ. ജോസഫ് യൂണിയന്‍ ഓട്ടുകമ്പനിയിലെ ജോലിക്കാരനായി. ചെറുപ്പംമുതല്‍ തന്നെ വൈദീകനാകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസ യോഗ്യത ഒരു തടസ്സമായി. ആ കാലത്ത് ഫാ. ജെനേസിയൂസ് സി.എം.ഐ.യുടെ നേതൃത്വത്തിലുള്ള തൊഴിലാളി പ്രസ്ഥാനത്തില്‍ (കെ.എല്‍.എം.) അംഗമായി. പല സമരങ്ങളിലും പങ്കെടുത്തു. പി.എസ്.പി. നേതാക്കളായ മത്തായി മാഞ്ഞൂരാന്‍, ബി.സി. വര്‍ഗ്ഗീസ് തുടങ്ങിയവരുടെ സ്റ്റഡി ക്ലാസുകളിലെല്ലാം പങ്കെടുത്തു. 1959ലെ വിമോചന സമരത്തില്‍ ഫാ. വടക്കനുപിന്നില്‍ അണിനിരന്നു. ഇടവകയിലെ സമരമുഖത്തും പ്രവര്‍ത്തിച്ചു. 1957ല്‍ ആദ്യ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ പി.ആര്‍. ഫ്രാന്‍സിസിനുവേണ്ടി പ്രവര്‍ത്തിച്ചു.
വൈദികനാകാനുള്ള താല്പര്യംകൊണ്ട് പല ധ്യാനങ്ങളിലും പങ്കെടുത്തുവെങ്കിലും പത്താം ക്ലാസ്സില്ലാത്തതുകൊണ്ട് എല്ലാവരും തള്ളി. അവസാനം അക്കാലത്ത് ആചാര്യ ജെ.സി. ചിറമ്മല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ താമസിച്ചു പഠിക്കാന്‍ ചേര്‍ന്നു. നിര്‍ഭാഗ്യവശാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അവിടെനിന്ന് എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തെറ്റയില്‍ ദേവസി മാസ്റ്ററുടെ 'മാസ്റ്റര്‍' ട്യൂട്ടോറിയലില്‍ ചേര്‍ന്നു. അങ്ങനെ 31-ാം വയസ്സില്‍ എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കി.
തുടര്‍ന്ന് സി.എം.ഐ. സഭയുടെ ദൈവവിളി ക്യാമ്പില്‍ പങ്കെടുത്തു. വരന്തരപ്പിള്ളി ആസ്പിരൻ്റ്സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പ്രായമായതുകൊണ്ട് പഠിച്ചു മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് റെക്ടറച്ചന്‍ മടങ്ങാന്‍ പറഞ്ഞെങ്കിലും പ്രിയോര്‍ ജനറലായിരുന്ന ദൈവദാസന്‍ കനീസിയുസച്ചന്‍റെയും പുതിയ റെക്ടര്‍ ജോഷ്വാ അച്ചന്‍റെയും ഇടപെടല്‍ കൊണ്ട് പ്രീഡിഗ്രി പഠിപ്പിക്കാന്‍ എല്‍ത്തുരുത്തിലേക്ക് അയച്ചു. 1971-ല്‍ പ്രീഡിഗ്രി പാസായി. തുടര്‍ന്ന് അമ്പഴക്കാട് ആശ്രമത്തില്‍ വൈദിക പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് ബാംഗ്ലൂര്‍ ധര്‍മ്മരാം കോളേജില്‍നിന്ന് ഫിലോസഫി പഠനം പൂര്‍ത്തിയാക്കി. ബാംഗ്ലൂരില്‍ റീജന്‍സി കഴിഞ്ഞ് ദൈവശാസ്ത്ര പഠനം തുടങ്ങി. 1978 മെയ് 18-ന് കോയമ്പത്തൂര്‍ പ്രോവിന്‍സില്‍ അംഗമായി. 1979 ഏപ്രില്‍ 22-ന് പടവരാട് ഇടവകയിലെ പ്രഥമ വൈദീകനായി മാര്‍ ജോസഫ് കുണ്ടുകളത്തില്‍നിന്ന് വൈദീകപട്ടം സ്വീകരിച്ചു.
തുടര്‍ന്ന് പാലക്കാട് സി.എം.ഐ. ഭവന്‍, കൊഴിഞ്ഞാമ്പാറ ആശ്രമം, കരിമ്പ ലിസ്യു ഹോം, പെരിന്തല്‍മണ്ണ ആശ്രമം, ഷൊര്‍ണ്ണൂര്‍ സെന്‍റ് ജോസഫ് ആശ്രമം, അട്ടപ്പാടി സെ. ജോസഫ് ആശ്രമം, മണ്ണുത്തി പ്രേക്ഷിതാരം, ഈറോഡ് ചെന്നിമല, വേലന്താവളം, അരുള്‍ഇല്ലം തുടങ്ങിയ സ്ഥാപനങ്ങളില്‍ ദൈവവിളിക്കുവേണ്ടിയുള്ള റെക്ടര്‍, സുപ്പീരിയര്‍, സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ സംഘാടകന്‍, ബെന ഫാക്ടേഴ്സ് സംഘാടകന്‍, കാര്‍ഷിക-പരിസ്ഥിതി പ്രവര്‍ത്തകന്‍, ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ചുമതലകള്‍ വഹിച്ചു.
80-ാം ജന്മദിനം തൃശ്ശൂരില്‍വച്ച് 2016-ല്‍ ഒരു സംഘാടകസമിതിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഓര്‍മ്മക്കായി തൃശൂര്‍ ജീവകാരുണ്യട്രസ്റ്റ് രൂപീകരിച്ചു. ഇതിന്‍റെ ഉദ്ഘാടനം 2018ല്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. സംഘാടകസമിതിയുടെയും ട്രസ്റ്റിന്‍റെയും ചെയര്‍മാന്‍ തോമസ് കൊള്ളന്നൂരായിരുന്നു.
തുടര്‍ന്ന് ട്രസ്റ്റിന്‍റെ കീഴില്‍ കല്ലൂര്‍ ഭരതയില്‍ 10 സെന്‍റ് സ്ഥലം വാങ്ങി 4 വീടുകളുടെ സമുച്ചയം നിര്‍മ്മിച്ച് കാഴ്ചപരിമിതിയുള്ളവരുള്‍പ്പെടെ കുടുംബങ്ങള്‍ക്ക് നല്‍കി. ഇതിന്‍റെ ഉദ്ഘാടനം മാര്‍ തൂങ്കുഴിയാണ് നിര്‍വ്വഹിച്ചത്. അച്ചന്‍ രക്ഷാധികാരിയായുള്ള ഈ സംഘടനയ്ക്ക് തശൂര്‍ പട്ടണത്തില്‍ കുറിലാന്‍റ് ബില്‍ഡിംഗില്‍ സ്വന്തമായി ഒരു ഓഫീസ് മുറിയുണ്ട്. അദ്ദേഹം ഏതാനും വര്‍ഷമായി മണ്ണുത്തി പ്രേക്ഷിതാരാമില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
അവിഭക്ത തൃശൂര്‍ രൂപതയില്‍ അച്ചനുമായി ബന്ധപ്പെട്ട് ഇരുന്നോറോളം അഭ്യുദയകാംക്ഷികളുടെ ലിസ്റ്റ് അദ്ദേഹത്തിന്‍റെ കയ്യിലുണ്ട്. അവരുടെ ഏതാവശ്യത്തിനും അവര്‍ വിളിച്ചില്ലെങ്കിലും അവിടെ ഓടിയെത്തും. അവരുടെ നിരന്തരമായ പ്രോത്സാഹനംകൊണ്ട് നൂറുകണക്കിന് നവവൈദികരുടെ പഠനത്തിന് സഹായിക്കാനും മറ്റു സാമൂഹ്യസേവനങ്ങള്‍ നടത്താനും അച്ചന് നിഷ്പ്രയാസം കഴിഞ്ഞു. ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സഹായങ്ങള്‍ കാരണമായിട്ടുണ്ട്. ചെറുപ്പംമുതല്‍തന്നെ നിരവധിപേരുടെ സഹായംകൊണ്ട് വളര്‍ന്ന അച്ചന്‍ തുടര്‍ന്ന് തനിക്ക് ലഭിച്ച സഹായങ്ങള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനും വൈദിക ദൈവവിളിക്കുമായി വിനിയോഗിച്ചു. സി.എം.ഐ. സഭയുടെ ഒരു വലിയ ദൈവവിളി പ്രോത്സാഹകനെയാണ് അച്ചന്‍റെ വേര്‍പാടിലൂടെ നഷ്ടപ്പെടുന്നത്.
കുടുംബം:
സഹോദരര്‍: കൊച്ചമ്മു, കൊച്ചപ്പന്‍, അന്ത്രയോസ്, അമ്മിണി, യാക്കോബ്, കൊച്ചന്നം, റപ്പായി, റോസി.
സഹോദര ജീവിത പങ്കാളികള്‍:
കുഞ്ഞിപറഞ്ചു കൂടലി, താണ്ടു തട്ടില്‍ ഇയ്യു, മേരി പൊന്നാരി, റപ്പായി കുറുമ്പിലായി, റോസി ചിറയത്ത്, ദേവസി ചിറമ്മല്‍, റാണി മാണിപറമ്പില്‍, ആഗസ്തി പല്ലിശ്ശേരി.
സഭയിലും സമൂഹത്തിലും മാതൃകാപ്രവര്‍ത്തനങ്ങള്‍കൊണ്ടും അത്മാർഥമായ വ്യക്തിബന്ധങ്ങള്‍കൊണ്ടും എല്ലാ ജനങ്ങളേയും തന്നിലേക്ക് അടുപ്പിച്ച് ഏഴ് പതിറ്റാണ്ട് അത്മായനായും വൈദീകനായും സമൂഹത്തില്‍ നിറഞ്ഞുനിന്ന ഫാ. ഡേവിസ് കുറ്റിക്കാട് എന്ന മാഹാനുഭാവനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.