ഫാ. ഡോ. സാല്‍വിന്‍ കണ്ണമ്പിള്ളി
ഭയം മനുഷ്യമനസ്സിന്റെ അടിസ്ഥാനപരമായ വികാരങ്ങളില്‍ ഒന്നാണ്. പൊതുവായി ഒരു നെഗറ്റീവ് വികാരമായി കണക്കാക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നമ്മെ സുരക്ഷിതരായി സൂക്ഷിക്കുന്നതിലും അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കുന്നതിലും ഈ വികാരത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ സാമൂഹിക, മത, സാമുദായിക, രാഷ്ട്രീയ അധികാരരൂപീകരണത്തിലും നിലനിര്‍ത്തലിലും ഭയം എന്ന വികാരത്തിന്റെ ദുരുപയോഗം മനുഷ്യന്റെ സാമൂഹിക, ഗോത്ര ജീവിതത്തിന്റെ ആരംഭം മുതല്‍ നിരീക്ഷിക്കാവുന്ന ഒരു വസ്തുതയാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന അതികഠിനമായ അക്രമങ്ങളും മാനഭംഗങ്ങളും എതിരാളികളെ ഭയപ്പെടുത്തി കീഴടക്കുന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഗോത്രങ്ങള്‍ക്കുള്ളിലാകട്ടെ അലിഖിതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന അതികഠിനമായ ശിക്ഷകളും, ഗോത്രത്തില്‍ നിന്നു പുറത്താക്കലും, മരണശിക്ഷയുമൊക്കെ മറ്റുള്ള അംഗങ്ങള്‍ക്കുള്ള ഭയപ്പെടുത്തുന്ന മുന്നറിയിപ്പും തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ തടയാനുള്ള ഉപാധിയുമായിരുന്നു. ഭയപ്പെടുത്തി പിന്‍തിരിപ്പിക്കുക, വായടപ്പിക്കുക, അതുവഴി ആയാസരഹിതമായ ഭരണം അല്ലെങ്കില്‍ ആധിപത്യം ഉറപ്പിക്കുക എന്ന തത്വം ഇരുപതാം നൂറ്റാണ്ടിലെ സ്വേച്ഛാധിപതികളും കുറെ കാലത്തേക്കെങ്കിലും പ്രയോഗിച്ച് വിജയിച്ചതാണ്. സമഗ്രാധിപത്യത്തിന്റെ ഉത്ഭവങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഹന്നാ ആരന്റ് ആധുനിക സ്വേച്ഛാധിപത്യങ്ങളും അതിന്റെ പൂര്‍വ്വരൂപങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമായി നിരീക്ഷിക്കുന്നത് പൂര്‍വ്വസ്വേച്ഛാധിപത്യ രൂപങ്ങള്‍ ഭയത്തെ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിനും അമര്‍ച്ച ചെയ്യുന്നതിനുമാണ് ഉപയോഗിച്ചിരുന്നത് എങ്കില്‍ ആധുനിക സ്വേച്ഛാധിപത്യ സംവിധാനങ്ങള്‍ വലിയ ജനക്കൂട്ടത്തെ പൂര്‍ണ്ണ വിധേയരാക്കി മാറ്റി ഭരിക്കാനുള്ള ഉപകരണമായാണ് ഭയത്തെ ഉപയോഗിച്ചത് എന്നാണ്. പുറത്തു നില്ക്കുന്ന, സാങ്കല്പികമോ യഥാര്‍ത്ഥമോ ആയ ശത്രുവിനോടുള്ള ഭയം സൃഷ്ടിച്ചെടുക്കുകയും ആ ശത്രുവില്‍ നിന്നും രക്ഷിക്കാനായുള്ള ഏക ശക്തനായ നേതാവായി സ്വയം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആധുനിക ജനാധിപത്യ സംവിധാനത്തി ലൂടെ അധികാരത്തിലെത്താനും അധികാരം നിലനിര്‍ത്താനും ഉപയോഗിക്കപ്പെടുന്ന പ്രധാന തന്ത്രം.
ഭയം പോലെ തന്നെ അധികാര നിലനിര്‍ത്തലിനും വേണ്ടി ഉപയോഗിക്കപ്പെടുന്ന മറ്റൊരു തന്ത്രമാണ് പ്രീണനം. തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ ഭയപ്പെടുത്തുക എന്നത് പോലെ തന്നെ തങ്ങളോട് ചേര്‍ന്ന് നില്ക്കുന്നവരെ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും നല്കി പ്രീണിപ്പിക്കുക എന്നതും സ്വേച്ഛാധിപതികള്‍ ഉപയോഗിച്ചിട്ടുള്ള മാര്‍ഗമാണ്. എതിര്‍ക്കാതെ തങ്ങളോട് കൂടെ നിന്നാല്‍ ഉണ്ടാകാവുന്ന നേട്ടങ്ങള്‍ സമൂഹത്തിന് കാണിച്ചു കൊടുക്കുക എന്നതും എതിര്‍ശബ്ദങ്ങളേക്കാള്‍ അനുകൂലികളെ സൃഷ്ടിക്കാനുള്ള ഒരു തന്ത്രമാണ്. അതിലുമുപരി അധികാരത്തിന്റെ സമസ്ത മേഖലകളിലും സുഹൃത്തുക്കളെയും തങ്ങളുടെ വിധേയരായി നില്ക്കുന്നവരെയും നിയമിക്കുക വഴിയും അവരുടെ താല്പര്യങ്ങള്‍ നടത്തികൊടുക്കുന്നതിലൂടെയും തങ്ങളുടെ കൂടെ നില്ക്കുന്നവരും അല്ലാത്തവരും എന്നുള്ള കൃത്യമായ തരംതിരിവ് സൃഷ്ടിക്കാനും സ്വേച്ഛാധിപതികള്‍ ശ്രമിച്ചിരുന്നു.
പുറത്തു നില്ക്കുന്ന, സാങ്കല്പികമോ യഥാര്‍ത്ഥമോ ശത്രുവിനോടുള്ള ഭയം സൃഷ്ടിച്ചെടുക്കുകയും ആ ശത്രുവില്‍ നിന്നും രക്ഷിക്കാനായുള്ള ഏക ശക്തനായ നേതാവായി സ്വയം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആധുനിക ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്താനും അധികാരം നിലനിര്‍ത്താനും ഉപയോഗിക്കപ്പെടുന്ന പ്രധാന തന്ത്രം.
മനുഷ്യനാഗരികതയുടെ ഉത്ഭവം മുതല്‍ സ്വജനപക്ഷപാതം വ്യത്യസ്തരൂപങ്ങളില്‍ നിലനിന്നിരുന്നു. റോമാസാമ്രാജ്യത്തിന്റെ റിപ്പബ്‌ളിക്കന്‍, ഇംപീരിയല്‍ കാലഘട്ടങ്ങളില്‍ അധികാരകൈമാറ്റത്തിലും സമ്പത്തിന്റെ വിതരണത്തിലും സ്വജനപക്ഷപാതം വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നതും അത് അവസാനം സാമ്രാജ്യത്തിന്റെ പതനത്തിന് വരെ കാരണമായി എന്നതും ശ്രദ്ധേയമാണ്. ജൂലിയസ് സീസര്‍ കൂടുതല്‍ യോഗ്യതയും അനുഭവശേഷിയും ഉള്ള ധാരാളം പേരെ ഒഴിവാക്കിയാണ് തന്റെ പേരക്കുട്ടിയായ ഒക്ടോവിയനെ (സീസര്‍ അഗസ്റ്റസ് എന്ന് പിന്നീട് അറിയപ്പെട്ട) പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. കാലക്രമേണ വര്‍ദ്ധിച്ചു വന്ന സ്വജനപക്ഷപാതം മൂലം ഭരണസംവിധാനം മുഴുവന്‍ അയോഗ്യരായ ബന്ധുക്കളെയും പാര്‍ശ്വവര്‍ത്തികളെയും കൊണ്ട് നിറയുകയും അഴിമതിയും കഴിവില്ലായ്മയും മൂലം സാമ്രാജ്യം നശിച്ചുപോകുകയും ചെയ്തു.
സ്വജനപക്ഷപാതം എന്നതിനുള്ള ആംഗലേയപദമാണ് നെപ്പോട്ടിസം. മരുമകന്‍, അനന്തിരവന്‍ (nephew) എന്ന് അര്‍ത്ഥം വരുന്ന നെപോസ് എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് നെപ്പോട്ടിസം എന്ന ഉത്ഭവിച്ചത്. മധ്യകാലഘട്ടത്തിലെയും നവോത്ഥാനകാലഘട്ടത്തിലെയും ചില മാര്‍പ്പാപ്പമാര്‍ തങ്ങളുടെ ബന്ധത്തിലുള്ള പുരുഷന്മാരെ കര്‍ദ്ദിനാള്‍മാരായും മറ്റു സുപ്രധാനപദവികളിലും നിയമിക്കുന്ന പ്രവണതയെ വിശേഷിപ്പിക്കാന്‍ രൂപം കൊണ്ടതാണ് ഈ പദം. ഇപ്രകാരം നിയമിക്കപ്പെടുന്ന കര്‍ദിനാള്‍മാര്‍ കാര്‍ഡിനല്‍ നെഫ്യൂ എന്നാണ് അറിയപ്പെട്ടി രുന്നത്. 1692 ല്‍ ഇന്നസെന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ Romanum decet Pontificem ഡിക്രി വഴി മാര്‍പ്പാപ്പമാര്‍ എസ്‌റ്റേറ്റുകളോ, സ്ഥാനമാനങ്ങളോ സഭയുടെ വരുമാനമാര്‍ഗങ്ങളോ ബന്ധുക്കള്‍ക്ക് നല്കുന്നതിനെ (പരമാവധി ഒരു കര്‍ദിനാള്‍ സ്ഥാനം നല്കുന്നതൊഴികെ) നിരോധിച്ചു.
ജനാധിപത്യ സംവിധാനത്തില്‍ ഭയം കൂടാതെ അഭിപ്രായവും വിമര്‍ശനവും ഉന്നയിക്കുകയും സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്യാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുക എന്നത് പരമപ്രധാനമാണ്.
യൂറോപ്പിലെ രാജവാഴ്ചക്കാലത്ത് രാജകുടുംബാംഗങ്ങളുടെ അവകാശമായിരുന്നു ഭരണസ്ഥാനമാനങ്ങള്‍. ആധുനിക കാലത്ത് രാജകുടുംബങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളിലേക്ക് ഭരണാധികാരം കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ സ്വജനപക്ഷപാതത്തിന്റെ നിര്‍വചനത്തിലും മാറ്റം സംഭവിച്ചു. ജനാധിപത്യത്തിലൂടെ തിരഞ്ഞടുക്കപ്പെട്ട് സ്വേച്ഛാധിപതികളായി മാറിയ ഹിറ്റ്‌ലറും മുസോളിനിയും വിപ്ലവത്തിലൂടെ സമഗ്രാധിപത്യത്തിലേക്ക് വന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകളും കുടുംബബന്ധത്തേക്കാള്‍ കൂറാണ് പ്രത്യയശാസ്ത്രത്തോടും വ്യക്തിപരമായും ഉള്ള സ്ഥാനമാനങ്ങള്‍ നല്കുന്നതിനുള്ള അളവുകോലായി കണ്ടത്. പാര്‍ശ്വവര്‍ത്തികള്‍ സര്‍ക്കാരിന്റെ സുപ്രധാന പദവികളിലിരുന്നു തങ്ങളുടെ യജമാനനെ പുകഴ്ത്തി അധികാരദുരുപയോഗം നടത്തിയപ്പോള്‍ വിമര്‍ശനം ഉന്നയിച്ച ബുദ്ധിജീവികളും രാഷ്ട്രീയ പ്രവര്‍ത്തകരും പീഡനങ്ങള്‍ക്കും ഉന്മൂലനത്തിനും വിധേയരായി. പ്രീണനവും ഭയവും ജനങ്ങളെ മുഴുവനും വരുതിയിലാക്കി നിര്‍ത്താനുള്ള, പരസ്പരപൂരകങ്ങളായ ആയുധങ്ങളായി ഉപയോഗിക്കാമെന്നുള്ള തന്ത്രം ഏറ്റവും വിജയകരമായി പ്രയോഗിച്ചവരാണ് ഇരുപതാം നൂറ്റാണ്ടിലെ ഈ സ്വേച്ഛാധിപതികളും സമഗ്രാധിപത്യഭരണകൂടങ്ങളും. അനുകൂലികളും പാര്‍ശ്വവര്‍ത്തികളും അധികാരസ്ഥാനങ്ങളിലെ സ്തുതിപാടകരായി മാറിയപ്പോള്‍ എതിര്‍ശബ്ദം ഉന്നയിച്ചവര്‍ നാസി ജര്‍മനിയില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാപുകളിലേക്കും സോവ്യറ്റ് യൂണിയനില്‍ ഗുലാഗുകളിലേക്കും കൊണ്ടുപോകപ്പെട്ടു.
സ്വേച്ഛാധിപതികളുടെ ഭയപ്രീണന തന്ത്രങ്ങളിലകപ്പെട്ട് അവിടുത്തെ ജനങ്ങള്‍ കുറെ കാലത്തേക്ക് പൗരന്മാര്‍ എന്നതിനേക്കാള്‍ അടിമകളെപ്പോലെ ജീവിച്ചു. എങ്കിലും അവര്‍ക്ക് ഒരിക്കല്‍ തങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു പിടിക്കാന്‍ സാധിച്ചു. ജനങ്ങള്‍ തങ്ങള്‍ക്കെതിരായി ചിന്തിക്കുന്നതുപോലും തടയാനും വിമര്‍ശനത്തിന്റെ നേരിയ ലാഞ്ചന പോലും തിരിച്ചറിയാനും ആയാണ് സ്വേച്ഛാധിപത്യഭരണകൂടങ്ങള്‍ രഹസ്യാന്വേഷണസംവിധാനങ്ങള്‍ സ്ഥാപിച്ചത്. റുമേനിയയിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായ നിക്കോളായ് ചൗഷവിന്റെ കാലത്തെ സെക്യൂരിതാതെ എന്നറിയപ്പെട്ടിരുന്ന രഹസ്യപോലീസ് സംവിധാനം അതിവിപുലമായിരുന്നു.
ഭയവും പ്രീണനവും ഇന്നും ജനാധിപത്യരാജ്യങ്ങളില്‍ പോലും ഗോപ്യമായും പ്രകടമായും ഭരണകൂടം ഉപയോഗിക്കുന്നു എന്നത് നമ്മെ ജാഗരൂകരാക്കേണ്ട വസ്തുതയാണ്. തുര്‍ക്കിയിലും പേരിനെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്ന റഷ്യയിലും പ്രതിപക്ഷനേതാക്കള്‍ ജയിലിലാണ്. അമേരിക്കയില്‍ പോലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുന്നു.
43 പൗരന്മാര്‍ക്ക് ഒരു രഹസ്യപോലീസ് എന്ന അളവില്‍ തീവ്രമായ നിരീക്ഷണ സംവിധാനത്തെപ്പോലും അതിജീവിച്ചു കൊണ്ടാണ് ജനത്തിന്റെ സ്വാതന്ത്യതീക്ഷ്ണത വിജയം കണ്ടത്. തന്നെ അനുകൂലിക്കുന്നവരുടെ വലിയൊരു റാലി ബുക്കാറസ്റ്റില്‍ വിളിച്ച് കൂട്ടിയ ചൗഷ അവിടെ വന്നു ചേര്‍ന്ന വലിയ ജനക്കൂട്ടം തന്നെ അട്ടിമറിക്കാനാണ് എത്തിയത് എന്ന് അവസാനനിമിഷം വരെ തിരിച്ചറിഞ്ഞില്ല. വിപുലമായ രഹസ്യാന്വേഷണസംവിധാനത്തിന് തിരിച്ചറിയാനായില്ല. സുശക്തമായ അത്തരം സ്വാതന്ത്ര്യവാഞ്ചയെ ഒരു പരിധിക്കപ്പുറം തടഞ്ഞു നിര്‍ത്താന്‍ ആകില്ല എന്നത് ചരിത്രം നമുക്കു നല്കുന്ന ആശ്വാസമാണ്.
എന്നാല്‍ ഭയവും പ്രീണനവും ഇന്നും ജനാധിപത്യരാജ്യങ്ങളില്‍ പോലും ഗോപ്യമായും പ്രകടമായും ഭരണകൂടം ഉപയോഗിക്കുന്നു എന്നത് നമ്മെ ജാഗരൂകരാക്കേണ്ട വസ്തുതയാണ്. തുര്‍ക്കിയിലും പേരിനെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്ന റഷ്യയിലും പ്രതിപക്ഷനേതാക്കള്‍ ജയിലിലാണ്. അമേരിക്കയില്‍ പോലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുന്നു. നെപ്പോബേബി എന്ന പദം 2022 മുതലാണ് ഇന്റര്‍നെറ്റില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. നേപ്പാളില്‍ 2025 സെപ്റ്റംബറില്‍ നടന്ന ജെന്‍ സി പ്രക്ഷോഭത്തിന്റെ പ്രകോപനങ്ങളില്‍ ഒന്ന് സ്വജനപക്ഷപാതമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലും കക്ഷിഭേദമന്യേ സ്വജനപക്ഷപാതവും കക്ഷികളുടെയും സാധ്യതകള്‍ക്കനുസരിച്ച് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും നമുക്കു കാണാം. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനെക്കാള്‍ കായികമായും ഭീഷണിയിലൂടെയും നിയമനടപടികളിലൂടെയും നേരിടുന്നത് വ്യാപകമായി കണ്ട് വരുന്നു. രാഷ്ട്രീയരംഗത്തെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ധാരാളം ഉദാഹരണങ്ങള്‍ നിരത്താന്‍ പ്രയാസമുണ്ടാകില്ല.
ഭരണകൂടത്തിനെതിരായ വിമര്‍ശനം ഉന്നയിക്കുന്നവരെ വ്യക്തിപരമായി, നിയമത്തിലൂടെയും നിയമസംവിധാനത്തിന് പുറത്തും, ഈ കാലഘട്ടത്തില്‍ പ്രത്യേകമായി സാമൂഹ്യമാധ്യമങ്ങളിലൂടെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ആക്ഷേപിച്ചും നിശബ്ദരാക്കുക എന്നത് സാര്‍വ്വത്രികമായി കണ്ടുവരുന്ന രീതിയാണ്. ജനാധിപത്യ സംവിധാനത്തില്‍ ഭയം കൂടാതെ അഭിപ്രായവും വിമര്‍ശനവും ഉന്നയിക്കുകയും സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്യാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുക എന്നത് പരമപ്രധാനമാണ്.
ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ഈ സ്വാതന്ത്ര്യം ഭീഷണിയിലൂടെയും പ്രീണനത്തിലൂടെയും തടസ്സപ്പെടുന്നത് ജനാധിപത്യത്തെ ദോഷകരമായി പാലിക്കും. താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഭരണകൂടത്തെ 'സുഖിപ്പിക്കാന്‍' തയ്യാറാകുന്നവര്‍ ജനാധിപത്യത്തെ ഒറ്റുകൊടുക്കുന്നവരാണ്. ഭരണകൂടത്തിനോടുള്ള ഭയവും ഭരണാധികാരികളോടുള്ള അന്ധമായ വിധേയത്വവും ജനാധിപത്യത്തെ അപകടത്തിലാക്കും. ഭരണകൂടത്തിന്റെ പ്രവൃത്തികളെയും നയങ്ങളെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കുകയും ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍ അത് ഏകാധിപത്യമായി മാറുകയാണ്. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേരുകയാകും അതിന്റെ ഫലം.