ഫാ. ഡോ. ബിജു വര്‍ഗീസ് പെരുമായന്‍
സഭയിലെ ശിക്ഷാസംവിധാനങ്ങള്‍ എന്നും പരസ്പരബന്ധങ്ങളുടെ ഒരു വിഷയമാണ്. സഭയിലെ ഏതെങ്കിലും ഒരു അംഗം കുറ്റകൃത്യം ചെയ്താല്‍ അതുവഴി മുറിപ്പെട്ടുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനാണ് യഥാര്‍ഥത്തില്‍ ശിക്ഷാ നടപടികളിലൂടെ സഭാധികാരികള്‍ ശ്രമിക്കുന്നത്. സഭയില്‍ ബന്ധങ്ങള്‍ ഒരു പ്രധാന വിഷയമായതുകൊണ്ടു തന്നെ ശിക്ഷിക്കാനുള്ള അധികാരവും സഭാധികാരികള്‍ വിനിയോഗിക്കേണ്ടത് ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. കുറ്റം ചെയ്തവനെ ശത്രുവിനെപോലെയല്ല, സഹോദരനെ പോലെ തിരുത്തുക (2 തെസ്സ. 3:14-15) എന്ന വി. പൗലോസിന്റെ ആഹ്വാനം, സഭയുടെ ശിക്ഷാസമ്പ്രദായത്തിലുണ്ടായിരിക്കേണ്ട, ബന്ധങ്ങളിലധിഷ്ഠിതമായ സമീപനത്തെ സമഗ്രമായി അവതരിപ്പിക്കുന്നുണ്ട്.
സഭയിലെ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം, പൗരസ്ത്യ കാനോന്‍നിയമം കാനോന്‍ 1401-ല്‍ പ്രസ്താവിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'വഴിതെറ്റിപ്പോയ ആടുകളെ തിരികെക്കൊണ്ടുവരാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നവനാണു ദൈവം എന്നതിനാല്‍, കെട്ടാനും അഴിക്കാനുമുള്ള അധികാരം അവനില്‍ നിന്നു ലഭിച്ചിട്ടുള്ളവര്‍, കുറ്റം ചെയ്തവരുടെ രോഗം, ക്ഷമയിലും പ്രബോധനത്തിലും ഒരിക്കലും വീഴ്ച വരുത്താതെതന്നെ, തിരുത്തലും ശാസനയും അപേക്ഷയും വഴി, വേണ്ട രീതിയില്‍ ചികിത്സിക്കേണ്ടതാണ്. കുറ്റം വഴിയായി ഉണ്ടായ മുറിവുകള്‍ സുഖപ്പെടുത്താനും, അങ്ങനെ കുറ്റം ചെയ്തവര്‍ നിരാശയുടെ ഗര്‍ത്തത്തില്‍ വീഴുന്നതും, ജീവിതത്തില്‍ മാറ്റം വരുത്താതെ തെറ്റില്‍ ഉറച്ചുനില്‍ക്കുന്നതും നിയമത്തോട് അവജ്ഞ കാണിക്കുന്നതും ഒഴിവാക്കാനുമായി അവര്‍ ശിക്ഷകള്‍ പോലും ചുമത്തേണ്ടതാണ്.'
സഭയിലെ ശിക്ഷാധികാരം പ്രയോഗി ക്കുന്നതിലെ ബന്ധങ്ങളിലൂന്നിയ സമീപനം ആദ്യം മുന്നോട്ടുവയ്ക്കുന്നത് അനുരഞ്ജ നത്തിനുള്ള നടപടികളാണ്, അല്ലാതെ പ്രത്യേക ശിക്ഷാകോടതി സ്ഥാപിക്കലല്ല. ശിക്ഷാധികാരപ്രയോഗത്തിന് പിന്നില്‍ അധികാരിയുടെ പ്രതികാരബുദ്ധിയാണ് എന്ന് ശിക്ഷിക്കപ്പെടുന്നവര്‍ ചിന്തിക്കു ന്നിടത്തോളം ഒരു ശിക്ഷാനടപടിയും മാനസാന്തരം ഉളവാക്കില്ല.
ശിക്ഷകള്‍ ചുമത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പശ്ചാത്തലങ്ങള്‍ കൂടി പറയുന്ന ഈ നിയമം സവിശേഷമായ ദൈവശാസ്ത്ര സ്വഭാവം ഉള്‍ക്കൊള്ളുന്നു. ശിക്ഷാനിയമം നടപ്പിലാക്കുന്നവര്‍ക്കും അതിനു വിധേയരാകുന്നവര്‍ക്കുമിടയില്‍ സവിശേഷശൈലിയിലുള്ള ഒരു ബന്ധം നിലനില്‍ക്കേണ്ടതുണ്ട് എന്നതാണത്. അതുകൊണ്ടുതന്നെ എല്ലാ ശിക്ഷാസംവിധാനങ്ങള്‍ക്കും പിന്നില്‍ ഒരു സൗഖ്യദായക ലക്ഷ്യം കൂടി സഭ കാണുന്നുണ്ട്. സഭാധികാരിക്കും ശിക്ഷിക്കപ്പെടുന്ന വ്യക്തിക്കുമിടയില്‍ നല്ല ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കില്‍, ശിക്ഷാപ്രയോഗങ്ങളില്‍ സഭയ്ക്കുള്ള ഈ സൗഖ്യദായക ലക്ഷ്യം കൂടുതല്‍ ഫലപ്രദമായി വിനിമയം ചെയ്യപ്പെടും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് ശിക്ഷാനടപടികളുടെ ഫലമായി സഭയില്‍ വിദ്വേഷവും അനൈക്യവും ക്രമരാഹിത്യവും കൂടിവരുന്നതായാണ് മിക്കപ്പോഴും കാണുന്നത്. ശിക്ഷിക്കപ്പെടുന്നവരില്‍ സഭാധികാരത്തോടു അതിദീര്‍ഘകാലത്തേക്കുള്ള വൈരം സൃഷ്ടിക്കപ്പെടുന്നു! ശിക്ഷ പ്രയോഗിക്കുന്ന സഭാധികാരിയും അതിനു വിധേയനാകുന്ന വ്യക്തിയും തമ്മില്‍ നല്ല ബന്ധമില്ലാത്തതാണ് ശിക്ഷിക്കപ്പെടുന്നവരില്‍ നിന്നുളള ഇത്തരം നിഷേധാത്മക പ്രവണതകള്‍ക്ക് കാരണം.
ബന്ധങ്ങളിലധിഷ്ഠിതമായ ഒരു സമീപനം ശിക്ഷാനടപടി കള്‍ക്കുമുമ്പും അത് നടക്കു മ്പോഴും അതിനുശേഷവും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒരു പ്രാദേശിക സഭയില്‍, സഭാധികാരികളുടെയും വൈദികരുടെയും സന്യസ്ത രുടെയും വിശ്വാസികളുടെയു മിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളുടെ പൊതുസാഹചര്യ ത്തെയാണ് നടപടിക്രമങ്ങള്‍ക്കു 'മുമ്പ്' എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. അധികാരി തങ്ങളുടെ നന്മയ്ക്കായി ശുശ്രൂഷ ചെയ്യുന്നവനാണെന്നും സത്യവും നീതിയും അനുസരിച്ച് പ്രവര്‍ത്തിക്കുന്നവനാണെന്നും വിശ്വാസികള്‍ക്ക് ബോധ്യവും ഉറപ്പും ഉണ്ടാകണം. നേരെ മറിച്ച്, സഭാധികാരിയുടെ ഭാഗത്തു നിന്ന് നിസംഗതയും സ്വേച്ഛാധികാര പ്രവണതയും പക്ഷാഭേദവും അധികാരദുര്‍വിനിയോഗവുമാണ് സംഭവിക്കുന്നതെങ്കില്‍, ശിക്ഷാ പ്രയോഗം തെറ്റു ചെയ്തയാളില്‍ മാനസാന്തരത്തേക്കാളുപരിഹാനികളാവും സൃഷ്ടിക്കുക. സഭാനേതൃത്വത്തെ വിശ്വാസികള്‍ വിലമതിക്കാതിരിക്കുകയും സംശയത്തോടെ കാണുകയും ചെയ്യുമ്പോള്‍, ശിക്ഷാപ്രയോഗ ങ്ങളുടെ ഫലപ്രാപ്തി തീരെ കുറവായിരിക്കും എന്നു മാത്രമല്ല, ദോഷഫലങ്ങള്‍ ഉളവാക്കുകയും ചെയ്‌തേക്കാം.
ചില മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ രോഗത്തേക്കാള്‍ മരണ കാരണമാകുന്നതുപോലെ തന്നെ! അധികാരികളുടെയും വിശ്വാസികളുടെയും ഇടയില്‍ നിലവിലുള്ളത് ഒരു പൊതു ലക്ഷ്യത്തിനുവേണ്ടിയുള്ള കരുതലിന്റെയും സഹകരണ ത്തിന്റെയും ഹൃദ്യമായ വ്യക്തി ബന്ധങ്ങളുടെ സാഹചര്യ മാണെങ്കില്‍, ശിക്ഷാധികാര പ്രയോഗത്തെ വിശ്വാസികള്‍ നല്ല മനസ്സോടെ അംഗീകരിക്കുകയും അതു കൂടുതല്‍ ഫലപ്രദ മാക്കുകയും ചെയ്യും. ശിക്ഷകളുടെ പിന്നിലുള്ള സദുദ്ദേശ്യത്തെ തിരിച്ചറിയാന്‍ തെറ്റുചെയ്തയാളെ സഹായിക്കുന്നതാവും ഇത്തരം വ്യക്തിബന്ധങ്ങളുടെ പശ്ചാത്തലം.
ശിക്ഷാപ്രക്രിയ നടക്കുന്നതിനിടയിലും ബന്ധങ്ങളിലധിഷ്ഠിതമായ ഈ സമീപനത്തിനു പ്രസക്തി യുണ്ട്. സുവിശേഷവല്‍ക്കരണം ബന്ധങ്ങളിലൂടെയാണ് സാധ്യമാകുന്നത്. ദൈവത്തിന്റെ പിതൃസ്വഭാവം പ്രഘോഷിക്കാനുള്ള അസാധാരണ അവസരമാണ് ശിക്ഷാപ്രയോഗം. ശിക്ഷാപ്രക്രിയ യില്‍ പങ്കെടുക്കുന്ന സഭാധികാരി, കോടതിയംഗങ്ങള്‍, കുറ്റാരോപിതര്‍, ഇരകള്‍ തുടങ്ങിയ എല്ലാവര്‍ക്കും ഇത് ദൈവസ്‌നേഹം അനുഭവിച്ചറി യുന്ന നിമിഷങ്ങളായിരിക്കണം. ഈ പ്രക്രിയയില്‍ ഒരാളുടെ പങ്ക് എന്തായിരുന്നാലും അത് അയാളുടെ രക്ഷയ്ക്കു സഹായകര മായിരിക്കണം.
സഭാനേതൃത്വത്തെ വിശ്വാസികള്‍ വിലമതിക്കാതിരിക്കുകയും സംശയത്തോടെ കാണുകയും ചെയ്യുമ്പോള്‍, ശിക്ഷാ പ്രയോഗങ്ങളുടെ ഫലപ്രാപ്തി തീരെ കുറവായിരിക്കും എന്നു മാത്രമല്ല, ദോഷഫലങ്ങള്‍ ഉളവാക്കുകയും ചെയ്‌തേക്കാം.
ശിക്ഷാനടപടികള്‍ പ്രയോഗിക്കുന്നവരും രക്ഷയിലേക്കു തന്നെയാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഒരുവന്‍ നീതി എപ്രകാരം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അയാളുടെ രക്ഷ. ശിക്ഷാ പ്രക്രിയക്കിടെ മറ്റുള്ളവര്‍ കുറ്റാരോപിതരോടു പുലര്‍ത്തുന്ന ബന്ധങ്ങളുടെ നന്മയും ആര്‍ദ്രതയുമാണ് പലപ്പോഴും അവരെ മാനസാന്തരത്തിലേക്കു നയിക്കുന്നത്. ശിക്ഷാനടപടി ക്രമത്തില്‍, വിധിക്കുന്നവനും വിധിക്കപ്പെടുന്നവനും സഹോദരങ്ങളും യേശുവിന്റെ ശിഷ്യരുമാണെന്നുള്ള അവബോധം വളരെ പ്രധാനപ്പെട്ടതാണ്.
ബന്ധങ്ങളിലധിഷ്ഠിതമായ ഇത്തരം സമീപനം ശിക്ഷാനന്തര കാലത്തേക്കു കൂടി വ്യാപിക്കണം. കുറ്റം ചെയ്തയാളുടെ മാനസാന്തരമാണ് ശിക്ഷാനടപടി കള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നതിനാല്‍ സൗഖ്യദായക സമീപനത്തില്‍ ശിക്ഷിക്കപ്പെടുന്നയാള്‍ക്കു തുടര്‍ച്ചയായ സഹായം നല്‍കേണ്ടതാവശ്യമാണ്. ശിക്ഷിക്കപ്പെടുന്ന കുറ്റവാളിയോടുള്ള സ്‌നേഹം ഒന്നുകൂടി ഉറപ്പിക്കാനും അവനുവേണ്ടി പ്രാര്‍ഥിക്കാനും വിശുദ്ധ പൗലോസ് കോറിന്തോസുകാരോട് ആവശ്യപ്പെടുന്നു (2 കോറി. 2:8). ശിക്ഷിക്കപ്പെട്ടയാള്‍ സഭയുമായി അനുരഞ്ജനത്തിലാകുമ്പോള്‍ മാത്രമേ അധികാരി സന്തോഷിക്കാവൂ. പൊതുനന്മയുടെ പേരിലും മറ്റുള്ളവര്‍ കൂടി മലിനപ്പെടാതിരിക്കാനെന്ന പേരിലും പൊതുജനങ്ങളുടെ ശിക്ഷാദാഹത്തെ തൃപ്തിപ്പെടുത്തുന്നതിനായി ചീഞ്ഞ ആപ്പിള്‍ അതിന്റെ കുട്ടയില്‍ നിന്നെടുത്ത് എറിഞ്ഞു കളയുന്നതും അതിനെ അതിന്റെ വിധിക്കു വിടുന്നതുമാണ് മിക്കപ്പോഴും സഭയില്‍ പിന്തുടരുന്ന ശിക്ഷാനയം.
സീറോ മലബാര്‍ സഭയുടെ ഇന്നത്തെ സാഹചര്യത്തില്‍ സഭയിലെ ശിക്ഷാ അധികാരം പ്രയോഗിക്കുന്നതില്‍ മേല്‍ വിവരിച്ച ബന്ധങ്ങള്‍ അടിസ്ഥാന മാക്കിയുള്ള സമീപനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കിട യില്‍ ശിഥിലമായ ബന്ധങ്ങളും വ്യാപകമായ അവിശ്വാസവും നിലനില്‍ക്കുന്ന പശ്ചാത്തല ത്തില്‍, എത്ര കാര്‍ക്കശ്യത്തോടെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചാലും സഭ ആഗ്രഹി ക്കുന്ന ഔഷധഫലം കൈവരിക്കാനാകില്ല. അധികാരിയുടെ വിശ്വാസ്യത സംശയിക്ക പ്പെടുമ്പോള്‍, പ്രസ്തുത അധികാരി നല്‍കുന്ന ഏത് ശിക്ഷയും ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് രക്തസാക്ഷിത്വത്തിന്റെ പ്രഭാവലയം സമ്മാനിക്കും. ശിക്ഷിക്കുന്നവന്റെ ധാര്‍മ്മികതയും നീതിയും പൊതുസമൂഹ ത്തില്‍ ചോദ്യം ചെയ്യപ്പെടുന്നിടത്തോളം സസ്‌പെന്‍ഷനും മഹറോനും വായുവില്‍ പ്രഹരിക്കുന്നത് പോലെയാകും. പുരോഹിതരുടെയും വിശ്വാസികളുടെയും 'അനുസരണക്കേട്' അധികാരിയുടെ തെറ്റായ തീരുമാനത്തോടും നടപടികളോടുമുള്ള പ്രതികരണമാണെങ്കില്‍, പരിഹാരമാര്‍ഗം ശിക്ഷാനടപടികളല്ല, മറിച്ച് സത്യത്തിനും നീതിക്കും വേണ്ടിയുള്ള സംവാദത്തിലൂടെയുള്ള കൂട്ടായ അന്വേഷണ മാണ്. അതിനാല്‍, സഭയിലെ ശിക്ഷാധികാരം പ്രയോഗിക്കുന്നതിലെ ബന്ധങ്ങളിലൂന്നിയ സമീപനം ആദ്യം മുന്നോട്ടുവയ്ക്കുന്നത് അനുരഞ്ജനത്തിനുള്ള നടപടികളാണ്, അല്ലാതെ പ്രത്യേക ശിക്ഷാകോടതി സ്ഥാപിക്കലല്ല. ശിക്ഷാധികാരപ്രയോഗത്തിന് പിന്നില്‍ അധികാരിയുടെ പ്രതികാര ബുദ്ധിയാണ് എന്ന് ശിക്ഷിക്കപ്പെടുന്നവര്‍ ചിന്തിക്കുന്നിടത്തോളം ഒരു ശിക്ഷാനടപടിയും മാനസാന്തരം ഉളവാക്കില്ല.