Coverstory

ക്രിസ്ത്യാനികൾക്ക് ഓണം ആഘോഷിക്കാമോ?

ബിജു തോമസ് അശോകപുരം
ക്രിസ്തുവിശ്വാസമാകുന്ന വിത്ത് വിവിധ സാംസ്കാരിക ഭൂമികകളിൽ വീണ് അവിടെനിന്ന് വെള്ളവും വളവും സ്വീകരിച്ച് അനുരൂപണപ്പെട്ട ഒരു പ്രാദേശിക സഭയായി മാറണം എന്നതാണ് സഭയുടെ പ്രബോധനം.

ക്രിസ്ത്യാനികൾക്ക് ഓണം ആഘോഷിക്കാമോ? അടുത്തകാലത്തായി സഭയ്ക്കുള്ളിൽ ഉയർന്നുവന്ന ഒരു ചോദ്യമാണിത്. കടുത്ത മതഭ്രാന്തരും ക്രിസ്തീയ മതമൗലികവാദികളായ മതപ്രഭാഷകരും കൂടി വിശ്വാസത്തിന്റെ മറവിൽ ക്രൈസ്തവ മനസ്സുകളിൽ വിതറിയ വിഭാഗീയതയുടെ വിത്തുകളിൽ നിന്നും മുളപൊട്ടിയതാണ് ഈ ചോദ്യം.

ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുന്നു. കുഞ്ഞുനാൾ മുതലേ പാഠപുസ്തകങ്ങളിൽ പഠിപ്പിച്ചുറപ്പിച്ച ഒരു ബോധ്യമാണത്. അന്നൊന്നും ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ പൊതു സമൂഹത്തിൽ മതതീവ്രത കൂടിവരുന്നതിന്റെ ഭാഗമായി ഓണത്തിന്റെ തത്വശാസ്ത്രത്തെ തലനാരിഴകീറി പരിശോധിക്കാനും ഓണത്തെ ഒരു ദേശീയ ഉത്സവം എന്ന നിലയിൽ നിന്നും വെറും ഒരു മത ഉത്സവമായി കാണാനും കുറെ മതഭ്രാന്തർ വിശിഷ്യാ കുറേ ക്രൈസ്തവ ഗ്രൂപ്പുകളും വിശ്വാസികളും രംഗത്ത് വന്നു.

അടുത്തകാലത്തായി എല്ലാ മതങ്ങളിലും മതങ്ങൾക്കുള്ളിലെ വിഭാഗങ്ങൾക്ക് ഇടയിലും ഒരു ഉണർവ് ഉണ്ടായിട്ടുണ്ട്. അതാകട്ടെ മതങ്ങളുടെ തന്നെ ഉള്ളുണർവിന് ഗുണം ചെയ്യുന്നതല്ല താനും. ഇടിച്ചു നിന്നില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന ഭയത്തിൽ നിന്ന് രൂപപ്പെട്ട ഒരു സ്വത്വബോധത്തിൽ നിന്നും ഉണ്ടായ ഉണർവാണിത്. മറ്റു മതസ്ഥരെയും അവരുടെ ആചാരങ്ങളെയും സംശയത്തോടെ കാണാനും അവനവന്റെ മതിൽക്കെട്ടുകൾക്കുള്ളിലേക്ക് ചുരുങ്ങിക്കൂടാനും അവരവരുടെ മതിൽക്കെട്ടുകൾ ശക്തമാക്കാനും ഉള്ള വ്യഗ്രതയിലാണ് മതവിഭാഗങ്ങൾ.

  • ഓണവും കേരള ക്രൈസ്തവരും

കാലങ്ങളായി ഓണത്തെ ഹൃദയത്തിലേറ്റിയവരാണ് കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, സഹവർത്തിത്വത്തിന്റെയും സമഭാവനയുടെയും ഉത്സവമായി കണ്ട് പൊതുസമൂഹത്തിൽ എല്ലാ മതസ്ഥരോടുമൊപ്പം കേരളത്തിലെ ക്രൈസ്തവരും ഓണം സാഘോഷം കൊണ്ടാടിവരുന്നു. മിക്കവാറും എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ചന്ദനം തൊട്ട്, കേരളീയ വസ്ത്രം ധരിച്ച്, കുർബാനയ്ക്ക് ഫലമൂലാദികൾ കാഴ്ച്ചവെച്ച് ഓണപ്പാട്ടും ഓണക്കളികളും വടംവലിയുമൊക്കെയായി മാവേലിയെ വരവേറ്റും ഓണപ്പായസം വിളമ്പിയും ഒരു ഉത്സവ പ്രതീതിയിലാണ് ഓണം ആഘോഷിക്കുന്നത്.

കേരളത്തിൽ സഞ്ചരിച്ച ബ്രിട്ടീഷ് മിഷനറി ഡോ. ക്ലൗഡിയുസ് ബുക്കാനൻ 1811-ൽ പ്രസിദ്ധീകരിച്ച Christian Researches in Asia എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ ഓണം ആഘോഷിച്ചിരുന്നതിന്റെ വിവരണങ്ങളുണ്ട്.

നന്മയുടെ ഈ നിറച്ചാർത്തിനെ നെഞ്ചിലേറ്റിയ ക്രൈസ്തവ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 17, 18 നൂറ്റാണ്ടുകളിലെ പോർച്ചുഗീസ് - ഡച്ച് സഞ്ചാരികളുടെ സഞ്ചാരക്കുറിപ്പുകളിൽ കേരളത്തിലെ ക്രൈസ്തവർ വിളവെടുപ്പ് ഉൽസവമായ ഓണം ആഘോഷിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മാനുവലിലും ഗസറ്റ് രേഖകളിലും State festival of Malabar എന്ന തലക്കെട്ടിൽ ക്രിസ്ത്യാനികൾ ഓണം ആഘോഷിച്ചിരുന്നതായും വീടുകളിൽ ഓണക്കോടി വിതരണം ചെയ്തിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ സഞ്ചരിച്ച ബ്രിട്ടീഷ് മിഷനറി ഡോ. ക്ലൗഡിയുസ് ബുക്കാനൻ 1811-ൽ പ്രസിദ്ധീകരിച്ച Christian Researches in Asia എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ ഓണം ആഘോഷിച്ചിരുന്നതിന്റെ വിവരണങ്ങളുണ്ട്. 1871-ൽ CMS മിഷനറി ആയിരുന്ന സാമുവൽ മേറ്റിരിയലിന്റെ The land of charity എന്ന ഗ്രന്ഥത്തിലും 1950-ൽ ഡോ.പി.ജെ. തോമസിന്റെ Malankara Marthoma Syrian Christian history എന്നതിലും കേരളത്തിലെ ക്രൈസ്തവർ ഓണം ആഘോഷിച്ചിരുന്നതിന്റെ വിശദമായ വിവരങ്ങളുണ്ട്.

  • സഭയും സാംസ്കാരിക അനുരൂപണവും

സ്വഭാവത്താൽ പ്രേഷിതയായ സഭയുടെ അടിസ്ഥാനം രൂപപ്പെട്ടത് സാംസ്കാരിക അനുരൂപണത്തിലൂടെയാണ്. മനുഷ്യാവതാരം തന്നെ ഒരർത്ഥത്തിൽ ഒരു സാംസ്കാരിക അനുരൂപണമാണ്. കാലാതിവർത്തിയായ ദൈവം ഒരു കാലത്തിലേക്കും സംസ്കാരത്തിലേക്കും ഒതുങ്ങുകയാണ്. യഹൂദ ഭാഷ, ഭക്ഷണരീതി, വേഷം, ആചാരങ്ങൾ തുടങ്ങിയ സാംസ്കാരിക ഘടകത്തോട് അനുരൂപണപ്പെട്ടാണ് മനുഷ്യാവതാരം സാധ്യമായത്. വചനം ഒരു സംസ്കാരത്തിലാണ് മാംസമായത്. എന്നാൽ ആ സംസ്കാരത്തെ തനത് രൂപത്തിൽ പിന്നീടങ്ങോട്ടുള്ള വളർച്ചയിൽ സഭ സ്വീകരിച്ചില്ല എന്നതും മറ്റു വ്യത്യസ്ത സംസ്കാരങ്ങളിലെ നന്മകൾ സ്വീകരിച്ചിട്ടാണ് സഭാഗാത്രത്തെ പടുത്തുയർത്തിയത് എന്നതും നാം വിസ്മരിക്കരുത്. സഭയുടെ പ്രാരംഭദശയിൽ ക്രിസ്തീയ സംസ്കാരം എന്നൊന്ന് ഉണ്ടായിരുന്നില്ല. ക്രിസ്തുവിലൂടെയുള്ള വെളിപാടും ക്രിസ്തീയ വിശ്വാസവുമാണ് ആദ്യം രൂപപ്പെട്ടത്. ആ വിശ്വാസം വിവിധ സംസ്കാരങ്ങളുമായുള്ള സന്നിവേശത്തിലൂടെ വളർന്ന് പന്തലിക്കുകയായിരുന്നു. യഹൂദ - ഗ്രീക്ക് - റോമൻ സംസ്കാരങ്ങളുമായി അനുരൂപണപ്പെട്ടാണ് ആദിമ നൂറ്റാണ്ടിൽ സഭ രൂപപ്പെട്ടത്. പിന്നീടങ്ങോട്ട് വിവിധ സംസ്കാരങ്ങളിൽ നിന്ന് വെള്ളവും വളവും സ്വീകരിച്ചിട്ടാണ് സഭ വളർന്നുവന്നത്.

ക്രിസ്തു വിശ്വാസമാകുന്ന വിത്ത് വിവിധ സാംസ്കാരിക ഭൂമികകളിൽ വീണ് അവിടെനിന്ന് വെള്ളവും വളവും സ്വീകരിച്ച് അനുരൂപണപ്പെട്ട ഒരു പ്രാദേശിക സഭയായി മാറണം എന്നതാണ് സഭയുടെ പ്രബോധനം.

രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു, “ദൈവവചനമാകുന്ന ബീജം ദൈവികമായ മഞ്ഞുതുള്ളിയാൽ നനയ്ക്കപ്പെടുമ്പോൾ നല്ല മണ്ണിൽ നിന്ന് അവ മുളയെടുക്കുന്നു. ഈ മണ്ണിൽ നിന്ന് ചെടി പോഷകാംശങ്ങൾ വലിച്ചെടുക്കുകയും അതിനെ രൂപാന്തരപ്പെടുത്തി സ്വാംശീകരിക്കുകയും സമൃദ്ധമായി ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു” (AG.No.22). പ്രാദേശിക സഭകൾ സത്ഫലങ്ങൾ പുറപ്പെടുവിക്കണമെങ്കിൽ ആ സംസ്കാരത്തിൽനിന്ന് നന്മയായിട്ടുള്ളത് സ്വീകരിക്കണമെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു. “ജനതകളുടെ പ്രത്യേകമായ ആചാരവിധികളിലും സംസ്കാരങ്ങളിലും നന്മയായി കാണുന്നതെല്ലാം നശിപ്പിക്കുന്നില്ലെന്ന് മാത്രമല്ല വിശുദ്ധീകരിച്ചുയർത്തുകയും ദൈവമഹത്വത്തിനും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി പരിപൂർണ്ണമാക്കുകയും ചെയ്യുന്നു” (AG. No.9). പൗലോസ് ശ്ലീഹ ആദിമസഭയെ ഓർമ്മിപ്പിക്കുന്നു “എല്ലാം പരിശോധിച്ചുനോക്കുവിൻ നല്ലവയെ മുറുകെപ്പിടിക്കുവിൻ” (1 തെസ 5:21). ഈ നാടിന്റെ നന്മയുടെ ആഘോഷമാണ് ഓണം. ആ നന്മയെ പൂർണ്ണമായി സ്വീകരിക്കാനാണ് ക്രിസ്തുവിന്റെ സുവിശേഷവും സഭയും നമ്മോട് ആവശ്യപ്പെടുന്നത്.

മഹാബലിയുടെ ഐതിഹ്യത്തിന്റെ യുക്തിയും സാധുതയും പരിശോധിക്കുന്നതിനേക്കാൾ അവ മുന്നോട്ടുവയ്ക്കുന്ന മൂല്യബോധത്തിനാണ് ഊന്നൽ നൽകേണ്ടത്.

സാംസ്കാരിക അനുരൂപണത്തിലൂടെയാണ് ക്രൈസ്തവസഭ വളർന്നുവന്നത്. ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളായ ക്രിസ്മസും ഈസ്റ്ററും ഉൾപ്പെടെ ക്രിസ്ത്യാനികളുടേത് എന്ന് നാം ഊറ്റം കൊള്ളുന്ന പല ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും മറ്റു സംസ്കാരങ്ങളിൽ നിന്നും കടംകൊണ്ടവയാണ് എന്ന സത്യം നാം മറക്കരുത്. റോമൻ മതത്തിലെ സൂര്യദേവനായ സോയുസ് ദേവന്റെ തിരുനാളായ ഡിസംബർ 25-നെ ക്രിസ്തുമസ് ആയി രൂപപ്പെടുത്താമെങ്കിൽ, വെളിച്ചത്തിന്റെ ദേവതകളായ ആംഗ്ലോ-സാക്സൺ സംസ്കാരത്തിലെ Eostre , ഗ്രീക്ക് സംസ്കാരത്തിലെ Eos എന്നീ ദേവതകളുടെ തിരുനാളിനെ ഈസ്റ്റർ ആയി അനുരൂപണപ്പെടുത്താമെങ്കിൽ എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക പൈതൃകത്തിലെ നന്മകളെ നമുക്ക് സ്വീകരിച്ചുകൂടാ. ഗ്രീക്ക് സംസ്കാരത്തിലെ ‘ലോഗോസിനെ’ കടംകൊണ്ടാണ് യോഹന്നാൻ ശ്ലീഹ വചനം മാംസമായ ദൈവശാസ്ത്രത്തെ അവതരിപ്പിക്കുന്നതെങ്കിൽ നമ്മുടെ സംസ്‌കൃതിയിലെ സമാന പദമായ ‘ഓം’ കാരത്തിനോട് നമുക്ക് വെറുപ്പ് എന്തിന് ?

മതസംസ്കാരങ്ങൾ തമ്മിലുള്ള ഇടകലരൽ അവയുടെ വികാസ ത്തിനെന്നപോലെ രൂപ പരിണാമ ങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട് എന്നതിന് മികച്ച ഉദാഹരണമാണ് ഉറുദു ഭാഷ. മുഗൾ രാജാക്കന്മാരുടെ ഭരണകാലത്ത് ഹിന്ദു - മുസ്ലിം സാംസ്കാരിക സമന്വയത്തിലൂടെ ഉടലെടുത്തതാണ് ഹിന്ദുസ്ഥാനി - പേർഷ്യൻ ഭാഷകളുടെ സങ്കലന മായ ഉറുദു ഭാഷ. എവിടെയെല്ലാം വ്യത്യസ്ത മതസ്ഥർ ഒരുമിച്ച് ജീവിച്ചു പോന്നുവോ അവിടെയെല്ലാം മതങ്ങളുടെ ഇടയിൽ ഒരു സാംസ്കാരിക കൈമാറ്റം നടന്നിട്ടുണ്ട്.

ആധുനിക ഇറാൻ ഒരു തീവ്ര മുസ്ലിം രാജ്യമാണ്. ഇസ്ലാം കടന്നുവരുന്നതിനു മുൻപ് അവിടുത്തെ പ്രധാന മതം സൊറാസ്‌ട്രിയൻ മതമായിരുന്നു. അവിടുത്തെ രാജമതമായിരുന്ന സൊറാസ്ട്രിയൻ പാരമ്പര്യത്തിൽ നിന്നും വന്ന ‘നൗറൂസ്’ എന്ന നവവത്സരാഘോഷം ഇന്നും ആ രാജ്യത്തെ പ്രമുഖ ആഘോഷമായി നിലനിൽക്കുകയും സൊറാസ്ട്രിയരോടൊപ്പം മുസ്ലീങ്ങളും അതിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇൻഡോനേഷ്യയിലും അവരുടെ പുതുവത്സരാഘോഷമായ ‘ന്യേപി’ ഹിന്ദു - ബുദ്ധമത സംസ്കാരത്തിൽ നിന്നും ഉടലെടുത്തതാണ്. കടുത്ത മതതീവ്രത പുലർത്തുന്നവർ എന്ന് മറ്റു മതസ്ഥർ ആരോപിക്കുന്ന മുസ്ലിം മതവിഭാഗങ്ങൾ പോലും ഈ മതസമന്വയത്തിന്റെ ഭാഗമാകുന്നത് ദൈവികതയുടെ കെടാവിളക്കുകൾ ഉള്ളിൽ തെളിയുന്നത് കൊണ്ടാവണം.

  • ഓണത്തിന്റെ ദൈവദർശനം

മഹാബലിയുടെ ഐതിഹ്യ ത്തിന്റെ യുക്തിയും സാധുതയും പരിശോധിക്കുന്നതിനേക്കാൾ അവ മുന്നോട്ടുവയ്ക്കുന്ന മൂല്യബോധത്തി നാണ് ഊന്നൽ നൽകേണ്ടത്. ഒരു അസുര രാജാവ് ദേവന്മാർക്ക് പോലും അസൂയ ഉണ്ടാകും വിധം നീതിനിഷ്ഠമായും സത്യ ധർമ്മാദികളോടെയും രാജ്യം ഭരിക്കുന്നു. കള്ളവും ചതിയു മില്ലാത്ത, ദാരിദ്ര്യമില്ലാത്ത, പ്രജകളെല്ലാം ആന്തരിക ആനന്ദം അനുഭവിക്കുന്ന മഹാബലിയുടെ രാജ്യസങ്കല്പം ക്രിസ്തുവിന്റെ ദൈവരാജ്യത്തോട് അടുപ്പം പുലർത്തുന്ന ഒരു ഉപമയാണ്. ആദിമസഭയുടെ കൂട്ടായ്മയുടെ രൂപം ഉൾക്കൊള്ളുന്ന ഒന്ന് (അപ്പ 2:43-47). അവരുടെ ഇടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരുമുണ്ടായിരുന്നില്ല (അപ്പ 4:34).

ഓണത്തിന്റെ ഐതിഹ്യത്തിന് പിന്നിൽ മതവും പുരാണവുമൊക്കെ കണ്ടേക്കാം. അതിനുമപ്പുറം വിളവെടുപ്പിന്റെ ഉത്സവമായ ഓണം മനുഷ്യമനസ്സുകളിലെ വറ്റാത്ത നന്മകളുടെ വിളവെടുപ്പാവണം. ക്രിസ്മസ് ട്രീയുടെയും ക്രിസ്മസ് സ്റ്റാറിന്റെയും പിറവിക്കു പിറകിൽ ക്രിസ്തുമതം ഉണ്ടെങ്കിലും സാർവ്വദേശിയമായി അത് സ്വീകരിക്കപ്പെടുന്നതുപോലെ ഓണവും മലയാളികളുടെ ദേശീയ ഉത്സവവുമായി ആദരിക്കപ്പെടണം. ആചരിക്കപ്പെടണം.

ദൈവശാസ്ത്രം എന്നത് ദൈവത്തെക്കുറിച്ചുള്ള ശാസ്ത്രം എന്നതിലുപരി ദൈവ മനുഷ്യബന്ധത്തിന്റെ പൊരുളറിയാനുള്ള ശ്രമമാണ്. ദൈവിക വെളിപാടിന്റെ പൂർണ്ണത ക്രിസ്തുവാണ്. ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവ ദർശനവും മനുഷ്യ ദർശനവും ആണ് ക്രൈസ്തവർ മുറുകെ പിടിക്കേണ്ടത്. അത് സ്നേഹത്തിന്റെ, നീതിയുടെ, കരുണയുടെ, തുറവിയുടെ ദൈവ ദർശനമാണ്. മതം പുറത്തു നിർത്തിയവരെയും പുറന്തള്ളിയവരെയും കരുണയോടെ പുണർന്നുകൊണ്ട് പകരം നൽകാൻ ഒന്നുമില്ലാത്തവരുടെ പക്ഷം ചേരുന്ന മനുഷ്യ ദർശനമാണത്. കാലിത്തൊഴുത്തിലെ പിറവി മുതൽ കാൽവരിയിലെ മഹായാഗം വരെ അവൻ പ്രഘോഷിച്ചതും പ്രഖ്യാപിച്ചതുമായ സുവിശേഷമൂല്യങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന ഉപമകളാണ് മഹാബലിയുടെ രാജ്യസങ്കല്പവും അപരനുവേണ്ടി സ്വയം മറന്ന ത്യാഗസങ്കല്പവും.

കണ്ണുള്ളവൻ കാണട്ടെ ; ചെവിയുള്ളവൻ കേൾക്കട്ടെ എന്ന ക്രിസ്തുവചനം നമുക്ക് വെളിച്ചം നൽകട്ടെ.

ഓണത്തിന്റെ ഐതിഹ്യത്തിന് പിന്നിൽ മതവും പുരാണവുമൊക്കെ കണ്ടേക്കാം. അതിനുമപ്പുറം ഓണം മനുഷ്യമനസ്സുകളിലെ വറ്റാത്ത നന്മകളുടെ വിളവെടുപ്പാവണം. ക്രിസ്മസ് ട്രീയുടെയും ക്രിസ്മസ് സ്റ്റാറിന്റെയും പിറവിക്കു പിറകിൽ ക്രിസ്തുമതം ഉണ്ടെങ്കിലും സാർവ്വദേശിയമായി അത് സ്വീകരിക്കപ്പെടുന്നതുപോലെ ഓണവും മലയാളികളുടെ ദേശീയ ഉത്സവവുമായി ആദരിക്കപ്പെടണം. ആചരിക്കപ്പെടണം.

ഏഷ്യൻ മെത്രാൻ സമിതിയുടെ ഒരു പ്രഖ്യാപനം ഇങ്ങനെ: - ഏഷ്യയിലെ പ്രാദേശിക സംസ്കാരങ്ങളുമായി വിവേചന ബുദ്ധിയോടെ ക്രൈസ്തവർ സംവദിക്കണം. അതുവഴി ക്രൈസ്തവ വിശ്വാസം ഏഷ്യൻ രൂപഭാവങ്ങളിലൂടെ അവതരിപ്പിക്കാനും സത്യസന്ധമായി അനുവർത്തിക്കാനും സാധിക്കും. ഇതിലൂടെയാണ് പുതിയ ഏഷ്യൻ ദൈവശാസ്ത്ര ചിന്തകൾ വിടരുന്നതും പ്രസക്തമായ ആരാധന ക്രമങ്ങൾ രൂപം കൊള്ളുന്നതും. ദൈവവചനത്തോടും ക്രൈസ്തവ പാരമ്പര്യത്തോടും വിശ്വസ്തത പുലർത്തുന്നതോടൊപ്പം ജനങ്ങളുടെ ജീവിതരീതിയിലും സംസ്കാരത്തിലും കാണുന്ന നല്ലതും വിശുദ്ധവുമായ ഘടകങ്ങളെ സ്വാംശീകരിക്കാനും സാധിക്കണം.

  • (ഏഷ്യൻ മെത്രാൻ സമിതി, സെമിനാർ പ്രഖ്യാപനം - തായ് ലാന്റ് 25-08-2001)

വിശുദ്ധ റോസ്  (1586-1617) : ആഗസ്റ്റ് 23

ചാവുകടൽ : ഭൗമശാസ്ത്രത്തിലും വേദലിഖിതങ്ങളിലും

ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്നേഹത്തണലായി ഇൻഫന്റ് ജീസസ് ശിശുഭവൻ

ഓണസമ്മാനമായി സെന്റ് ജോസഫ്സ് യു.പി. എസ് കരിത്തലയിൽ  നവീകരിച്ച കമ്പ്യൂട്ടർ ലാബ്  ഉദ്ഘാടനം ചെയ്തു

ഇൻക്ലൂസിസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു