വിശുദ്ധ റോസ്  (1586-1617) : ആഗസ്റ്റ് 23

വിശുദ്ധ റോസ്  (1586-1617) : ആഗസ്റ്റ് 23

Published on

പെറുവിന്റെ തലസ്ഥാനമായ ലിമയാണ് വി. റോസിന്റെ ജന്മദേശം. പുവര്‍ട്ടോറിക്കയില്‍ നിന്നുള്ള പാവപ്പെട്ട കര്‍ഷക ദമ്പതികള്‍ക്കു പിറന്ന റോസിന്റെ മാമ്മോദീസാപ്പേര് ഇസബെല്ലാ ഫ്‌ളോറസ് എന്നായിരുന്നു. പതിനൊന്നാമത്തെ വയസ്സില്‍ സ്ഥൈര്യലേപനം സ്വീകരിച്ചപ്പോഴാണ് റോസ് മരിയ എന്ന നാമവും സ്വീകരിച്ചത്. അന്നത്തെ ആര്‍ച്ചു ബിഷപ്പായിരുന്ന വി. ടുറീബിയോ ആയിരുന്നു സ്ഥൈര്യലേപനം നല്‍കിയത്. സിയെന്നായിലെ വി. കാതറീന്‍ ആയിരുന്നു റോസിന്റെ റോള്‍ മോഡല്‍. എംബ്രോയിഡറി വര്‍ക്കുപോലുള്ള ജോലികള്‍ വീട്ടില്‍ ചെയ്തുകൊണ്ടുതന്നെ വി. കാതറീനെപ്പോലെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കര്‍ശനമായ ആത്മസംയമനത്തിലും മുഴുകിയാണ് റോസ് ജീവിച്ചിരുന്നത്.

പ്രശ്‌നങ്ങളാണ് നമ്മെ കുരിശിന്റെ ചുവട്ടിലെത്തിക്കുന്നത്; കുരിശ് നമ്മെ സ്വര്‍ഗ്ഗകവാടത്തിങ്കല്‍ എത്തിക്കുന്നു.

വി. ജോണ്‍ വിയാനി

വീടിന്റെ പുറകിലുണ്ടായിരുന്ന പൂന്തോട്ടത്തില്‍, സഹോദരന്റെ സഹായത്താല്‍, ഇഷ്ടിക കൊണ്ട് റോസ് ഒരു ചെറിയ കുടിലുണ്ടാക്കി. വീട്ടിലെ ജോലികളും ദരിദ്രരുടെ ഇടയിലുള്ള സേവനങ്ങളും കഴിഞ്ഞ് തിരിച്ചെത്തിയശേഷം ഏകാന്തമായി പ്രാര്‍ത്ഥനയില്‍ മുഴുകാനായിരുന്നു അത്. കൂടാതെ, വി. കുര്‍ബാനയുടെ മുമ്പില്‍ മണിക്കൂറുകള്‍ ആരാധനയില്‍ മുഴുകി റോസ് ചെലവഴിച്ചിരുന്നു. ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആദ്ധ്യാത്മികഗുരു അവളെ അനുവദിച്ചിരുന്നു.

ഒരു ദശാബ്ദക്കാലം കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും എതിര്‍പ്പും പരിഹാസവും സഹിച്ച് അവള്‍ ജീവിച്ചു. അവസാനം അവളുടെ ആഗ്രഹം സഫലമായി. ഇരുപതാമത്തെ വയസ്സില്‍ ഡോമിനിക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. അതോടെ പ്രാര്‍ത്ഥനയും പരിത്യാഗപ്രവൃത്തി കളും ഇരട്ടിയാക്കി. മിക്കവാറും ഭക്ഷണമേ ഒഴിവാക്കി. അരയില്‍ ഒരു ഇരുമ്പു ചങ്ങല ധരിച്ചു. കൂര്‍ത്ത മുള്ളുകളുള്ള, ഇരുമ്പുകൊണ്ടുള്ള മുടി തലയില്‍ മുടിക്കുള്ളില്‍ ഒളിപ്പിച്ചുവച്ചു.

ഈശോ അനേകം പ്രാവശ്യം സി. റോസിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടത്രെ! മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സമാധാനവും സന്തോഷവും അവള്‍ അനുഭവിച്ചിരുന്നു. ശുദ്ധതയ്‌ക്കെതിരായ പ്രലോഭനങ്ങളെയെല്ലാം അവള്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട്, ധീരമായി അതിജീവിച്ചു. ചുറ്റും കണ്ടെത്തുന്ന പാപകര്‍മ്മങ്ങള്‍ക്കെല്ലാം, വിഗ്രഹാരാധന തുടങ്ങിയ അനാചാരങ്ങള്‍ക്കും, അവള്‍ പ്രായശ്ചിത്തം ചെയ്തു. ശുദ്ധീകരണസ്ഥലത്തില്‍ വേദന അനുഭവിക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി സല്‍പ്രവൃത്തികള്‍ കാഴ്ചവെച്ചു.

1617 ആഗസ്റ്റ് 24 ന് മുപ്പത്തൊന്നാമത്തെ വയസ്സില്‍ റോസ് അന്തരിച്ചു. മരണശേഷം റോസിന്റെ മാദ്ധ്യസ്ഥ്യത്തില്‍ അനേകം അത്ഭുതങ്ങള്‍ നടന്നു. 1668 മാര്‍ച്ച് 12 ന് പോപ്പ് ക്ലമന്റ് IX റോസിനെ ദൈവദാസിയായി പ്രഖ്യാപിച്ചു. 1671 ഏപ്രില്‍ 12-ന് പോപ്പ് ക്ലമന്റ് X വിശുദ്ധയായി പ്രഖ്യാപിച്ച വി. റോസാണ് അമേരിക്കയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധ. അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കയുടെയും ഫിലിപ്പീന്‍സിന്റെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായി വി. റോസ് പ്രഖ്യാപിക്കപ്പെട്ടു.

റോസ് എഴുതി: "ഓരോരുത്തരും വഹിക്കുന്ന കുരിശിന്റെ ഭാരത്തെ പ്പറ്റി അവര്‍ പരാതിപ്പെടുന്നത്, ആ കുരിശു വഴി അവര്‍ക്കു ലഭിക്കാന്‍ പോകുന്ന അനുഗ്രഹങ്ങളെപ്പറ്റിയുള്ള അജ്ഞതകൊണ്ടാണ്."

logo
Sathyadeepam Online
www.sathyadeepam.org