ചാവുകടൽ : ഭൗമശാസ്ത്രത്തിലും വേദലിഖിതങ്ങളിലും

The Dead Sea: In geology and scriptures
Published on
“ബൈബിളിലെ ഒരു അക്ഷരം പോലും ഒരിക്കലും മാറിയിട്ടില്ല” എന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ട് എന്നതിനേക്കാൾ, ബൈബിൾ പാഠം നൂറ്റാണ്ടുകളിലൂടെ എങ്ങനെ പകർന്നു വന്നുവെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും വിലപ്പെട്ട പുരാതന തെളിവുകളിലൊന്നാണ് ചാവുകടൽ ചുരുളുകൾ.

ഒരു ദൈവിക ന്യായവിധിയും അതിൽനിന്ന് രൂപംകൊണ്ട ഒരു ഗന്ധക തടാകവും. ചരിത്രവും ഭൂമിശാസ്ത്രവും ദൈവശാസ്ത്രവും പരസ്പരം സംഗമിക്കുന്ന അതുല്യമായ ഒരു ഭൂപ്രദേശം. ചാവുകടൽ (Dead Sea) എന്ന പേരിലാണ് ഇതു അറിയപ്പെടു ന്നത്. Dead Sea എന്ന ഇംഗ്ലീഷ് നാമത്തിന് ഉചിതമായ മലയാള പരിഭാഷ കണ്ടെത്തുന്നത് ഭാഷാപണ്ഡിതന്മാർക്കും എളുപ്പമായിരുന്നില്ല. ‘ചത്ത കടൽ’, മരിച്ച കടൽ’ ‘ജീവനില്ലാത്ത കടൽ’, ‘ചലനമറ്റ കടൽ’ എന്നിങ്ങനെ പല പരിഭാഷ പദങ്ങളും പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകാം. എന്നാൽ ഏകദേശം ഒരു നൂറ്റാണ്ടായി മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ‘ചാവു കടൽ’ എന്ന പേരാണ് ഇന്ന് പൊതുസ്വീകാര്യമായിരിക്കുന്നത്.

‘സമുദ്രവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന, തിരമാലകളും വേലിയേറ്റങ്ങളും സമുദ്രധാരകളും ഉള്ള വിശാലമായ ജലാശയങ്ങളെ യാണ് സാധാരണയായി ‘കടൽ’(Sea) എന്ന് വിളിക്കുന്നത്. എന്നാൽ ചാവുകടൽ സമുദ്രവു മായി യാതൊരു നേരിട്ടുള്ള ബന്ധവുമില്ലാത്ത ഒരു ഭൂപ്രദേശത്തിനുള്ളിലെ ഉപ്പുതടാകമാണ്. എന്നിരുന്നാലും ചരിത്രപരവും ഭാഷാപരവുമായ കാരണ ങ്ങളാൽ അതിനെ ‘കടൽ’ എന്നാണ് വിശേഷിപ്പിച്ചു പോരുന്നത്. ഇതുപോലെ തന്നെ സമുദ്രവുമായി ബന്ധമില്ലാത്ത ഗലീലി കടലും കാസ്പിയൻ കടലും പരമ്പരാഗതമായി ‘കടൽ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹീബ്രു ബൈബിളിൽ ചാവുകടലിനെ ‘യാം ഹമെലാഖ്’ (Yam HaMelach) എന്നാണു വിളിക്കുന്നത്. ‘യാം’എന്നാൽ കടൽ അല്ലെങ്കിൽ വലിയ ജലാശയം, “ഹമെലാഖ്” എന്നാൽ ഉപ്പ്. അതിനാൽ അതിന്റെ അർഥം ‘ഉപ്പുകടൽ’ എന്നാണ്. ബൈബിളിൽ ഇതിനെ ‘അരാബാ കടൽ’, ‘കിഴക്കൻ കടൽ’, ‘ലോത്തിന്റെ കടൽ’ എന്നീ പേരുകളിലും യഹൂദപാരമ്പര്യത്തിലും ചരിത്രരചനകളിലും കാണാം.

ഉൽപത്തി പുസ്തകത്തിൽ പരാമർശിക്കുന്ന സിദ്ദിം താഴ്.വര (Valley of Siddim) ഇന്നത്തെ ചാവുകടലിന്റെ തെക്കൻ ഭാഗത്തായിരിക്കാമെന്നാണ് ചില ബൈബിൾ ഗവേഷകരുടെ നിഗമനം. സൊദോം, ഗൊമോറ, അദ്‌മാ, സെബോയീം എന്നീ നഗരങ്ങൾ ഈ താഴ്.വരയി ലായിരുന്നുവെന്നും പിന്നീട് ആ പ്രദേശം വെള്ളത്തിനടിയിലാ യെന്നും അവർ വിശ്വസിക്കുന്നു.

  • ദൈവിക ന്യായവിധിയുടെ സാക്ഷ്യപത്രം

ഇസ്രായേലിനും ജോർദ്ദാനും ഇടയിൽ സ്ഥിതിചെയ്യുന്ന ചാവുകടൽ (Dead Sea) പ്രദേശം വെറും ഭൂമിശാസ്ത്രപര മായ ഒരു സ്ഥലമല്ല; ദൈവ ത്തിന്റെ ന്യായവിധിയുടെയും കരുണയുടെയും വിശുദ്ധി യുടെയും ശക്തമായ സാക്ഷ്യമായി ബൈബിൾ ഇതിനെ അവതരിപ്പിക്കുന്നു.

ഉൽപത്തി പുസ്തകത്തിൽ പരാമർശിക്കുന്ന സിദ്ദിം താഴ്വര (Valley of Siddim) ഇന്നത്തെ ചാവുകടലിന്റെ തെക്കൻ ഭാഗത്തായിരിക്കാ മെന്നാണ് ചില ബൈബിൾ ഗവേഷകരുടെ നിഗമനം. സൊദോം, ഗൊമോറ, അദ്‌മാ, സെബോയീം എന്നീ നഗരങ്ങൾ ഈ താഴ്വരയിലായിരുന്നുവെന്നും പിന്നീട് ആ പ്രദേശം വെള്ളത്തിനടിയി ലായെന്നും അവർ വിശ്വസിക്കുന്നു.

അബ്രഹാമും സഹോദര പുത്രനായ ലോത്തും തമ്മിൽ സമാധാനപരമായി വേർപിരി യാൻ തീരുമാനിച്ചപ്പോൾ, ലോത്ത് ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ ജോർദ്ദാൻ സമതലം തിരഞ്ഞെടുത്തു. ആ പ്രദേശം “കർത്താവിന്റെ തോട്ടംപോലെയും ഈജിപ്തു ദേശം പോലെയും സമൃദ്ധമായി രുന്നു” (ഉല്പത്തി 13:10). തുടർന്ന് ലോത്ത് സോദോമി നടുത്ത് പാർപ്പുറപ്പിച്ചു. എന്നാൽ സോദോമിലെ ജനങ്ങൾ കർത്താവിന്റെ മുമ്പാകെ അത്യന്തം ദുഷ്ടന്മാരും മഹാ പാപികളുമായിരുന്നു (ഉല്പത്തി 13:9-13). സോദോമിന്റെയും ഗൊമോറയുടെയും പാപം അതിരുവിട്ടപ്പോൾ കർത്താവ് അരുളിച്ചെയ്തു: “സോദോമിനും ഗൊമോറയ്ക്കുമെതിരെയുള്ള മുറവിളി വളരെ വലുതാണ്; അവരുടെ പാപം അത്യന്തം ഗുരുതരമാണ്” (ഉല്പത്തി 18:20-21).

പിന്നീട് ദൈവം ആകാശ ത്തിൽനിന്ന് ഗന്ധകവും തീയും വർഷിപ്പിച്ച് ആ നഗരങ്ങളെ നശിപ്പിച്ചു (ഉല്പത്തി 19:24-25). എന്നാൽ നീതിമാനായ ലോത്തിനെയും അവന്റെ രണ്ട് പുത്രിമാരെയും ദൈവം രക്ഷിച്ചു. ന്യായവിധിക്കിടയിലും ദൈവം തന്റെ ജനത്തെ ഓർക്കുകയും രക്ഷിക്കുകയും ചെയ്യുന്നു എന്ന സത്യം ഇവിടെ വ്യക്തമാണ്. യാത്രയിൽ ദൈവം വ്യക്തമായി പിന്നോട്ട് നോക്കരുതെന്ന് കല്പിച്ചിട്ടും ലോത്തിന്റെ ഭാര്യ അനുസരിച്ചില്ല. അവൾ പിന്നോട്ട് നോക്കിയപ്പോൾ ഉപ്പുതൂണായി മാറി (ഉല്പത്തി 19:26). ഇത് വെറും ചരിത്രസംഭവമല്ല; ദൈവകല്പനയെ പൂർണമായി അനുസരിക്കേണ്ടതിന്റെ ഗൗരവം പഠിപ്പിക്കുന്ന ആത്മീയ മുന്നറി യിപ്പാണ്. യേശുക്രിസ്തുവും ഈ സംഭവത്തെ വിശ്വാസ ജീവിതത്തിനുള്ള മുന്നറിയി പ്പായി നൽകുന്നുണ്ട് (ലൂക്കാ 17:28-32).

ഇസ്രായേലിനും ജോർദ്ദാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചാവുകടൽ (Dead Sea) പ്രദേശം വെറും ഭൂമിശാസ്ത്ര പരമായ ഒരു സ്ഥലമല്ല; ദൈവത്തിന്റെ ന്യായവിധിയുടെയും കരുണയുടെയും വിശുദ്ധിയുടെയും ശക്തമായ സാക്ഷ്യമായി ബൈബിൾ ഇതിനെ അവതരിപ്പിക്കുന്നു.

ഉല്പത്തി 14:3-ൽ ‘സിദ്ദിം താഴ്.വര ഇപ്പോൾ ഉപ്പുകടലാ കുന്നു’ എന്ന് രേഖപ്പെടുത്തിയി രിക്കുന്നു. അതിനാൽ സിദ്ദിം താഴ്.വര പിന്നീട് ഉപ്പുകടൽ എന്നറിയപ്പെട്ട പ്രദേശവുമായി ബന്ധപ്പെട്ടതായി ബൈബിൾ വ്യക്തമാക്കുന്നു (സംഖ്യ 34:3,12; നിയമവാർത്തനം 3:17; ജോഷ്വ 12:3; 15:2,5; 18:19; 2 രാജാക്കന്മാർ 14:25; 2 ദിനവൃത്താന്തം 20:2). സോദോമിന്റെയും ഗൊമോറ യുടെയും നാശത്തിനുശേഷ മാണ് ചാവുകടൽ രൂപപ്പെട്ട തെന്ന് വ്യക്തമായി പറയുന്നില്ല. എന്നാൽ ആ പ്രദേശവും ഉപ്പുകടലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.

അരാബാ കടൽ (നിയമവാർത്തനം 3:17; ജോഷ്വ 3:16; 2 രാജാക്കന്മാർ 14:25) കിഴക്കേ കടൽ (എസക്കിയേൽ 47:18, ജോയൽ 2:20, സഖറിയാ 14:8) എന്നീ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ചാവുകടൽ ഇന്നും ബൈബിൾ ചരിത്രത്തിന്റെ നിശ്ശബ്ദ സാക്ഷിയായി നിലകൊള്ളുന്നു.

  • ചാവുകടലിന്റെ സവിശേഷതകൾ

ചാവുകടൽ (Dead Sea) ലോകത്തിലെ ഏറ്റവും വിചിത്രവും ശ്രദ്ധേയവുമായ ജലാശയങ്ങളിലൊന്നാണ്. ബൈബിൾ ചരിത്രത്തിലും ഭൂമിശാസ്ത്ര പഠനത്തിലും ഇതിന് സുപ്രധാന സ്ഥാനമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടത്തിൽ ഉണ്ടായിരുന്ന ചാവുകടലിന്റെ ഭൗതിക സവിശേഷതകളിൽ കാലക്രമേണ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

ചാവുകടലിലേക്ക് ഒഴുകിച്ചേരുന്ന പ്രധാന നദിയാണ് ജോർദ്ദാൻ നദി. ഏകദേശം 251 കിലോമീറ്റർ നീളവും 10 മുതൽ 60 മീറ്റർ വരെ വീതിയും പരമാവധി 6 മീറ്റർ വരെ ആഴവുമുള്ള ഈ നദി ഹെർമോൺ പർവ്വത നിരകളിൽ നിന്നും ഉത്ഭവിച്ച് ഗലീലി കടലിലും അവിടെ നിന്ന് വീണ്ടും ചാവുകടലിന്റെ വടക്കുഭാഗത്താണ് പതിക്കുന്നത്. ചാവുകടലിന്റെ തെക്കുഭാഗത്ത് അറാബാ താഴ്‌വാരം, കിഴക്കുഭാഗത്ത് മോവാബ് മലനിരകൾ (ഇന്നത്തെ ജോർദാൻ), പടിഞ്ഞാറ് യൂദയാ മരുഭൂമിയും യൂദയാ മലനിരകളും സ്ഥിതിചെയ്യുന്നു.

മനുഷ്യ ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം ചാവുകടലിന്റെ നിലനിൽപ്പ് ഇന്ന് ശക്തമായ വെല്ലുവിളികൾ നേരിടുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ചാവുകടലിന്റെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുവരുന്നു. ഈ മാറ്റം തുടർന്നാൽ ചാവുകടലിന്റെ ഇന്നത്തെ രൂപം ഭാവിയിൽ വലിയ തോതിൽ മാറിയേക്കാം.

ചാവുകടലിന് നിലവിൽ ഏകദേശം 605 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 80 കിലോമീറ്റർ നീളവും 6 മുതൽ 18 കിലോമീറ്റർ വരെ വീതിയും പരമാവധി 305 മീറ്റർ ആഴവു മുണ്ട്. ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും താഴ്ന്ന തുറന്ന പ്രദേശമായ ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 430 മീറ്റർ താഴെ സ്ഥിതിചെയ്യുന്നു. ചാവുകടലിന്റെ ജലനിരപ്പ് വർഷംതോറും താഴ്ന്നു കൊണ്ടിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ കണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ കാലാനുസൃതമായി ഉണ്ടായേക്കാം.

ചാവുകടൽ ജലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിലെ ഉയർന്ന ലവണാംശം (Salinity) ആണ്. ഒരു ലിറ്റർ ജലത്തിൽ ഏകദേശം 340-350 ഗ്രാം ലവണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് സാധാരണ സമുദ്രജലത്തേക്കാൾ ഏകദേശം പത്തിരട്ടി കൂടുതലാണ്.

അമിതമായ ലവണാംശം കാരണം മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ജലജീവികൾക്ക് ചാവുകടലിൽ ജീവിക്കാൻ കഴിയില്ല. എന്നാൽ ചില സൂക്ഷ്മജീവികൾക്കും പ്രത്യേകതരം ആൽഗകൾക്കും മാത്രമാണ് അവിടെ നിലനിൽക്കാൻ കഴിയുന്നത്. ഇതുകൊണ്ടാണ് ഈ ജലാശയത്തിന് ‘ചാവുകടൽ’ എന്ന പേര് ലഭിച്ചത്.

  • ചാവുകടൽ ചുരുളുകൾ

ചാവുകടൽ ചുരുളുകൾ അഥവാ Dead Sea Scrolls എന്നത് ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ള പുരാതന യഹൂദ കൈയെഴുത്തുപ്രതി കളാണ്. 1947 മുതൽ 1956 വരെ ചാവുകടലിനടുത്തുള്ള ഖുംറാൻ പ്രദേശത്തെ ഗുഹകളിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ആടുകളെ അന്വേഷിച്ച് ചില ബദുവീയൻ ആട്ടിടയന്മാർ ഒരു ഗുഹയിൽ കയറിയപ്പോഴാണ് മൺപാത്രങ്ങളിൽ സൂക്ഷിച്ചിരുന്ന ഈ പുരാതന ചുരുളുകൾ കണ്ടെത്തിയത്. തുടർന്ന് പുരാവസ്തു ഗവേഷകർ ഖുമ്റാൻ പ്രദേശത്തെ മറ്റു ഗുഹകളും കയറി പരിശോധിച്ചപ്പോൾ നൂറുകണക്കിന് പുരാതന കൈയ്യെഴുത്തുപ്രതികളുടെ ശകലങ്ങൾ കണ്ടെത്തി. ഏകദേശം 900-ഓളം കൈയെഴുത്തുപ്രതികളുടെയും അവയുടെ ഭാഗങ്ങളുടെയും ശേഖരമാണിത്.

ഹീബ്രു, അരമായിക്, ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതപ്പെട്ട ഇവയിൽ പഴയനിയമത്തിലെ പല ഗ്രന്ഥങ്ങളുടെയും വളരെ പുരാതന പകർപ്പുകൾ, ബൈബിൾ വ്യാഖ്യാനങ്ങൾ, പ്രാർത്ഥനകൾ, മതനിയമങ്ങൾ, അന്ത്യകാലത്തെക്കുറിച്ചുള്ള രചനകൾ, മറ്റു യഹൂദ മതഗ്രന്ഥ ങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഇന്നത്തെ പഴയനിയമ ത്തിലെ പല പുസ്തകങ്ങളുടെയും ക്രിസ്തുവിന് മുമ്പുള്ള കാലത്തെ പകർപ്പുകൾ ഇതിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ യേശുവിന്റെ കാലത്തിന് നൂറ്റാണ്ടുകൾ മുമ്പ് യഹൂദർ തിരുവെഴുത്തുകൾ എങ്ങനെ വായിക്കുകയും പകർത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു എന്ന് മനസ്സിലാക്കാൻ ഇവ വളരെ പ്രധാനപ്പെട്ട തെളിവു കളാണ്. ഇന്നത്തെ ബൈബിൾ പാഠവുമായി ഇവയിൽ പലതും വളരെ അടുത്ത സാമ്യം കാണിക്കുന്നുണ്ടെങ്കിലും ചില പാഠവ്യത്യാസങ്ങളും കാണപ്പെടുന്നു. അതുകൊണ്ട് “ബൈബിളിലെ ഒരു അക്ഷരം പോലും ഒരിക്കലും മാറിയിട്ടില്ല” എന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ട് എന്നതിനേക്കാൾ, ബൈബിൾ പാഠം നൂറ്റാണ്ടു കളിലൂടെ എങ്ങനെ പകർന്നു വന്നുവെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും വിലപ്പെട്ട പുരാതന തെളിവുകളിലൊന്നാണ് ചാവുകടൽ ചുരുളുകൾ.

  • ഖുമ്റാൻ ഗുഹകൾ

ഖുംറാൻ പ്രദേശത്ത് ജീവിച്ചി രുന്ന സമൂഹത്തെ പുരാതന എഴുത്തുകാരുടെ രേഖകളിൽ പറയുന്ന എസ്സീനികളുമായി ബന്ധപ്പെടുത്തുന്ന രേഖകൾ ഉണ്ട്. എസ്സീനികൾ യഹൂദമത ത്തിലെ കർശനമായ മതനിയമ ങ്ങളും ശുദ്ധീകരണച്ചടങ്ങുകളും പാലിച്ചിരുന്ന ഒരു വിഭാഗമായി രുന്നു. ഖുംറാൻ സമൂഹത്തിന്റെ ജീവിതരീതിയും ചുരുളുകളിൽ കാണുന്ന ആശയങ്ങളും എസ്സീനികളെക്കുറിച്ചുള്ള പുരാതന വിവരണങ്ങളുമായി പല സാമ്യങ്ങളും കാണാം. എന്നാൽ ഖുംറാനിലെ എല്ലാ ചുരുളുകളും എസ്സീനികൾ തന്നെയാണ് എഴുതിയത് എന്ന് ചരിത്രപരമായി പൂർണ്ണമായി തെളിയിച്ചിട്ടില്ല.

സ്നാപക യോഹന്നാൻ മരുഭൂമിയിൽ ജീവിക്കുകയും മാനസാന്തരം പ്രസംഗിക്കുകയും സ്നാനം നൽകുകയും വരാനിരി ക്കുന്ന ദൈവവിധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു എന്ന് സുവിശേഷങ്ങൾ പറയുന്നു. ഖുംറാൻ സമൂഹവും മരുഭൂമിയിൽ താമസിക്കുകയും ആചാരപരമായ ശുദ്ധീകരണ ത്തിന് വെള്ളത്തിൽ മുങ്ങുന്ന രീതികൾ ഉപയോഗിക്കുകയും അന്ത്യകാലത്തെക്കുറിച്ച് ശക്തമായ പ്രതീക്ഷ പുലർത്തുകയും ചെയ്തിരുന്നു. ഈ സാമ്യങ്ങൾ കാരണം സ്നാപക യോഹന്നാൻ ഖുംറാൻ സമൂഹവുമായോ എസ്സീനികളു മായോ ബന്ധപ്പെട്ടിരുന്നിരിക്കാ മെന്ന അഭിപ്രായമുണ്ട്. ചാവുകടൽ ചുരുളുകളിൽ യേശുവിന്റെ ജീവിതത്തെക്കുറി ച്ചുള്ള വിശ്വസനീയമായ നേരിട്ടുള്ള രേഖയില്ല. എന്നാൽ യേശു ജീവിച്ചിരുന്ന കാലഘട്ടത്തിലെ യഹൂദ സമൂഹത്തിന്റെ മതപരവും ആത്മീയവുമായ പശ്ചാത്തലം മനസ്സിലാക്കാൻ ചുരുളുകൾ വളരെ സഹായിക്കുന്നു.

മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷ, അന്ത്യകാല ദൈവ വിധി, പാപം, ശുദ്ധി, നീതി, ദൈവരാജ്യത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയ ആശയ ങ്ങൾ ആ കാലത്തെ യഹൂദ സമൂഹത്തിൽ എത്ര ശക്തമായി രുന്നുവെന്ന് ചുരുളുകളിൽ നിന്ന് മനസ്സിലാക്കാം. അതിനാൽ യേശുവിനെക്കുറിച്ചുള്ള നേരിട്ടുള്ള തെളിവുകളേക്കാൾ, യേശുവിന്റെ സന്ദേശം ഉയർന്നു വന്ന ചരിത്ര-മതപരമായ ലോകത്തെ മനസ്സിലാക്കാനുള്ള പ്രധാന തെളിവുകളാണ് ചാവുകടൽ ചുരുളുകൾ.

ചുരുളുകളിൽ “Teacher of Righteousness” അഥവാ “നീതി യുടെ ഗുരു” എന്നറിയപ്പെടുന്ന ഒരു പ്രധാന വ്യക്തിയെക്കുറിച്ചും പരാമർശമുണ്ട്. അദ്ദേഹം ഖുംറാൻ സമൂഹത്തിന്റെ ആത്മീയ നേതാവായിരുന്നിരി ക്കാമെന്നും എതിരാളികളാൽ പഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ചില ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ ഈ വ്യക്തി യേശുവോ സ്നാപക യോഹന്നാനോ ആയിരുന്നു എന്ന വാദത്തിന് മതിയായ ചരിത്രതെളിവില്ല.

ചുരുളുകൾ ഗുഹകളിൽ എങ്ങനെ എത്തിയെന്ന കാര്യ ത്തിലും പൂർണ്ണമായ ഉറപ്പില്ല. ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ റോമിനെതിരായ യഹൂദ കലാപവും യുദ്ധവും നടക്കു മ്പോൾ ചുരുളുകൾ സംരക്ഷി ക്കുന്നതിനായി ഗുഹകളിൽ എസീനികളോ മറ്റു യഹൂദ സമുദായങ്ങളോ ഇവ ഒളിപ്പിച്ചിരി ക്കാമെന്നാണ് കരുതുന്നത്.

  • സമകാലിക വെല്ലുവിളികൾ

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ധാതുസമ്പത്ത്, ചരിത്ര-ബൈബിൾ പശ്ചാത്തലം, ശാസ്ത്രീയ പ്രാധാന്യം എന്നിവ കൊണ്ട് ചാവുകടൽ ലോക ത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതിദത്ത ജലാശയങ്ങളിലൊ ന്നാണ്. എന്നാൽ മനുഷ്യ ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം അതിന്റെ നിലനിൽപ്പ് ശക്തമായ വെല്ലു വിളികൾ നേരിടുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങ ളായി ചാവുകടലിന്റെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുവരുന്നു. ഈ മാറ്റം തുടർന്നാൽ ചാവുകട ലിന്റെ ഇന്നത്തെ രൂപം ഭാവിയിൽ വലിയ തോതിൽ മാറിയേക്കാം.

ചാവുകടലിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന സ്വാഭാവിക ജലസ്രോതസ്സാണ് ജോർദാൻ നദി. ഒരുകാലത്ത് ഈ നദിയിലൂടെ വലിയ അളവിൽ ശുദ്ധജലം ചാവു കടലിലെത്തിയിരുന്നു. എന്നാൽ കാലക്രമേണ കുടിവെള്ള ത്തിനും കൃഷിക്കും ജലസേചന ത്തിനുമായി നദിയിലെ വെള്ളം വിവിധ സ്ഥലങ്ങളിൽ തിരിച്ചു വിടാൻ തുടങ്ങി. ഇതോടെ ചാവുകടലിലേക്കുള്ള സ്വാഭാവിക ജലപ്രവാഹം വൻതോതിൽ കുറഞ്ഞു. അതേ സമയം ചാവുകടൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മഴ വളരെ കുറവാണ്. ചൂടുള്ള കാലാവസ്ഥ യിൽ വെള്ളം ശക്തമായി ബാഷ്പീകരിക്കുകയും ചെയ്യുന്നു.

1960-കളുമായി താരതമ്യം ചെയ്യുമ്പോൾ ചാവുകടലിന്റെ ജലനിരപ്പ് ഏകദേശം 41 മീറ്റർ വരെ താഴ്ന്നതായി 2025-ലെ പഠനം ചൂണ്ടിക്കാണിക്കുന്നു. ചില ഘട്ടങ്ങളിൽ ഒരു വർഷം കൊണ്ട് ഒരു മീറ്ററിലേറെ ജലനിരപ്പ് താഴുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.

2025-ലെ പഠനത്തിലെ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ ഭൂഗർഭജലവുമായി ബന്ധപ്പെട്ടതാണ്. ഗവേഷകർ നടത്തിയ ഭൂഗർഭ വൈദ്യുത കാന്തിക പരിശോധനകളിൽ ചാവുകടലിലെ അത്യധികം ഉപ്പുള്ള വെള്ളം സമീപത്തെ ഭൂഗർഭജല സംവിധാനത്തിലേക്ക് കടന്നുകയറുന്നതിന്റെ (Salt water intrusion) തെളിവുകൾ കണ്ടെത്തി. ജോർദാനിലെ Ghor Al-Haditha പ്രദേശത്ത് നടത്തിയ പഠനങ്ങൾ ചാവുകടലിന്റെ ജലനിരപ്പ് കുറയുന്നതും ഭൂഗർഭത്തിലെ ഉപ്പുപാളികളുടെ ലയനവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. ഇതിന്റെ പരിണിത ഫലമായി ഭൂമിക്കടി യിൽ ശൂന്യസ്ഥലങ്ങൾ രൂപപ്പെടു കയും ചെയ്യുന്നു. തുടർന്ന് മുകളിലെ മണ്ണ് ഇടിഞ്ഞുവീണ് നിരവധി sinkhole-കൾ രൂപപ്പെടു ന്നതായി പഠനങ്ങൾ കണ്ടെത്തി. ജോർദാൻ നദിയിലെ വെള്ളം കുറയുന്നത് ചാവുകടലിന്റെ ജലനിരപ്പ് താഴാൻ കാരണമാ കുന്നു. ചാവുകടലിന്റെ ജല നിരപ്പ് താഴുമ്പോൾ ഭൂഗർഭജല ത്തിന്റെ സ്വഭാവം മാറുന്നു. ഭൂഗർഭജലത്തിലെ മാറ്റം കൃഷി യെയും മനുഷ്യവാസത്തെയും ബാധിക്കുന്നു. അങ്ങനെ ഒരു നദിയിൽ ആരംഭിക്കുന്ന പ്രശ്നം ഒടുവിൽ ഒരു വലിയ പ്രദേശ ത്തിന്റെ പരിസ്ഥിതിയെയും മനുഷ്യജീവിതത്തെയും ബാധിക്കുന്ന പ്രശ്നമായി മാറുന്നു.

ചാവുകടലിന്റെ ഇന്നത്തെ അവസ്ഥ നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. പ്രകൃതി യിലെ ഒരു ജലാശയം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ല. ഒരു നദിയുടെ ഒഴുക്ക് കുറയുമ്പോൾ അതിന്റെ പ്രത്യാഘാതം നദിയുടെ അറ്റത്ത് മാത്രം അവസാനിക്കുന്നില്ല. അത് തടാകത്തെയും ഭൂഗർഭജലത്തെയും കൃഷിയെയും ഭൂമിയുടെ ഘടനയെയും ഒടുവിൽ മനുഷ്യജീവിതത്തെയും ബാധിച്ചേക്കാം. ഈ സാഹചര്യങ്ങൾ ചാവുകടലിന്റെ നിലനിൽപ്പിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന പ്രധാന ഘടകങ്ങളാണ്.

logo
Sathyadeepam Online
www.sathyadeepam.org