Coverstory

ദൈവവചനത്തിന്‍റെ പോഷണം സ്വീകരിക്കുക

Sathyadeepam

ഫാ. ഫിയോ മസ്കരേനാസ് SJ

ഇന്ത്യയില്‍ കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരിലൊരാളാണ് ഫാ. ഫിയോ മസ്കരേനാസ്. മുംബൈയില്‍ നിന്നുള്ള ജെസ്യൂട്ട് പുരോഹിതനായ ഫാ. ഫിയോ അന്താരാഷ്ട്ര കരിസ്മാറ്റിക് സേവന സമിതിയുടെ അദ്ധ്യക്ഷനായിരുന്നിട്ടുണ്ട്. ഇന്ത്യയിലെ സര്‍വീസ് ടീമിന്‍റെ ആദ്യത്തെ അദ്ധ്യക്ഷനും അദ്ദേഹമാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തിന് അന്താരാഷ്ട്രതലത്തില്‍ ദീര്‍ഘകാലം നേതൃത്വം നല്‍കിയ അദ്ദേഹം മാര്‍പാപ്പാമാരുമായി അടുത്തു പ്രവര്‍ത്തിച്ച പാരമ്പര്യത്തിനുടമയാണ്. കൊല്ലം രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ് ജെറോം ക്ഷണിച്ചതനുസരിച്ച് കേരളത്തിലെത്തി ആദ്യമായി ഒരു കരിസ്മാറ്റിക് ധ്യാനം നടത്തിയത് അദ്ദേഹമാണ്. തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍, കളമശ്ശേരി എന്നിവിടങ്ങളിലെല്ലാം ധ്യാനങ്ങള്‍ സംഘടിപ്പിച്ചു. ഇതാണ് കേരളത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു വിത്തു പാകിയത്. കേരളത്തില്‍ ഫാ. ഫിയോ നടത്തിയ ആദ്യത്തെ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്ത് നവീകരണത്തിലേയ്ക്കു വന്ന ശ്രീ. ബേബി ചാക്കോ ഫാ.ഫിയോയുമായി നടത്തിയ അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി എഴുതിയ ലേഖനമാണ് താഴെ:

കേരളത്തില്‍ നവീകരണത്തില്‍ ആദ്യം പങ്കാളികളായത് വിദ്യാസമ്പന്നരായ കുറെ അല്മായരായിരുന്നു. അന്ന് ധ്യാനങ്ങളെല്ലാം ഇംഗ്ലീഷിലായിരുന്നല്ലോ. എംഎസ് എഫ് എസ് സന്യാസവൈദികരും ഏതാനും ജെസ്യൂട്ട് വൈദികരുമാണ് ആദ്യത്തെ മലയാളം കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. തുടര്‍ന്ന് കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ഈ ധ്യാനകേന്ദ്രങ്ങളിലൂടെ ധാരാളം അല്മായര്‍ നവീകരണപ്രസ്ഥാനത്തിലേയ്ക്കു കടന്നു വന്നു.

പ്രാരംഭവര്‍ഷങ്ങളില്‍ സഭയെയാകെ കരിസ്മാറ്റിക് ആക്കി മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, അതു സാദ്ധ്യമല്ലെന്നു പെട്ടെന്നു തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആ ഘട്ടത്തില്‍ റോമില്‍ വച്ചു കാര്‍ഡിനല്‍ സ്യൂനെന്‍സ് ഞങ്ങളോടു പറഞ്ഞു, "സഭയെയാകെ കരിസ്മാറ്റിക് ആക്കുക എന്നതല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ജനങ്ങളുടെ ജ്ഞാനസ്നാനം നവീകരിക്കുന്നതിനുള്ള കൃപയുടെ പ്രവാഹമാണിത്. കരിസ്മാറ്റിക് നവീകരണമല്ല, മറിച്ചു ജനങ്ങളുടെ ജ്ഞാനസ്നാനത്തിന്‍റെ നവീകരണമാണ് ആത്യന്തികലക്ഷ്യം. ജനങ്ങളെ ശരിയായ ക്രൈസ്തവരാകാന്‍ സഹായിക്കുക. ഇന്ത്യയിലും ഇതിനനുസരിച്ച് മാറ്റം വരുത്തേണ്ടതുണ്ടെന്നു മനസ്സിലായി. കരിസ്മാറ്റിക് സിദ്ധികളിലല്ല, മറിച്ചു ജീവിതശൈലീ പരിവര്‍ത്തനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. ആ മാറ്റത്തോടെ മെത്രാന്മാരും കരിസ്മാറ്റിക് പ്രസ്ഥാനത്തെ അംഗീകരിക്കാന്‍ തുടങ്ങി.

1977 ലാണ് അന്തര്‍ദേശീയസമിതിയില്‍ ഏഷ്യയില്‍ നിന്നുള്ള പ്രതിനിധിയായി ഞാന്‍ അംഗമായത്. അതിനുശേഷം നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുത്തു. റോമിലെ അന്താരാഷ്ട്ര ഓഫീസിന്‍റെ ഡയറക്ടറായി നിയമിതനായതോടെ ഇതെല്ലാം സംഘടിപ്പിക്കുക എന്‍റെ തന്നെ ചുമതലയായി മാറി. ലോകസമ്മേളനങ്ങള്‍ മാത്രമല്ല, എല്ലാ രാജ്യങ്ങളിലും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 85 രാജ്യങ്ങള്‍ നിരവധി തവണ സന്ദര്‍ശിച്ചു. അമേരിക്കയില്‍ നാല്‍പതു പ്രാവശ്യം പോയിട്ടുണ്ട്. പസഫിക് സമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമായ കിളിബാത്തിയിലുണ്ടായ അനുഭവം രസകരമാണ്. അവിടെ കരിസ്മാറ്റിക് ധ്യാനം നടത്തി മടങ്ങാനൊരുങ്ങുമ്പോള്‍ ഒരു സ്ത്രീ പ്രസവിച്ചു. ഇരട്ടക്കുട്ടികളായിരുന്നു. കുട്ടികള്‍ക്ക് അവര്‍ കരിസ് എന്നും മാറ്റിക് എന്നും പേരിട്ടു. അത്രയ്ക്കുണ്ടായിരുന്നു ആവേശം.

ദൈവശാസ്ത്രപരവും അജപാലനപരവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിനുവേണ്ടി പുറപ്പെടുവിച്ചു. അവ ഇന്നു പ്രസ്ഥാനത്തിന്‍റെ പ്രധാന പാഠപുസ്തകങ്ങളായി നിലനില്‍ ക്കുന്നു. ഒരു ഘട്ടത്തില്‍ ഭൂതോച്ചാടനവും ബാധയകറ്റലും കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നതായി പരാതി ഉയര്‍ന്നു. ഒരു സംഭാഷണത്തിനിടെ ജോണ്‍ പോള്‍ മാര്‍പാപ്പ എന്നോടു നേരിട്ട് ഇതു ചോദിച്ചു, "കരിസ്മാറ്റിക്കുകാര്‍ ചെകുത്താനു കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു എന്നു കേട്ടതു ശരിയാണോ?"

ഒരിക്കലുമില്ല, യേശുക്രിസ്തുവിനാണ് കരിസ്മാറ്റിക് പ്രസ്ഥാനം ശ്രദ്ധ കൊടുക്കുന്നതെന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ മെത്രാന്മാരുടെ ഭാഗത്തു നിന്നു പരാതികളുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശരിയായ മാര്‍ഗനിര്‍ദേശം ഇക്കാര്യത്തില്‍ നല്‍കണമെന്ന ആവശ്യമാണ് പാപ്പ ഉന്നയിച്ചത്. കാര്‍ഡിനല്‍ സ്യൂനെന്‍സ് ഇതു പഠനവിധേയമാക്കി. ബാധയേറ്റെന്നു പറയുന്ന കേസുകളില്‍ 95 ശതമാനവും മനശ്ശാസ്ത്ര പ്രശ്നങ്ങളാണെന്നായിരുന്നു കാര്‍ഡിനലിന്‍റെ നിഗമനം. ലോകമാകെ നിന്നുള്ള പഠനത്തിന്‍റെ ഫലമായിരുന്നു ഇത്. അതിനെ തുടര്‍ന്ന് ശക്തമായ മാര്‍ഗനിര്‍ദേശം ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചു. അതു വളരെ നല്ല ഫലം പുറപ്പെടുവിച്ചു.

അടുത്തത് പാട്ടുകളെയും നൃത്തങ്ങളെയും കുറിച്ചുള്ളതായിരുന്നു. പാട്ടും നൃത്തവും നല്ലതാണ്. എന്നാല്‍ അട്ടഹാസം അല്ല. ഒരേ ചുവടുകള്‍ ആവര്‍ത്തിക്കുന്നതു നൃത്തമല്ല. നൃത്തം ഒരു ഭാഷയാണ്. ഹല്ലേലുയ്യാ എന്നു ലക്ഷം തവണ ആവര്‍ത്തിക്കുന്നതില്‍ കാര്യമില്ല. എല്ലായിടത്തുമല്ല, ചില രാജ്യങ്ങളിലൊക്കെ ഇതൊരു പ്രശ്നമായിരുന്നു. നൃത്തത്തിനും സംഗീതത്തിനും പകരമല്ല അട്ടഹാസവും തുള്ളലും മറ്റും. പെന്തക്കോസ്തല്‍ സംസ്കാരം അനുകരിക്കാനുള്ള പ്രവണതയുണ്ടായി. ഇതിനെല്ലാം ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ വഴി ദൈവവചനത്തില്‍ വലിയ താത്പര്യം നിരവധി യുവജനങ്ങള്‍ക്കുണ്ടായി. ദൈവവചനം കൂടുതല്‍ പഠിക്കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ സെമിനാരികളില്‍ അവരെ പ്രവേശിപ്പിക്കുന്നില്ല. അതുകൊണ്ട് അവര്‍ പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ കോളേജുകളില്‍ പോകാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് കാത്തലിക് ബൈബിള്‍ കോളേജ് തുടങ്ങാന്‍ തീരുമാനിച്ചത്.

മെത്രാനായിരുന്നപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ആദ്യം എതിരായിരുന്നു. എന്നാല്‍ ഇത് ആളുകളില്‍ പരിവര്‍ത്തനമുണ്ടാക്കുന്നു എന്നു കാണാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ അഭിപ്രായം മാറി. ഇന്ന് കരിസ്മാറ്റിക് പ്രസ്ഥാനത്തെ ശക്തമായി പിന്തുണയ്ക്കുകയാണ് അദ്ദേഹം. അദ്ദേഹം നിരവധി തവണ ഇതു പറയുകയും ചെയ്തിട്ടുണ്ട്. ലോകമെങ്ങും മിഷണറിമാരെ അയക്കുന്ന നിരവധി ഗ്രൂപ്പുകള്‍ക്ക് പ്രസ്ഥാനം ജന്മം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ സ്വാധീനം കുറയുമ്പോള്‍ മറ്റുതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരിസ്മാറ്റിക് ഗ്രൂപ്പുകള്‍ സഭയെ സ്വാധീനിക്കുന്നതു വര്‍ദ്ധിച്ചിരിക്കുന്നു.

ദൈവവചനത്തിലുള്ള ആഴമേറിയ അറിവിലേയ്ക്കും അനുഭവത്തിലേയ്ക്കും വിശ്വാസികളെ നയിക്കുക എന്നതാണ് കരിസ്മാറ്റിക് പ്രസ്ഥാനം ചെയ്യേണ്ടത്. ദൈവവചനത്തില്‍ നിന്നു പോഷണം സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം തിരിച്ചറിയുക എന്ന് ബെനഡിക്ട് പാപ്പായും പറഞ്ഞിട്ടുണ്ട്. നമ്മുടെ പുരോഹിതരിലേറെയും പരീക്ഷയ്ക്കുവേണ്ടിയാണ് ബൈബിള്‍ പഠിച്ചിട്ടുള്ളത്. പരീക്ഷ പാസ്സാവാന്‍ ബൈബിള്‍ പഠിക്കുകയും പരീക്ഷ കഴിഞ്ഞാല്‍ വചനം മറക്കുകയും ചെയ്യുന്നതുകൊണ്ടു കാര്യമില്ല. ദൈവവചനത്തിലേയ്ക്കു വരിക, വചനത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുക. ദൈവവചനത്തിനു ശക്തമായ ഊന്നല്‍ നല്‍കാതെ സഭയ്ക്കു ഭാവിയില്ല എന്നാണു ഞാന്‍ കരുതുന്നത്.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം