ഗ്രീക്ക് പുരാണങ്ങളിലെ യുദ്ധദേവത മിഴി നനഞ്ഞു നില്‍ക്കുമോ? അഥീന ദേവിയുടെ നിറമിഴികളുടെ സുതാര്യത നെഞ്ചില്‍ പേറിയാവും ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ക്ലാസിക്ക് ചിത്രം കണ്ട ശേഷം നാം തീയറ്റര്‍ വിടുക. മനുഷ്യരെ വിധിയുടെ കളിപ്പാവ കളായും ദേവതകളുടെ ചതുരംഗക്കളത്തിലെ കരുക്കളായും വായിച്ചിരുന്ന ഗ്രീക്ക് പുരാണങ്ങളില്‍ നിന്ന് നോളന്‍ ഒഡീസിയെ മണ്ണിലിറക്കി, മനുഷ്യഗന്ധം നല്‍കി ഹൃദയ സമുദ്രങ്ങളി ലേക്ക് യാത്രയാക്കുകയാണ് ചെയ്യുന്നത്.
മിത്തുകള്‍ക്ക് മജ്ജയും മാംസവും മനുഷ്യഗന്ധവും പകരുമ്പോഴാണ് ക്ലാസ്സിക്കുകള്‍ പിറക്കുന്നത്. ദേവന്മാരും ദേവതകളും വാഴുന്ന ഹോമറിന്റെ ഇതിഹാസ പൗരാണികതയുടെ ഏടുകളില്‍ നിന്ന് ക്രിസ്റ്റഫര്‍ നോളന്‍ ഒഡീസിയെ കൈപിടിച്ച് മണ്ണിലിറക്കുന്ന അസുലഭ കാഴ്ചയാണ് ഒഡീസി എന്ന ചലച്ചിത്രം സമ്മാനിക്കുന്നത്.
ഒഡീസി ഒരേ സമയം സാഹസികയാത്രയും അതിലുപരി, അതിസാഹസിക മായ അന്തരംഗയാത്രയുമായി മാറുന്നു, ഈ ചിത്രത്തില്‍. അടുക്കുംതോറും അകലുന്ന കര പോലെ കൈവിട്ടു പോകുന്ന താണ് വിജയമെന്ന് ട്രോജന്‍ യുദ്ധവീരനും തന്ത്രജ്ഞരില്‍ അഗ്രഗണ്യനുമായ ഒഡീസിയൂസിന്റെ തിരിച്ചറിവിന്റെ യാത്രയാണ് ട്രോയ് തീരം വിട്ട് പത്തു വര്‍ഷം അലയാനുള്ള അയാളുടെ വിധി.
ദേവന്മാരെ ധിക്കരിക്കുന്ന യുദ്ധവീരന്‍ എന്ന സംജ്ഞ യാണ് ഒഡീസിയൂസിന് എന്നു മുണ്ടായിരുന്നത്. യുക്തിയുടെയും തന്ത്രങ്ങളു ടെയും സഹയാത്രികനായിരുന്നു അയാള്‍. ജീവിതത്തിന്റെ സമസ്യകളെ മുഖാമുഖം കാണുമ്പോള്‍ അയാളുടെ ആത്മാന്വേഷണങ്ങള്‍ ആരംഭി ക്കുന്നതാണ് ഒഡീസിയുടെ കാതല്‍.
ഗ്രീക്ക് വീരോതിഹാസങ്ങളുടെ ഏടുകള്‍ ജീവിതത്തിന്റെ അർഥത്തിലേക്കും ജ്ഞാനത്തിലേക്കുമുള്ള മനുഷ്യവംശത്തിന്റെ മുഴുവന്‍ ആത്മയാനങ്ങളുടെ കാന്‍വാസാക്കി നോളന്‍ രൂപാന്തരപ്പെടുത്തുന്ന അസുലഭ ലാവണ്യമുള്ള കാഴ്ചയാണ് ഈ ചലച്ചിത്രം. യുദ്ധവെറി പൂണ്ട കാലത്തിനോട് ശക്തമായ ഭാഷയില്‍ അത് സംവദിക്കുന്നുണ്ട്.
നിരന്തരമായി ലോട്ടസ് പുഷ്പങ്ങള്‍ ഭക്ഷിച്ച് ഓർമ്മകള്‍ മാഞ്ഞുപോയ ഒഡീസിയൂസ് തന്റെ വ്യര്‍ത്ഥമായ യുദ്ധവിജയത്തെ ഒരു പ്രഹേളിക പോലെയോ ഉത്തരമില്ലാത്ത സമസ്യ പോലെയോ ഓര്‍ത്തെടുക്കുന്നത് നോളന്റെ സര്‍ഗനൈപുണ്യം. ഏഴു വര്‍ഷങ്ങളാണ് അയാള്‍ക്ക് മറവികളുടെ ആ ദ്വീപില്‍ നഷ്ടമാകുന്നത്. യുദ്ധവീര്യവും കുതന്ത്രങ്ങളുമല്ല, ആത്മാവിലെ പ്രണയം മാത്രമാണ് ആ മഹായാനത്തിന്റെ അവസാനത്തില്‍ അയാളില്‍ ബാക്കിയാകുന്നത്. ദ്വീപിന്റെ വശ്യശക്തിയുള്ള സൂക്ഷിപ്പുകാരി, കാലിപ്‌സോയ്ക്ക് പോലും ഒഡീസിയൂസിന് പെനിലോപ്പിയോടുള്ള പ്രണയത്തില്‍ നിന്ന് അയാളെ വേര്‍പെടുത്താനാവുന്നില്ല. അവളുടെ ഓർമ്മകള്‍ അടക്കം ചെയ്ത അഥീനയുടെ രൂപമുള്ള സ്വർണ്ണത്തില്‍ തീര്‍ത്ത വസ്ത്രസൂചി, ഏറ്റവും ആഴമുള്ള അബോധാവസ്ഥയിലും ഒഡീസിയൂസ് തന്റെ കൈവെള്ളയ്ക്കുള്ളില്‍ മുറുകെ പിടിച്ചിരുന്നു എന്ന് പറയുമ്പോള്‍, യുദ്ധവും തന്ത്രങ്ങളും വിജയവുമല്ല, ആത്മാവിന്റെ കറ തീര്‍ന്ന നിതാന്തമായ പ്രണയം, സ്‌നേഹം മാത്രമാണെന്ന് നോളന്‍ പറയാതെ പറയുന്നു. അവസാനം പെനിലോപ്പിയോട് ആ സ്വർണ്ണസൂചിയെക്കുറിച്ചും അതിനെ എങ്ങനെ ഒഡീസിയൂസ് കൈവിടാതെ സൂക്ഷിച്ചു എന്നും ആര്‍ദ്രമായ ശബ്ദത്തില്‍ പറയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ അറിയാതെ ഈറനാകുന്നു.
യുദ്ധങ്ങള്‍ക്കു മേലെയാണ് ഒഡീസി പൂക്കുന്നത്. പത്തു വര്‍ഷം ഇത്താക്കയുടെ ഒഴിഞ്ഞ സിംഹാസനത്തിന് മുമ്പില്‍ സകല വെല്ലുവിളികളും അതിജീവിച്ച് പ്രിയതമനുവേണ്ടി കാത്തു കാത്തിരുന്ന പെനിലോപ്പിയോട് വേഷപ്രച്ഛന്ന നായി മടങ്ങിയെത്തിയ ഒഡീസിയൂസ് അവസാനം പറയുന്നത് യുദ്ധത്തിന്റെ വീരകഥകളല്ല, ട്രോജന്‍ യുദ്ധം വ്യര്‍ത്ഥമായിരുന്നു എന്നാണ്. അഗ്നിക്കിരയായ ട്രോജന്‍ ജനതയെ വിലാപങ്ങളോടെ യാണ് അയാള്‍ ഓർമ്മിക്കുന്നത്. കത്തിയെരിയുന്ന ട്രോജന്‍ കുതിരയുടെ ചിത്രത്തോടെ യാണ് ഒഡീസിയൂസിന്റെ യുദ്ധവിവരണം അവസാനിക്കുന്നത് - കാലത്തിന്റെ ചിതയില്‍ കത്തിയെരിഞ്ഞ യുദ്ധ തന്ത്രങ്ങളുടെ പ്രതീകം പോലെ.
പത്തു വര്‍ഷത്തെ യാത്ര ജ്ഞാനിയാക്കി മാറ്റിയ ഒഡീസിയൂസിനെയാണ് നാം കഥാന്ത്യത്തില്‍ കാണുന്നത്. അഥീന യുദ്ധത്തിന്റെ മാത്രമല്ല, ജ്ഞാനത്തിന്റെയും ദേവതയാണ് ഗ്രീക്കുകാര്‍ക്ക്. പെനിലോപ്പിയോട് കൊട്ടാരത്തിലെ അരണ്ട വിളക്കുകളുടെ വെട്ടത്തില്‍ ഒഡീസിയൂസ് ആ കഥ പറയുമ്പോള്‍ അഥീനയുടെ മിഴികള്‍ ഒരു ഗ്രീക്ക് പെണ്‍കിടാവിനെ പോലെ നിറയുന്നു. യുദ്ധദേവതയില്‍ നിന്ന് ജ്ഞാനത്തിന്റെ ദേവതയായി ആ നിമിഷത്തില്‍ അഥീന മാറുകയാണ് - ഒഡീസിയൂസിന്റെ രൂപാന്തരം പോലെ!
ഒഡീസിയൂസിന്റെ സഹസൈനികരെ പന്നികളാക്കി മാറ്റുന്ന സിര്‍സേ എന്ന ദുര്‍മന്ത്രവാദിനിക്ക് നോളന്‍ നല്‍കുന്ന വ്യഖ്യാനം മനുഷ്യന്റെ ആര്‍ത്തികളിലേക്ക് തുറക്കുന്ന വാതിലാകുന്നു. പുരാണങ്ങളില്‍ കണ്ട മന്ത്രവാദിയുടെ മുഖമോ ഭാവമോ അല്ല സിര്‍സേയ്ക്ക്. എന്തിന് നീയവരെ പന്നികളാക്കി? എന്ന് ഒഡീസിയൂസ് ചോദിക്കുമ്പോള്‍ ‘അവരുടെ യഥാര്‍ത്ഥ മുഖം ഞാന്‍ അനാവരണം ചെയ്യുകയാണ് ചെയ്തത്’ എന്ന സിര്‍സേയുടെ മറുപടി സകല മനുഷ്യരുടെയും ആത്മാവിലേക്കുള്ള ചോദ്യമാകുന്നു. യുദ്ധത്തിന്റെ മറവില്‍ ചെയ്തു കൂട്ടിയ ക്രൂരതകളുടെയും മ്ലേച്ഛതകളുടെയും ആഴം മനുഷ്യന്‍ എന്ന മുഖംമൂടി മാറ്റി കാണിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന സിര്‍സേയുടെ ഭാഷ്യം മനുഷ്യചരിത്രത്തിലെ എല്ലാ യുദ്ധവെറിക്കുള്ള നിശിതമായ നിര്‍വചനമാകുന്നു.
ട്രോജന്‍ യുദ്ധം തുടങ്ങി വച്ച സ്പാര്‍ട്ടന്‍ രാജാവായ ആഗമെംനണിന്റെ ദുര്‍വിധിയും യുദ്ധങ്ങളുടെ മറുപുറത്തേക്ക് വിരല്‍ ചൂണ്ടുന്നു. യുദ്ധവിജയങ്ങള്‍ക്കുവേണ്ടി ആരെ ബലി കൊടുത്തുവോ ആ പുത്രിയുടെ മരണമില്ലാത്ത ഓർമ്മ തന്നെയാണ് പ്രതികാര രൂപം പൂണ്ട് ഒടുക്കം അയാളുടെ പ്രാണനെ കവര്‍ന്നെടുക്കുന്നത്. താന്‍ നിമിത്തം ആരംഭിച്ച യുദ്ധത്തെ പ്രതി ടെലിമാക്കസിന്റെ കാതില്‍ രഹസ്യമായി മാപ്പു ചോദിക്കുന്ന ഹെലന്റെ വാക്കുകളും മുഴക്കുന്നത് യുദ്ധവിരുദ്ധമായ സന്ദേശം തന്നെ.
ഇത്താക്കയില്‍ മടങ്ങിയെ ത്തുന്ന ഒഡീസിയൂസ് തിരഞ്ഞെ ടുക്കുന്നത് സിംഹാസനമല്ല, യാത്രയാണ് - അജ്ഞാതമായ പടിഞ്ഞാറേക്കടലിന്റെ അപാരത യിലേക്ക് പെനിലോപ്പിയുമൊത്ത് മടക്കമില്ലാത്ത ഒരു യാത്ര. ഭാരത സംസ്‌കാരത്തിലെ വാനപ്രസ്ഥത്തോട് ചേര്‍ത്തുവായിക്കാവുന്ന യാത്രയാണിത്. യുദ്ധത്തില്‍ നിന്ന് തിരിച്ചറിവിന്റെ ജ്ഞാന സമുദ്രത്തിലേക്ക്. യുദ്ധ ദേവതയായ അഥീനയില്‍ നിന്ന് ജ്ഞാന ദേവതയായ അഥീനയിലേക്കൊരു മഹായാത്ര. അജ്ഞേയമായ ആ മഹാസമുദ്ര ത്തിലേക്കുള്ള യഥാര്‍ത്ഥ ഒഡീസിയുടെ ആരംഭത്തിലാണ് നോളന്റെ ഒഡീസി പരിസമാപ്തി കൊള്ളുന്നത്.
ഗ്രീക്ക് വീരോതിഹാസങ്ങളുടെ ഏടുകള്‍ ജീവിതത്തിന്റെ അർഥത്തിലേക്കും ജ്ഞാനത്തി ലേക്കുമുള്ള മനുഷ്യവംശത്തിന്റെ മുഴുവന്‍ ആത്മയാനങ്ങളുടെ കാന്‍വാസാക്കി നോളന്‍ രൂപാന്തരപ്പെടുത്തുന്ന അസുലഭ ലാവണ്യമുള്ള കാഴ്ചയാണ് ഈ ചലച്ചിത്രം. യുദ്ധവെറി പൂണ്ട കാലത്തിനോട് ശക്തമായ ഭാഷയില്‍ അത് സംവദിക്കു ന്നുണ്ട്. ഭാരതത്തിലെ അശോകന്റെ കഥ പോലെ, ഒഡീസിയൂസിന് അവസാനം പറയാനുള്ളത് കത്തിയെരിഞ്ഞമര്‍ന്ന ട്രോജന്‍ കുതിരയുടെ കഥയാണ്. അന്ത്യകര്‍മം ചെയ്യാതെ വഴിയില്‍ കൈയൊഴിഞ്ഞ സഹസൈനികരുടെ ഓർമ്മകള്‍ക്കു മുന്നില്‍ അര്‍പ്പിക്കുന്ന ശാന്തിപ്രണാമത്തിന്റെ കഥയാണ്. യുദ്ധം, വീരത്വം എന്നീ ചെല്ലപ്പേരുകളില്‍ ചെയ്തു കൂട്ടിയ പാതകങ്ങളില്‍ നിന്നുള്ള തിരിച്ചു നടത്തത്തിന് പതിറ്റാണ്ടുകളുടെ ദൂരം മാത്ര മല്ല, പാപരിഹാരത്തിന്റെയും കൊടുംയാതനകളുടെയും മഹാദൂരം കൂടിയുണ്ടെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണത്.