Coverstory

യുവജനങ്ങളെ തുറന്ന മനസ്സോടെ സഹായിക്കുക

Sathyadeepam

ആഗോളമെത്രാന്‍ സിനഡിന്‍റെ ചര്‍ച്ചകളില്‍ പങ്കെടുത്ത് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പിതാവ് നടത്തിയ പ്രസംഗം

യുവജനങ്ങള്‍ ഇന്നു സഹനങ്ങള്‍ നേരിടുന്നവരും അതു ലഘൂകരിക്കാന്‍ പല മാര്‍ഗങ്ങള്‍ തേടുന്നവരുമാണ്. ഈ സാഹചര്യത്തില്‍ യുവജനങ്ങളെ അനുധാവനം ചെയ്യുക എന്നത് വളരെ പ്രധാനവും വെല്ലുവിളിയുണര്‍ത്തുന്നതുമാണ്. യുവജനങ്ങള്‍ സഭയെ നോക്കുന്നത് വലിയ പ്രത്യാശയോടെയും വിശ്വാസത്തോടെയുമാണ്. "ആത്മീയ അനുയാത്ര മറ്റുള്ളവരെ ദൈവത്തിലേയ്ക്ക് അടുപ്പിക്കണമെന്ന് 'സുവിശേഷത്തിന്‍റെ സന്തോഷ'ത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എല്ലാ നാടുകളിലും എല്ലാ കാലങ്ങളിലും ദൈവത്തിന്‍റെ ഛായയായി യേശുക്രിസ്തുവിനെ നല്‍കാന്‍ കഴിയുന്ന സഭയെയാണ് നമുക്കാവശ്യം. സുവിശേഷവെളിച്ചത്തില്‍ തങ്ങളുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകള്‍ തിരിച്ചറിയുന്നതില്‍ യുവജനങ്ങളെ അനുയാത്ര ചെയ്യാന്‍ സഭയ്ക്കു സാധിക്കണം. സ്വന്തം ജീവിതത്തെ കുറിച്ച് യുവജനങ്ങള്‍ക്കുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും പദ്ധതികളും കേള്‍ക്കുന്നതിനു കൂടിയാണ് നാമിവിടെ ആയിരിക്കുന്നത്.

ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലേയ്ക്കും യേശുക്രിസ്തുവിനെ – അവിടുത്തെ ജീവിതത്തേയും പ്രബോധനങ്ങളേയും പാവങ്ങളോടുള്ള പ്രത്യേക സ്നേഹത്തേയും – ആനയിച്ചുകൊണ്ട് യുവജനങ്ങളെ സഭ അനുധാവനം ചെയ്യണം. സമകാലിക സമൂഹത്തിന്‍റെ ക്ലേശങ്ങളിലേയ്ക്കു യുവജനങ്ങളെ ഉപേക്ഷിച്ചുകളയുകയില്ലെന്ന ഉറപ്പ് അവര്‍ക്കു നല്‍കാന്‍ സഭയാഗ്രഹിക്കുന്നു. തങ്ങളുടെ സമ്പൂര്‍ണ സാദ്ധ്യതകള്‍ സാക്ഷാത്കരിക്കുന്നതിനുള്ള യാത്രകളില്‍ അവര്‍ക്കൊപ്പം കൂടാന്‍ സഭയുണ്ടായിരിക്കുകയും ചെയ്യും. ദൈവവുമായും സഹജീവികളുമായും തങ്ങള്‍ക്കുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് യുവജനങ്ങള്‍ക്ക് സഹായമാവശ്യമുണ്ട്. ഭാവിക്ക് ഏറെയാവശ്യമായ പ്രത്യാശ യുവജനങ്ങള്‍ക്കു നല്‍കാനും അവര്‍ക്കൊപ്പം സഞ്ചരിക്കാനും സഭയ്ക്കു സാധിക്കും. യുവജനങ്ങളെ അവരുടെ എല്ലാ ജീവിതസാഹചര്യങ്ങളിലും തുറന്ന മനസ്സോടെ സഹായിക്കാന്‍ സഭയ്ക്കു സാധിക്കണം. സ്വന്തം ജീവിതനിയോഗം തിരിച്ചറിഞ്ഞു പക്വതയിലേയ്ക്കു വളരാനുള്ള യുവജനങ്ങളുടെ ജീവിതയാത്രയില്‍ അവരെ അനുധാവനം ചെയ്യാന്‍ സഭയാഗ്രഹിക്കുന്നു.

സഭയിലെ വിവിധ ശുശ്രൂഷാമേഖലകളില്‍ യുവജനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുക്കുന്നത് പ്രയോജനകരമായിരിക്കും. സഭയുടെ പ്രധാനശുശ്രൂഷാരംഗങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ ഇതു യുവജനങ്ങള്‍ക്കവസരം നല്‍കും. മറുവശത്ത്, അജപാലന, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതുവഴി വൈദികര്‍ക്കും സാധിക്കും.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്