Coverstory

പൊള്ളലേറ്റു പുഷ്പിച്ച പൂമരം

Sathyadeepam
  • ഹൈന വി എഡ്വിന്‍

എന്തു പറ്റിയതാ?

ഹൈനയെ കാണുന്ന ആളുകള്‍ ചോദിക്കും. മുഖത്തു പൊള്ളലേറ്റ പാടുണ്ട്. അതു കണ്ടിട്ടാണു ചോദ്യം. സാധാരണഗതിയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യം. ചോദിക്കുന്നവരുടെ അനൗചിത്യത്തെ പഴിക്കാന്‍ ആര്‍ക്കും തോന്നുന്ന ചോദ്യം.

ഹൈന പക്ഷേ, മറുപടി പറയാന്‍ മടി കാണിക്കാറില്ല. ചോദിക്കുന്നവരോടെല്ലാം ഹൈന പൊള്ളലിന്റെ കഥ വിവരിക്കും. മറ്റുള്ളവര്‍ ഓടിയൊളിക്കാന്‍ തത്രപ്പെടുന്ന ചോദ്യത്തെ ഹൈന പിടിച്ചെടുക്കുകയും അവസരമാക്കുകയും ചെയ്തു. കഥ പറഞ്ഞു പറഞ്ഞ്, ഹൈന വി എഡ്വിന്‍ തന്റെ ജീവിതത്തെ ഉള്‍ക്കൊള്ളുകയും അതിനെ നേരിടാനുള്ള ആത്മവിശ്വാസമാര്‍ജിക്കുകയും ചെയ്തു.

മടി കൂടാതെ ഹൈന വിവരിക്കുന്ന സ്വന്തം കഥ, പക്ഷേ ഒരുവിധപ്പെട്ട മനുഷ്യരുടെയൊക്കെ കരളലിയിപ്പിക്കുന്ന ഒരു കഥയാണ്. കാരണം, ശരീരത്തിനേറ്റ 35% പൊള്ളലല്ല ആ കഥയിലെ ശരിക്കുള്ള വേദന, അതിനപ്പുറമാണത്.

2006 ല്‍ ഹൈനയ്ക്കു പതിനൊന്നു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളായ എഡ്വിന്‍ ജോസ്, വയലറ്റ് എന്നിവര്‍ക്കും സഹോദരനുമൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരപകടമുണ്ടായി. കാര്‍ കത്തിയമര്‍ന്നു. മാതാപിതാക്കളും സഹോദരനും മരണമടഞ്ഞു. ഗുരുതരമായ പൊള്ളലോടെ ഹൈനയുടെ ജീവന്‍ മാത്രം ബാക്കിയായി.

ജീവിതത്തില്‍ എന്തെങ്കിലും നിരാശയോ പരാജയമോ വന്നാല്‍ നമ്മുടെ യുവാക്കള്‍ ഇന്നു സ്വന്തം മാതാപിതാക്കളേയോ ദൈവത്തേയോ അല്ല ആശ്രയിക്കുന്നതെന്നു ഹൈന വിലയിരുത്തുന്നു. നേരെ കൂട്ടുകാരിലേക്കും അവര്‍ വഴി മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും കൂടുതല്‍ നിരാശയിലേക്കും പോകുന്നു.

എന്തിന് ഇങ്ങനെ പൊള്ളലേല്‍പിച്ച്, ഒരു കുഞ്ഞിന്റെ ജീവന്‍ മാത്രം അവശേഷിപ്പിച്ചു, അവളെ കൂടി കൊണ്ടുപോകാമായിരുന്നില്ലേ എന്നു പലരും അന്നു ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു. പില്‍ക്കാലത്തു ഹൈനയുടെ സാന്നിധ്യത്തില്‍ പോലും പലരും ചോദിച്ച ചോദ്യം.

ഹൈന പക്ഷേ ഒരിക്കലും ആ ചോദ്യം ചോദിച്ചില്ല. പകരം, തന്റെ ജീവിതത്തിന് അര്‍ഥം കണ്ടെത്താനുള്ള ആത്മാര്‍ഥമായ പരിശ്രമമാക്കി പിന്നീടുള്ള നാളുകളെ മാറ്റി. കെ സി വൈ എം പ്രവര്‍ത്തനങ്ങള്‍ അതിനു ഹൈനയെ വന്‍തോതില്‍ സഹായിച്ചു. ഒപ്പം ഇടവകയില്‍ മതാധ്യാപികയായും പ്രവര്‍ത്തിച്ചു. പഠനത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം ഉയര്‍ന്ന മാര്‍ക്കോടെ കരസ്ഥമാക്കി. ബി എഡ് പഠിച്ചു.

പൊള്ളലിന്റെ പാടുകള്‍ മറച്ചുവയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഹൈന ഒരിക്കലും ശ്രമിച്ചില്ല. സമൂഹമധ്യത്തില്‍ ആ പാടുകളോടെ തന്നെ പ്രത്യക്ഷയായി. മറച്ചുവയ്ക്കാന്‍ അതിലെന്തെങ്കിലും ഉള്ളതായി ഹൈന കരുതിയില്ല. കാരണം, അതിലൊന്നുമായിരുന്നില്ല ഹൈനയുടെ ശ്രദ്ധ.

തന്റെ വെല്ലുവിളികള്‍ എന്തൊക്കെ എന്നാലോചിക്കാനുള്ള സമയം പോലും കിട്ടിയില്ലെന്നു ഹൈന ചെറുചിരിയോടെ ഓര്‍ക്കുന്നു. വെറുതെയിരുന്നാലല്ലേ അതിനൊക്കെ സമയം കിട്ടുകയുള്ളൂ. കെ സി വൈ എം ഭാരവാഹി, മതാധ്യാപിക, പഠനം എന്നിവ തന്നെ 24 മണിക്കൂര്‍ തികയാത്ത ചുമതലകളാണ്. ഇതിനെല്ലാം പുറമെ നന്നായി ചിത്രം വരയ്ക്കാനറിയാം. ആ നൈപുണ്യം പ്രയോജനപ്പെടുത്തി, തയ്യല്‍ വശത്താക്കിയിട്ടുണ്ട്. കൂടാതെ കേക്കുണ്ടാക്കാനറിയാം. കേക്കില്‍ മനോഹരമായ ചിത്രപ്പണികള്‍ ചെയ്യും. കേക്ക് നിര്‍മ്മാണത്തിനുള്ള ഏതാനും അവാര്‍ഡുകളും ഹൈനയ്ക്കു ലഭിച്ചിട്ടുണ്ട്.

കെ സി വൈ എം നേതാവ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നിരവധി അംഗീകാരങ്ങള്‍ ഹൈനയ്ക്കു നേടിക്കൊടുത്തു.

കെ സി വൈ എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ അതിരൂപതയിലുടനീളം നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ചത് ഹൈനയുടെ യൗവനത്തിലെ ഏറ്റവും ശ്രദ്ധേയമായ ദിനങ്ങളായിരുന്നു. അതിരൂപതയിലെ ഒട്ടെല്ലാ ഇടവകകളിലും എത്തി യുവജനങ്ങള്‍ക്കായി ഫോര്‍മേഷന്‍ ക്ലാസുകളെടുത്തു.

മൂത്തേടം സെന്റ് മേരീസ് സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ ഹൈന. വിവാഹിതയും (ഭര്‍ത്താവ് റിജു റോബര്‍ട്ട്) ഒരു കുഞ്ഞിന്റെ അമ്മയുമാണ്.

ഒരിക്കല്‍ സ്‌കൂളിലെ ഒരു കുട്ടി രണ്ടു ദിവസം ക്ലാസില്‍ വന്നില്ല. രണ്ടാം ദിവസം ഹൈന കുട്ടിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. കുട്ടിക്കു തലയില്‍ മുടി കൊഴിയുന്ന എന്തോ ചെറിയൊരു അസുഖം വന്നുവെന്നും അതു ചികിത്സിക്കാന്‍ തലമുടി മുഴുവന്‍ ഷേവ് ചെയ്തിരിക്കുകയാണെന്നും അതു മറ്റുള്ളവര്‍ കാണുന്നതിലെ വിഷമം മൂലമാണ് ക്ലാസില്‍ വരാതിരിക്കുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിക്കു ഫോണ്‍ കൊടുക്കാന്‍ ഹൈന പറഞ്ഞു.

സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് എത്രയോ സന്തോഷത്തോടെയാണു താന്‍ ദിവസവും ക്ലാസില്‍ വരുന്നതെന്ന് ഓന്നോര്‍ത്തു നോക്കാന്‍ മാത്രം ഹൈന ആ കുട്ടിയോടു പറഞ്ഞു. പിറ്റേന്ന് മൊട്ടത്തലയുമായി ആ കുട്ടി ക്ലാസില്‍ ഹാജരുണ്ടായിരുന്നു!

തന്റെ ജീവിതദൗത്യത്തിന്റെ ഒരു പ്രതീകമായി ഈ അനുഭവത്തെ കാണുകയാണു ഹൈന.

ജീവിതത്തില്‍ എന്തെങ്കിലും നിരാശയോ പരാജയമോ വന്നാല്‍ നമ്മുടെ യുവാക്കള്‍ ഇന്നു സ്വന്തം മാതാപിതാക്കളേയോ ദൈവത്തേയോ അല്ല ആശ്രയിക്കുന്നതെന്നു ഹൈന വിലയിരുത്തുന്നു. നേരെ കൂട്ടുകാരിലേക്കും അവര്‍ വഴി മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും കൂടുതല്‍ നിരാശയിലേക്കും പോകുന്നു. വിഷമം മറക്കാന്‍ വേണ്ടിയും താല്‍ക്കാലികാശ്വാസത്തിനു വേണ്ടിയും പോകുന്ന വഴി തെറ്റിപ്പോകുന്നു.

തന്റെ വെല്ലുവിളികള്‍ എന്തൊക്കെ എന്നാലോചിക്കാനുള്ള സമയം പോലും കിട്ടിയില്ലെന്നു ഹൈന ചെറുചിരിയോടെ ഓര്‍ക്കുന്നു. വെറുതെയിരുന്നാലല്ലേ അതിനൊക്കെ സമയം കിട്ടുകയുള്ളൂ.

പ്രശ്‌നമുണ്ടാകുമ്പോള്‍, വിഷമം വരുമ്പോള്‍ സ്വന്തം കുടുംബത്തിലേക്കും ദൈവത്തിലേക്കും തിരിയുകയാണു വേണ്ടതെന്നു ഹൈന പറഞ്ഞു. മാതാപിതാക്കള്‍ പോയശേഷം തന്നെ വളര്‍ത്തിയ മാതൃസഹോദരന്‍ ഡെന്നി ജോസഫും ഭാര്യ മോളി ഡെന്നിയും ഹൈനയെ ദൈവത്തിലാശ്രയിക്കാനാണു പഠിപ്പിച്ചത്.

ദോഷൈകദൃക്കുകളായ ഏതോ നാട്ടുകാര്‍ ചോദിച്ചതുപോലെ, എന്തുകൊണ്ട് ഈ കുട്ടിയെ കൂടി കൊണ്ടുപോയില്ല എന്നു ദൈവത്തോടു ചോദിക്കുകയല്ല, ലഭിച്ച ജീവിതം കൊണ്ട് എന്തൊക്കെ ചെയ്യാനാകും എന്നു ചിന്തിക്കുകയും പരമാവധി സൃഷ്ടിപരമായി പ്രവര്‍ത്തിക്കുകയുമാണ് ഹൈന ചെയ്തത്.

  • (ഹൈനയുടെ വാട്‌സാപ്പ് നമ്പര്‍ 8075968355)

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു