Coverstory

ത്രിത്വൈക ദൈവത്തിനും അവിടുത്തെ ജനത്തിനും

Sathyadeepam

ബിഷപ് ടോണി നീലങ്കാവില്‍

തൃശൂര്‍ ആര്‍ച്ചുബിഷപ്പിന്‍റെ അയല്‍വാസിയാണ് ഷെവ. എന്‍.എ. ഔസേഫ്. എല്ലാ അര്‍ത്ഥത്തിലും. ഔസേഫ് സാറും മേരിടീച്ചറും അവിടെ വീടുവച്ചതു തന്നെ കുണ്ടുകുളം പിതാവിന്‍റെ നിര്‍ദേശപ്രകാരം സഭാപ്രവര്‍ത്തനങ്ങളില്‍ അടുത്തു സഹകരിക്കാന്‍ വേണ്ടിയാണ്. '70 കളിലെ കോളേജ് സമരകാലത്തും പിന്നീടും എത്രയോ പ്രക്ഷോഭങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഔസേഫ് സാര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വലംകൈയായി നിന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടു വച്ച സഭ ദൈവജനമെന്ന ആശയം കേരളത്തില്‍ പ്രചരിപ്പിക്കുന്നതിനും അല്മായപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും അല്മായ പരിശീലനത്തിനും വേണ്ടി പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ലേഖനങ്ങള്‍, കര്‍മ്മപദ്ധതികള്‍ തുടങ്ങിയവയ്ക്കായി അദ്ദേഹം ഓടി നടന്നു. സഭ ഷെവലിയര്‍ സ്ഥാനം നല്‍കി അദ്ദേഹത്തിന്‍റെ സംഭാവനകളെ അംഗീകരിച്ചു. 7 വര്‍ഷങ്ങളിലെ കാത്തിരിപ്പിനു ശേഷം ആ ദമ്പതികള്‍ക്കുണ്ടായ സീമന്തപുത്രനാകട്ടെ പൂര്‍ണ സമയ ദൈവവേലയ്ക്കായി സ്വയം സമര്‍പ്പിക്കുകയും തൃശൂര്‍ അതിരൂപതയില്‍ വൈദികനാകുകയും ചെയ്തു. ബെല്‍ജിയം ലുവൈന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ പ്രൊഫസറും റെക്ടറുമായി. ഇപ്പോള്‍ അതിരൂപതാ സഹായമെത്രാനായി നിയമിതനാകുന്നു, ഷെവ. ഔസേഫ് സാറിന്‍റെ അയല്‍പക്കത്ത്, ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നിയുക്ത ബിഷപ് ടോണി നീലങ്കാവിലുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്:

? വൈദികനാകാന്‍ തീരുമാനിക്കുന്നത്, എപ്പോള്‍, എങ്ങനെയായിരുന്നു?
സഭ ഞങ്ങളുടെ വീട്ടിലെ ഒരു സജീവ ചര്‍ച്ചാവിഷയമായിരുന്നല്ലോ. സ്വയം പ്രേരിതപ്രാര്‍ത്ഥനകള്‍ അക്കാലത്തു പതിവല്ലെങ്കിലും സ്വന്തം ആവശ്യങ്ങള്‍ പ്രാര്‍ത്ഥനയില്‍ പറയാന്‍ അപ്പച്ചന്‍ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു. സഭ നേരിടുന്ന വെല്ലുവിളികളും അപ്പച്ചന്‍ പ്രാര്‍ത്ഥനയുടെ ഭാഗമാക്കുമായിരുന്നു. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍, മിഷണറിമാര്‍ നേരിടുന്ന വെല്ലുവിളികള്‍, നിരീശ്വരവാദികളുടെ മാനസാന്തരം തുടങ്ങിയവയെല്ലാം പ്രാര്‍ത്ഥനയുടെ വിഷയങ്ങളാകുമായിരുന്നു. അപ്പനുമമ്മയും ചൊല്ലിയിരുന്ന ഒരു പ്രാര്‍ത്ഥന ഞങ്ങളുടെ മക്കളിലൊരാളെ അങ്ങയുടെ മുന്തിരിത്തോട്ടത്തില്‍ വേലയ്ക്കായി വിളിക്കണമെന്നതായിരുന്നു. മക്കളിലാരെങ്കിലും ഒരാളെന്നാണു പറഞ്ഞിരുന്നതെങ്കിലും തങ്ങളുടെ മനസ്സില്‍ ഒരിക്കലും എന്‍റെ മുഖമുണ്ടായിരുന്നില്ലെന്ന് അവര്‍ പിന്നീട് എന്നോടു പറഞ്ഞിട്ടുണ്ട്. കാരണം, വൈകി കല്യാ ണം കഴിച്ച്, വൈകിയുണ്ടായ മൂത്ത മകന്‍ എന്ന നിലയില്‍ ഞാനെന്തെങ്കിലും ജോലി സ്വീകരിച്ച് കുടുംബത്തെ സഹായിക്കും എന്നതായിരുന്നു അവരുടെ വിചാരം. സത്യത്തില്‍ രണ്ടാമത്തെയാളായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്നത്. അവന്‍ ഇന്ന് ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ ദൈവവിളി ക്യാമ്പിനു പോയിരുന്നു. പക്ഷേ ക്യാമ്പു കൂടിയപ്പോള്‍ ഉടനെ ചേരണ്ട എന്നു തോന്നി. ഒരു ഒരുക്കം ആവശ്യമാണ്. ദിവസവും കുര്‍ബാനയ്ക്കു പോകുക, നന്നായി പഠിക്കുക, ഇതു തന്നെയാണോ എന്‍റെ വിളിയെന്ന് ഒന്നു പരീക്ഷിക്കുക. ഈ വിചാരങ്ങളോടെയാണ് ഞാന്‍ ക്യാമ്പില്‍ നിന്നു മടങ്ങി പ്രീ-ഡിഗ്രിക്കു ചേര്‍ന്നത്. സെമിനാരിയില്‍ ആവശ്യമില്ലാത്ത വിഷയമെന്ന നിലയ്ക്കു ഫസ്റ്റ് ഗ്രൂപ്പ് എടുത്തു. ഇതു കഴിഞ്ഞിട്ടും അച്ചനാകാനുള്ള താത്പര്യം അവശേഷിക്കുന്നുവെങ്കില്‍ സെമിനാരിയില്‍ ചേര്‍ന്നാല്‍ മതി എന്നു വിചാരിച്ചു. അങ്ങനെ പ്രീ-ഡിഗ്രിക്കു ചേര്‍ന്നു, നന്നായി പഠിക്കാന്‍ ശ്രമിച്ചു, ഒറ്റയ്ക്കു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വീട്ടിലെ പല ജോലികളും ചെയ്തിരുന്നത് ഞാനാണ്. അപ്പച്ചന്‍ മിക്കപ്പോഴും പള്ളിയും പ്രസംഗവുമൊക്കെയായി തിരക്കിലായിരിക്കും. കുറേ കാര്യങ്ങളൊക്കെ അമ്മ എന്നെ ഏല്‍പിക്കുമായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ തന്നെ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയില്‍ പോകുക, ചിട്ടികള്‍ അടയ്ക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാനാണു ചെയ്തിരുന്നത്. ഈ വക കാര്യങ്ങളൊക്കെ ഈ രണ്ടു വര്‍ഷത്തിനിടെ അനിയന്മാരെ ഏല്‍പിക്കാന്‍ ശ്രമിച്ചു.

? ലുവൈനില്‍ എന്തായിരുന്നു പിതാവിന്‍റെ ഉപരിപഠനവിഷയം?
സിസ്റ്റമാറ്റിക് തിയോളജിയാണു ഞാന്‍ പഠിച്ചത്. സ്പിരിറ്റ് ക്രിസ്റ്റോളജിയ്ക്കു ഊന്നലേകി. പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പ്രവര്‍ത്തനമാണ് നമ്മുടെ രക്ഷ. ചിലപ്പോള്‍ നാം തികച്ചും ക്രിസ്തുകേന്ദ്രീകൃതം മാത്രമാകുന്നുവെന്നും പരിശുദ്ധാത്മാവിനെ അവഗണിക്കുന്നുവെന്നും വരുമ്പോള്‍ അതിനു ബദലായി നിര്‍ദേശിക്കപ്പെടുന്നതാണ് സ്പിരിറ്റ് ക്രിസ്റ്റോളജി. പാഷണ്ഡതകളിലേയ്ക്കു വീണുപോകാന്‍ സാദ്ധ്യതയുള്ള വിഷയം കൂടിയാണ് ഇത്. ത്രിത്വൈക ദൈവശാസ്ത്രത്തിലാണ് എന്‍റെ ഡോക്ടറേറ്റ്.

? സെമിനാരി പരിശീലനരംഗത്തായിരുന്നല്ലോ ഇത്രയും കാലം. ഇപ്പോള്‍ ഈ പുതിയ നിയോഗം ഏല്‍പിക്കപ്പെട്ടപ്പോള്‍ എന്തു തോന്നി?
സെമിനാരിയില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി മെത്രാന്‍ പട്ടത്തിനുള്ള ഒരുക്കം ഞാനറിയാതെ തന്നെ കിട്ടിയിട്ടുണ്ട്. അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ഉത്തരവാദിത്വം ഞാനേറ്റെടുക്കില്ലായിരുന്നു.

? അതെങ്ങനെയായിരുന്നു?
സെമിനാരിയുടെ ശൈലി അജപാലന കേന്ദ്രീകൃതമായിരിക്കണം എന്ന വീക്ഷണത്തോടെയാണ് ആദ്യറെക്ടറായ തട്ടില്‍ പിതാവ് തൃശൂര്‍ സെമിനാരിയെ രൂപപ്പെടുത്തിയത്. ദൈവജനവുമായി ഇടപെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവിടെ ധാരാളമായി ഉണ്ടായിരുന്നു. ദൈവജനമാണ് വൈദികരുടെ പ്രഥമപരിശീലകര്‍ എന്ന് പിതാവ് എപ്പോഴും പറയാറുണ്ട്.

എല്ലാ പ്രവര്‍ത്തനങ്ങളെയും യഥാസമയം വിലയിരുത്തുക, അതനുസരിച്ച് ആസൂത്രണം ചെയ്യുക എന്നൊരു ശൈലി എല്ലാ മേഖലകളിലും ഉള്ളതാണ്. സഭയുടെ സ്ഥാപനങ്ങളും ഈ രീതിയില്‍ പ്രൊഫഷണലായി മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതൊട്ടും കടന്നു ചെല്ലാത്ത മേഖലയാണ് ഇടവക പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രീയമായ ഒരു പഠനത്തിനോ വിലയിരുത്തലിനോ അതിന്‍റെ വെളിച്ചത്തിലുള്ള മാറ്റങ്ങള്‍ക്കോ അതു വിധേയമാകുന്നില്ല. ഓരോ വൈദികനേയും ആശ്രയിച്ചാണ് ഓരോ നവീകരണവും നടക്കുന്നത്. ഒരച്ചന്‍ മാറി കഴിയുമ്പോള്‍ കാര്യങ്ങള്‍ പാടേ മാറുന്നു. ഇക്കാര്യത്തില്‍ ഒരു ബോധവത്കരണം വേണം, നമ്മുടെ ഇടവകകളിലെ അജപാലനശൈലി കുറേക്കൂടി ശാസ്ത്രീയമാകണം എന്ന ചിന്തയോടു കൂടി ഞങ്ങള്‍ ഒരു അജപാലനഗവേഷണകേന്ദ്രം ആരംഭിക്കുന്നതിനെക്കുറിച്ചാലോചിച്ചു.

ഇടവകകളെക്കുറിച്ചുള്ള പഠനം സാമൂഹികശാസ്ത്രത്തിലെ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തുക എന്നതായിരുന്നു ലക്ഷ്യം. അതിനു നേതൃത്വം നല്‍കാന്‍ തിരുവനന്തപുരം ലൊയോള കോളേജിലെ സോഷ്യോളജി വകുപ്പദ്ധ്യക്ഷനും പ്രിന്‍സിപ്പലുമായിരുന്ന ഫാ. ഇ.ജെ. തോമസ് എസ്.ജെ.യെ ക്ഷണിച്ചുവരുത്തി. അച്ചന്‍റെ നേതൃത്വത്തിലുള്ള സോഷ്യോളജിസ്റ്റുകളുടെ സംഘമാണ് കുടുംബശ്രീ ആരംഭിച്ചത്. വളരെ ഫലപ്രദമായ ഒരു പങ്കാളിത്തമാതൃകയാണത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ അജപാലനപ്രവര്‍ത്തനങ്ങളുടെ നവീകരണത്തിലും വളരെ ക്രിയാത്മകമായ പങ്കു വഹിച്ചയാളാണ് ഇ.ജെ. തോമസച്ചന്‍.

അച്ചനും ഞങ്ങളും കൂടി ഒരു സോഷ്യോ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. പറോക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. (പാസ്റ്ററല്‍ ആനിമേഷന്‍, റിസര്‍ച്ച്, ഔട്ട്റീച്ച് സെന്‍റര്‍.) അജപാലനപ്രവര്‍ത്തനങ്ങളുടെ ആനിമേഷന്‍, ഗവേഷണം, ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന കാര്യങ്ങളുപയോഗിച്ചുള്ള നവീകരണം – ഇതാണ് അതിന്‍റെ അടിസ്ഥാനസങ്കല്‍പം. വന്‍പഠനങ്ങളല്ല ഇതിനു വേണ്ടി നടത്തുന്നത്. ഇടവകകള്‍ കേന്ദ്രീകരിച്ച് ഇടവകാംഗങ്ങളുടെ ഒരു സംഘം തന്നെ പഠനം നടത്തുന്നു. അതിനാവശ്യമായ പരിശീലനവും സഹായവും അവര്‍ക്കു ഞങ്ങള്‍ നല്‍കും. അവര്‍ സമാഹരിക്കുന്ന ഡാറ്റ കമ്പ്യൂട്ടറൈസ് ചെയ്ത് അനാലിസിസ് നടത്തുന്നു. അനാലിസിസിലും ഇടവകക്കാരെ പങ്കെടുപ്പിക്കും. തുടര്‍ന്ന് കണ്ടെത്തലുകള്‍ ഗ്രാഫിക്സ് സഹിതം ഓരോ കുടുംബയൂണിറ്റിലും അവതരിപ്പിക്കുന്നു. സ്വന്തം പ്രശ്നങ്ങളെ അവര്‍ തന്നെ തിരിച്ചറിയുകയും അതിനെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ അവര്‍ തന്നെ കണ്ടെത്തുകയും കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. ഇതു തന്നെ ഇടവകതലത്തിലും ചെയ്യുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി ഇപ്രകാരം ഇടവകകള്‍ കേന്ദ്രീകരിച്ചുള്ള അജപാലനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞത് ഈ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ധൈര്യം പകര്‍ന്നു. എന്നെത്തന്നെ വ്യക്തിപരമായി ഒരുപാടു മാറ്റിയ ഒരു കാര്യമായിരുന്നു ഇത്. ഇത്രയും പള്ളികളുമായി ബന്ധപ്പെടാന്‍ സാധിച്ചു. ആയിരക്കണക്കിനു കുടുംബങ്ങളുമായി ഇടപെട്ടു. കൂടുംബയൂണിറ്റുകളിലും ധാരാളം സമയം ചെലവഴിച്ചു. അതു വലിയൊരു അനുഭവസമ്പത്തായി മാറി. അതിരൂപതയുടെ അജപാലനത്തിലേയ്ക്കു വരുമ്പോള്‍ അതു സഹായകരമാകുമെന്ന പ്രതീക്ഷയുണ്ട്. അതിന്‍റെ പേരില്‍ ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുമോയെന്ന ആശങ്കയുമുണ്ട്.

കേരളസഭ മുഴുവന്‍ ഇക്കാര്യത്തില്‍ ഞങ്ങളെയിപ്പോള്‍ താത്പര്യപൂര്‍വം വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. മറ്റു രൂപതകളില്‍ നിന്നുള്ളവര്‍ക്കും ഈയൊരു ശൈലിയില്‍ പരിശീലനം കൊടുക്കുന്ന പ്രക്രിയ സമീപഭാവിയില്‍ ആരംഭിക്കാനും സാദ്ധ്യതയുണ്ട്. മറ്റു രൂപതകളും ഈ ശൈലി പഠിച്ച്, സ്വന്തമായി ഇത്തരം അജപാലനഗവേഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.

? പിതാവ് വൈദികപരിശീലന രംഗത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണല്ലോ. പിതാവിന്‍റെ ദൈവവിളി തന്നെയും രണ്ടു വര്‍ഷത്തെ വ്യക്തിപരമായ വിവേചനത്തിനു ശേഷം പ്രീഡിഗ്രിക്കു ശേഷം സ്വീകരിച്ചതാണ്. ഇപ്പോള്‍ സെമിനാരിയിലേയ്ക്കു കുട്ടികളെ തിരഞ്ഞെടുക്കുകയും പ്രവേശിപ്പിക്കുകയും ചെയ്യുന്ന രീതിയെ കുറിച്ചുള്ള അഭിപ്രായമെന്താണ്? പത്താം ക്ലാസ് കഴിഞ്ഞയുടനെ സെമിനാരിയിലേയ്ക്കു കുട്ടികളെ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചിലര്‍ എതിരഭിപ്രായങ്ങള്‍ പറയാറുണ്ട്…
കുടുംബങ്ങളിലെ വിശ്വാസപരിശീലനം ഇന്ന് അന്യംനിന്നു പോകുകയാണ്. വളരെ നല്ല പ്രാര്‍ത്ഥനയുള്ള കുടുംബങ്ങളില്‍ പോലും സമഗ്രമായ ക്രൈസ്തജീവിതത്തിനാവശ്യമായ പരിശീലനം നല്‍കുന്നില്ല. കുടുംബങ്ങളില്‍ ക്രൈസ്തവപരിശീലനം യഥാസമയം കിട്ടാത്തതിന്‍റെ വെല്ലുവിളികള്‍ സെമിനാരികളില്‍ കാണുന്നുണ്ട്. പത്താം ക്ലാസു കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നതില്‍ മുന്‍കാലത്ത് പ്രശ്നമില്ലായിരുന്നു. ലോകത്തെ അറിഞ്ഞ്, വെല്ലുവിളികള്‍ മനസ്സിലാക്കി അതിനുശേഷം സ മര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുന്നതാണ് ഇന്നത്തെ കാലത്തു നല്ലത്. പക്ഷേ കുടുംബങ്ങളില്‍ ഇങ്ങനെയൊരു അനുയാത്ര നടക്കാത്തതുകൊണ്ട് ഒരുപക്ഷേ 8, 9 ക്ലാസുകള്‍ മുതല്‍ ദൈവവിളിക്കു പിന്തുണയേകുന്നതിനുള്ള സംവിധാനങ്ങള്‍ രൂപതകളില്‍ ഉണ്ടാകുന്നത് ആവശ്യമാണ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ ഉടനെ അവരെ സെമിനാരികളിലേയ്ക്ക് എടുക്കുക എന്നതിനേക്കാള്‍ അവരെ അനുയാത്ര ചെയ്ത് മിനിമം പ്ലസ് ടു, കഴിയുമെങ്കില്‍ ഡിഗ്രി കഴിഞ്ഞ് സെമിനാരി പരിശീലനത്തിലേയ്ക്കു വരുന്ന ശൈലി തന്നെയാണ് ഇന്ന് ആവശ്യമായിട്ടുള്ളത്. ഇതാണ് എന്‍റെ അഭിപ്രായം.

ഇപ്പോള്‍ അതു നടക്കുന്നില്ല. മേജര്‍ സെമിനാരികള്‍ ഇങ്ങനെയൊരു നിര്‍ദേശം വച്ചിരുന്നു. പക്ഷേ മൈനര്‍ സെമിനാരികള്‍ കുട്ടികളെ എടുക്കുന്നതിനുള്ള പരിധി പ്ലസ് ടു ആയി ഉയര്‍ത്തിയിട്ടില്ല. ദൈവവിളിയില്‍ താത്പര്യമുള്ളവരെ, അതു നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി മൈനര്‍ സെമിനാരിയില്‍ പ്രവേശിപ്പിച്ച ശേഷം, കോളേജ് വിദ്യാഭ്യാസത്തിന് അവരെ സെമിനാരിയില്‍ നിന്നു പറഞ്ഞയയ്ക്കണമെന്നതാണ് മേജര്‍ സെമിനാരി അദ്ധ്യാപകര്‍ സിനഡിനോട് ആവശ്യപ്പെട്ട ഒരു കാര്യം. അവര്‍ സ്വന്തം വീടുകളില്‍ നിന്നു കോളേജുകളില്‍ പോയി പഠിക്കുക, കുടുംബജീവിതത്തിന്‍റെ വെല്ലുവിളികള്‍ വീടുകളില്‍ താമസിച്ചു തിരിച്ചറിയുക, ജീവിക്കാനുള്ള ബുദ്ധിമുട്ടുകള്‍ അറിഞ്ഞു കോളേജില്‍ പഠിക്കുക, കോളേജുകളില്‍ വച്ചും ഇന്നത്തെ ജീവിതത്തിന്‍റെ വെല്ലുവിളികളും പ്രലോഭനങ്ങളും പ്രതിസന്ധികളും അവരറിയുക. എന്നിട്ട് സെമിനാരി പഠനം തുടരുക. ഇതാണ് മേജര്‍ സെമിനാരികള്‍ സിനഡിനു മുന്‍പില്‍ വച്ച നിര്‍ദേശം. സിനഡ് അങ്ങനെ തീരുമാനമെടുത്തു. എല്ലാ രൂപതകളും ഡിഗ്രിക്ക് വൈദികവിദ്യാര്‍ത്ഥികളെ കോളേജില്‍ വിടണമെന്നായിരുന്നു തീരുമാനം. പക്ഷേ ഇതില്‍ പലതും മേജര്‍ സെമിനാരി അധികാരികള്‍ അന്ന് ആഗ്രഹിച്ചതുപോലെയല്ല സംഭവിക്കുന്നത്. വീടുകളില്‍ നിന്നു പഠിക്കുന്നതിനു പകരം കോളേജുകളില്‍ ഡിഗ്രി പഠിക്കുന്നവര്‍ക്കായി വേറെ സെമിനാരി തുടങ്ങുന്ന അവസ്ഥ വന്നു. ഫലത്തില്‍ വീണ്ടും അവര്‍ സെമിനാരി അന്തരീക്ഷത്തിലായി. നമ്മളുദ്ദേശിക്കുന്ന തലത്തിലേയ്ക്ക് അതെത്തുന്നില്ല. കോളേജുകളില്‍ ഇവര്‍ പ്രത്യേക കൂട്ടമായി നില്‍ക്കുന്ന പ്രവണതയും ഉണ്ട്. അതും നമ്മള്‍ ഉദ്ദേശിച്ചിരുന്നതല്ല. മാനന്തവാടി രൂപതയില്‍ ഇതു നന്നായി നടക്കുന്നുണ്ട്. അവിടെ ഡിഗ്രി മാത്രമല്ല ബിരുദാനന്തരബിരുദം കൂടി എടുത്തിട്ടാണ് ദൈവശാസ്ത്ര പഠനം തുടരുന്നത്. മാസ്റ്റേഴ്സ് എടുക്കുന്നത് വീട്ടില്‍ നിന്നുമല്ല. അതിനവര്‍ ജോലി ചെയ്തു പഠിക്കണമെന്നതാണ് അവിടത്തെ രീതി. അങ്ങനെ ദൈവശാസ്ത്രപഠനം തുടരാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ അതനുസരിച്ചുള്ള മാറ്റം കാണുന്നുമുണ്ട്.

? തൃശൂര്‍ അതിരൂപതയില്‍നിന്ന് സീറോ-മലബാര്‍ സഭയിലും ലത്തീന്‍ സഭയിലുമായി നിരവധി പിതാക്കന്മാര്‍ ഇപ്പോഴുണ്ടല്ലോ. ആ ഒരു നിരയിലേയ്ക്കു പിതാവും വരികയാണല്ലോ. അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്താണ്? ആ പാരമ്പര്യത്തിന്‍റെ പിന്‍ഗാമിയാകുമ്പോള്‍ എന്തു തോന്നുന്നു?
പിതാക്കന്മാരെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കേറ്റവും കൂടുതല്‍ പറയാനുള്ളത് കുണ്ടുകുളം പിതാവിനെ കുറിച്ചാണ്. എന്‍റെ കുടുംബവുമായി അടുത്ത ബന്ധമുള്ളതും അദ്ദേഹത്തിനാണല്ലോ. ഈ ദൗത്യമേറ്റെടുക്കുമ്പോള്‍ കുണ്ടുകുളം പി താവിന്‍റെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണു ഞാന്‍. ഈ ഉത്തരവാദിത്വത്തെക്കുറിച്ച് പറയുമ്പോള്‍ ഞാനാദ്യമോര്‍ത്തതും പിതാവിനെയാണ്. എന്‍റെ അപ്പച്ചനെ കുണ്ടുകുളം പിതാവ് സ്വാധീനിച്ചതു ഞാന്‍ കണ്ടറിയുകയായിരുന്നു. പാവങ്ങളുടെ പിതാവ് എന്ന ഒരു തലമുണ്ട്. അതുപോലെ തന്നെ കുണ്ടുകുളം പിതാവിനുള്ള മറ്റൊരു തലമാണ് ജനത്തിനിടയിലായിരുന്ന ഒരു പിതാവ് എന്നത്. തൃശൂരിന്‍റെ പ്രശ്നങ്ങളിലും സഭയുടെ പ്രശ്നങ്ങളിലും എല്ലാം ദൈവജനത്തിനൊപ്പം നടക്കുന്ന ഒരു പിതാവ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു ശൈലി അന്നു കുണ്ടുകുളം പിതാവിനുണ്ടായിരുന്നു. ജനലുകള്‍ തുറന്നിടുക, സഭയിലേയ്ക്കു ലോകത്തിന്‍റെ വെളിച്ചം കടക്കട്ടെ എന്നു ജോണ്‍ 23-ാം മാര്‍പാപ്പ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങള്‍ക്കിടയില്‍ നിന്നിട്ടാണ് എല്ലാ കാര്യങ്ങളും പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ നിന്ന്, അവരുടെ മിടിപ്പുകളറിഞ്ഞ്, അവരില്‍ നിന്നുള്ള സ്വരം പോലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിക്കുന്നത്. കുണ്ടുകുളം പിതാവിനും അങ്ങനെയൊരു ശൈലിയുണ്ടായിരുന്നു. അതാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്. ഒരു പിതാവാകുമ്പോള്‍, അങ്ങനെ ജനത്തിനിടയില്‍ നില്‍ക്കുന്ന ഒരു പിതാവാകണം എന്നാണാഗ്രഹം. പിതാക്കന്മാരെ കുറിച്ചുള്ള ദൈവജനത്തിന്‍റെ കാഴ്ചപ്പാടു തന്നെ അതിനെതിരാണെന്നെനിക്കു തോന്നിയിട്ടുണ്ട്. ഒരു ഇടവകപ്പള്ളിയില്‍ പിതാവു കാറില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ഒരു ബൊക്കെ തരുന്നു. നേരെ പള്ളിയിലേയ്ക്കു കൊണ്ടു പോകുന്നു. തിരുവസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു, അള്‍ത്താരയിലേയ്ക്കു ചെല്ലുന്നു, അങ്ങനെയങ്ങു പോകുകയാണ്. ഒരിടവകയില്‍ ചെല്ലുമ്പോള്‍ അവിടത്തെ ജനങ്ങളുമായി ഇടപെടാന്‍ പിതാക്കന്മാര്‍ക്ക് അവസരം തരാത്തപോലെയാണ് എനിക്കു തോന്നുന്നത്.

? അതിനു മാറ്റം വല്ലതും വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഗേറ്റില്‍ നിന്നുള്ള സ്വീകരണം വേണ്ട. എനിക്കതില്‍ താത്പര്യമില്ലെന്ന് ജനങ്ങളെ അറിയിക്കണമെന്നുണ്ട്. ഞാന്‍ മാത്രമല്ല ഇപ്പോള്‍ പല പിതാക്കന്മാരും അത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട്. എന്‍റെ സഹപാഠിയാണ് പാലായിലെ സഹായമെത്രാന്‍ മുരിക്കന്‍ പിതാവ്. അദ്ദേഹം ഈ ശൈലി തിരഞ്ഞെടുത്തിരിക്കുന്നയാളാണ്. മെത്രാഭിഷേകം കഴിഞ്ഞപ്പോള്‍ത്തന്നെ വലിയ പിതാവിനെ കൊണ്ട് അദ്ദേഹമത് വിളിച്ചു പറയിപ്പിച്ചു. ഫ്ളെക്സ് വേണ്ടെന്നും പറഞ്ഞു. ഞാനും ഫ്ളെക്സും സ്വീകരണങ്ങളും വേണ്ടെന്നു പറയുകയാണ്. വിലയ്ക്കു വാങ്ങുന്ന പൂക്കള്‍ കൊണ്ടുള്ള ബൊക്കെ ഒഴിവാക്കുക എന്നും പറഞ്ഞിട്ടുണ്ട്. പകരം, ഒരിടവകയില്‍ ചെല്ലുമ്പോള്‍ അവിടത്തെ ആളുകളുമായി അനൗപചാരികമായി സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്.

ഇതൊരു നിര്‍ബന്ധമല്ല. ഇങ്ങനെയല്ലെങ്കില്‍ ഞാന്‍ അജപാലനശുശ്രൂഷയില്‍ ദുര്‍ബലനായിപ്പോകും എന്ന ചിന്തയാണെനിക്ക്. സാധാരണ മനുഷ്യരുമായി ഇടപെടാന്‍ സാധിക്കാതെ വരുമ്പോള്‍ എന്‍റെ അജപാലനശുശ്രൂഷ യാഥാര്‍ത്ഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത കാര്യങ്ങളായി മാറും. അരമനയില്‍ വന്നു കാണുന്നവരേക്കാള്‍ അങ്ങോട്ടു പോയി കാണുന്നവരുടെ അഭിപ്രായങ്ങളാണ് കുറേക്കൂടി പ്രധാനപ്പെട്ടതെന്ന് എനിക്കു തോന്നുന്നു. സാധാരണക്കാരെ അവരുടെ ജീവിതസാഹചര്യങ്ങളില്‍ നിന്നു കേള്‍ക്കുക പ്രധാനമാണ്.

? കുണ്ടുകുളം പിതാവിന്‍റെ സ്വാധീനം ഇതില്‍ വ്യക്തമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
ഞാന്‍ ഒരു ഹരമായി കൊണ്ടു നടക്കുന്ന വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സെമിനാരിയുടെ പശ്ചാത്തലത്തില്‍ എന്‍റെ ക്ലാസുകളെയൊക്കെ പാപ്പ വളരെ സ്വാധീനിച്ചിട്ടുണ്ട്. പുതിയ അജപാലനശൈലിയെ കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവ്. അതു വലിയ ഊര്‍ജം പകര്‍ന്നു. അദ്ദേഹം ഓരോ ദിവസവും പറയുന്ന വാക്കുകള്‍ നമ്മെ വളരെ പ്രചോദിപ്പിക്കുന്നു. സീറോ മലബാര്‍ സഭാ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നെ ഉള്‍പ്പെടുത്തിയപ്പോള്‍ മാര്‍പാപ്പയുടെ പഠനങ്ങള്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു. കുറെ എഴുതിയിട്ടുമുണ്ട്. അസംബ്ലിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു. അതില്‍ ജനങ്ങളില്‍നിന്നു വന്ന ഒരു വിഷയമാണ് ജീവിതലാളിത്യം. അതിന്‍റെ ഡ്രാഫ്റ്റിംഗിന്‍റെ ചുമതല വഹിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്തകള്‍ സീറോ-മലബാര്‍ അസംബ്ലിയിലേയ്ക്കു കൊണ്ടു വരാന്‍ എനിക്കവസരം ലഭിച്ചു.

? പിതാവ് ക്ലാസുകള്‍ക്കും മറ്റും യൂറോപ്പില്‍ പോകുന്നയാളാണല്ലോ. ഫ്രാന്‍ സിസ് മാര്‍പാപ്പയുടെ വരവ് യൂറോപ്യന്‍ സഭയെ എങ്ങനെയാണു സ്വാധീനിച്ചത്?
ഫ്രാന്‍സിസ് മാര്‍പാപ്പ വരുന്നതിനു മുമ്പ് സഭാംഗങ്ങളായാലും മതേതരരായ ആളുകളായാലും സഭയെ അപഹാസ്യമായ അവസ്ഥയില്‍ കാണുന്ന സ്ഥിതിയായിരുന്നു. വൈദികരെക്കുറിച്ചുള്ള അപവാദങ്ങളൊക്കെ അങ്ങനെയൊരവസ്ഥയിലേയ്ക്കു സഭയെ കൊണ്ടെത്തിച്ചിരുന്നു. വിമര്‍ശനങ്ങളും പരാതികളും മാത്രം കേട്ടിരുന്ന ഒരു സഭ. എന്നാല്‍ ഫ്രാന്‍സിസ് മാര്‍ പാപ്പ വന്നു കഴിഞ്ഞപ്പോള്‍, യൂറോപ്പിലെ മനുഷ്യര്‍ സഭയില്‍ നിന്നു എന്തൊക്കെയാണോ പ്രതീക്ഷിച്ചിരുന്നത്, ആ പ്രതീക്ഷകളൊക്കെ തിരികെ വന്നു. സഭയോടുള്ള സമീപനത്തിലും മാറ്റം വന്നു. മാര്‍പാപ്പ പറയുന്നതു നമ്മുടെ കാര്യമാണ്, നമുക്കു വേണ്ടിയാണ് എന്നൊരു ചിന്ത വലിയൊരു ശതമാനം ആളുകളിലേയ്ക്കു വന്നിട്ടുണ്ട്. അതുകൊണ്ട് നമ്മളാണു സഭ എന്ന ചിന്ത വ്യാപകമായി. പണ്ടു വത്തിക്കാന്‍ സൂനഹദോസ് എന്താണോ ആഗ്രഹിച്ചിരുന്നത്, അതിലേയ്ക്കുള്ള വലിയൊരു മാറ്റം യൂറോപ്പില്‍ കാണുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളി കൂടിയാണ്. കാരണം, നമ്മളാണ് സഭ എന്നു പറയുന്നവര്‍ പലരും സഭയുടെ അടിസ്ഥാന ജീവിതശൈലിയില്‍ നിന്നു തന്നെ മാറിപ്പോയവരാണ്. അതുകൊണ്ടു തന്നെ അവര്‍ പറയുന്ന എല്ലാത്തിനേയും സഭയെന്നു പറയാനാവില്ല.

വാസ്തവത്തില്‍ സഭ എന്ന ഒരു അന്തിമ ഉല്‍പന്നം ഒരിടത്തുമില്ല. സഭ തീര്‍ത്ഥാടകയാണ്. ജനത്തോടൊപ്പം നടക്കുന്നവളാണ്. അതുകൊണ്ടു തന്നെ സഭയില്‍ ഒത്തിരി മാറ്റങ്ങള്‍ക്കുള്ള സാദ്ധ്യതകളുണ്ട്. പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കണം. അങ്ങനെയൊരു സഭയെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയായി കാണുന്നത്. അതുകൊണ്ടു തന്നെ സഭ ശ്രവിക്കുന്ന സഭയായിരിക്കണം. നല്ല ക്രൈസ്തവവിശ്വാസത്തില്‍ രൂപവത്കരിക്കപ്പെട്ട ആളുകളെ മാത്രം ശ്രവിച്ചാല്‍ പോരാ. സഭയില്‍നിന്ന് അകന്നു നില്‍ക്കുന്നവരേയും സഭാജീവിതത്തെ എതിര്‍ക്കുന്നവരേയും ശ്രവിക്കണം. അവരില്‍ നിന്നൊക്കെ ഒത്തിരി കാര്യങ്ങള്‍ സഭയ്ക്ക് ഉള്‍ക്കൊള്ളാനുണ്ടാകും. അങ്ങനെയൊരു ചിന്തയാണ് മാര്‍പാപ്പയ്ക്കുള്ളത്. ശ്രവിക്കാനുള്ള താത്പര്യം സഭയുടെ വിവേചനപ്രക്രിയയുടെ ഭാഗമാക്കി മാറ്റി അദ്ദേഹം. കുടുംബത്തെക്കുറിച്ചുള്ള ആദ്യത്തെ സിനഡില്‍ നടന്നത് ജനത്തെ ശ്രവിക്കലാണ്. എന്തൊക്കെയാണു നമ്മുടെ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളി? അടുത്ത സിനഡില്‍ നടന്നത് ഈ ശ്രവിച്ചതിനെ വിവേചിച്ചറിയലായിരുന്നു. കുടുംബത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ സഭയുടെ അതുവരെയുള്ള പഠനങ്ങള്‍ മാത്രമായിരുന്നു മാനദണ്ഡം. പക്ഷേ ഇപ്പോള്‍ പഠനങ്ങളോടൊപ്പം ഈ ശ്രവിച്ച കാര്യങ്ങളും ഒരു മാനദണ്ഡമായി മാറി. ജനസ്വരത്തിലെ ദൈവസ്വരം വിവേചിച്ചറിഞ്ഞു മനസ്സിലാക്കുകയാണ്. ദൈവശാസ്ത്രത്തിലെ ഒരു പ്രയോഗമാണ് സെന്‍സുസ് ഫിദേലിയും. ദൈവജനമൊന്നാകെ വിശ്വാസത്തെ കുറിച്ചു പ്രകടിപ്പിക്കുന്ന ഒരു അവബോധം. സഭയില്‍ തെറ്റാവരമുള്ള കാര്യമാണത്. നാം പലപ്പോഴും അത് ഉറക്കെപ്പറയാറില്ല.

? ദൈവജനത്തിനു തെറ്റാവരമോ? സഭയുടെ ഡോഗ്മയുടെ ഭാഗമാണോ അത്?
അതെ. വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച കാര്യങ്ങളില്‍ പരമാധികാരം മാര്‍പാപ്പയ്ക്കാണ്. അത് തെറ്റാവരത്തിന്‍റെ ഒരു തലമാണ്. അടുത്തത് മെത്രാന്‍ സംഘത്തിന്‍റേതാണ്. മെത്രാന്‍ സംഘം ഒരുമിച്ചു മാര്‍പാപ്പയോടു ചേര്‍ന്ന് എടുക്കുന്ന വിശ്വാസത്തേയും സന്മാര്‍ഗത്തേയും സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും തെറ്റാവരമുണ്ട്. തെറ്റാവരത്തിനൊരു മൂന്നാമത്തെ തലമുണ്ട്. അതാണ് സെന്‍സുസ് ഫിദേലിയും. വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയിലുള്ളതാണത്. വിശ്വാസിസമൂഹം ഒന്നാകെ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ചു പ്രകടിപ്പിക്കുന്ന അവബോധത്തിനു തെറ്റുപറ്റുകയില്ല എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. ഇതാണ് ദൈവജനത്തെ ശ്രവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എന്തെങ്കിലും ആരെങ്കിലും പറയുക എന്നല്ല, ഭൂരിപക്ഷം പറയുക എന്നുമല്ല, വിശ്വാസകാര്യങ്ങളില്‍ പൊതുവായ ഒരവബോധം ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അതു വിവേചിക്കുക എന്നതാണ് സഭാധികാരത്തിന്‍റെ ഉത്തരവാദിത്വം. ഹൈരാര്‍ക്കിയുടെ ഏറ്റവും ആദ്യത്തെ ഉത്തരവാദിത്വമെന്നത് ശ്രവിക്കലാണ്. പറയല്‍ അതിനു ശേഷമാണ്. ദൈവജനവും അവബോധമുള്ളവരാകണം. നാല്‍പതോളം ഇടവകകളില്‍ പറോക്കിന്‍റെ പദ്ധതികള്‍ സംബന്ധിച്ച ആദ്യത്തെ അവതരണങ്ങള്‍ നടത്തിയപ്പോള്‍ ഞങ്ങളിതു വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനം മാമോദീസയാണ്. മാമോദീസായിലൂടെ പരിശുദ്ധാത്മാഭിഷേകം കിട്ടിയവരാണ് എല്ലാവരും. ആ പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍ നാമെല്ലാവരിലുമുണ്ട്. അതിനെ വിവേചിച്ചറിയാന്‍ ശ്രമിക്കുകയാണു വേണ്ടത്. പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചല്ലോ. ഇതിന്‍റെ രേഖകള്‍ പരിശോധിച്ചാല്‍ നമുക്കൊരു കാര്യം മനസ്സിലാകും. ഇതു കാലാകാലങ്ങളായി ദൈവജനം വിശ്വസിച്ചിരുന്ന സത്യമാണ്. തുടര്‍ന്നാണ് മാര്‍പാപ്പ അതിനെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ജനസ്വരത്തെ വിവേചിച്ചുകൊണ്ടാണ് മാര്‍പാപ്പ ആ തീരുമാനത്തിലേയ്ക്ക് എത്തുന്നത്. ഇത് മെത്രാന്മാരുടെ തലത്തിലും ഉണ്ടാകണം. അച്ചന്മാരുടെ തലത്തിലും ഉണ്ടാകണം. അതായത് ഇടവകതലത്തിലും രൂപതാതലത്തിലും ഉണ്ടാകണം.

? തൃശൂരിനെക്കുറിച്ച് ആഘോങ്ങളും ആഡംബരങ്ങളും കൂടുതലാണെന്ന ആരോപണമുണ്ടല്ലോ? അതുപോലെ വന്‍കിട സ്ഥാപനങ്ങളും ഇവിടെ കൂടുതലാണെന്നു പറയാം…
തൃശൂരിന്‍റെ സംസ്കാരത്തില്‍ ആഡംബരങ്ങളും ആഘോഷങ്ങളും പ്രിയപ്പെട്ടതാണെന്നതു ഒരു കാര്യമാണ്. കൂട്ടായ്മയുടെ അടയാളമെന്ന നിലയ്ക്കാണ് ആഘോഷങ്ങള്‍ കൂടുന്നത്. ആഘോഷങ്ങള്‍ ആഡംബരമായി വേണോ എന്ന ചോദ്യമുണ്ട്. അവിടെ ഞങ്ങള്‍ ഇനിയും നന്നാകാനുണ്ട്. അനിയന്ത്രിതമായി പോകുന്ന ആഡംബരം. ഇതിനെ കുറിച്ചുള്ള വിലയിരുത്തല്‍ നടക്കണം. അതൊക്കെ ആരംഭിച്ചിട്ടുണ്ട്. തൃശൂരിന്‍റെ മറ്റൊരു പ്രത്യേകത ആഡംബരങ്ങള്‍ക്കു പണം ചിലവാക്കുന്നതു പോലെ തന്നെ പാവങ്ങളെ സഹായിക്കാനും പണം നല്‍കുന്നുവെന്നതാണ്. കേരളത്തില്‍ ഏറ്റവും ഉദാരമായി സഭയ്ക്കു സംഭാവന നല്‍കുന്ന ഒരു സമൂഹം തൃശൂരിലായിരിക്കും. അജപാലകരും അല്മായ നേതൃത്വവുമാണ് സംഭാവന ചെയ്യാനുള്ള നല്ല മനസ്സിനെ ആഡംബരത്തില്‍ നിന്നു മാറ്റി മറ്റൊരു തലത്തിലേയ്ക്കു കൊണ്ടുവരേണ്ടത്. സഭയോടും പള്ളിയോടും ജനത്തിനു സ്നേഹമാണ്, അവര്‍ കൈ അയച്ചു നല്‍കുന്നു. അതിനെ ജനോപകാരപ്രദമായ തലങ്ങളിലേയ്ക്കു തിരിച്ചു വിടേണ്ടതുണ്ട്.

സ്ഥാപനങ്ങളുടെ കാര്യത്തില്‍ തൃശൂരിന്‍റെ ഒരു പ്രത്യേകത ഒരു ആവശ്യമറിഞ്ഞാല്‍ അതിനനുസരിച്ച് ഒരു സ്ഥാപനം തുടങ്ങുക എന്നതാണ്. അത് ഈ രൂപതയുടെ അസ്തിത്വത്തില്‍ തന്നെയുള്ളതാണ്. ഈ രുപത ആരംഭിക്കുമ്പോള്‍ ഇവിടത്തെ ഏറ്റവും വലിയ ആവശ്യം വിദ്യാഭ്യാസമാണെന്നു തിരിച്ചറിഞ്ഞു സ്ഥാപനങ്ങളാരംഭിച്ചയാളാണ് മെഡ്ലിക്കോട്ട് പിതാവ്. ഞങ്ങളുടെ സ്കൂളുകളിലും കോളേജുകളിലെയും നിയമനങ്ങളിലൊക്കെ അല്മായര്‍ക്കു പങ്കുണ്ട്. സെ. തോമസ് കോളേജിലൊന്നും പണം വാങ്ങാതെയാണ് നിയമനം. എന്നാല്‍ എല്ലാ തലങ്ങളിലും അതു സാധിച്ചിട്ടുണ്ടെന്നും പറയുന്നില്ല. ഈ പ്രാവശ്യം മെഡിക്കല്‍ പ്രവേശനത്തില്‍ സഭ എടുത്ത തീരുമാനം കേരളത്തിലാകെ ഒരു ക്രൈസ്തവസന്ദേശം നല്‍കാന്‍ പര്യാപ്തമാകുകയും ചെയ്തല്ലോ.

മറ്റൊന്ന്. സ്ഥാപനങ്ങളെന്നു പറയുമ്പോള്‍ ഈ രണ്ടോ മൂന്നോ സ്ഥാപനങ്ങള്‍ മാത്രമേ അരങ്ങില്‍ അവതരിപ്പിക്കപ്പെടുന്നുള്ളൂ. ഇതൊട്ടും ശരിയല്ല. ആരുമില്ലാത്തവര്‍ക്കുവേണ്ടി ഏതൊക്കെ ആവശ്യങ്ങള്‍ വന്നോ, അതിനൊക്കെ പറ്റിയ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. കുണ്ടുകുളം പിതാവിന്‍റെ കാലത്താണ് ഏറെയും ഉണ്ടായത്. പാവപ്പെട്ടവര്‍ക്കു വേണ്ടി ഈ കാര്യത്തിനു പറ്റിയ ഒരു സ്ഥാപനമിവിടെയുണ്ടോ എന്നാരെങ്കിലും ചിന്തിച്ചാല്‍ അതു തൃശൂര്‍ രൂപതയില്‍ ഉണ്ടായിരിക്കും. എയിഡ്സ് രോഗികള്‍ക്കടക്കമുള്ള സ്ഥാപനങ്ങള്‍ ഇവിടെ സ്ഥാപിതമായി. മാനസീകരോഗികള്‍ക്കുള്ള സ്ഥാപനത്തിലാണ് ഞാനിന്നലെ പോയത്. ഇങ്ങനെ എല്ലാ മേഖലകളിലുമുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കൊന്നും വലിയ പരസ്യം കിട്ടുന്നില്ലെന്നു മാത്രം. തൃശൂര്‍ രൂപത അറിയപ്പെടേണ്ടത് മെഡിക്കല്‍ കോളേജിന്‍റെയോ എന്‍ജിനീയറിംഗ് കോളേജിന്‍റെയോ പേരിലല്ല. പാവപ്പെട്ടവര്‍ക്കു വേണ്ടി തുടങ്ങിയിരിക്കുന്ന ഈ സ്ഥാപനങ്ങളുടെയും പേരിലാണ്. ഈ രംഗത്ത് ചാരിറ്റി അധിഷ്ഠിതമായ സാമൂഹികപ്രവര്‍ത്തനങ്ങളുടെ തലത്തില്‍ നിന്ന് ശക്തീകരണത്തിന്‍റെ തലത്തിലേയ്ക്ക് ഇനിയും വളരാനുണ്ട്.

? തൃശൂര്‍ മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട സ്ഥലമാണ്. ഇന്ന് സംഘപരിവാര്‍ ഭരണമാണ് കേന്ദ്രത്തിലുള്ളത്. ന്യൂനപക്ഷങ്ങള്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. നമ്മുടെ നിലപാട് എന്തായിരിക്കണം?
മതമൗലികവാദം ഞാന്‍ ധാരാളം ചിന്തിക്കുന്ന ഒരു വിഷയമാണ്. മോദിയുടെ മതമൗലികവാദ കാഴ്ചപ്പാടുകളെക്കുറിച്ച് യൂറോപ്പില്‍ രണ്ടു മൂന്നു പ്രബന്ധങ്ങള്‍ ഞാനവതരിപ്പിച്ചിട്ടുണ്ട്. അപകടകരമായ നീക്കങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത് എന്നതില്‍ സംശയമില്ല. ഭൂരിപക്ഷ മതമൗലികവാദമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് വളരെ പെട്ടെന്ന് ഒരു സ്വേച്ഛാധിപത്യത്തിലേയ്ക്കു മാറാന്‍ സാദ്ധ്യതയുള്ളതാണ്. ഇപ്പോഴത്തെ ഗവണ്‍മെന്‍റ് ഘടനാപരമായി തന്നെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സ്വേച്ഛാധിപത്യത്തിന്‍റെ മുന്നോടിയാണോ എന്നു ഭയത്തോടെ നോക്കിക്കാണേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭാരതമെന്നത് ഏകശിലാത്മകമോ, ഏകമത-സംസ്കാരധാര മാത്രമുള്ളതോ അല്ല എന്നതു വ്യക്തമാക്കുക എന്നതാണ് ക്രൈസ്തവര്‍ ചെയ്യേണ്ടത്. അതു സ്വന്തം മതത്തിനകത്തു തന്നെ നിന്നുകൊണ്ട് ഏറ്റവും നന്നായി ചെയ്യാന്‍ ഇന്നത്തെ കാലത്തു കഴിയുക കത്തോലിക്കര്‍ക്കാണ്, ക്രൈസ്തവര്‍ക്കാണ്. കാരണം, ക്രൈസ്തവദൈവശാസ്ത്രത്തിലെ ത്രിത്വൈക ദൈവം തന്നെ ഈയൊരു ബഹുസ്വരതയെ അംഗീകരിക്കുന്നതാണ്. സഭയെ കുറിച്ചുള്ള കാഴ്ചപ്പാടും ബഹുസ്വരതയെ അംഗീകരിക്കുന്നതാണ്. വിവിധ സംസ്കാരങ്ങളേയും ഭാഷകളേയും അതില്‍ തന്നെ നില്‍ക്കാന്‍ അനുവദിക്കുന്ന രീതിയാണു സഭയുടേത്. ബഹുസ്വരതയെ അംഗീകരിക്കുന്ന ശൈലി സഭയില്‍ തന്നെ നന്നായിട്ടുണ്ടാകുകയും അതു മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ പ്രോത്സാഹിപ്പിക്കുകയും അതിന്‍റെ വക്താക്കളായി ക്രൈസ്തവര്‍, വിശേഷിച്ചും നേതൃത്വത്തിലുള്ളവര്‍ മാറുകയും ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ എല്ലാ മതങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഒരു ദൗത്യം കൂടി സഭയ്ക്കു നിര്‍വഹിക്കാന്‍ സാധിക്കും. രണ്ടു ശതമാനമുള്ള സഭയ്ക്ക് ഭാരതത്തിന്‍റെ വിദ്യാഭ്യാസമേഖലയില്‍ വലിയൊരു സ്വാധീനം ചെലുത്താന്‍ സാധിച്ചെങ്കില്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഈയൊരു മേഖലയില്‍ അതേ തീക്ഷ്ണതയോടെ ഇടപെടാനുള്ള വിളിയാണു സഭയ്ക്കുള്ളത്.

? ആപ്തവാക്യം എന്താണ്?
ത്രിത്വൈക ദൈവത്തിനും അവിടുത്തെ ജനത്തിനും എന്നതാണ്. ത്രിത്വൈക കൂട്ടായ്മയിലേയ്ക്കു ജനത്തെ കൊണ്ടുപോകുക, അതില്‍ വളര്‍ത്തുക എന്നതാണ് അജപാലകദൗത്യമെന്നു മനസ്സിലാക്കുന്നു. എന്‍റെയും ദൗത്യമതായിരിക്കണം.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം