Coverstory

ഒറിജിനല്‍ ആകുക

കാര്‍ലോയുടെ കാലികര്‍ക്കു പറയാനുള്ളത്...

Sathyadeepam
മില്ലേനിയല്‍സില്‍ നിന്നുള്ള വിശുദ്ധനാണ് കാര്‍ലോ അക്യുത്തിസ്. കാര്‍ലോയുടെ കാലത്ത് ജനിച്ചു വളര്‍ന്നവര്‍, തങ്ങളുടെ ഒരു സമപ്രായക്കാരന്‍ അള്‍ത്താരയിലേക്കുയരുന്നതിനെ എങ്ങനെയാണു കാണുന്നത്? വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി കത്തോലിക്ക യുവാക്കള്‍, കാര്‍ലോ അക്യുത്തിസിനെ കുറിച്ചുള്ള അവരുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നു.
  • മാര്‍സിന്‍ മാര്‍ട്ടിന്‍

    SMYM ആനിമേറ്റര്‍

    സ്വിറ്റ്‌സര്‍ലന്റ്

ആദ്യത്തെ മിലേനിയല്‍ സെയിന്റ്, ദൈവത്തിന്റെ ഇന്‍ഫ്‌ളുവെന്‍സര്‍ എന്നൊക്കെ വിളിക്കപ്പെടുന്ന വിശുദ്ധനാണല്ലോ വിശുദ്ധ കാര്‍ലോ. എല്ലാവരോടും ഒറിജിനല്‍ ആകണമെന്ന് ആവശ്യപ്പെട്ട വിശുദ്ധനാണ് അദ്ദേഹം. ദൈവം എല്ലാവരെയും ഒറിജിനല്‍ ആയി ഭൂമിയിലേക്ക് അയയ്ക്കുന്നു, ഒറിജിനല്‍ ആകാന്‍ വിളിക്കുന്നു, എന്നാല്‍ എല്ലാവരും ഫോട്ടോകോപ്പികളായി മരിക്കുന്നു എന്നാണ് വിശുദ്ധ കാര്‍ലോ ചൂണ്ടിക്കാണിച്ചത്. ഇതില്‍നിന്ന് യുവജനങ്ങള്‍ക്ക് എന്താണ് മനസ്സിലാക്കാനുള്ളത്?

വീഡിയോ ഗെയിംസും ഫുട്‌ബോളും ഒക്കെ കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു വിശുദ്ധനാണ് കാര്‍ലോ. ഇതെല്ലാം ഇഷ്ടപ്പെടുന്ന ആളുകളാണ് പൊതുവേ യുവജനങ്ങള്‍. ഈ വീഡിയോ ഗെയിംസ് ആഴ്ചയില്‍ നിശ്ചിത സമയം അച്ചടക്കത്തോടെ കളിക്കുകയും അങ്ങനെ കളിക്കുമ്പോള്‍ കിട്ടുന്ന സുഹൃത്തുക്കളുമായി ഈശോയെ പങ്കിടുകയുമാണ് വിശുദ്ധന്‍ ചെയ്തത്.

ദൈവം തന്നിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണം.

ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം മുന്‍ഗണനാക്രമത്തിലാണു നിറവേറ്റിയത്. ആധ്യാത്മികമായ അച്ചടക്കവും അനുതാപവുമായി അദ്ദേഹം ജീവിതത്തെ ക്രമീകരിച്ചു. അതേസമയം വീഡിയോ ഗെയിംസ് കളിക്കുകയും ആസ്വദിക്കുകയും ചെയ്തു. അങ്ങനെ വിശുദ്ധിയിലേക്ക് എത്തി. വിശുദ്ധന്‍ നമ്മോടു പറയുന്നത് ഇതാണ്, ഈ ലോകത്തിലുള്ള ഗെയിംസും സിനിമകളും ഒക്കെ നമുക്ക് കാണാനുള്ളതു തന്നെ. പക്ഷേ, അവയൊന്നും ദൈവത്തില്‍ നിന്നും നമ്മെ അകറ്റേണ്ടതില്ല. നമുക്ക് ഇവയൊക്കെ ആസ്വദിക്കാം. പക്ഷേ ദൈവം തന്നിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണം.

ദിവ്യകാരുണ്യത്തോട് വളരെ സ്‌നേഹമുണ്ടായിരുന്ന ഒരു വിശുദ്ധനാണ് കാര്‍ലോ. വിശുദ്ധ കുര്‍ബാനയില്‍ ജീവിക്കുന്ന ഈശോയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് ഈ കാലഘട്ടത്തില്‍ സഭ ചെയ്യേണ്ടത്. ഈശോയെ കൂടുതല്‍ സ്വീകരിക്കുംതോറും ഈശോയെപ്പോലെ ആവുകയാണ് താനെന്നാണ് വിശുദ്ധന്‍ പറഞ്ഞത്. അങ്ങനെ വിശുദ്ധിയില്‍ വളരുമ്പോള്‍ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ വലിയ പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്നു. നമ്മള്‍ വിശുദ്ധരാകുന്നതിലൂടെ നമുക്ക് ചുറ്റും ദൈവം തന്നിട്ടുള്ളവരെയും നമുക്ക് വിശുദ്ധീകരിച്ചു വളര്‍ത്താനാകും.

അടുത്തത് സഹനമാണ്. പതിനഞ്ചാം വയസ്സില്‍ ലുക്കേമിയ ബാധിച്ച് കാര്‍ലോ മരിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന എല്ലാ സഹനങ്ങളും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും സമര്‍പ്പിച്ചുകൊണ്ട് സ്വര്‍ഗത്തിലേക്ക് എത്തിയ വിശുദ്ധനാണ് കാര്‍ലോ.

ആ പ്രായത്തില്‍ അസുഖം ബാധിച്ചപ്പോള്‍ അതെന്തുകൊണ്ട് എന്നു കാര്‍ലോയ്ക്കു ചിന്തിക്കാമായിരുന്നു. പക്ഷേ വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹത്തിലൂടെയും കുര്‍ബാന സ്വീകരിക്കുന്നതിലൂടെയും ഒക്കെ ലഭിച്ച കൃപ, സഹനം ദൈവത്തിലേക്കുള്ള വഴിയാണ് എന്ന് വിശുദ്ധനു മനസ്സിലാക്കി കൊടുക്കുകയും അത് സഭയ്ക്കുവേണ്ടി സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തില്‍ വരുന്ന ഏറ്റവും ചെറിയ സഹനങ്ങളെ പോലും ഈശോയോട് ചേര്‍ത്തുവച്ചുകൊണ്ട് നമുക്കും മുന്നോട്ടു പോകാം.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല