Coverstory

കേരളസഭ മിഷന്‍ തീക്ഷ്ണത വീണ്ടെടുക്കണം

Sathyadeepam

പമ്പയ്ക്കും ഭാരതപ്പുഴയ്ക്കുമിടയില്‍ കുടുങ്ങിക്കിടന്ന ഒരു ഭൂതകാലം സീറോ-മലബാര്‍ സഭയ്ക്കുണ്ട്. പുറപ്പാടുയാത്രകളിലൂടെ ലോകം തറവാടാക്കിയ സഭാജനത്തിന് അജപാലനശുശ്രൂഷ നല്‍കുക, സ്വന്തം സ്വത്വം വിടാതെ സുവിശേഷവത്കരണം നടത്തുക എന്നതൊക്കെ സീറോ-മലബാര്‍ സഭയുടെ സ്വപ്നങ്ങളായിരുന്നു. അവയുടെ സാക്ഷാത്കാരത്തിനായുള്ള കാത്തിരിപ്പിന് ഷംഷാബാദ് രൂപതയുടെ സ്ഥാപനത്തോടെ ഏതാണ്ട് വിരാമമാകുകയാണ്. ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതാതിര്‍ത്തികള്‍ക്കു പുറത്തുള്ള സഭാംഗങ്ങളുടെ അജപാലനാവശ്യങ്ങള്‍ പഠിച്ചു പരിഹാരമുണ്ടാക്കുന്നതിനു മാര്‍പാപ്പ നിയോഗിച്ച അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് റാഫേല്‍ തട്ടില്‍ രൂപതാദ്ധ്യക്ഷനായി ചുമതലയേല്‍ക്കുന്നു. ബിഷപ് തട്ടിലിന്‍റെ കഴിഞ്ഞ മൂന്നര വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലശ്രുതി കൂടിയാണ് ഷംഷാബാദ് രൂപത. ബിഷപ് ഓണ്‍ വീല്‍സ് എന്നു വിശേഷിപ്പിക്കാവുന്ന മട്ടില്‍ നിരന്തരയാത്രകളിലായിരുന്നു ബിഷപ് തട്ടില്‍. ഇന്ത്യയുടെ നെടുകെയും കുറുകെയും അദ്ദേഹമോടി. സഭാംഗങ്ങളെ കണ്ടു. പള്ളികള്‍ക്കിടം കണ്ടെത്തി. ലത്തീന്‍ മെത്രാന്മാരുമായി സംവദിച്ചു. ആരോഗ്യകരമായ സഹവര്‍ത്തിത്വം റീത്തുകള്‍ തമ്മിലുണ്ടാകുമെന്ന് അവര്‍ക്കു വാക്കു നല്‍കി, വാക്കു വാങ്ങി. ജനുവരി 7-ന് പുതിയ രൂപതയില്‍ ചുമതലയേല്‍ക്കുന്ന ബിഷപ് റാഫേല്‍ തട്ടിലുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? സീറോ-മലബാര്‍ സഭയ്ക്ക് ഇന്ത്യയിലാകെ അജപാലനാധികാരം നല്‍കിയതിനോടു കേരളത്തിനു പുറത്തുള്ള ല ത്തീന്‍ രൂപതകളുടെ പ്രതികരണം എന്താണ്?
അഖിലേന്ത്യാ അജപാലനാധികാരം കിട്ടിയതില്‍ ഉത്തരേന്ത്യയിലെ ലത്തീന്‍ സഭാനേതൃത്വത്തിന്‍റെ ചില തലങ്ങളില്‍ ചെറിയ ആശങ്കകള്‍ ഉണ്ട്. ഇല്ലെന്നു പറയാനാവില്ല. സീറോമലബാര്‍ സഭയെ പോലെ ഇത്രമാത്രം ശക്തിയും സൗകര്യങ്ങളുമുള്ള ഒരു സഭ തങ്ങള്‍ക്കു കിട്ടിയ ഈ പുതിയ അവസരം എങ്ങനെ ഉപയോഗിക്കുമെന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ സ്വാഭാവികമാണ്. ഉത്തരേന്ത്യയിലെ മെത്രാന്മാരെയെല്ലാം നേരിട്ടു പോയി കണ്ട്, ആശങ്കകള്‍ അകറ്റുന്നതിനും സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിനും ശ്രമിച്ചു വരികയാണ് ഞാന്‍. അനാരോഗ്യകരമായ മത്സരമല്ല, ആരോഗ്യകരമായ സഹവര്‍ത്തിത്വമാണ് നമ്മള്‍ ഉദ്ദേശിക്കുന്നതെന്ന വസ്തുത അവരെ ബോ ദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമമാണ് ഞാന്‍ നടത്തിക്കൊണ്ടിരുന്നത്. അതു വളരെ വിജയവുമാണ്. എല്ലാവരും അതിനെ നല്ല രീതിയിലാണ് എടുക്കുന്നത്. നമ്മള്‍ അവരെ തേടിച്ചെല്ലുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആന്ധ്രായിലെയും ഗുജറാത്തിലെയും പ. ബംഗാളിലെയും എല്ലാ മെത്രാന്മാരേയും കണ്ടു കഴിഞ്ഞു. ബാക്കിയുള്ളവരെയും സ്ഥാനാരോഹണത്തിനു മുമ്പു നേരില്‍ കാണും. അതുകൊണ്ടാണ് സ്ഥാനാരോഹണം വൈകിപ്പിച്ചതു തന്നെ.

? രൂപതാസ്ഥാപനത്തിനു മുന്നോടിയായി മാര്‍പാപ്പ ഇന്ത്യയിലെ മെത്രാന്മാര്‍ക്കയച്ച ക ത്ത് വലിയ ശ്രദ്ധ നേടി യല്ലോ. ആ കത്തിനെ ലത്തീന്‍ സഭ എങ്ങനെയാണു വീക്ഷിച്ചത്?
ലത്തീന്‍ സഭയിലെ നല്ലൊരു ഭാഗം മെത്രാന്മാരും അതിനെ വളരെ പോസിറ്റീവായാണു കണ്ടത്. ഇന്ത്യന്‍ സഭയുടെ ചങ്കിലെ മുള്ളുപോലെ ഇരുന്നിരുന്ന ഒരു സംഗതിയാണിത്. 50 വര്‍ഷങ്ങളായി സീറോ മലബാര്‍ സഭ ഇതിനായി വാദിക്കുകയും നിരവധി നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. റോം നമ്മോടു സാവധാനത്തിലെങ്കിലും പോസിറ്റീവായി പ്രതികരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതു നമുക്ക് ആശ്വാസം പകരുകയും ചെയ്തിരുന്നു. 1987-ല്‍ ഇന്ത്യന്‍ മെത്രാന്മാര്‍ക്ക് എഴുതിയ കത്തിലാണ് കല്യാണ്‍ രൂപത സ്ഥാപിക്കുമെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അറിയിച്ചത്. അതില്‍ മാര്‍പാപ്പ ഉയര്‍ത്തിപ്പിടിച്ച ഒരു തത്ത്വമുണ്ട്: അജപാലനശുശ്രൂഷ ലഭിക്കുന്നതിനുള്ള ദൈവജനത്തിന്‍റെ അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല. അതുകഴിഞ്ഞ് 25 വര്‍ഷമെടുത്തു, ദല്‍ഹിയില്‍ ഒരു രൂപതയുടെ ആവശ്യം റോമിനെ പറഞ്ഞു മനസ്സിലാക്കാന്‍. അജപാലനാധികാരം സീറോ മലബാര്‍ സഭയ്ക്ക് എന്നെങ്കിലും കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. 2014 -ലാണ് രൂപതകള്‍ക്കു പുറത്ത് ഇന്ത്യയിലുള്ള സീറോ-മലബാര്‍ വിശ്വാസികളുടെ അജപാലനകാര്യങ്ങള്‍ നോക്കുന്നതിനുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി ഞാന്‍ നിയമിതനായത്. അതിനു മുമ്പ് ഗ്രേഷ്യന്‍ മുണ്ടാടന്‍ പിതാവാണ് ആ ഉത്തരവാദിത്വം നിറവേറ്റിയിരുന്നത്. എന്നെ വയ്ക്കുന്ന സമയത്ത് റോമില്‍ നിന്ന് അധികാരപരിധികളെ സംബന്ധിച്ച കല്‍പനയും നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും പോയി വെറുതെ റിപ്പോര്‍ട്ട് തന്നിട്ടു കാര്യമില്ല എന്ന സൂചന അതിലടങ്ങിയിരുന്നു. സീറോ-മലബാര്‍ സഭയുടെ ഭാഗമായി നില്‍ക്കാനാഗ്രഹിക്കുന്നവരെ സംഘടിപ്പിക്കാന്‍ കഴിയണം. അധികാരം കിട്ടിയതിനു ശേഷം മാത്രമേ സേവനമാരംഭിക്കൂ എന്നു പറഞ്ഞാല്‍ ശരിയല്ല. റോമില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങളുടെ വരികള്‍ക്കിടയില്‍ അതു വ്യക്തമായിരുന്നു. സൗഹൃദപരമായും സാഹോദര്യത്തോടെയും ഈ വിഷയം പരിഹരിക്കണമെന്നതായിരുന്നു റോമിന്‍റെ മറ്റൊരു നിര്‍ദേശം. അപ്രകാരം നയതന്ത്രപരമായ ഒരു നിലപാടു സ്വീകരിക്കുക വഴിയാണ് ബംഗ്ലൂരിലെ പ്രശ്നം തീര്‍ന്നത്. അവിടെ കന്നഡക്കാരും തമിഴരും തമ്മിലുള്ള ഒരു സംഘര്‍ഷാന്തരീക്ഷം നിലവിലുണ്ട്. സീറോ-മലബാര്‍ റീത്ത് എന്നൊക്കെ പറഞ്ഞാലും ഇവിടത്തെ ജനങ്ങള്‍ ഇതിനെ കാണുക ഒരു മലയാളി സഭയായിട്ടായിരിക്കും എന്ന് ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. അതുകൊണ്ട് ബാംഗ്ലൂരില്‍ രൂപത ചോദിച്ചാല്‍ കന്നഡക്കാരായ വിശ്വാസികളുടെ ഉത്കണ്ഠ വര്‍ദ്ധിക്കുകയേയുളളൂ. തുടര്‍ന്നുണ്ടായ ഒരു അഭിപ്രായമാണ് മാണ്ഡ്യ രൂപത ബാംഗ്ലൂരിലേയ്ക്ക് വ്യാപിപ്പിക്കുക എന്നത്. രൂപതയുടെ പേര് എന്ത് എന്നതല്ലല്ലോ പ്രധാനം. ജനങ്ങള്‍ക്ക് അജപാലനം നല്‍കുക എന്നതാണ് പ്രധാനം. അടുത്തത് ചെന്നൈയിലെ പ്രശ്നമാണ്. ഇരിങ്ങാലക്കുട രൂപത വളരെ കഠിനാദ്ധ്വാനം ചെയ്ത് വളര്‍ത്തിയെടുത്ത സംവിധാനമാണത്. ബാംഗ്ലൂരില്‍ സന്യാസസഭകളുടെ വലിയ സഹായം ലഭിച്ചു. എന്നാല്‍ ചെന്നൈയില്‍ ഇരിങ്ങാലക്കുട രൂപത തന്നെയാണ് എല്ലാം തയ്യാറാക്കാന്‍ പരിശ്രമിച്ചത്. ബാംഗ്ലൂരും ചെന്നൈയും തമ്മില്‍ അങ്ങനെയൊരു വ്യത്യാസമുണ്ട്. അവിടെയും ഒരു വൈകാരിക പ്രശ്നമുണ്ട്. അതുകൊണ്ട് ഹോസുര്‍ ആസ്ഥാനമായി രൂപത സ്ഥാപിച്ചു. പേര് ഹോസുര്‍ എന്നാണെങ്കിലും ചെന്നൈയിലുള്ള വിശ്വാസികള്‍ക്ക് അജപാലനസേവനം നല്‍കാന്‍ നമുക്കു കഴിയുമല്ലോ.

അടുത്തതാണ് ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഷംഷാബാദ് രൂപതയുടെ സ്ഥാപനം. സീറോ-മലബാര്‍ സഭാംഗങ്ങള്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അജപാലനാധികാരമുള്ള സംവിധാനമാണിത്. ഇന്ത്യയില്‍ വേറൊരിടത്തും ഇല്ലാത്ത ഒരു സംവിധാനമാണിത്. 23 സംസ്ഥാനങ്ങള്‍. 75 ഓളം ല ത്തീന്‍ രൂപതകളുമായി അതിര്‍ത്തി പങ്കിടുന്നു. 1.3 ലക്ഷം വിശ്വാസികളെ നാം കണ്ടെത്തി സംഘടിപ്പിച്ചു കഴിഞ്ഞു. എണ്ണം ഇനിയും കൂടിയേക്കാം.

? സീറോ-മലബാര്‍ സഭ എന്നും അതിന്‍റെ മിഷണറി തീക്ഷ്ണതയ്ക്കു പ്രസിദ്ധമാണല്ലോ. മിഷന്‍ പ്രവര്‍ത്തനങ്ങളെ ഈ രൂപതാസ്ഥാപനം എപ്രകാരമാണു സ്വാധീനിക്കുക?
സീറോ-മലബാര്‍ സഭയുടെ മുമ്പില്‍ ഉയര്‍ന്നു വരുന്ന വലിയൊരു വെല്ലുവിളിയാണത്. പ്രവാസികളുടെ അജപാലനാധികാരമാണ് നാം ചോദിച്ചുകൊണ്ടിരുന്നത്. അതോടൊപ്പം, സ്വന്തം സ്വത്വത്തില്‍ മിഷന്‍ പ്രവര്‍ത്തനം നടത്താനാകുന്നില്ല എന്ന വലിയൊരു ദുഃഖവും സഭയ്ക്കുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ലത്തീന്‍ സഭ നിക്ഷേപിച്ച മനുഷ്യശേഷി ഏറെയും സീറോ മലബാര്‍ ആയിരുന്നു എന്നതു മറന്നു കൂടാ. ഈ കത്തില്‍ സുവിശേഷവത്കരണത്തെ കുറിച്ചും മാര്‍പാപ്പ പറയുന്നുണ്ട്. അജപാലനശുശ്രൂഷ എന്നത് ദൈവശാസ്ത്രപരമായി പറഞ്ഞാല്‍ സഭ സുവിശേഷവത്കരണത്തിലേയ്ക്കു നടത്തുന്ന പ്രയാണം തന്നെയാണ്. ഷംഷാബാദ് രൂപത ഒരു വ്യക്തിക്കു നല്‍കിയിരിക്കുന്നതല്ല. സഭയുടെ പൊതുവായ സുവിശേഷവത്കരണവേലയ്ക്കുള്ള ഒരു തട്ടകമായിട്ടാണ് കാണേണ്ടത്.

? കേരളസഭ മിഷനെ സഹായിക്കേണ്ടതിനെക്കുറിച്ച് എന്താണു കരുതുന്നത്? കേരളത്തിലെ വലിയ ഇടവകകളും തീര്‍ത്ഥകേന്ദ്രങ്ങളും വിചാരിച്ചാല്‍ മിഷനില്‍ ഇടവകകളെയും മറ്റും ദത്തെടുക്കാം. ഹ്രസ്വകാലത്തേയ്ക്ക് അല്മായര്‍ക്കുള്‍പ്പെടെ പോയി സേവനം ചെയ്യാം. ഇത് അപൂര്‍വമായേ ഇപ്പോള്‍ നടക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ കേരളസഭയോടു എന്താണു പറയാനുള്ളത്?
ഇവിടെയാണ് കേരളത്തിലുള്ള സീറോ മലബാര്‍ സഭയുടെ ഭാഗത്തു നിന്ന് ഒരു മനസ്സുമാറ്റം ഉണ്ടാകേണ്ടത്. നാം ആഘോഷങ്ങളും നിര്‍മ്മാണങ്ങളും ഇഷ്ടപ്പെടുന്ന സഭയായി മാറിയാല്‍ യൂറോപ്പിലെ സഭയുടെ പാത നാമറിയാതെ പിന്തുടരും എന്നാണ് എന്‍റെ അഭിപ്രായം.

നമ്മുടെ സഭയുടെ വളര്‍ച്ചയെ നാം സാധൂകരിച്ചിരുന്നത് മറ്റു സഭകള്‍ക്കു നല്‍കിയിരുന്ന കരുതലിന്‍റെ അടിസ്ഥാനത്തിലാണ്. ആ പ്രവണത കുറയുന്നു. നമുക്ക് ദൈവവിളികള്‍ കുറഞ്ഞിട്ടില്ല. എന്നാല്‍ ആദ്യകാലത്ത് ഈ സഭയിലുണ്ടായിരുന്ന ദൈവവിളികളുടെ ഏറ്റവും നല്ല പങ്കു പോയിരുന്നത് മിഷനിലേയ്ക്കാണ്. ഇന്ന് അതില്ല. കേരളത്തിന്‍റെ സുഖവലയം വിട്ടുപോകാന്‍ മാതാപിതാക്കളോ കുട്ടികളോ തയ്യാറില്ല. ഞാന്‍ തൃശൂര്‍ രൂപതയുമായി അടുത്ത ബന്ധമുള്ളയാളാണല്ലോ. പക്ഷേ ഷംഷാബാദിലേയ്ക്കു ദൈവവിളികള്‍ക്കു വേണ്ടി കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ശ്രമിച്ചിട്ടും ഒരു കുട്ടിയെ പോലും കിട്ടിയില്ല. എന്നോടോ സഭയോടോ വിരോധമുണ്ടായിട്ടല്ല. നാടുവിട്ടു പോകാന്‍ മടിയാണ്.

പണ്ട് സീറോ-മലബാര്‍ സഭ മിഷണറി തീക്ഷ്ണത പ്രകടിപ്പിച്ചിരുന്നു. എത്രയോ വൈദികരും കന്യാസ്ത്രീകളും ആവേശത്തോടെ മിഷന്‍ ഭൂമികളിലേയ്ക്കു പോയിട്ടുള്ളതാണ്. എന്‍റെ യാത്രകളില്‍ കണ്ടുമുട്ടുമ്പോള്‍ അവരെല്ലാം വളരെ ദുഃഖിതരാണെന്ന് അറിയുന്നു. കാരണം പുതിയ ആളുകള്‍ വരുന്നില്ല, ദൈവവിളികളില്ല. ആള്‍ശേഷിയുടെ മേഖലയില്‍ മാത്രമല്ല, സാമ്പത്തികമേഖലയിലും ഇതു സംഭവിച്ചിട്ടുണ്ട്.

യൂറോപ്പിലെ സഭയ്ക്കു സംഭവിച്ച ഒരു പ്രധാന അപകടം മാര്‍പാപ്പ പറയുകയുണ്ടായി. ക്രൈസ്തവിശ്വാസം ഒരു സാക്ഷ്യവും പ്രേഷിതത്വവും ആകേണ്ടതിനു പകരം അതൊരു ആഘോഷമായി മാറി. ആഘോഷങ്ങളുടെ നടുവില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ നന്മ നഷ്ടമായി. പ്രേഷിതപ്രവര്‍ത്തനം നടത്താത്ത സഭ ഉറകെട്ട ഉപ്പും വെളിച്ചം നഷ്ടപ്പെട്ട വിളക്കുമാണ് എന്നു പാപ്പ പറഞ്ഞു. യൂറോപ്പിലെ സഭ ഒരുകാലത്ത് ആഘോഷങ്ങളോടു കാണിച്ച താത്പര്യം ഒരു തരത്തില്‍ നമ്മുടെ സഭയിലേയ്ക്കു കടന്നു വന്നിരിക്കുകയാണ്. ഒരിടവകയില്‍ തന്നെ വര്‍ഷത്തില്‍ മൂന്നും നാലും സദ്യകള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നു. ഗ്രോട്ടോകള്‍, സ്വര്‍ണക്കൊടിമരങ്ങള്‍, മുറ്റത്ത് ടൈല്‍സ്, വേദപാഠത്തിനു സ്മാര്‍ട്ട് ക്ലാസുകള്‍… ഇതൊക്കെ എല്ലാ പള്ളികളിലേയ്ക്കും വ്യാപിക്കുന്നു. നമ്മുടെ പണം മറ്റൊരു സ്ഥലത്തേയ്ക്കു പോകാതിരിക്കാന്‍ നമ്മള്‍ കെട്ടുന്ന കയ്യാലകളാണ് ഈ ആഘോഷങ്ങളും നിര്‍മ്മാണങ്ങളും. നമ്മുടെ ആ ഘോഷങ്ങളിലും നിര്‍മ്മാണങ്ങളിലുമെല്ലാം കുറേക്കൂടി സുവിശേഷമൂല്യങ്ങള്‍ പാലിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. അങ്ങനെ പാലിച്ചാല്‍ നമ്മുടെ ഇടവകജീവിതങ്ങളില്‍ മാറ്റമുണ്ടാകും. പണം കുറേക്കൂടി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണം. മാധ്യമങ്ങള്‍, എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, ദത്തെടുക്കല്‍ തുടങ്ങിയവയിലൂടെ സുവിശേഷവത്കരണം നടത്താന്‍ നമ്മുടെ ഇടവകകള്‍ തയ്യാറാകണം. ആര്‍ഭാടങ്ങള്‍ വര്‍ദ്ധിക്കുന്തോറും സഭയുടെ ആത്മസത്ത ചോര്‍ന്നു പോകുകയാണ്. മിഷണറിചൈതന്യമുള്ള ഒരു സഭയായി മാറുന്നില്ലെങ്കില്‍ യൂറോപ്യന്‍ സഭയ്ക്കു സംഭവിച്ച നാശം നമ്മുടെ സഭയ്ക്കും സംഭവിക്കുമോയെന്നു ഞാന്‍ ഭയപ്പെടുന്നു. നമുക്കു കുറേക്കൂടി മിഷണറി പ്രവര്‍ത്തനങ്ങളെ സഹായിക്കാം, സഹകരിക്കാം.

? പെരുന്നാളിനോടനുബന്ധിച്ച് കുറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പറയാറുണ്ട്…
അങ്ങനെയുള്ള പരസ്യങ്ങള്‍ വരാറുണ്ട്. പക്ഷേ ഇതേക്കുറിച്ചുള്ള നിഷ്പക്ഷമായ ഒരു വിലയിരുത്തലും കണക്കെടുപ്പും ആരും നടത്തുന്നില്ല. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചു വീടു പണിയുന്നു, ഡയാലിസിസ് നടത്തുന്നു എന്നൊക്കെയാണു പറയുക. കാര്‍ക്കശ്യമേറിയ ഒരു ഭാഷ ഉപയോഗിച്ചാല്‍, ഇതു തട്ടിപ്പാണ്. ഒരിക്കല്‍ ഞാനൊരു പള്ളിയില്‍ 500 പ്രസുദേന്തിമാരെ കണ്ടു. അവരു ടെ തലയിലെല്ലാം കിരീടം വച്ചു, തിരിയും കൊടുത്തു. 2,000 രൂപ വച്ച് അവരില്‍ നിന്നു പള്ളി വാങ്ങി. ആകെ പത്തു ലക്ഷം രൂപ. ഈ പണം കൊണ്ട് എന്താണു ചെയ്യുന്നത്? പന്തലുകള്‍ കൂടുന്നു, വാദ്യങ്ങള്‍ കൂടുന്നു, വെടിക്കെട്ടു കൂടുന്നു. ഈ വക കാര്യങ്ങളില്‍ കോടതികളും സര്‍ക്കാരുമാണ് നമ്മളെ നിയന്ത്രിക്കുന്നത്. വേറെ ഗതിയില്ലാതാകുമ്പോള്‍ മാത്രം ഒന്ന് ഒതുങ്ങിക്കൊടുക്കുന്നു. സുവിശേഷത്തിനു നമ്മെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. സുവിശേഷപ്രേരിതമായ നിലപാടുമാറ്റം ഉണ്ടാകുന്നില്ല.

കര്‍ത്താവ് ജറുസലേമിലേയ്ക്കുള്ള യാത്രയില്‍ കണ്ട അത്തിമരത്തിന്‍റെ കഥ ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിക്കുകയുണ്ടായി. ഇന്ന് കേരളസഭ ഇലചൂടി നില്‍ക്കുന്ന അത്തിമരമാണ്. ഫലങ്ങളില്ല. ഫലമെന്നാല്‍ സുവിശേഷവത്കരണമാണ്. അതിനോടുള്ള ആഗ്രഹം നമുക്കില്ലാതായി. തൃശൂര്‍ രൂപതയില്‍ 417 വൈദികരുണ്ട്. 217 പള്ളികളേയുള്ളൂ. പ്രായമായ 50 പേരെ മാറ്റി നിറുത്തിയാലും നൂറിലധികം അച്ചന്മാര്‍ കൂടുതലുണ്ട് എന്നു പറയാം. ഇടവകകളില്‍ ആവശ്യത്തിനു ജോലിയില്ല എന്നു പരാതി പറയുന്ന അച്ചന്മാരെ കാണാറുണ്ട്. പണ്ട് മൂന്നും നാലും പള്ളികള്‍ ഒരു അച്ചന്‍ നടത്തിയിരുന്നിടത്ത് ഇന്ന് ഓരോ കൊച്ചു പള്ളിയില്‍ പോലും അച്ചന്മാരുണ്ട്. ഒരു ഇടവക അച്ചന് ഇഷ്ടമായില്ലെന്നു പറഞ്ഞാല്‍ അദ്ദേഹത്തോട് അടുത്ത മാറ്റം വരെ ഒരു കോഴ്സിനു പൊയ്ക്കോളൂ എന്നു പറഞ്ഞ് പകരം ആളെ കൊടുക്കാന്‍ ഇവിടെ സാധിക്കുന്നുണ്ട്.

? ഇവിടെ ധാരാളം വൈദികരുള്ളതിനാല്‍ താത്പര്യമുള്ളവര്‍ കുറച്ചു കാലത്തേയ്ക്കെങ്കിലും മിഷനുകളില്‍ പ്രവര്‍ത്തിക്കണമെന്ന അഭിപ്രായമുണ്ടോ?
ഇവിടെ ഒരു കാര്യം ഞാന്‍ പറയാനാഗ്രഹിക്കുന്നു. പട്ടം കൊടുക്കുന്നതോടെ വൈദികപരിശീലനം നിന്നു പോകുകയാണ്. വൈദികര്‍ സുഖമേഖലകളില്‍ കടന്നു വരുന്നു. പ്രവര്‍ത്തനങ്ങള്‍ കണ്ടു പിടിക്കുന്നു. മരിച്ചവര്‍ക്കുവേണ്ടിയുള്ള ശ്രാദ്ധ ഊട്ട് നടക്കുന്നു. ഇതൊക്കെ അതതു വീട്ടുകാര്‍ മാത്രം ചെയ്യാറുള്ള കാര്യമാണ്. അതു മതി താനും. പക്ഷേ ഇതു പള്ളികളിലേയ്ക്കു വ്യാപിക്കുന്നു. ക്രിസ്മസിന് കോഴിയും അപ്പവും പള്ളികളില്‍ കൊടുക്കുന്നു. ആളുകള്‍ സഹകരിക്കുന്നു എന്നതു ശരിയാണ്. പക്ഷേ ഇതൊക്കെ സുവിശേഷാത്മകമായ രീതികളാണോ എന്നെനിക്കറിയില്ല. പെരുന്നാളിന് ഒമ്പതു ദിവസത്തെ നൊവേനയുണ്ടാകും. അള്‍ത്താരയിലെ പൂക്കള്‍ എല്ലാ ദിവസവും മാറ്റും. വേണമെങ്കില്‍ ഒരാഴ്ചവരെ വയ്ക്കാവുന്ന പൂക്കളാണ് അവ. പക്ഷേ പുഷ്പാലങ്കാരത്തിനു കു ടുംബയൂണിറ്റുകള്‍ തമ്മില്‍ മത്സരമാണ്. ആളുകളെ പിരി കയറ്റി ഭ്രാന്താക്കി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല.

ഇലചൂടി നില്‍ക്കുന്ന അത്തിമരം. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു എന്നൊരു വശമുണ്ട്. പക്ഷേ സഭയാകുന്ന അത്തിമരം എന്നും ഫലം ചൂടേണ്ടതുണ്ട്. കാലം അനുകൂലമോ പ്രതികൂലമോ എന്നൊരു വ്യത്യാസമില്ല. സുവിശേഷവത്കരണം അനുകൂലകാലത്തില്‍ നടത്തേണ്ടതല്ല. സുവിശേഷാത്മകമായ കാഴ്ചപ്പാട് ആവശ്യമാണ്.

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ 63 വര്‍ഷമായി ജോലി ചെയ്യുന്ന ഡോ. ഏഡന്‍വാലയ്ക്ക് 90 വയസ്സു തികഞ്ഞപ്പോള്‍ ഒരു അംഗീകാരപാത്രം കൊടുത്തു. അന്നദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. ഡോക്ടര്‍മാര്‍ പണമുണ്ടാക്കുന്നു, അതിലൊരു ഭാഗം പള്ളിക്കു കൊടുക്കുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ തൊഴിലിനെ തന്നെയാണ് സുവിശേഷവത്കരണമാക്കി മാറ്റേണ്ടത്. നമ്മുടെ വക്കീലന്മാരും പ്രൊഫഷണല്‍മാരും പണമുണ്ടാക്കുന്നു, അതിലൊരു ഭാഗം പള്ളിക്കു കൊടുക്കുന്നു. അതല്ല സുവിശേഷവത്കരണം. സ്വന്തം തൊഴിലുകളിലൂടെ അതു നടത്തുകയാണ് ആവശ്യം.

? ഷംഷാബാദ് രൂപത കിട്ടിയത് ഒരു കരുത്തിന്‍റെ അടയാളമായി വരരുത് എന്നു കത്തില്‍ മാര്‍പാപ്പ സൂചിപ്പിക്കുന്നുണ്ടല്ലോ…
അതെ. അനാരോഗ്യകരമായ മത്സരം ഒരിക്കലുമില്ല. ലത്തീന്‍ മെത്രാന്മാര്‍ അവരുടെ പള്ളികള്‍ നമ്മുടെ ജനങ്ങള്‍ക്കു കൂടി നല്‍കുന്ന ഒരു സാഹചര്യമുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ പുതിയ പള്ളികള്‍ പണിയാന്‍ നാം ആഗ്രഹിക്കുന്നില്ല. നമ്മുടെ സീറോ മലബാര്‍ പ്രവാസികള്‍ പിന്‍വാങ്ങിയാല്‍ പല സ്ഥലങ്ങളിലും ലത്തീന്‍ പള്ളികളില്‍ ആളില്ലാത്ത സ്ഥിതി വരും.

? നിലവില്‍ ഓരോ ലത്തീന്‍ പള്ളികളുമായി സഹകരിച്ചു പോകുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് പുതിയ സംവിധാനത്തിലേയ്ക്കു വരാന്‍ മടിയുണ്ടാകുകയും ചെയ്യും. കല്യാണ്‍ മുതല്‍ ഈ പ്രശ്നമുണ്ട്. അതിനെ എങ്ങനെ കാണുന്നു?
വിശ്വാസമെന്നത് കുറെ സ്വകാര്യ സൗകര്യങ്ങളുടെ മാത്രം കാര്യമല്ല. മാര്‍പാപ്പ കത്തില്‍ അതു വിശദീകരിക്കുന്നുണ്ടല്ലോ. ഒരു പള്ളിയുമായി വളരെയേറെ ബന്ധത്തിലാണെന്നും ആ റീത്തിനോടു വലിയ ഇഷ്ടമാണെന്നും ഉണ്ടെങ്കില്‍ കാനന്‍ നിയമം നല്‍കുന്ന ഒരു സാദ്ധ്യതയുണ്ട്. അതുപയോഗിക്കാന്‍ മാര്‍പാപ്പ അനുവദിക്കുന്നുണ്ട്. ലത്തീന്‍ റീത്തിലേയ്ക്കു ചേരാം. അതിനു തടസ്സമില്ല. പക്ഷേ കേരളത്തിനു പുറത്തു ലത്തീനായി നില്‍ക്കുക, നാട്ടില്‍ വരുമ്പോള്‍ സീറോ മലബാര്‍ സഭാംഗമായി നില്‍ക്കുക എന്ന വൈരുദ്ധ്യമുള്ള ആഗ്രഹം വരുമ്പോഴാണു പ്രശ്നം. സീറോ മലബാര്‍ സഭയുമായുള്ള ബന്ധം വേണ്ടെന്നു വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ പ്രക്രിയയ്ക്ക് നൈയാമികമായ സാധൂകരണം നല്‍കാന്‍ സഭയ്ക്കു സാധിക്കുമെന്നാണ് മാര്‍പാപ്പ പറഞ്ഞത്. പക്ഷേ ഒരിടത്ത് ലത്തീന്‍, മറ്റൊരിടത്ത് സീറോ മലബാര്‍ എന്ന നിലപാട് സ്വീകരിക്കാനാവില്ല. ഫരീദാബാദില്‍ ഇതു പ്രയോഗത്തില്‍ വരുത്തിയതുമാണ്.

ഒരു ബലപ്രയോഗത്തിലേയ്ക്കു നീങ്ങേണ്ട കാര്യമില്ലെന്നതാണ് മൂന്നര വര്‍ഷത്തെ പ്രവാസി സേവനത്തില്‍ നിന്നു എനിക്കു ബോദ്ധ്യമായ കാര്യം. വരാത്തവരെ ക്രമേണ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. ഇടവകകളും രൂപതകളും തിരിയുമ്പോള്‍ അതിര്‍ത്തികള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. വൈകാരികമായ കാരണങ്ങളുണ്ടാകാം, പുതിയ പള്ളിയില്‍ പോയി അവിടെ സംഭാവന കൊടുക്കാന്‍ തയ്യാറില്ല എന്ന മനോഭാവമുണ്ടാകാം. ഇതൊന്നും വിശ്വാസസംബന്ധമായ കാര്യങ്ങളല്ല. ശാന്തമായും സൗമ്യമായും ഇതൊക്കെ ചെയ്യണം.

? മാര്‍പാപ്പയുടെ കത്തില്‍ പിതാവിന്‍റെ കഴിഞ്ഞ മൂന്നര വര്‍ഷത്തെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടല്ലോ. സഭയുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ പോകുന്ന ഒരു രേഖയില്‍ പേരു വരുന്നതിനെ വ്യക്തിപരമായി എങ്ങനെ കാണുന്നു?
മാര്‍പാപ്പ പേരു പരാമര്‍ശിച്ചു എന്നത് വ്യക്തിയെന്ന നിലയില്‍ ഉള്ളില്‍ വലിയ വികാരമുണ്ടാക്കുന്നുണ്ട്. സാധാരണ ഇത്തരം രേഖകളില്‍ വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കാറില്ല. അങ്ങനെ പറയപ്പെട്ടു എന്നതിലുള്ള അഭിമാനം ഞാന്‍ മറച്ചു വയ്ക്കുന്നില്ല. എന്നാല്‍, ദീര്‍ഘമായ ഒരു റിലേയി ലെ അവസാന പാദം ഓടിയ ആളാണു ഞാന്‍. എന്നാണു നമ്മുടെ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ അജപാലനം ലഭിക്കുക എന്ന ഉത്കണ്ഠ കലര്‍ന്ന വിചാരങ്ങള്‍ സെമിനാരികാലം മുതല്‍ ഉള്ളിലുള്ളതാണ്. മലബാറിന്‍റെ മോശയെന്നു വിളിക്കപ്പെട്ട വള്ളോപ്പിള്ളി പിതാവും സഭയ്ക്ക് ഒരു അഖിലേന്ത്യാഭാവമുണ്ടാകണമെന്നു ദീര്‍ഘദര്‍ശനം ചെയ്ത പാറേക്കാട്ടില്‍ പിതാവും മറ്റ് അനേകരും ശ്രമിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങളാണ് ഇവ. വ്യക്തിപരമായ ഒരു നേട്ടത്തിന്‍റെ കാര്യമിതില്‍ ഇല്ല. ഈ റിലേയുടെ പൂര്‍ത്തീകരണത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ മുന്നില്‍ നില്‍ക്കാന്‍ ദൈവം എന്നെ അനുവദിച്ചു എന്നാണ് ഞാനതിനെ കാണുന്നത്.

? എപ്പോഴും ഒരു തൃശൂര്‍ക്കാരനായി ജീവിക്കാനും അറിയപ്പെടാനും ആഗ്രഹിച്ച പിതാവ് തൃശൂര്‍ വിട്ടു പോകുന്നതിനെ എങ്ങനെ കാണുന്നു?
വേദനിക്കുന്ന അനുഭവമാണ്. തൃശൂരിനെക്കുറിച്ചു ചിന്തിക്കാതെ ജീവിക്കാന്‍ പറ്റാത്തവിധത്തില്‍ വികാരങ്ങളുള്ള ഒരാളാണ് ഞാന്‍. അവിടം വിട്ടുപോകുമ്പോള്‍ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റുന്ന വളര്‍ച്ചയുടെ ഒരു അവിഭാജ്യഘട്ടമായി ഇതിനെ കാണുന്നു. കഴിഞ്ഞ മൂന്നര കൊല്ലമായി ഞാനിതിനു മാനസികമായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്നര കൊല്ലമായി ഇന്ത്യയൊട്ടുക്കുമുള്ള യാത്രകളായിരുന്നു ഏറിയ സമയവും. തൃശൂരുമായുള്ള ബന്ധം അങ്ങനെ ക്രമത്തില്‍ വിച്ഛേദിച്ചു വരികയുമായിരുന്നു. ഈ യാത്രകളിലൂടെ ഞാന്‍ ഒരുപാടു പഠിച്ചു. ഇന്ത്യയെ, ഇന്ത്യയിലെ സഭയെ, ഇന്ത്യയിലെ മെത്രാന്മാരെ ഒക്കെ പഠിക്കാനുള്ള ഒരു അവസരമായിരുന്നു അത്. അതൊരു വലിയ നേട്ടമായി കരുതുന്നു. ഇന്ത്യയിലെ ഏതു മെത്രാനും ഇപ്പോള്‍ എന്നെ അറിയാം. ബന്ധങ്ങളുണ്ട്. തൃശൂരിലെ സഹായമെത്രാനായി ഇരുന്നാല്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലല്ലോ. അത്തരത്തില്‍ ഇതെന്നെ ഒരുപാടു വളര്‍ത്തിയിട്ടുണ്ട്. എന്നെ ഏല്‍പിച്ചിരിക്കുന്ന ഐതിഹാസികമായ ഒരു ദൗത്യത്തിന്‍റെ വെല്ലുവിളിയെക്കുറിച്ചും എനിക്കു ബോദ്ധ്യമുണ്ട്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാന്‍ പറ്റിയ ഒരു കാര്യമല്ല.

? കേന്ദ്രത്തില്‍ ബിജെപി ആണ് അധികാരത്തില്‍. ഹൈന്ദവവര്‍ഗീയത സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വെല്ലുവിളിയാകുമോ? മൂന്നര വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് എന്താണു തോന്നുന്നത്?
ഭയപ്പെട്ടു പിന്മാറുന്നത് സഭയുടെ നിലപാടല്ല. എന്നാല്‍ കര്‍ത്താവു പറഞ്ഞതുപോലെ സര്‍പ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരും ആയിരിക്കേണ്ടതുണ്ട്. ഇന്നും ഗവണ്‍മെന്‍റ് ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത ഭൂപ്രദേശങ്ങള്‍ ഇന്ത്യയിലുണ്ട്. അവിടെയെല്ലാം കടന്നുചെല്ലാന്‍ സഭയ്ക്കു കഴിയണം. അവരെയെല്ലാം മാമോദീസാ മുക്കി ക്രിസ്ത്യാനികളാക്കുക എന്നതല്ല പ്രധാനം. അവരെ സേവിക്കുക. ദൈവം മനുഷ്യനായത് മനുഷ്യന്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനു തെളിവാണ്. മനുഷ്യന്‍റെ മഹത്ത്വം നഷ്ടപ്പെടരുത് എന്നാഗ്രഹിച്ചതുകൊണ്ടാണ് ദൈവം മനുഷ്യനായത്. മനുഷ്യന് മഹത്ത്വം നഷ്ടപ്പെടുന്ന എല്ലായിടങ്ങളിലും ദൈവം പരാജയപ്പെടുകയാണ്. അതുകൊണ്ടു തന്നെ മനുഷ്യമഹത്ത്വത്തിനുവേണ്ടി, സുവിശേഷാത്മകമായ ഇടപെടലുകള്‍ നാം എപ്പോഴും നടത്തണം. ഈ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെടുന്നവര്‍, അപമാനിക്കപ്പെടുന്നവര്‍, മുഖം കാണിക്കാന്‍ അവകാശമില്ലാത്തവര്‍… അവരുടെയൊക്കെ വേദനകള്‍ ഒപ്പിയെടുക്കാന്‍ സഭയ്ക്കു കഴിയണം. വെറോനിക്കായുടെ വെള്ളശീല പോലെയാകണം സഭ. അതില്‍ ആമുഖങ്ങളൊക്കെ ക്രിസ്തുവിന്‍റെ മുഖങ്ങളാണ്. ആ സുവിശേഷവത്കരണ പ്രക്രിയ തുടരണം. ഭയപ്പെട്ടു മാറി നില്‍ക്കാന്‍ പാടില്ല.

? എവിടെയെങ്കിലും പ്രശ്നങ്ങള്‍ നേരിടാന്‍ ഇടയായോ?
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലും മറ്റും നിരവധി പള്ളികള്‍ നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി. ഒരു സ്ഥലത്തു മാത്രമാണ് എതിര്‍പ്പു നേരിട്ടത്. അവിടെ കളക്ടര്‍ അനുകൂലമായ തീരുമാനമെടുത്തു. പക്ഷേ, അവര്‍ കോടതിയില്‍ പോയി. അതിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. സാവധാനത്തില്‍ അതു പരിഹരിക്കാനാകും എന്നു വിചാരിക്കുന്നു. ചര്‍ച്ചയുടെയും സമവായത്തിന്‍റെയും സമീപനമാണ് നാം സ്വീകരിക്കുന്നത്. പക്ഷേ ചര്‍ച്ചകളോടു സംഘപരിവാറിനു താത്പര്യമില്ല. പ്രശ്നങ്ങള്‍ വഷളാക്കി അതില്‍ നിന്നു മുതലെടുപ്പു നടത്തുന്ന രീതിയാണ് കാണുന്നത്. ബുദ്ധിയോടും വിവേകത്തോടും കൂടി കൈകാര്യം ചെയ്യേണ്ട കാര്യമാണത്.

? കേരളത്തെ മിഷന്‍ രൂപതകളിലേയ്ക്കു കയറ്റി അയയ്ക്കരുത് എന്നു സാധാരണ പറയാറുണ്ടല്ലോ. സീറോ മലബാര്‍ സ്വത്വത്തില്‍ നിന്നുകൊണ്ടുള്ള മിഷന്‍ പ്രവര്‍ത്തനം ശക്തമാക്കുമ്പോള്‍ സാംസ്കാരികാനുരൂപണമെന്ന വിഷയത്തെ എങ്ങനെ കാണുന്നു? കൊല്‍ക്കത്തയിലെ സംസ്കാരമാകില്ലല്ലോ ഗുജറാത്തില്‍…
മാര്‍പാപ്പയുടെ ഈ കത്തിലൂടെ സീറോ മലബാര്‍ സഭ ഒരു അഖിലേന്ത്യാ യാഥാര്‍ത്ഥ്യമായി. ഇന്ത്യയ്ക്കു പുറത്തു നാലു രൂപതകള്‍ തന്നതിലൂടെ ഒരു ആഗോളയാഥാര്‍ത്ഥ്യമായും മാറി. ഈയൊരു യാഥാര്‍ത്ഥ്യബോധത്തിലേയ്ക്കു സഭയുടെ കണ്ണു തുറക്കാന്‍ സഭയിനിയും ഒരുപാടു ദൂരം നടക്കേണ്ടതുണ്ട്. മലയാളികളല്ലാത്ത എത്രയോ ആളുകള്‍ നമ്മുടെ സഭയില്‍ ചേര്‍ന്നു കഴിഞ്ഞു. പക്ഷേ സഭയുടെ ആസ്ഥാനത്ത് മലയാളികളല്ലാത്ത ആരെങ്കിലുമുണ്ടോ? അദിലാബാദിലെ ബെല്ലംപള്ളിയില്‍ വളരെ പാവപ്പെട്ട സീറോ മലബാര്‍ വിശ്വാസികളെ പരിചയപ്പെട്ടു. തങ്ങള്‍ സീറോ മലബാര്‍ സഭാംഗങ്ങളാണെന്ന് അവരെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ അവരെ സീറോ-മലബാര്‍ സഭാംഗങ്ങളായി അംഗീകരിക്കാന്‍ കഴിയാത്ത യാഥാസ്ഥിതിക മനസ്സുള്ള സീറോ മലബാര്‍ വിശ്വാസികളും ഉണ്ട്. അനുരൂപണങ്ങളൊക്കെ ധാരാളം ആവശ്യമായിട്ടുണ്ട്. അതിനാവശ്യമായ പഠനങ്ങളും മറ്റും നടത്താന്‍ പ്രത്യേക വിഭാഗം തന്നെ ആവശ്യമുണ്ടെന്ന അഭിപ്രായമാണെനിക്ക്. ആര്‍ച്ചുബിഷപ് ബെര്‍ണാര്‍ഡ് മൊറേസ് ഒരിക്കല്‍ തമാശയായി പറഞ്ഞു, "അജപാലനസേവനമെന്നാല്‍ കേരളത്തില്‍ നിന്നു തെങ്ങു പറിച്ചുകൊണ്ടു വന്നു കര്‍ണാടകയില്‍ നടുന്നതല്ല." ഒരിക്കലുമല്ല. പ്രവാസികളുടെ കാര്യം തന്നെ എടുക്കുക. മുതിര്‍ന്ന തലമുറയെ സംബന്ധിച്ച് മലയാളത്തോടുള്ള കമ്പമാണ് റീത്തിനോടുള്ള ഇഷ്ടമായി വരുന്നത്. എന്നാല്‍ യുവതലമുറയ്ക്ക് മലയാളത്തോട് താത്പര്യമില്ല. അതുകൊണ്ട് തന്നെ അതതു സ്ഥലത്തെ ഭാഷകളിലാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ആന്ധ്രായില്‍ തെലുങ്കും ബംഗാളില്‍ ബംഗാളിയും വേണം, വി. കുര്‍ബാനയ്ക്ക്. ഇല്ലെങ്കില്‍ യുവതലമുറ നമ്മോടു പ്രതികരിക്കില്ല.

? ഈ സന്ദര്‍ഭത്തില്‍ കേരളസഭയോട് എന്താണു പറയാനുള്ളത്?
ഇത്രയും കാലം നമ്മള്‍ പറഞ്ഞുകൊണ്ടിരുന്നത് നമുക്ക് അജപാലനാധികാരം തന്നാല്‍ നമ്മള്‍ എന്തൊക്കെയോ ചെയ്യുമെന്നാണ്. ഇതാ, നമുക്കതു തന്നിരിക്കുകയാണ്. നല്‍കപ്പെട്ടിരിക്കുന്ന ഈ വെല്ലുവിളിയോടു അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ വിജയകരമായി പ്രതികരിക്കാന്‍ നമുക്കു ബാദ്ധ്യതയുണ്ട്. ഇത് സഭയ്ക്കാകെയുള്ള ഒരു വെല്ലുവിളിയായി കാണുകയും വേണം. എല്ലാ രൂപതകളും ഇടവകകളും സന്യാസസഭകളും ഒത്തൊരുമിച്ച് നീങ്ങണം. സിനഡിലൊക്കെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആവശ്യമുണ്ട്. ഗോദാവരീ നദിയുടെ അടുത്തുകൂടെ ഈ ദിവസങ്ങളില്‍ യാത്ര ചെയ്തു. പുഴ നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ ആന്ധ്രായുടെ മറ്റു ധാരാളം പ്രദേശങ്ങളില്‍ വെള്ളമില്ല. വെള്ളത്തെ ആവശ്യമുള്ള പ്രദേശങ്ങളിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനമാണു വേണ്ടത്. നദീസംയോജനം നടത്തുന്നത് അതുകൊണ്ടാണല്ലോ. ഇതു തന്നെ കേരളസഭയി ലും നടക്കണം. നമ്മുടെ വിഭവശേഷിയും ആള്‍ബലവും സാദ്ധ്യതകളും കേരളത്തിനു പുറത്തേയ്ക്കു നല്‍കുന്നതിനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഇതുപയോഗിക്കണം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്