ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OFM.Cap
ഈ ക്രിസ്മസിന് ഇന്ത്യ കെട്ടുകാഴ്ചയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അപഹാസ്യമായ വൈരുദ്ധ്യത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹി സി എന്‍ ഐ കത്തീഡ്രല്‍ സന്ദര്‍ശനവും വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പുമാര്‍ക്കും ക്രിസ്ത്യന്‍ നേതാക്കള്‍ക്കുമൊപ്പം നടത്തിയ ക്രിസ്മസ് വിരുന്നും സൗമനസ്യത്തിന്റെ പ്രകടനങ്ങളായി പ്രശംസിക്കപ്പെട്ടു. എന്നിരുന്നാലും, രാജ്യമെമ്പാടും, ക്രിസ്ത്യന്‍ സമൂഹം തരംഗസമാനമായ അക്രമങ്ങളും ഭീഷണികളും സഹിക്കേണ്ടി വന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വ മായ 'ക്രിസ്മസ് സമ്മാനം' ആയിരുന്നു അത്. ക്രിസ്മസിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ ഹിന്ദുത്വ ശക്തികള്‍ രാജ്യമെമ്പാടും, പ്രത്യേകിച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, നിരവധി പള്ളികള്‍ കത്തിക്കുകയും പള്ളികളുടെ പ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുണ്ടാസംഘങ്ങള്‍ നാശം വിതയ്ക്കുകയും ക്രിസ്മസ് കരോളുകള്‍ തടസ്സപ്പെടുത്തുകയും ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയും ചെയ്തു. അവര്‍ പ്രതികാരബുദ്ധിയോടെ ഓടിനടന്നു. ന്യൂനപക്ഷങ്ങള്‍ നിലവിലെ സര്‍ക്കാരിന്റെ സുരക്ഷിത കരങ്ങളിലാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്ക് ഇത് വ്യക്തമായ സന്ദേശമാണ്.
ഏറ്റവും ഗുരുതരമായ ചില സംഭവങ്ങള്‍ പരിശോധിക്കാം:
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് സ്‌കൂളുകള്‍: എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളും ഡിസംബര്‍ 25 ന് തുറന്നിരിക്കണമെന്ന് ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചു 'സദ്ഭരണ ദിനം' അന്ന് ആചരിക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ്. അന്ന് അക്കാദമിക് പ്രവര്‍ത്തനങ്ങളും പരിപാടികളും, ചര്‍ച്ചകള്‍, പ്രസംഗങ്ങള്‍, അനുബന്ധ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുകയും അധികാരികള്‍ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.
ബറേലി, ഉത്തര്‍പ്രദേശ് : കത്തീഡ്രല്‍ കാമ്പസില്‍ നടന്ന ക്രിസ്മസ് പരിപാടിയെ എതിര്‍ത്ത് 15-20 ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ ഡിസംബര്‍ 24-ന് സെന്റ് അല്‍ഫോന്‍സസ് കത്തീഡ്രലിന് പുറത്ത് പ്രതിഷേധിച്ചു. പരിപാടി ഹിന്ദു വികാരത്തെ താഴ്ത്തിക്കെട്ടുന്നുവെന്ന് ആരോപിച്ച് സംഘം പള്ളി കവാടത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും മതപരമായ ശ്ലോകങ്ങള്‍ ചൊല്ലുകയും ചെയ്തു. പൊലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു, അവര്‍ സ്ഥലത്ത് തന്നെ നിലകൊണ്ടു; ഏറ്റുമുട്ടലുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബറേലി ബിഷപ്പ് ശക്തമായ ഒരു പ്രസ്താവന നടത്തി: 'സമൂഹത്തെ ഭിന്നിപ്പിക്കാനും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കാനും ശ്രമിക്കുന്ന ഘടകങ്ങള്‍ക്കെതിരെ നിയമാനുസൃതമായ നടപടി ഉറപ്പാക്കാനും ഇടപെടാനും, വിദ്വേഷത്തിനെതിരെ വ്യക്തമായി സംസാരിക്കാനുമുള്ള അധികാരവും ഉത്തരവാദിത്തവും പരമോന്നത ഭരണഘടനാ അധികാരികള്‍ എന്ന നിലയില്‍, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമുണ്ട്. ഉന്നയിക്കപ്പെടേണ്ട ചോദ്യം ഇതാണ്: ഇന്ത്യയിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം എന്നിവയില്‍ ചരിത്രപരമായി വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു സമൂഹമായ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ആരെങ്കിലും പേടിക്കേണ്ട കാര്യമെന്ത്? സമാധാനപരമായ സാംസ്‌കാരിക ആഘോഷങ്ങള്‍ ഒരിക്കലും ഭയത്തിന്റെയോ ശത്രുതയുടെയോ ലക്ഷ്യങ്ങളായി മാറരുത്.'
ക്രിസ്മസിനു മുമ്പുള്ള രണ്ടാഴ്ചകളില്‍ ഹിന്ദുത്വ ശക്തികള്‍ രാജ്യമെമ്പാടും, പ്രത്യേകിച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, നിരവധി പള്ളികള്‍ കത്തിക്കുകയും പള്ളികളുടെ പ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തു കയും ചെയ്തു. ഗുണ്ടാസംഘങ്ങള്‍ നാശം വിതയ്ക്കുകയും ക്രിസ്മസ് കരോളുകള്‍ തടസ്സപ്പെടുത്തുകയും ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയും ചെയ്തു. അവര്‍ പ്രതികാര ബുദ്ധിയോടെ ഓടിനടന്നു. ന്യൂനപക്ഷങ്ങള്‍ നിലവിലെ സര്‍ക്കാരിന്റെ സുരക്ഷിത കരങ്ങളിലാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്ക് ഇത് വ്യക്തമായ സന്ദേശമാണ്.
ജാബുവ, മധ്യപ്രദേശ് : മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ തണ്ട്‌ല പട്ടണത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ ക്രിസ്മസ് ദിനത്തില്‍ ബജ്‌റംഗ്ദള്‍ ഒരു സായുധ ഘോഷയാത്ര നടത്തി. ഇത് പ്രാദേശിക സഭാ നേതാക്കളില്‍ ആശങ്ക ഉണര്‍ത്തി. 500 ലധികം പേര്‍ പങ്കെടുത്ത റാലി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ആക്രോശിക്കുകയും ഒരു കത്തോലിക്കാ പള്ളിയുടെ തൊട്ടടുത്തേക്ക് എത്തുകയും ചെയ്തു. അധികാരികളെ മുന്‍കൂട്ടി അറിയിച്ചിരുന്നിട്ടും അവര്‍ മാരകമായ ആയുധങ്ങളും തോക്കുകളും പിടിച്ചിട്ടുണ്ടായിരുന്നു.
ജയ്പൂര്‍, രാജസ്ഥാന്‍ : ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികളെ സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുട്ടികളോടോ മാതാപിതാക്കളോടോ സാന്താ വസ്ത്രം ധരിച്ചുള്ള ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടരുതെന്ന് ഡിസംബര്‍ 22-ലെ ഒരു ഉത്തരവില്‍, ശ്രീഗംഗാ നഗറിലെ അഡീഷണല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രാദേശിക സാംസ്‌കാരിക സാഹചര്യങ്ങളെ മാനിക്കുന്നതി നാണിതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം.
നല്‍ബാരി, അസം : ഡിസംബര്‍ 24-ന് അസമിലെ നല്‍ബാരി ജില്ലയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്‌കൂള്‍ ഒരു കൂട്ടം മതമൗലികവാദികള്‍ ആക്രമിച്ചു, ക്രിസ്മസ് അലങ്കാരങ്ങളും സ്‌കൂള്‍ സ്വത്തുക്കളും നശിപ്പിച്ചു. ജനക്കൂട്ടം കാമ്പസില്‍ കയറി ബാനറുകള്‍ കീറിമുറിച്ചു, ഇലക്ട്രിക്കല്‍ ഫിറ്റിംഗുകള്‍ നശിപ്പിച്ചു, മുദ്രാവാക്യങ്ങള്‍ വിളിച്ചു. സംഭവത്തിന്റെ വീഡിയോകള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവം നടന്നത്. അതിനാല്‍ ജീവനക്കാര്‍ പോലീസിനെയും രൂപത അധികൃതരെയും വിവരമറിയിച്ചു. ഏകദേശം 1,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സെന്റ് മേരീസ് സ്‌കൂള്‍ ഈ പ്രദേശത്തെ ചുരുക്കം ചില ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ഒന്നാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ജബല്‍പൂര്‍, മധ്യപ്രദേശ് : ഡിസംബര്‍ 20-ന് ക്രിസ്മസ് സമ്മാന വിതരണ പരിപാടിക്കിടെ കാഴ്ച വൈകല്യമുള്ള ഒരു ക്രിസ്ത്യന്‍ സ്ത്രീയെ മതപരിവര്‍ത്തനത്തിന് സഹായിച്ചുവെന്ന് ആരോപിച്ച് ബിജെപിയുടെ ജബല്‍പൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ കാണാം. പള്ളി വളപ്പിനുള്ളില്‍ ഭാര്‍ഗവ സ്ത്രീയോടു മോശമായി സംസാരിക്കുന്നതും അവിടെയുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടാതെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇന്ത്യയിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം എന്നിവയില്‍ ചരിത്രപരമായി വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു സമൂഹമായ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ആരെങ്കിലും പേടിക്കേണ്ട കാര്യമെന്ത്? സമാധാനപരമായ സാംസ്‌കാരിക ആഘോഷങ്ങള്‍ ഒരിക്കലും ഭയത്തിന്റെയോ ശത്രുതയുടെയോ ലക്ഷ്യങ്ങളായി മാറരുത്.
ഹരിദ്വാര്‍, ഉത്തരാഖണ്ഡ് : ഹരിദ്വാറിലെ ഗംഗാ തീരത്തുള്ള ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിന്റെ ഹോട്ടല്‍ ഭാഗീരഥിയില്‍ നടത്താനിരുന്ന ക്രിസ്മസ് പരിപാടി ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കി. ഡിസംബര്‍ 24 ന് കുട്ടികള്‍ക്കായുള്ള കളികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന പരിപാടിക്കെതിരെ, ശ്രീഗംഗാ സഭ, ആര്‍എസ്എസ് തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ഒരു പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം അനുചിതമാണെന്നായിരുന്നു അവരുടെ വാദം. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന്, സംഘര്‍ഷം ഒഴിവാക്കാന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് തയ്യാറാക്കിയിരുന്ന ആഘോഷപരിപാടികള്‍ പിന്‍വലിച്ചു.
ഗാസിയാബാദ്, ഉത്തര്‍പ്രദേശ് : ഗാസിയാബാദില്‍ ശ്രീ സത്യനിഷ്ഠ് ആര്യ എന്നയാള്‍ ഒരു ക്രിസ്ത്യന്‍ പാസ്റ്ററായ രാജു സദാശിവത്തെയും ഭാര്യയെയും പരസ്യമായി എതിരിടുന്നതും ഉപദ്രവിക്കുന്നതും കാണിക്കുന്ന വീഡിയോ മനുഷ്യാവകാശ സംഘടനകളിലും സഭാസംഘടനകളിലും പ്രതിഷേധം ആളിക്കത്തിച്ചു.
ആര്യ അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും ക്രിസ്തുമതത്തെക്കുറിച്ച് അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും ദമ്പതികളെ അനുമതിയില്ലാതെ വീഡിയോയില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സന്ന്യൂര്‍ റഹ്മാന്‍ എന്നറിയപ്പെടുന്ന ആര്യ വിവാദ പശ്ചാത്തലമുള്ളയാളാണെന്നും ഓണ്‍ലൈനില്‍ വര്‍ഗീയ ഉള്ളടക്കം പ്രചരിപ്പിക്കാറുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.
പുരി, ഒഡീഷ : ക്രിസ്മസിന് മുന്നോടിയായി സാന്താ തൊപ്പികള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരെ ഒരു കൂട്ടം എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഒഡീഷ ഒരു 'ഹിന്ദു രാഷ്ട്രം' ആണെന്നും 'ക്രിസ്ത്യന്‍ വസ്തുക്കള്‍' അവിടെ വില്‍ക്കരുതെന്നും കച്ചവടം നിറുത്തണമെന്നും പറയുകയായിരുന്നു അവര്‍. ഇത് പ്രാദേശിക അധികാരികളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശരിവച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍, അക്രമികള്‍ വില്‍പ്പനക്കാരുടെ മതത്തെയും വരുന്ന സ്ഥലത്തെയും കുറിച്ചു ചോദ്യങ്ങളുന്നയിക്കുന്നു. അവരോട് പോകാന്‍ പറയുന്നു, പകരം ജഗന്നാഥഭഗവാന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ജീവിക്കാനായി ഓരോ സമയത്തിനും ചേരുന്ന വസ്തുക്കള്‍ വിറ്റതാണെന്നു വില്‍പ്പനക്കാര്‍ പറയുന്നു.
ലജ്പത് നഗര്‍, ന്യൂഡല്‍ഹി : ഡിസംബര്‍ 22 ന് ലജ്പത് നഗര്‍ പ്രദേശത്ത് ക്രിസ്ത്യന്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടത്തെ മതപരിവര്‍ത്തനം ആരോപിച്ച് ബജ്രംഗ് ദള്‍ അംഗങ്ങള്‍ നേരിട്ടു. സാന്താ തൊപ്പികള്‍ ധരിച്ചിരുന്ന സ്ത്രീകളോടും കുട്ടികളോടും പൊതുസ്ഥലത്തു നില്‍ക്കരുതെന്നു ശഠിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. സ്ഥലം വിടാന്‍ സംഘത്തോട് ആവശ്യപ്പെടുന്നതും തുടര്‍ന്നു ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടക്കുന്നതും വീഡിയോയില്‍ കാണാം.
കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍: ഇന്ത്യ ഒരു 'ഹിന്ദു രാഷ്ട്രം' ആണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അങ്ങനെയൊരു വിശേഷണം നടത്തുന്നതിനു ഭരണഘടനാ ഭേദഗതിയോ ഔപചാരിക അംഗീകാരമോ ആവശ്യ മില്ലെന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് അടുത്തിടെ പ്രസ്താവിച്ചിരുന്നു. ആര്‍ എസ് എസിന്റെ
100-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കവേ, ഇന്ത്യയുടെ ഹിന്ദുസ്വത്വം ഒരു നിയമ സാങ്കേതികതയേക്കാള്‍ സാംസ്‌കാരികാടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതേതര ഭരണഘടനാ ചട്ടക്കൂടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയുള്ള അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധാര്‍ഹങ്ങളാണ്.
തിരുവനന്തപുരം, കേരളം : കേരളത്തിലെ തപാല്‍ ജീവനക്കാര്‍ക്കായി നടത്താനിരുന്ന ഔദ്യോഗിക ക്രിസ്മസ് പരിപാടിയില്‍ ആര്‍ എസ് എസ് ബന്ധമുള്ള ഒരു ഗാനം ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ജീവനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബര്‍ 18-ന് ആസൂത്രണം ചെയ്തിരുന്ന ആഘോഷങ്ങളില്‍, ആര്‍ എസ് എസ് ബന്ധമുള്ള ഭാരതീയ മസ്ദൂര്‍ സംഘത്തിനു കീഴിലുള്ള ഭാരതീയ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എംപ്ലോയീസ് യൂണിയന്‍ 'ആര്‍ എസ് എസ് ഗണഗീതം' ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ജീവനക്കാരുടെ എതിര്‍പ്പിന് കാരണമായി. അവര്‍ ഇത് ആലപിക്കാന്‍ വിസമ്മതിച്ചു. സംഘാടകര്‍ ആസൂത്രണം ചെയ്ത ക്രിസ്മസ് ആഘോഷങ്ങള്‍ എതിര്‍പ്പിനെത്തുടര്‍ന്ന്, പിന്‍വലിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
സഭാധികാരികള്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല. ഒരു വശത്ത്, ഭരണഘടനാ പദവികളിലുള്ളവര്‍ ക്രിസ്ത്യന്‍ നേതാക്കളുമായി സൗഹൃദം പങ്കുവെക്കുന്നു, ഐക്യം ഉറപ്പിക്കുന്നു. മറുവശത്ത്, സ്വന്തം വിശ്വാസം അക്രമത്തിനു കാരണമാകുകയും മൃതസംസ്‌കാരം യുദ്ധക്കളമാകുകയും മതസ്വാതന്ത്ര്യം ബലപ്രയോഗത്തിനു വിധേയമാകുകയും ചെയ്യുന്ന യാഥാര്‍ഥ്യത്തെ െ്രെകസ്തവര്‍ അഭിമുഖീകരിക്കുന്നു.
ന്യൂഡല്‍ഹി : വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഈ വര്‍ഷം ക്രിസ്മസ് ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഹിന്ദുക്കളോട് പരസ്യമായി അഭ്യര്‍ത്ഥിച്ചു. 'സാംസ്‌കാരിക ജാഗ്രത' എന്ന നിലയിലാണ് ഈ അഭ്യര്‍ഥന അവര്‍ രൂപപ്പെടുത്തിയത്. വ്യക്തികള്‍, കടയുടമകള്‍, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെ ലക്ഷ്യമാക്കിയുള്ളതായിരുന്നു ഈ ആഹ്വാനം. ക്രിസ്മസ് പരിപാടികളില്‍ പങ്കെടുക്കുന്നത് ഹിന്ദു പാരമ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് വിഎച്ച്പി വാദിക്കുന്നു. തങ്ങളുടെ നിലപാട് ഏതെങ്കിലും സമൂഹത്തിനെതിരെയല്ല, മറിച്ച് ഹിന്ദു സംസ്‌കാരം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സംഘടന പറഞ്ഞു.
ദുന്‍ഗര്‍പൂര്‍, രാജസ്ഥാന്‍ : ഡിസംബര്‍ 14-ന് രാവിലെ 10:30 ന് ബിച്ചിവാര ഗ്രാമത്തിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ അതിക്രമിച്ചു കയറി. പുരോഹിതന്മാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുകയും ആരാധന തടസ്സപ്പെടുത്തുകയും ചെയ്തു. ഒരു മതബോധനാധ്യാപകനെ മറികടന്ന് പള്ളിയിലെ പുരോഹിതനെ ആക്രമിച്ച സംഘം പോലീസ് എത്തുന്നതുവരെ തെറിവിളികള്‍ നടത്തി. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അക്രമികള്‍ പരിസരം വിട്ടുപോയി. സംഭവം മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതിനാല്‍ പ്രാദേശിക അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
റായ്പൂര്‍, ഛത്തീസ്ഗഢ് : മതപരിവര്‍ത്തനങ്ങളിലും സമീപകാല വര്‍ഗീയ സംഘര്‍ഷങ്ങളിലും പ്രതിഷേധിച്ച് ഡിസംബര്‍ 24-ന് സംസ്ഥാന വ്യാപകമായി നടന്ന 'ഛത്തീസ്ഗഢ് ബന്ദ്'നിടെ റായ്പൂരിലെ മാഗ്‌നെറ്റോ മാളില്‍ ഏകദേശം 4050 പേര്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു. കുറുവടികളും ആയുധങ്ങളുമായി എത്തിയ സംഘം മാളിലേക്ക് ഇരച്ചുകയറി ക്രിസ്മസ് ട്രീകളും സാന്താക്ലോസ് പ്രതിമകളും ഉള്‍പ്പെടെയുള്ള ഉത്സവാലങ്കാരങ്ങള്‍ തകര്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം.
ഈ ആക്രമണങ്ങളെ പ്രത്യേകിച്ച് ആശങ്കാജനകമാക്കുന്നത് ഇവ നടക്കുന്നതിന്റെ വിശാലമായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര പശ്ചാത്തലമാണ്. ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കാനുള്ള ആഹ്വാനങ്ങള്‍ ഇപ്പോള്‍ ഏതെങ്കിലും ഗൂഢസംഘങ്ങള്‍ മന്ത്രിക്കുകയല്ല ചെയ്യുന്നത്. ഭരണകൂടവുമായി ബന്ധപ്പെട്ട സ്വാധീനമുള്ള വ്യക്തികള്‍ അവ പരസ്യമായും, ആവര്‍ത്തിച്ചും, അസന്ദിഗ്ധമായി ഉന്നയിക്കുകയാണ്. ഈ അന്തരീക്ഷത്തില്‍, റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നായ ഭരണഘടനാപരമായ മതേതരത്വം നിരന്തരം പൊള്ളയായി മാറുന്നു. ഒരു സജീവയാഥാര്‍ഥ്യം എന്നതിനേക്കാള്‍ അതു വെറുമൊരു സാങ്കേതികത്വം മാത്രമായി ചുരുങ്ങുന്നു.
ക്രിസ്മസിന് ക്രിസ്ത്യാനികളെ ഉന്നമിടുമ്പോള്‍, ആരു പ്രാര്‍ഥിക്കണം, പാടണം അല്ലെങ്കില്‍ ഒത്തുകൂടണം എന്ന് ആള്‍ക്കൂട്ടങ്ങള്‍ തീരുമാനിക്കുമ്പോള്‍ സന്ദേശം വ്യക്തമാണ്: തങ്ങള്‍ മറ്റുള്ളവരേക്കാള്‍ കുറഞ്ഞവരാണെന്ന് ചില പൗരന്മാരോട് പറയപ്പെടുകയാണ്.
മെത്രാന്മാര്‍ക്കു നല്‍കുന്ന പുഞ്ചിരികളും ഹസ്തദാനങ്ങളും ഭയം ഇല്ലാതാക്കാന്‍ പര്യാപ്തല്ല. ഈ ആക്രമണങ്ങള്‍ യാദൃശ്ചികമല്ല. പവിത്രമായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍, ശിക്ഷാഭീതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്തിനും മുതിരുന്ന ആള്‍ക്കൂട്ടത്തിന്റെ ഒരു രീതിയാണ് അവ പിന്തുടരുന്നത്. നിയമ നിര്‍വ്വഹണ സംവിധാനം പലപ്പോഴും കണ്ണടയ്ക്കുന്നു, എഫ്‌ഐആറുകള്‍ വൈകുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നു, ഇരകള്‍ ബലഹീനരായി തുടരുന്നു. പള്ളിയിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ബിഷപ്പുമാര്‍ക്ക് ഉച്ചഭക്ഷണം നല്‍കുകയോ ചെയ്യുക ഉത്തരവാദിത്വത്തിന് പകരമാകുന്നില്ല. സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം അളക്കുന്നത് ഇത്തരം കെട്ടുകാഴ്ചകളിലല്ല, മറിച്ച് പ്രവര്‍ത്തനത്തിലാണ്: വേഗത്തിലുള്ള നീതി, കര്‍ശനമായ അന്വേഷണം, നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രതിരോധം.
നേതൃത്വത്തിനാവശ്യം കെട്ടുകാഴ്ചകളേക്കാളുപരിയാണ്. വെറുപ്പിനെ നേരിടുക, വിശ്വാസത്തിനതീതമായി പൗരന്മാരെ സംരക്ഷിക്കുക, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും സ്വന്തം വിശ്വാസം ഒളിച്ചു വയ്ക്കാതെയും മതപരമായ ചടങ്ങുകള്‍ റദ്ദാക്കാതെയും ജീവിക്കാന്‍ കുട്ടികള്‍ക്കും വിശ്വാസികള്‍ക്കും മുഴുവന്‍ സമൂഹങ്ങള്‍ക്കും കഴിയുമെന്നും ഉള്ള ശക്തമായ സന്ദേശം കൈമാറുക എന്നിവയാണ് രാഷ്ട്രതന്ത്രജ്ഞതയ്ക്ക് ആവശ്യം.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്നത് ഉപാധികളോടെയുള്ള പൗരത്വമല്ല. സുരക്ഷയ്ക്കായി കൂറോ കൃതജ്ഞതയോ നിശബ്ദതയോ തെളിയിക്കാന്‍ ന്യൂനപക്ഷങ്ങളോട് അതാവശ്യപ്പെടുന്നില്ല. മതസ്വാതന്ത്ര്യം, നിയമത്തിന് മുന്നില്‍ തുല്യത, ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പുനല്‍കുന്നതാണു ഭരണഘടന. പക്ഷേ, ക്രിസ്മസിന് ക്രിസ്ത്യാനികളെ ഉന്നമിടുമ്പോള്‍, ആരു പ്രാര്‍ഥിക്കണം, പാടണം അല്ലെങ്കില്‍ ഒത്തുകൂടണം എന്ന് ആള്‍ക്കൂട്ടങ്ങള്‍ തീരുമാനിക്കുമ്പോള്‍ സന്ദേശം വ്യക്തമാണ്: തങ്ങള്‍ മറ്റുള്ളവരേക്കാള്‍ കുറഞ്ഞവരാണെന്ന് ചില പൗരന്മാരോട് പറയപ്പെടുകയാണ്.
നിശബ്ദതയിലൂടെയോ ന്യായീകരണത്തിലൂടെയോ ഈ ആക്രമണങ്ങളെ സാധാരണവല്‍ക്കരിക്കുന്നത് അതുപോലെ തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നു. ക്രിസ്ത്യാനികള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് ഇരയാകുമ്പോള്‍ പോലുമുള്ള നിയമപാലക ഏജന്‍സികളുടെ നിസ്സംഗതയാണ് ഭയപ്പെടുത്തുന്നത്. വലതുപക്ഷ ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത് ക്രിസ്ത്യാനികളെ വേട്ടയാടുമ്പോള്‍, പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതിനുപകരം, പ്രാര്‍ഥനയ്ക്കായി ഒത്തുകൂടുന്നത് ഒഴിവാക്കാനാണ് അവര്‍ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തുമ്പോള്‍ അതേ നിയമപാലക ഏജന്‍സികള്‍ നടപടിയെടുക്കുന്നു.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്നത് ഉപാധികളോടെയുള്ള പൗരത്വമല്ല. സുരക്ഷയ്ക്കായി കൂറോ കൃതജ്ഞതയോ നിശബ്ദതയോ തെളിയിക്കാന്‍ ന്യൂനപക്ഷങ്ങളോട് അതാവശ്യപ്പെടുന്നില്ല. മതസ്വാതന്ത്ര്യം, നിയമത്തിന് മുന്നില്‍ തുല്യത, ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പുനല്‍കുന്നതാണു ഭരണഘടന.
'നിര്‍ബന്ധിത മതപരിവര്‍ത്തനം' സംബന്ധിച്ച ആരോപണങ്ങള്‍ യാതൊരു തെളിവുമില്ലാതെ വ്യാപകമായി ഉന്നയിക്കപ്പെടുന്നു. പീഡനത്തെയും അക്രമത്തെയും ന്യായീകരിക്കാന്‍ അത് ആയുധമാക്കുന്നു. നിയമപാലകര്‍ അക്രമികളോടു സഹകരിക്കുന്നില്ലെങ്കില്‍ തന്നെ നിസംഗത പാലിക്കുന്നു, പലപ്പോഴും സംരക്ഷിക്കുന്നതിനുപകരം ഇരകളെ ഉപദേശിക്കുന്നു. നിയമത്തിന്റെ ഈ പക്ഷാഭേദപരമായ പ്രയോഗം പൊതുജനവിശ്വാസത്തെ നശിപ്പിക്കുകയും ശിക്ഷാഭയമില്ലാതെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങളെ ധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
ഇതൊക്കെയായിരുന്നിട്ടും സഭാധികാരികള്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല. ഒരു വശത്ത്, ഭരണഘടനാ പദവികളിലുള്ളവര്‍ ക്രിസ്ത്യന്‍ നേതാക്കളുമായി സൗഹൃദം പങ്കുവെക്കുന്നു, ഐക്യം ഉറപ്പിക്കുന്നു. മറുവശത്ത്, സ്വന്തം വിശ്വാസം അക്രമത്തിനു കാരണമാകുകയും മൃതസംസ്‌കാരം യുദ്ധക്കളമാകുകയും മതസ്വാതന്ത്ര്യം ബലപ്രയോഗത്തിനു വിധേയമാകുകയും ചെയ്യുന്ന യാഥാര്‍ഥ്യത്തെ െ്രെകസ്തവര്‍ അഭിമുഖീകരിക്കുന്നു. തെക്ക് നിന്ന് വടക്കോട്ട് സഞ്ചരിക്കുന്ന സന്ദേശം സുവ്യക്തമാണ്: മുകള്‍ത്തട്ടിലെ അംഗീകാരം താഴെ സംരക്ഷണമായി വിവര്‍ത്തനം ചെയ്യപ്പെടുന്നില്ല. കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നത് അവര്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സ്പര്‍ശിക്കാതെ പത്രക്കുറിപ്പുകളിലൂടെ നടത്തുന്ന യാന്ത്രിക പ്രതികരണം, ആക്രമണകാരികള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിന് തുല്യമാണ്. തീവ്രവാദികള്‍ നടത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങളായി വിശേഷിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഈ ആക്രമണങ്ങളെ മറച്ചുവെക്കാന്‍ ശ്രമിച്ചേക്കാം. സ്വന്തം മതം പ്രഖ്യാപിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനുമുള്ള അവകാശം സംരക്ഷിക്കാന്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്.