ആൻ്റണി ചെറുവത്തൂർ
സമയം നോക്കാതെ എന്നെ എപ്പോ വേണേലും വിളിക്കുന്ന ഒരേയൊരാൾ. അതാണ് ആലപ്പാട്ടച്ചൻ. രാത്രിയോ, അർദ്ധരാത്രിയോ പുലർച്ചയോ എന്നൊന്നും ഇല്ല; അച്ചന് എപ്പോഴാണോ ആവശ്യം അപ്പോ വിളിക്കും. അച്ചന്റെ കോൾ ഞാൻ എടുക്കും എന്നതുകൊണ്ട് തന്നെ ആ രീതിയിലുള്ള വിളി കഴിഞ്ഞ 23 വർഷമായി തുടർന്നു....ഇനി ആ വിളിയില്ല.
2003 മാർച്ചിലാണ് ഞാൻ അച്ചന്റെ സെക്രട്ടറിയായി ജൂബിലിയിൽ സേവനം തുടങ്ങുന്നത്. ജൂബിലിയിലേക്ക് എനിക്കുള്ള അച്ചന്റെ ഇൻവിറ്റേഷന്റെ പിന്നിലും ഒരു കഥയുണ്ട്. ഞാൻ മേരിമാത മേജർ സെമിനാരിയിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ്. അവിടെ ചില ക്ലാസ്സുകൾ എടുക്കാനായി വന്നിരുന്ന അധ്യാപകരിൽ ഒരാളായിരുന്നു ആലപ്പാട്ടച്ചൻ. ഫിലോസഫി പഠനത്തിന്റെ ആദ്യവർഷം. അച്ചൻ ക്ലാസ്സ് എടുത്തുകൊണ്ടിരുന്നപ്പോൾ പോക്കറ്റിൽ ഹാന്റ്കർച്ചീഫും ചീർപ്പും ഇല്ലാത്ത ഒരു വിദ്യാർത്ഥിയെ പൊക്കി എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. ചീർപ്പിനെ ഇംഗ്ലീഷിൽ എന്താണ് പറയുകയെന്ന് ചോദിച്ചു. പുള്ളിക്കാരൻ പറഞ്ഞു കോമ്പ് (Comb). അച്ചൻ പറഞ്ഞു എല്ലാവരും അത് തെറ്റിച്ചാണ് പറയുന്നത് അത് കൂമ്പ് എന്നാണ് ഉച്ചരിക്കേണ്ടതെന്ന്. ആരും ഒന്നും മിണ്ടിയില്ല, കൂമ്പെങ്കിൽ കൂമ്പ്. പക്ഷേ ഞാൻ കൈ ഉയർത്തി അച്ചാ ഒരു സംശയം ഉണ്ടെന്ന് പറഞ്ഞു. എങ്ങിനെയാണച്ചാ അത് കൂമ്പ് ആവുന്നത് കോമ്പ് തന്നെയല്ലെ? പിന്നെ എന്നോടായി ചോദ്യം. WOMB എങ്ങിനെയാണ് ഉച്ചരിക്കുന്നത് ഞാൻ പറഞ്ഞു വൂമ്പ്. വീണ്ടും അച്ചൻ ചോദിച്ചു. TOMB എങ്ങിനെയാണ് ഉച്ചരിക്കുന്നത്. ഞാൻ പറഞ്ഞു ടൂമ്പ്. അല്പം സമയത്തെ നിശബ്ദതക്കുശേഷം എന്നോട് മനസ്സിലായില്ലെ ഇരിക്ക് എന്ന് അച്ചൻ പറഞ്ഞു. കുറച്ചുകഴിഞ്ഞ് വീണ്ടും എഴുന്നേറ്റ് നിന്ന് ഞാൻ ചോദിച്ചു അല്ല അച്ചാ അപ്പോ BOMB ബൂമ്പോ ബോംബോ...
വീണ്ടും അല്പം സമയത്തെ നിശബ്ദതയ്ക്കുശേഷം അച്ചന്റെ ഉച്ചത്തിലുള്ള വാക്കുകൾ, ഇരിക്കവിടെ.....
പക്ഷേ അച്ചൻ ഇന്റർവെൽ സമയത്ത് എന്നെ അടുത്ത് വിളിച്ച് അതിനെ കുറിച്ചു ചോദിച്ചു.
പിന്നീട് ഞാൻ സെമിനാരിയിൽനിന്ന് പോയതറിഞ്ഞ് അച്ചന്റെ ബാച്ച്‌മേറ്റ് കൂടിയായ ബഹു. ജോസ് വട്ടക്കുഴി അച്ചൻ വഴിയായാണ് എന്നെ ആലപ്പാട്ടച്ചൻ വിളിക്കുന്നതും ജൂബിലിയിൽ ചേരുന്നതും.
ജൂബിലിയിലെ ആദ്യ ദിവസം. മേജർ ആർച്ചുബിഷപ്പിനുള്ള ഒരു കത്ത് തയ്യാറാക്കണം. ആശയം പറഞ്ഞുതന്നു അത് ഇംഗ്ലീഷിൽ ഒരു കത്താക്കി വരാൻ പറഞ്ഞു. അതായിരുന്നു എന്റെ ഇന്റർവ്യൂ. അതിൽ ഞാൻ പാസ്സായി.
തുടക്കത്തിൽ ഞാൻ തയ്യാറാക്കുന്ന കത്തുകൾ അച്ചൻ സൂഷ്മതയോടെ നോക്കുമായിരുന്നു പക്ഷേ രണ്ട് മൂന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ മുതൽ ഒന്നും നോക്കാതെ ഒപ്പിടാൻ തുടങ്ങി..ഞാൻ തയ്യാറാക്കുന്ന കത്തുകളിൽ തെറ്റ് വരാനിടയില്ല എന്ന അച്ചന്റെ വിശ്വാസം അത് എന്റെ ആത്മവിശ്വാസത്തിനേക്കാൾ ഒരുപടി മുന്നിലായിരുന്നു.
അച്ചന് എന്നെ ഇഷ്ടമായിരുന്നോ എന്ന് എനിക്കറിയില്ല പക്ഷേ നല്ല വിശ്വാസമായിരുന്നു. അതിനാൽതന്നെയായിരിക്കണം, അച്ചന്റെ മരണശേഷം ശരീരം ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്കോ അവർ നിരസിക്കുന്ന സാഹചര്യമുണ്ടാകുന്നപക്ഷം തൃശൂർ മെഡിക്കൽ കോളേജിലേക്കോ ദാനം ചെയ്യാനുള്ള അച്ചന്റെ താല്പര്യം ഒരു മരണപത്രമാക്കി രജിസ്റ്റർ ചെയ്ത് അത് നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടവരിൽ ഒരാളായി ഞാൻ മാറിയതും അതിന്റെ പകർപ്പ് അച്ചൻ എന്നെ ഏൽപ്പിച്ചതും. അത് അച്ചന്റെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾക്കിടയിൽ അഭിവന്ദ്യ ടോണി പിതാവിന്റെ സാന്നിധ്യത്തിൽ എനിക്ക് വായിക്കാൻ കഴിഞ്ഞതും അച്ചൻ നേരത്തെ നിശ്ചയിച്ചുറപ്പിച്ച താല്പര്യം നിവർത്തിക്കാനുള്ള അപൂർവ്വ അവസരമായി മാറി.അച്ചന്റെ ആ ആഗ്രഹത്തെ ഒരു എതിർപ്പും കൂടാതെ എല്ലാവരും അംഗീകരിച്ചത് അച്ചനോടുള്ള അവരുടെ ആദരവായി ഞാൻ കാണുന്നു.
അച്ചൻ പൊതുവേ ഇഷ്ടം പുറത്ത് പ്രകടിപ്പിക്കുന്ന ആളായിരുന്നില്ല. പുറമേ വലിയ കാർക്കശ്യക്കാരനായിരുന്നു. എല്ലാവർക്കും അച്ചനെ പേടിയായിരുന്നു പ്രത്യേകിച്ച് ജൂബിലിയിലുള്ള കാലം.
എന്റെ ഇടവകയായ വടക്കാഞ്ചേരിയിലെ ഒക്ടോബർ മാസത്തിലെ ദർശന തിരുന്നാൾ. ആലപ്പാട്ടച്ചനാണ് തിരുന്നാൾ സന്ദേശം എന്നറിഞ്ഞപ്പോൾ ഞാൻ അച്ചനെ ചെന്ന് കണ്ടു പ്രത്യേകം ക്ഷണിച്ചു. പെരുന്നാൾ കുർബാന കഴിഞ്ഞ് അച്ചൻ വീട്ടിലേക്ക് വരണം. "ഞാൻ വരില്ല അതിനുള്ള സമയം കാണില്ല. ഞാൻ കുർബാനക്ക് പോലും മുഴുവൻ സമയം ഉണ്ടാവില്ല തിരുന്നാൾ സന്ദേശം കഴിഞ്ഞതും ഇറങ്ങും." അച്ചൻ പറഞ്ഞാൽ പറഞ്ഞതുപോലെയാണ്. അച്ചൻ വന്നു. അന്ന് അച്ചന്റെ കൂടെ ഡ്രൈവറായി പ്രദീപാണ് ഉണ്ടായിരുന്നത്. ഞാൻ പള്ളിയുടെ മുന്നിൽ തന്നെ അച്ചനെ കാത്തുനിന്നു. അച്ചൻ പറഞ്ഞു, ഞാൻ വരുന്നില്ല, നീ ഒരു കാര്യം ചെയ്യ്, പ്രദീപിനെ വീട്ടിൽ കൊണ്ട് പോയി അവന് ഭക്ഷണം കൊടുത്തിട്ട് വേഗം തിരിച്ചുവരണം എന്റെ പ്രസംഗം പെട്ടെന്ന് തീരും എനിക്ക് ഉടനെ പോകണം.
അച്ചൻ വീട്ടിലേക്ക് വരുന്നില്ലെന്ന് ഉറപ്പായപ്പോൾ ഉണ്ടായിരുന്ന ചെറിയ പേടിയും പോയി. പ്രദീപിനെയും കൂട്ടി ഞാൻ വീട്ടിലേക്ക് പോയി. അവൻ അന്ന് നിന്നാണ് ഭക്ഷണം കഴിച്ചത്. വേഗം ഞങ്ങൾ തിരിച്ച് പള്ളിയിലെത്തി. കൃത്യം സമയം അച്ചൻ ഇതാ പ്രസംഗം കഴിഞ്ഞ് ഇറങ്ങി വരുന്നു. കാറിൽ കയറാനായി ഡോർ തുറന്നതിനുശേഷം ഒരു ചോദ്യം, "നിന്റെ വീട്ടിലേക്ക് പോകണമെങ്കിൽ പുറകിലോട്ട് തിരിയണ്ടെ... ആ നീയും കേറ് വീട്ടിലേക്ക് പോകാം." അച്ചൻ വരുന്നുണ്ടെന്ന് വീട്ടുകാരെ പെട്ടെന്ന് അറിയിക്കാൻ അന്ന് മൊബൈലും ഇല്ലല്ലോ. അച്ചൻ വന്ന് ഭക്ഷണം കഴിച്ച് എല്ലാവർക്കുമായി പ്രത്യേകം നേരത്തെ കരുതിവച്ചിരുന്ന സമ്മാനങ്ങൾ കാറിൽനിന്നും അച്ചൻ തന്നെയെടുത്ത് തന്നു. കൂടാതെ നേർച്ചയിടാൻ എന്ന് പറഞ്ഞ് നൂറു രൂപയും. സ്‌നേഹവും കരുതലും എന്നും അച്ചനുണ്ടായിരുന്നു എന്നതിന് ഇതിൽപരം മറ്റ് എന്താണ് വേണ്ടത്.
ചിലപ്പോഴൊക്കെ അച്ചൻ ഇഷ്ടപ്പെട്ടുവരുന്നതിനു മുമ്പേ ഞാൻ അച്ചനെ വെറുപ്പിക്കുന്നത് പതിവുകാഴ്ചയായിരുന്നു. ഞങ്ങൾ തമ്മിൽ ആശയങ്ങളുടെ പേരിൽ ചില പരിപാടികളുടെ നടത്തിപ്പിന്റെ പേരിൽ ചില കാര്യങ്ങളിൽ അച്ചൻ എടുക്കാറുള്ള തീരുമാനങ്ങളുടെ പേരിൽ പലപ്പോഴും രസക്കേടുകൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴുള്ള പിണക്കങ്ങൾ അല്പം കാലയളവ് കൂടുതൽ നീണ്ടുനിന്നിട്ടുള്ള അവസരങ്ങളുമുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു പിണക്ക കാലഘട്ടത്തിലായിരുന്നു എന്റെ വിവാഹം. അച്ചൻ അപ്പോൾ വിദേശത്തായിരുന്നു. അന്ന് ആകെ ഇന്റർനെറ്റ് ഉണ്ടായിരുന്ന അച്ചന്റെ ഔദ്യോഗിക മുറിയിലെ കമ്പ്യൂട്ടറിൽ ഒരു മെയിൽ ഞാൻ കണ്ടു. "ആന്റണിയുടെ വിവാഹത്തിന് നിങ്ങളെല്ലാവരും പോകണം. അവന് എന്തെങ്കിലും സമ്മാനങ്ങൾ കൊടുക്കണം. ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട്." ഇതായിരുന്നു ഇമെയിൽ. ഇതും ഞാനാണ് കാണുക, വായിക്കുക എന്ന ചിന്ത അച്ചന്റെ തലയിൽ ഓടിയില്ല എന്നതാണ് തമാശ. ഞാൻ അതിന്റെ ഒരു പ്രിന്റ് എടുത്ത് അന്നത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്തിന് കൊടുത്തിട്ട് പറഞ്ഞു, സമ്മാനം നല്ലതു നോക്കി വാങ്ങിക്കോ... ഞങ്ങൾ ഇരുവരും കുറേനേരം ചിരിച്ചു.
ഒരിക്കലും ഒരു പ്രത്യേക മമതയും അച്ചൻ എന്നോട് കാണിച്ചിട്ടില്ല. എന്റെ വിവാഹശേഷം ശമ്പളം കൂട്ടിത്തരണം എന്ന് അച്ചനോട് ആവശ്യപ്പെട്ടപ്പോൾ നിനക്ക് മാത്രമായി എങ്ങിനെയാണ് ശമ്പളം കൂട്ടുക എന്ന് പറഞ്ഞ് ആ നിലപാട് അച്ചൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ പറയുന്ന കാര്യങ്ങളിൽ ശരിയുണ്ടെങ്കിൽ അത് അച്ചന് ബോധ്യപ്പെടുന്ന പക്ഷം മറുപക്ഷത്ത് ആരായാലും അത് എത്ര വലിയ ആളായാലും അച്ചൻ ആ ശരിയുടെ പക്ഷത്ത് നിന്നിട്ടുണ്ട്. ജൂബിലി മിഷൻ ആസ്പത്രി മെഡിക്കൽ കോളേജായി മാറുന്ന ആ സമയം ഏറെ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിലുള്ള സീനിയർ ഡോക്ടർമാർ ഒരു സുപ്രഭാതത്തിൽ തഴയപ്പെടുകയും ഇന്നലെ വന്നുകയറിയവർ ഡിപ്പാർട്ട്‌മെന്റ് ഹെഡും മറ്റുമായി ആ സീനിയേഴ്‌സിനെ ഭരിക്കുന്ന അവസ്ഥയും. ഇവർ ഇരുകൂട്ടർക്കുമിടയിലൂടെ പരിക്കുപറ്റാതെ നടന്നുനീങ്ങാൻ അച്ചന്റെ ശരിപക്ഷത്തുനിൽക്കുന്ന ഉറച്ച നിലപാടുകൾ പലപ്പോഴും എനിക്ക് അത്താണിയായി തീർന്നിട്ടുണ്ട്.
അച്ചനാണ് എന്നെ ബാംഗ്ലൂരിൽ (XIME) വിട്ട് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പഠനത്തിനയച്ചത്. ജൂബിലി മിഷൻ ഹോസ്പിറ്റൽ ട്രസ്റ്റ് യോഗത്തിൽ നടന്ന ആ തീരുമാനം വളരെ രസകരമായാണ് അച്ചൻ എന്റെ മുന്നിൽ അവതരിപ്പിച്ചത്. നിന്റെ കല്ല്യാണകാര്യം വല്ലതും ശരിയായോ? ഇല്ലെന്ന് ഞാൻ പറഞ്ഞു. വലിയ തിരക്ക് അക്കാര്യത്തിൽ നിനക്ക് ഇല്ലെങ്കിൽ ബാംഗ്ലൂരിൽ പഠിക്കാൻ പോണോ എന്നൊരു ചോദ്യം. ആവാം എന്ന് ഞാൻ പറഞ്ഞു. പഠനം കഴിഞ്ഞ് തിരിച്ചുവന്ന് എച്ച് ആർ വിഭാഗം കൈകാര്യം ചെയ്യണമെന്നതായിരുന്നു പ്ലാൻ. പക്ഷേ തിരിച്ചുവന്നപ്പോൾ അച്ചന്റെ സെക്രട്ടറി എന്ന എന്റെ പദവി എടുത്തുകളയാൻ അച്ചൻ തയ്യാറായില്ല. .
അച്ചന്റെ കൂടെയുള്ള സേവനം അതാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ഒരു വൈഭവം അച്ചനിൽനിന്നും എനിക്ക് വരമായി കിട്ടിയതാണ്; കാരണം ഒരു കത്ത് തയ്യാറാക്കുന്നതിലേക്കുള്ള വിശദാംശങ്ങൾ പറഞ്ഞുതന്ന് അത് എഴുതിയെടുത്ത് തിരിച്ച് ഞാൻ എന്റെ കസേരയിൽ എത്തുന്ന സമയം എന്റെ മേശയിലെ ഇന്റർകോം ഫോൺ റിങ്ങ് ചെയ്യുന്നുണ്ടാവും. എടുക്കുമ്പോൾ മറുവശത്ത് അച്ചൻ. 'എന്തായി അടിച്ചു കഴിഞ്ഞോ...'. അച്ചാ ഞാൻ ഇവിടെ എത്തിയിട്ട് കസേരയിൽ ഇരുന്നിട്ടുപോലുമില്ല, ഇരുന്നിട്ടുവേണ്ടേ ടൈപ്പ് ചെയ്യാൻ എന്ന എന്റെ മറുപടിയും…; പിന്നെ ഇഷ്ടക്കേടിന് വേറെ വല്ലതും വേണോ... പക്ഷേ അച്ചൻ അവിടെ ആഗ്രഹിച്ചത് എന്നിലെ കാര്യക്ഷമതയെ കൂട്ടുക എന്നതാണ്. അതിൽ അച്ചൻ വിജയിക്കുകയും ചെയ്തു. കാരണം പത്ത് മിനിറ്റ് എടുക്കാവുന്ന ആ കത്ത് ഒരുപക്ഷേ അഞ്ചോ ആറോ മിനിറ്റിൽ ഞാൻ തയ്യാറാക്കും അത് തന്നെയായിരുന്നു അച്ചന്റെ ആവശ്യവും.
ജൂബിലിയിൽനിന്നും ഞാൻ പോന്നതിനുശേഷം ആലപ്പാട്ടച്ചന്റെ സെക്രട്ടറിയായി സാന്ത്വനം എന്ന സ്ഥാപനത്തിലും സേവനം ചെയ്തു. അച്ചൻ ആരംഭിച്ച തൃശൂരിന്റെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ സത്സംഗ് തൃശിവപേരൂരിന്റെ പ്രവർത്തനങ്ങളിലും അച്ചനോടൊപ്പം ഞാനുണ്ടായിരുന്നു.
കുറച്ച് മാസങ്ങൾക്കുമുമ്പ് അച്ചനെ പോയികണ്ടപ്പോൾ അച്ചന്റെ പുതിയ ഒരു പുസ്തകത്തെ കുറിച്ചായിരുന്നു സംസാരിച്ചത് (ആ പുസ്തകം ഈസ്റ്ററിന് മുമ്പ് വളരെ ലളിതമായി പ്രസിദ്ധീകരിച്ചു എന്നാണ് അറിഞ്ഞത്). അന്ന് ഞാൻ അച്ചനോട് തമാശരൂപേണ പറഞ്ഞു...സംഗതി അച്ചന്റെ കൂടെ കൂടിയിട്ടുള്ള എന്റെ അനുഭവങ്ങൾ എഴുതാനാണെങ്കിൽ കുറച്ച് പുസ്തകങ്ങൾ എനിക്കും ഇറക്കാം... അച്ചൻ അത് പക്ഷേ ഗൗരവമായാണ് എടുത്തത് ‘എന്നാ നീ എഴുത്....എന്നെ കുറിച്ച് നിനക്കല്ലാതെ പിന്നെ ആർക്കാണ് എഴുതാൻ കഴിയാ...നീ എഴുത്, നമുക്ക് അത് പ്രസിദ്ധീകരിക്കാം’. അച്ചന്റെ ഇക്കാലമത്രയുമുള്ള മുഴുവൻ പുസ്തകങ്ങളും ലേഖനങ്ങളും ആകാശവാണിയിലെ സുഭാഷിതങ്ങളും തുടങ്ങി അച്ചന്റെ എല്ലാ എഴുത്തുകുത്തുകളുടെയും ഏതാണ്ട് 80 ശതമാനവും എന്റെ കൈകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഒന്നുകിൽ തുടക്കത്തിലുള്ള വിഷയസംബന്ധമായ ചർച്ചകൾക്കായി, അല്ലെങ്കിൽ അച്ചൻ പറയുന്നത് പകർത്തിയെഴുതാൻ, അതുമല്ലെങ്കിൽ എഴുത്തുകളുടെ പ്രൂഫ് റീഡറായി, ഇതൊന്നുമല്ലാതെ ഫൈനൽ ടൈപ്പ് സെറ്റിംഗ് ചെയ്യാൻ - ഇങ്ങനെ ഏതെങ്കിലുമൊരു ഘട്ടത്തിലൂടെ അച്ചന്റെ മിക്കവാറും എല്ലാം എഴുത്തിലും എനിക്ക് അച്ചൻ വലിയ റോൾ തന്നിരുന്നു. അച്ചൻ മനസ്സിൽ ഒരു കഥ മെനഞ്ഞാൽ ഒരുപക്ഷേ എഴുതാൻ തുടങ്ങുന്നതിനുമുമ്പ് അതിനെ കുറിച്ച് സംസാരിക്കാറുണ്ട്. അങ്ങനെയൊരവസരത്തിലാണ് അച്ചന്റെ ഒരു നോവലിലെ (The Unreal Love) അവസാനഭാഗത്ത് കാതലായ ഒരു മാറ്റം കൊണ്ടുവന്നാൽ നല്ലാതാണെന്ന് ഞാൻ പറഞ്ഞത്. അച്ചന് അത് വളരെ ഇഷ്ടപ്പെട്ടു. ആ ഭാഗം നീ തന്നെ എഴുത് എന്ന് എന്നോട് പറയുകയും ചെയ്തു. ആ നോവൽ പുറത്തിറങ്ങിയപ്പോൾ പലരും അതിന്റെ എൻഡിങ്ങ് നന്നായി എന്ന് പറഞ്ഞ കാര്യവും അച്ചൻ പിന്നീട് എന്നോട് പറഞ്ഞു.
കഴിഞ്ഞ വർഷത്തിലിറങ്ങിയ അച്ചന്റെ 'കാണാപ്പുറങ്ങൾ' എന്ന പുസ്തകത്തിന് ആമുഖം എഴുതാൻ അച്ചൻ എന്നെയാണ് ഏൽപ്പിച്ചത്. അങ്ങനെ ആലപ്പാട്ടച്ചന്റെ ഒരു പുസ്തകത്തിൽ ആമുഖമെഴുതാനുള്ള അവസരവും അച്ചൻ എനിക്ക് നൽകി. ആ ആമുഖത്തിൽ ഞാൻ ഇങ്ങനെ കുറിച്ചിരുന്നു..
'രോഗവും വേദനയും മറക്കാനുള്ള മരുന്നായാണ് ആലപ്പാട്ടച്ചൻ എഴുത്തിനെ ആശ്രയിക്കുന്നത്. ഈ ചികിത്സാ കാലയളവിൽ വലിയ തിരക്കുകളും ഉത്തരവാദിത്വങ്ങളും ഇല്ലാതെ സ്വസ്ഥമായി കഴിയുക എന്നതിനേക്കാൾ തന്റെയുള്ളിലെ ആശയങ്ങൾ അക്ഷരങ്ങളാക്കാനുള്ള അച്ചന്റെ പരിശ്രമത്തെ വിസ്മരിക്കാനാവില്ല. വായനകാർക്കും ഈ ഗ്രന്ഥം ഒരു ഔഷധമായിത്തീരട്ടെ എന്ന ആശംസകളോടെ...'
അച്ചൻ എഴുത്തിന്റെ ലോകത്തിൽ വ്യാപരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിശ്രമജീവിതം ആഗ്രഹിച്ച് അക്കാലത്തിൽ കുറേയധികം എഴുതണം എന്നായിരുന്നു അച്ചന്റെ ആഗ്രഹം. പക്ഷേ അച്ചന് വിശ്രമജീവിതം ഉണ്ടായില്ല പകരം വേദനയുടെയും ഒറ്റപ്പെടലിന്റെയും സഹനജീവിതമായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങൾ അച്ചന് സമ്മാനിച്ചത്.
കഴിഞ്ഞ ഡിസംബർ 23. 'കാസ മുതൽ കഡാവർ വരെ' എന്ന അച്ചന്റെ ആത്മകഥ പ്രകാശനചടങ്ങിന് ഞാൻ പോയില്ല. അച്ചൻ ആ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്നറിഞ്ഞപ്പോൾ അച്ചനെ പോയി കാണാം എന്ന് തീരുമാനിച്ചു. ഞാൻ എത്തിയപ്പോൾ അച്ചൻ വളരെ ശാന്തനായി കിടക്കുന്നു. ഉറങ്ങുകയല്ല. പക്ഷേ എന്തോ പന്തികേട് തോന്നി ഞാൻ പ്രീസ്റ്റ് ഹോമിലെ സിസ്റ്ററെ വിളിച്ചു. സിസ്റ്റർ വന്നു നോക്കിയിട്ട് പറഞ്ഞു ബി.പി. കുറഞ്ഞിട്ടുണ്ട്. ഉടനെ ജൂബിലിയിലെ ഡയറക്ടറച്ചന്റെ സെക്രട്ടറി മഹേഷിനെ വിളിച്ച് കാര്യം പറഞ്ഞു. ഒരു മെയിൽ നഴ്‌സ് വന്നു. അത്യാഹിതവിഭാഗത്തിലേക്ക് ഉടനെ മാറ്റാമെന്ന് തീരുമാനമായി. അവിടെയെത്തിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ചൻ സാവധാനം നോർമലായി. ഓർമ്മ ശരിയായി, സംസാരിക്കാൻ തുടങ്ങി. അച്ചനെ അഡ്മിഷനാക്കുകയാണെന്ന അറിയിപ്പുമായി ഒരു ജൂനിയർ ഡോക്ടർ വന്നു. പേഷ്യന്റിന്റെ ആരാണ്, മകനാണോ, എന്ന് എന്നോട് ചോദിച്ചു. എനിക്ക് അല്പം ദേഷ്യവും സങ്കടവും വന്നു. ആ സ്ഥാപനത്തെ ഒരു മെഡിക്കൽ കോളേജായി ഉയർത്തി അതിന്റെ സ്ഥാപക ഡയറക്ടറായി ഏറെ കാലം സേവനം ചെയ്ത ആലപ്പാട്ടച്ചനെ അവിടെയുള്ളവർതന്നെ അറിയാതെ പോകുന്നു. ഇതെല്ലാം അച്ചനും കേൾക്കുന്നുണ്ടായിരുന്നു. അച്ചന്റെ മനസ്സിൽ എന്ത് വികാരമാണുണ്ടായതെന്ന് എനിക്കറിയില്ല. അച്ചനോട് ഞാൻ ചോദിച്ചു. നീ ഒപ്പിട്ടോ എന്ന് പറഞ്ഞു. അവിടെയുള്ള ജൂനിയർ ഡോക്ടർമാരും നഴ്‌സുമാരും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അച്ചനാരെന്നറിയാതെ രോഗിയുടെ വിശദാംശങ്ങൾ വിശദമായി തന്നെ അല്പം ഉയർന്ന സ്വരത്തിൽ അവർ ചർച്ച ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ ആശുപത്രികളിൽ, പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗത്തിലും അത്യാഹിതവിഭാഗത്തിലും അരങ്ങേറുന്നതാണ്. അവിടെയുള്ള രോഗികൾ മുഴുവനും ബോധക്ഷയം സംഭവിച്ചിട്ടുള്ളവരല്ല എന്ന് തിരിച്ചറിയാനാവാത്തവിധം ബോധമില്ലാത്ത, അല്പം കൂടി കൃത്യമായി പറഞ്ഞാൽ, സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന രീതി ശരിയല്ല. അവർ അത്തരം കാര്യങ്ങൾ ആവർത്തിച്ചപ്പോൾ എന്റെ ബി പി കൂടുന്നുണ്ടെന്ന് അച്ചന് മനസ്സിലായെന്ന് തോന്നുന്നു. "അവർ എന്തെങ്കിലും പറഞ്ഞോട്ടെ. ഒന്നും ശ്രദ്ധിക്കണ്ട. നീ ഇവിടെ തന്നെ നിൽക്കണം, പോകരുത്" എന്ന് പറഞ്ഞ് എന്റെ കൈ പിടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പു്‌സ്തകപ്രകാശന ചടങ്ങിനുശേഷം അച്ചനെ നേരിട്ട് കാണാനുള്ള ആഗ്രഹത്തിൽ സഖാവ് എം.എ.ബേബിയും, കെ. രാധാകൃഷ്ണനും, കെ.വി. അബ്ദുൾ ഖാദറും, അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവും എത്തി. അവരുമായുള്ള സംഭാഷണത്തിനുശേഷമാണ് അച്ചനെ സെന്റ് തോമസ് ബ്ലോക്കിലുള്ള മുറിയിലേക്ക് മാറ്റിയത്. ജീവിതത്തിന്റെ വലിയൊരു ഭാഗം ഒരു സ്ഥാപനത്തിന്റെ വളർച്ചക്കായി മാറ്റിവച്ചവരെ ഒരുപക്ഷേ മനഃപൂർവ്വമല്ലെങ്കിലും മറക്കുന്ന അല്ലെങ്കിൽ തിരിച്ചറിയാതെ പോകുന്ന സന്ദർഭങ്ങൾ...
ഏതാണ്ട് രെു മാസം മുമ്പാണ് രാത്രി വളരെ വൈകി അച്ചൻ എന്നെ വിളിച്ചത്. അന്ന് വൈകീട്ട് അച്ചനെ കണ്ടതിനുശേഷമാണ് ഞാൻ വീട്ടിലേക്ക് പോയത്. തൊട്ടുമുമ്പായി കുറേ മിസ്ഡ് കോളുകൾ ഉണ്ടായിരുന്നു. ഞാൻ ഫോണെടുത്തു..അച്ചൻ എന്നെ വിളിക്കുന്നത് എനിക്ക് കേൾക്കാം പക്ഷേ ഞാൻ പറയുന്നത് അച്ചൻ കേൾക്കുന്നില്ല. അറിയാതെ അച്ചൻ ഹോൾഡ് ബട്ടൺ അമർത്തുന്നതായിരുന്നു കാരണം. ഏതാണ്ട് അഞ്ചോ ആറോ പ്രാവശ്യം അത്തരം കോളുകൾ വന്നു. പക്ഷേ ഒന്നിലും എന്റെ മറുപടി അച്ചൻ കേട്ടില്ല.
ഈ വിയോഗവേളയിൽ, അച്ചനോട് അച്ചൻറെ ഓർമ്മകളോട്, ഒന്നേ പറയാനുള്ളൂ……
വിളിക്കച്ചാ...ഞാൻ കേൾക്കുന്നുണ്ട്!!