Coverstory

അൽഗോരിതങ്ങളുടെ തടവറയിൽ

ഫാ. ബിനോയ് പാണാട്ട്

"നിഴലുകൾ വിപണിയിലായിരുന്നുവോ?

ചിന്തകളും അളക്കപ്പെടുകയായിരുന്നുവോ?

യന്ത്രങ്ങൾ തന്ത്രങ്ങളായിരുന്നുവോ?"

നമ്മൾ കാണുന്നതെല്ലാം നമ്മൾ ക്ലിക്ക് ചെയ്യുന്നതെല്ലാം നമ്മൾ കാണാൻ ആഗ്രഹിക്കുന്നതും ക്ലിക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതുമല്ല, പകരം നമ്മൾ കാണണമെന്ന് നമ്മൾ ക്ലിക്ക് ചെയ്യണമെന്ന് മറ്റാരൊക്കെയോ ആഗ്രഹിക്കുന്നതാണ്. നിങ്ങൾ അത് സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് ഇന്നിന്റെ യാഥാർത്ഥ്യം.

അങ്ങനെയല്ല എന്നൊരു തോന്നലുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക, എന്നിട്ട് നിങ്ങൾക്ക് എന്നോട് പൂർണമായി വിയോജിക്കാം. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തിന്നുതീർത്ത സമയത്തിൽ എത്ര ഭാഗം നിങ്ങൾ ആ പ്ലാറ്റ്ഫോമിൽ ബോധപൂർവ്വമായി തിരഞ്ഞിറങ്ങിയ കാര്യങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നിട്ടുണ്ട്? അതോ അതിനൊപ്പം തെളിഞ്ഞുവന്ന ചില സജഷൻസും റെക്കമെന്റേഷൻസുമാണോ എന്റെയും നിങ്ങളുടെയും സമയത്തിന്റെ വലിയ ഭാഗം തിന്നുതീർത്തത്? പലപ്പോഴും തിരഞ്ഞിറങ്ങിയത് പാതിയിൽ ഉപേക്ഷിച്ചുകൊണ്ടും പിന്നീട് അതെന്തെന്ന് ഓർമ്മയിൽ പാടുപെട്ട് തിരഞ്ഞുകൊണ്ടു പോലും എത്രയോ തവണ നാം റൊമ്പ ദൂരം പോയിരിക്കുന്നു.

സ്വതന്ത്രമായ ഇച്ഛാശക്തി (Free will) മനുഷ്യന്റെ ഏറ്റവും വലിയ അഹങ്കാരങ്ങളി ലൊന്നാണ്. നാം എടുക്കുന്ന ഓരോ തീരുമാനവും പൂർണ്ണമായും നമ്മുടെ സ്വന്തം യുക്തിയുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, ആ വിശ്വാസം ഇന്ന് എത്രത്തോളം സത്യമാണ്?

നമ്മളറിയാതെ, നമ്മുടെ അബോധമനസ്സിലേക്ക് നുഴഞ്ഞുകയറി നമ്മുടെ തീരുമാനങ്ങളെ മാറ്റിയെഴുതാനും നിയന്ത്രിക്കാനും കഴിവുള്ള ചില അദൃശ്യമായ ശക്തികൾ, നാം സ്വതന്ത്രരാണെന്ന മിഥ്യാബോധം നിലനിർത്തിക്കൊണ്ടുതന്നെ ഇന്ന് നമുക്കൊപ്പമുണ്ട്.

നാം പോലും അറിയാതെ നമ്മുടെ ചോയ്‌സുകൾ കൃത്രിമമായി നിർമ്മിക്കപ്പെടുകയായിരുന്നില്ലേ. നമ്മുടെ ആദർശബോധങ്ങളും മൂല്യബോധങ്ങളും നിർവചിക്കാനും നിശ്ചയിക്കാനും യഥാർത്ഥത്തിൽ കഴിവുണ്ടായിരുന്നവർ നമ്മൾ തന്നെയായിരുന്നോ? അവ നിർവചിക്കപ്പെട്ടതും നൽകപ്പെട്ടതും എവിടെ നിന്നാണെന്ന് ഒരിക്കലെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്. ഒന്നിരുത്തി ചിന്തിച്ചാൽ പലതും നമ്മുടെ തിരഞ്ഞെടുപ്പ് ആയിരുന്നില്ല എന്ന് സമ്മതിക്കാതിരിക്കാൻ കഴിയില്ല.

# അൽഗോരിതങ്ങൾ: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ആത്മാവ്

ഡിജിറ്റൽ യുഗത്തിൽ നാം ഉപയോഗിക്കുന്ന ഓരോ ഗാഡ്ജെറ്റിന്റെയും ഓരോ ആപ്ലിക്കേഷന്റെയും പിന്നിലെ യഥാർത്ഥ പ്രേരകശക്തി അൽഗോരിതങ്ങളാണ്. ഗാഡ്ജെറ്റുകൾക്ക് നൽകപ്പെടുന്ന കൃത്യമായ നിർദ്ദേശങ്ങളുടെ (Code) യുക്തിസഹമായ ക്രമത്തെയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അൽഗോരിതം എന്ന് വിളിക്കുന്നത്.

ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ എന്തെങ്കിലും തിരയുമ്പോൾ, കോടിക്കണക്കിന് വെബ്പേജുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായവ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുന്നത് ‘പേജ് റാങ്ക്’ (PageRank) പോലുള്ള സങ്കീർണ്ണമായ അൽഗോരിതങ്ങൾ വഴിയാണ്. ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാമോ പോലുളള സോഷ്യൽ മീഡിയകളിൽ നമ്മൾ കാണുന്ന ഓരോ പോസ്റ്റും നിശ്ചയിക്കുന്നത് നമ്മുടെ താല്പര്യങ്ങൾ പഠിച്ചുവെച്ചിട്ടുള്ള അൽഗോരിതങ്ങളാണ്. ഇതുപോലെ ഡിജിറ്റൽ ലോകത്തെ മുഴുവൻ അൽഗോരിതങ്ങൾ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം. മനുഷ്യജീവിതം സുഗമമാക്കാനുള്ള അതിന്റെ വലിയ പങ്കിനെ വിസ്മരിക്കാതെ തന്നെ, മനുഷ്യന്റെ ചിന്തകളെയും അസ്തിത്വത്തെയും ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുന്ന അൽഗോരിതങ്ങളുടെ അപകടകരമായ ശേഷിയെ തിരിച്ചറിയേണ്ടതുണ്ട്.

# നമ്മൾ ഉപഭോക്താക്കളോ അതോ വെറും ഉൽപ്പന്നങ്ങളോ?

സോഷ്യൽ മീഡിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ, വാർത്തകൾ വായിക്കാനോ, സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കാനോ ഞാനോ നിങ്ങളോ ഒരു രൂപ പോലും നൽകേണ്ടതില്ല. തികച്ചും സൗജന്യമെന്ന് നാം വിശ്വസിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യഥാർത്ഥത്തിൽ ദാനധർമ്മ സ്ഥാപനങ്ങളല്ല. ഒറ്റനോട്ടത്തിൽ വലിയൊരു ഔദാര്യമെന്ന് തോന്നാവുന്ന ഈ ‘സൗജന്യ’ ലോകത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു നഗ്നസത്യമുണ്ട്:

If you are not paying for the product, you are the product. (നിങ്ങൾ ഒരു ഉൽപ്പന്നത്തിന് പണം നൽകുന്നില്ലെങ്കിൽ, അവിടെ നിങ്ങളാണ് ആ ഉൽപ്പന്നം.)

നാം ഉപയോഗിക്കുന്ന ആപ്പുകളും സെർച്ച് എൻജിനുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നമ്മുടെ സ്വഭാവത്തെയും ചിന്തകളെയും വിപണനം ചെയ്യുന്ന കൂറ്റൻ പരീക്ഷണശാലകളാണ്. ഇന്ന് നമ്മുടെ കൈവെള്ളയിലിരിക്കുന്ന ഒരു സ്മാർട്ട്‌ഫോൺ കേവലമൊരു ആശയവിനിമയ ഉപാധി മാത്രമല്ല; അതൊരു നിശ്ശബ്ദനായ നിരീക്ഷകൻ കൂടിയാണ്. ഒരു ചിത്രം ലൈക്ക് ചെയ്യുമ്പോഴോ, ഒരു വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുമ്പോഴോ, എന്തിനേറെ, നമ്മുടെ സ്ക്രോളിംഗ് വേഗതയും പ്രതികരണങ്ങളും ഒരു പോസ്റ്റിൽ എത്ര മൈക്രോ മില്ലി സെക്കൻഡുകൾ നോട്ടം നിർത്തി എന്നതും നമ്മുടെ ഹൃദയമിടിപ്പിലെ നേരിയ വ്യത്യാസങ്ങൾ വരെ സൂക്ഷ്മമായി പരിശോധിക്കപ്പെട്ട് നമ്മൾ അറിയാതെ തന്നെ നമ്മെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

ഈ ഡാറ്റ ഉപയോഗിച്ച് അൽഗോരിതങ്ങൾ നമ്മുടെ അഭിരുചികളും ഭയങ്ങളും ദുർബലതകളും കൃത്യമായി മനസ്സിലാക്കി ഓരോ വ്യക്തിയുടെയും ഒരു ‘ഡിജിറ്റൽ പ്രൊഫൈൽ’ സൃഷ്ടിക്കുന്നു. ഈ സൂക്ഷ്മ വിവരങ്ങൾ വച്ച്, നിങ്ങൾ നാളെ എന്ത് വാങ്ങും, എന്ത് ചിന്തിക്കും, എന്ത് തീരുമാനമെടുക്കും എന്ന് മുൻകൂട്ടി പ്രവചിക്കാനാകും. അങ്ങനെ നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ നമ്മേക്കാൾ കൃത്യമായി പ്രവചിക്കാൻ കഴിയുന്ന അൽഗോരിതങ്ങളുടെ (Algorithms) തടവറയിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ഈ വിവരങ്ങൾ വെറും വിൽപ്പനച്ചരക്കായി കോടിക്കണക്കിന് ഡോളറുകൾക്ക് പരസ്യദാതാക്കൾക്കും മറ്റ് കോർപ്പറേറ്റ് ഭീമന്മാർക്കും വിൽക്കപ്പെടുന്നു.

“മാധ്യമങ്ങളെ നിയന്ത്രിക്കുന്നവരാണ് മനുഷ്യന്റെ മനസ്സിനെയും നിയന്ത്രിക്കുന്നത്.” (Whoever controls the media controls the mind) എന്ന ജിം മോറിസണിന്റെ വാക്കുകൾ മറ്റേത് കാലത്തേക്കാളും ഇന്ന് ഏറെ പ്രസക്തമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ യഥാർത്ഥ ഉപഭോക്താക്കൾ നമ്മളല്ല, മറിച്ച് നമ്മുടെ അറ്റൻഷൻ (Attention) കോടികൾ കൊടുത്തു വാങ്ങുന്ന പരസ്യദാതാക്കളാണ്. ഞാൻ വെറും ഉൽപ്പന്നവും മറ്റാരൊക്കെയോ ഉപഭോക്താവുമായി മാറുകയാണ്. അതായത് സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്ക് പിന്നിലെ യഥാർത്ഥ വില നാമാണ് എന്നർത്ഥം.

# നമ്മേക്കാൾ നന്നായി നമ്മെ അറിയുന്ന അൽഗോരിതങ്ങൾ

ഒരുപക്ഷേ നിങ്ങൾ ഇന്നലെ മനസ്സിൽ വിചാരിച്ച, ആരോടും പറയാത്ത ഒരു കാര്യം, ഇന്ന് രാവിലെ നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു പരസ്യമായി പ്രത്യക്ഷപ്പെട്ടേക്കാം. ഇത് കേവലമൊരു യാദൃശ്ചികതയോ അദ്ഭുതവിദ്യയോ അല്ല; മറിച്ച്, നിങ്ങളുടെ ഓരോ ശ്വാസനിശ്വാസങ്ങളും വിരലനക്കങ്ങളും ‘ഡിജിറ്റൽ കാൽപ്പാടുകളും’ (Digital Footprints) സൂക്ഷ്മമായി നിരീക്ഷിക്കുന്ന അൽഗോരിതങ്ങളുടെ ഭയപ്പെടുത്തുന്ന കൃത്യതയാണ്.

നാം പോലും അറിയാതെ നമ്മുടെ ചോയ്‌സുകൾ കൃത്രിമമായി നിർമ്മിക്കപ്പെടുകയായിരുന്നില്ലേ. നമ്മുടെ ആദർശബോധങ്ങളും മൂല്യബോധങ്ങളും നിർവചിക്കാനും നിശ്ചയിക്കാനും യഥാർത്ഥത്തിൽ കഴിവുണ്ടായിരുന്നവർ നമ്മൾ തന്നെയായിരുന്നോ?

നമ്മുടെ സ്ക്രീനുകളിലെ ഇടപെടലുകൾ മാത്രമല്ല, നമ്മുടെ ശരീരത്തിനുള്ളിലെ സ്പന്ദനങ്ങൾ (Health Data) വരെ ഇന്ന് നിരീക്ഷിക്കപ്പെടുകയാണ്. സ്മാർട്ട് വാച്ചുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ തുടങ്ങിയ ആരോഗ്യ ഉപകരണങ്ങളിലൂടെ (Wellness Devices / Health Gadgets) നാം അറിഞ്ഞോ അറിയാതെയോ ടേംസ് & കണ്ടീഷൻസിനും പ്രൈവസി പോളിസികൾക്കും നൽകുന്ന സമ്മതങ്ങളിലൂടെ (Consent) കോർപ്പറേറ്റുകൾക്ക് കൈമാറുന്നത് നമ്മുടെ ഏറ്റവും സ്വകാര്യമായ ബയോമെട്രിക് വിവരങ്ങളാണ് (Biometric Data). ഒരു വാർത്ത വായിക്കുമ്പോഴോ ഒരു ദൃശ്യം കാണുമ്പോഴോ നമ്മുടെ ഹൃദയമിടിപ്പ് എങ്ങനെ മാറുന്നുവെന്നും, രക്തസമ്മർദ്ദം എത്രത്തോളം വ്യതിചലിക്കുന്നുവെന്നും ഈ ഉപകരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നു. ഇതിനർഥം, നാം പുറത്തേക്ക് പ്രകടിപ്പിക്കാത്ത നമ്മുടെ ഉള്ളിലെ ഭയം, ദേഷ്യം, അദ്ഭുതം, ആവേശം തുടങ്ങിയ അതിസൂക്ഷ്മമായ വികാരങ്ങൾ പോലും ഇന്ന് ടെക് ഭീമന്മാർക്ക് എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിയുന്നു എന്നാണ്. നമ്മെക്കുറിച്ച് നമ്മുടെ ഉറ്റവർക്കറിയാവുന്നതിനേക്കാൾ (നമുക്ക് പോലും അറിയാവുന്നതിനേക്കാൾ) കൂടുതൽ വിവരങ്ങൾ ഇന്ന് ചില കോർപ്പറേറ്റ് സെർവറുകളിൽ സുരക്ഷിതമായി വിശ്രമിക്കുന്നുണ്ട്. അവർ നമ്മളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങളുടെ വ്യാപ്തിയോ, ആ ഡാറ്റ ആർക്കൊക്കെ വിൽക്കുന്നു എന്നതോ നമ്മൾ അറിയുന്നില്ല എന്ന് മാത്രം.

# അൽഗോരിതങ്ങളുടെ എക്കോ ചേമ്പറുകൾ

സമൂഹമാധ്യമങ്ങളിലെ ഓരോ ‘സ്ക്രോളിംഗിലും’ നാം ഇങ്ങനെ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ആദ്യഘട്ടങ്ങളിൽ നമുക്ക് ഇഷ്ടമുള്ളതും നാം കേൾക്കാൻ ആഗ്രഹിക്കുന്നതും നമ്മുടെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും കോട്ടം തട്ടാത്ത രീതിയിലുള്ള വാർത്തകളും വീഡിയോകളും ഉള്ളടക്കങ്ങളും മാത്രം സ്ക്രീനിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നു. അതുവഴി, എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നും ലോകം മുഴുവൻ ഇങ്ങനെയാണ് ചിന്തിക്കുന്നതെന്നും അറിയാതെ തെറ്റിദ്ധരിക്കുന്നു. അത് നമ്മുടെ വിശ്വാസങ്ങളെ അന്ധമായ ബോധ്യങ്ങളാക്കി മാറ്റുന്നുണ്ട്. അൽഗോരിതം നൽകുന്ന ആദ്യഘട്ടത്തിലെ ഈ ‘എക്കോ ചേമ്പർ’ (Echo Chamber) അവസ്ഥയിലെ കിക്ക് നമ്മുടെ അബോധമനസ്സിൽ അവയോടുള്ള വിശ്വാസ്യതയെ ഊട്ടി ഉറപ്പിക്കുകയും അതുവഴി ഇനിയങ്ങോട്ട് നൽകുന്ന എന്തിനെയും വെള്ളം തൊടാതെ വിഴുങ്ങാൻ നമ്മെ മെരുക്കപ്പെടുന്നവരാക്കിത്തീർക്കുകയും ചെയ്യുന്നു.

# തിരഞ്ഞെടുപ്പുകളുടെ മിഥ്യയും റെക്കമെന്റേഷൻ അൽഗോരിതങ്ങളും

നമ്മുടെ ഇഷ്ടങ്ങൾ നമ്മൾ തന്നെയാണ് തിരഞ്ഞെടുക്കുന്നത് എന്ന മിഥ്യാധാരണയാണ് ഈ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും നാം കാണുന്ന ‘റെക്കമെന്റേഷനുകൾ’ (Recommendations) യഥാർത്ഥത്തിൽ നമ്മുടെ സൗകര്യത്തിനുവേണ്ടി നിർമ്മിക്കപ്പെട്ടവയല്ല; മറിച്ച്, നമ്മെ നിരന്തരം സ്ക്രീനിൽ തളച്ചിടാൻ കോർപ്പറേറ്റ് ലാഭക്കൊതിയാൽ പടച്ചുവിടപ്പെടുന്ന അദൃശ്യമായ ചൂണ്ടക്കൊളുത്തുകളാണ്.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ എന്തെങ്കിലും തിരഞ്ഞിറങ്ങുമ്പോൾ ആദ്യം കാണുന്ന പ്രോഡക്റ്റ്സിന്റെ പല റെക്കമന്റേഷനുകൾക്ക് മുകളിലും സ്പോൺസേർഡ് എന്ന് തെളിമയില്ലാതെ കുറിച്ച വാചകത്തിന് പറയാനുള്ളതും മറ്റൊന്നല്ല. നിന്റെ ശ്രദ്ധയിലേക്ക് ആദ്യം ഈ ഉൽപന്നം എടുത്തു കാണിക്കുന്നതിനായി എന്നെ മുൻപേ തന്നെ അവർ വിലയ്ക്ക് വാങ്ങി കഴിഞ്ഞിരിക്കുന്നു.

(The seller or brand has paid the platform to promote that product.) (സ്പോൺസേഡ് എന്ന ഒറ്റ വാചകം കൊണ്ടെങ്കിലും അത്രയെങ്കിലും പറയാൻ തുനിഞ്ഞതിന് നന്ദി).

# രാഷ്ട്രീയ അജണ്ടകളുടെ ഫാക്ടറി

കേവലം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വാണിജ്യ തന്ത്രങ്ങൾ മാത്രമല്ല ഇന്നത്തെ ഡിജിറ്റൽ ഇടങ്ങൾ; അവ രാഷ്‌ട്രീയ ആശയങ്ങളെയും അജണ്ടകളെയും നിർമ്മിച്ചെടുക്കുന്ന ഫാക്ടറികളായി കൂടി മാറിക്കഴിഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുകൾ പോലും ഹൈജാക്ക് ചെയ്യാൻ അൽഗോരിതങ്ങൾ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഒരു പ്രത്യേക പ്രാദേശിക മേഖലയിൽ ഒരു സമൂഹം വിശ്വസിക്കണമെന്നും പ്രവർത്തിക്കണമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു മൊബൈലിന്റെയോ ടാബ്ലറ്റിന്റെയോ കമ്പ്യൂട്ടർ സ്ക്രീനിന്റെയോ പലവർണ്ണ വെളിച്ചങ്ങളായി മിന്നിമറയാൻ അനുവദിക്കുന്നതിലൂടെ ഒരാളുടെ കാഴ്ചയിലേക്കും പിന്നെ തലച്ചോറിലേക്കും കടന്നുകൂടി അയാളുടെ ആശയരൂപീകരണത്തിലെ വലിയ ഘടകമായി മാറ്റപ്പെടുന്നതിലെ അപകടം ഒട്ടും ചെറുതല്ല. ഭരണസംവിധാനങ്ങളെ കീഴ്മേൽ മറിക്കാനുള്ള ശക്തി അതിനുണ്ടെന്ന് ഇനിയും പറഞ്ഞു ഫലിപ്പിക്കേണ്ടതില്ലല്ലോ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ യഥാർത്ഥ ഉപഭോക്താക്കൾ നമ്മളല്ല, മറിച്ച് നമ്മുടെ അറ്റൻഷൻ (Attention) കോടികൾ കൊടുത്തു വാങ്ങുന്ന പരസ്യദാതാക്കളാണ്. ഞാൻ വെറും ഉൽപ്പന്നവും മറ്റാരൊക്കെയോ ഉപഭോക്താവുമായി മാറുകയാണ്.

ഒരു പൗരൻ എന്ത് ചിന്തിക്കണം, ആർക്ക് വോട്ട് ചെയ്യണം എന്നത് അയാളുടെ സ്വതന്ത്രമായ തീരുമാനമാകണം എന്നതാണ് ഭരണഘടനാപരമായ നീതി. എന്നാൽ, മൈക്രോ-ടാർഗെറ്റിംഗ് (Micro-targeting) എന്ന സാങ്കേതിക വിദ്യയിലൂടെ ഓരോ വോട്ടറുടെയും രാഷ്ട്രീയ ചായ്‌വുകൾ, ദൗർബല്യങ്ങൾ, ആന്തരികമായ ഭയങ്ങൾ എന്നിവ കൃത്യമായി വിശകലനം ചെയ്ത്, അവരെ സ്വാധീനിക്കാൻ പോന്ന സന്ദേശങ്ങൾ മാത്രം അവരുടെ മുന്നിലെത്തിക്കാൻ ഈ പ്ലാറ്റ്‌ഫോമുകൾക്ക് സാധിക്കുന്നു. അങ്ങനെ ഒരു ‘ഡിജിറ്റൽ ഏകാധിപത്യം’ (Digital Dictatorship) സൃഷ്‌ടിക്കപ്പെടുന്നു. പണവും അധികാരവുമുള്ള താല്പര്യങ്ങൾക്ക് ഈ ഡാറ്റ വിലകൊടുത്തു വാങ്ങി കൃത്രിമമായി പൊതുജനവികാരം നിർമ്മിക്കാൻ കഴിയുന്നതോടെ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന സങ്കൽപ്പം പൂർണ്ണമായും അട്ടിമറിക്കപ്പെടുകയാണ്.

# ഇത് പുതിയ കാലഘട്ടത്തിന്റെ അടിമത്തം

അടിമത്തയുഗം അവസാനിച്ചെന്നത് വെറും തോന്നൽ മാത്രമാണ്. പഴയകാലത്തെ അടിമകൾക്ക് തങ്ങൾ അടിമകളാണെന്നും തങ്ങൾക്ക് മേൽ ക്രൂരനായ ഒരു യജമാനൻ ഉണ്ടെന്നും കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നാൽ ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ ദുരന്തം, താൻ പൂർണ്ണ സ്വതന്ത്രനാണെന്ന വലിയ മിഥ്യാ ബോധത്തോടെ അവൻ സ്വന്തം യജമാനനെ പോക്കറ്റിലിട്ട് നടക്കുന്നു എന്നതാണ്. എന്നാൽ പുതിയ കാലഘട്ടത്തിന്റെ അടിമത്തത്തിന് അടയാളമായി ചങ്ങലയെ അടയാളപ്പെടുത്താനാവില്ല. അടയാളങ്ങൾ പറഞ്ഞു തിരിച്ചറിയാൻ സഹായിക്കാൻ കഴിയാത്ത വിധം ഓരോ ‘അപ്ഡേറ്റി’ലും അത് രൂപം മാറിക്കൊണ്ടിരിക്കുന്നു.

പഴയകാല ഈസ്റ്റ് ഇന്ത്യാ കമ്പനികൾ ഭൂപ്രദേശങ്ങളെയാണ് കോളനികളാക്കിയതെങ്കിൽ, ഇന്നത്തെ ടെക് ഭീമന്മാർ മനുഷ്യന്റെ മനസ്സിനെയും ശ്രദ്ധയെയുമാണ് കോളനികളാക്കിയിരിക്കുന്നത് (Digital Colonization). പ്രകൃതി വിഭവങ്ങളായ കൽക്കരിയും എണ്ണയും ഭൂമിയിൽ നിന്ന് കുഴിച്ചെടുത്താണ് അന്ന് വൻകിട കോർപ്പറേറ്റുകൾ വളർന്നിരുന്നതെങ്കിൽ. ഇന്നത്തെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള അസംസ്കൃത വസ്തു ‘മനുഷ്യന്റെ ഡാറ്റ’ ആണ്. വിലകൊടുത്ത് എന്റെ അറ്റൻഷൻ ആർക്കും വാങ്ങാൻ കഴിയുന്നതിലേക്ക് മാധ്യമലോകം ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെയാണ് ആധുനിക സാമ്പത്തിക ശാസ്ത്രം ‘അറ്റൻഷൻ എക്കോണമി’ (Attention Economy) എന്ന് വിളിക്കുന്നത്. നമ്മുടെ ദിനചര്യകൾ, യാത്രാശീലങ്ങൾ, സ്വകാര്യ സംഭാഷണങ്ങൾ, ആരോഗ്യവിവരങ്ങൾ (Health Data) എന്നിവയെല്ലാം യാതൊരു തടസ്സവുമില്ലാതെ നിരന്തരം ഖനനം ചെയ്തുകൊണ്ട് (Data Mining) ബിഗ് ടെക്കുകൾ ‘ഡിജിറ്റൽ മുതലാളിത്തം’ (Digital Capitalism) സാധിച്ചെടുക്കുന്നു.

# കാലത്തിന്റെ ഗതികളെ തിരുത്തിക്കുറിക്കുന്ന അൽഗോരിതങ്ങൾ

ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയിലും ചിന്താഗതികൾക്കും സ്വാധീനം ചെലുത്താനുള്ള കരുത്ത് മനഃശാസ്ത്രത്തിൽ പല ഘടകങ്ങൾക്കുമായി വീതം വച്ചു കൊടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും പരിഗണിക്കപ്പെടാതെ പോയിരിക്കുന്നത് ടെക് ആപ് അപ്ഡേറ്റുകളായിരിക്കണം. ഈ നൂതന കാലഘട്ടത്തിൽ ഒരാളുടെ വ്യക്തിത്വ വികസനത്തിൽ പങ്കുവഹിക്കുന്ന വലിയ ഘടകം തന്നെയാണ് ഇപ്പോൾ വേർഷൻ നമ്പർ കുറിച്ചുള്ള പോപ്പുലർ ആപ്പ് അപ്ഡേറ്റുകൾ എന്നു കൂടി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ചരിത്രത്തിൽ ഒരിക്കലും ഒരു സമൂഹത്തിലെ മനുഷ്യരുടെ സമീപനങ്ങളിലെയും ആശയങ്ങളുടെയും മാറ്റങ്ങളെ Before Whatsapp Version Update: 2.26.19.73 എന്നോ After YouTube Version Update: 21.20.402 എന്നോ തിരിച്ചറിയപ്പെട്ടില്ലെന്നിരിക്കാം... അതിനർഥം ചില പ്രത്യേക ശൈലികളിൽ ചിന്തിക്കാൻ ചില പ്രത്യേക ആശയങ്ങളോട് ആഭിമുഖ്യം കാണിക്കാൻ അവ നമ്മെ പ്രേരിപ്പിക്കുന്നില്ല എന്നല്ല. (സുരക്ഷാ പിഴവുകളെ അടച്ചുകൊണ്ടുള്ള ആപ് അപ്ഡേറ്റുകളേയും കാലാനുസൃതമായി നമ്മുടെ ജീവിതം ആയാസരഹിതമാക്കുന്ന ഫീച്ചർ റിച്ച് എക്സ്പീരിയൻസ് നൽകുന്ന അൽഗോരിതം ചെയ്ഞ്ചുകളേയും അപ്പാടെ തള്ളിപ്പറയാൻ മുതിരുകയല്ല ഇവിടെ.)

നാമിപ്പോൾ ആരൊക്കെയോ പടച്ചുവിട്ട അൽഗോരിതങ്ങൾക്ക് പിടിയിലാണ്. ആ അൽഗോരിതങ്ങളിലെ കണ്ടീഷണൽ സ്റ്റേറ്റ്മെന്റ്സും ഓപ്പറേറ്റേഴ്സും അടങ്ങുന്ന കീവേർഡ്സ് നമുക്ക് ഒരു മാർഗദിശ വരച്ചു വയ്ക്കുന്നു... തീരുമാനങ്ങൾ എടുപ്പിക്കുന്നു... വാക്കുകൾ ശക്തങ്ങൾ തന്നെയാണ് എന്നാൽ ഒരു അൽഗോരിതത്തിലെ വരികൾ നിർമ്മിച്ചിരിക്കുന്ന വാക്കുകളോളം (കീ വേർഡ്സ്) ഒരു സാഹിത്യത്തിലെയും ഒരു കലയിലേയും വാക്കുകൾ ശക്തമാണെന്ന് പറയാൻ തോന്നുന്നില്ല. കാരണം ആ വാക്കുകൾ എപ്പോഴും വിലകൊടുത്ത് വാങ്ങപ്പെട്ട മൂല്യബോധങ്ങൾ സൃഷ്ടിച്ചെടുക്കാൻ പ്രവർത്തനനിരതമാണ്. ഇവിടെ സാഹിത്യത്തിൽ എന്നപോലെ അവൻ വാക്കുകൾ അറിയേണ്ടതോ, വായിച്ചെടുക്കേണ്ടതോ, ഭാഷ പോലും മനസ്സിലാക്കേണ്ടതോ ഇല്ല... അൽഗോരിതത്തിലെ വാക്കുകൾ അവനെ വായിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ബിഗ് ടെക്കുകൾ അവരുടെ അൽഗോരിതത്തിന്റെ വരികളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് എന്റെ ആശയധാരയെയും മൂല്യബോധത്തേയും ആദർശത്തേയും പോലും നിശ്ചയിക്കാനാകുമെന്ന് ഇനിയെങ്കിലും എപ്പോഴാണ് തിരിച്ചറിയുക. അൽഗോരിതങ്ങൾ മാറ്റി എഴുതുന്നത് മനുഷ്യ മനഃശാസ്ത്രവും സമീപനങ്ങളുമാണ് അതിലൂടെ കാലത്തിന്റെ ഗതിയും.

ചുരുക്കിപ്പറഞ്ഞാൽ, ഡിജിറ്റൽ ലോകത്തെ നമ്മുടെ ഓരോ ‘സ്വാതന്ത്ര്യവും’ അൽഗോരിതം മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെ വരികൾ മാത്രമാണ്.

# അൽഗോരിതങ്ങളുടെ തടവറയിൽ നിന്നുള്ള മോചനം

സാങ്കേതിക വിദ്യയെ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുന്നതിന് പകരം, മനുഷ്യനെ സാങ്കേതിക വിദ്യയുടെ ഇരയാക്കുന്നത് നീതിയല്ല. അൽഗോരിതങ്ങളുടെ അദൃശ്യ ചങ്ങലകളിൽ നിന്ന് പൂർണ്ണമായി മുക്തരാകുക എന്നത് ഈ കാലഘട്ടത്തിൽ അസാധ്യമായിരിക്കാം. എന്നാൽ സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോൾ ആ സ്ക്രീനിനുമപ്പുറം നമ്മെ നോക്കി ചിരിക്കുന്ന വലിയ കണ്ണുകളെപ്പറ്റി ബോധവാന്മാരാകാൻ നമുക്ക് കഴിയണം. ഉപയോഗിക്കുന്നത് നാമാണോ അതോ നാം ഉപയോഗിക്കപ്പെടുകയാണോ എന്നും നമ്മുടെ മുന്നിലെത്തുന്ന ഓരോ വാർത്തയും പോസ്റ്റും എന്ത് ലക്ഷ്യത്തോടെയാണ്, ആരുടെ താല്പര്യപ്രകാരമാണ് നമ്മളിലേക്ക് എത്തിയതെന്നും നിരന്തരം ചോദ്യം ചെയ്യേണ്ടതുണ്ട്. ഒരിക്കലും അൽഗോരിതങ്ങൾ പടച്ചുവിടുന്ന വിവരങ്ങൾ ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടരുത്. യുക്തിചിന്തയും വിമർശനാത്മകമായ വിശകലനവുമാണ് ഈ അദൃശ്യ തടവറകളിൽ നിന്നുള്ള മോചന മാർഗ്ഗം. ചില സാധ്യതകൾ താഴെ കുറിക്കുന്നു.

1. ബോധപൂർവമുള്ള വിച്ഛേദനം (The Art of Digital Detox)

ഈ അദൃശ്യ ചങ്ങലകളിൽ നിന്നും രക്ഷപ്പെടാനുള്ള ആദ്യപടി ബോധപൂർവമുള്ള വിച്ഛേദനമാണ് (Digital Detox). ദിവസത്തിൽ ചില മണിക്കൂറുകളോ അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസമോ സ്ക്രീനുകളിൽ നിന്നും പൂർണ്ണമായി വിട്ടു നിൽക്കാൻ പരിശീലിക്കാം. ഓരോ തവണ ഫോൺ അൺലോക്ക് ചെയ്യുന്നതിന് മുൻപും വിരലുകൾ ഒന്ന് പിൻവലിച്ച് സ്വയം ചോദിക്കുക: “ഞാൻ എന്തിനാണ് ഇപ്പോൾ ഈ ഫോൺ തുറക്കുന്നത്? എനിക്ക് കൃത്യമായ എന്തെങ്കിലും ആവശ്യമുണ്ടോ? അതോ ഇതൊരു ശീലം മാത്രമാണോ?”

2. നോട്ടിഫിക്കേഷനുകൾ എന്ന അദൃശ്യ ചരടുകൾ മുറിക്കുക

ഏതൊരു ആപ്പും നമ്മെ അവരുടെ ലോകത്തേക്ക് വലിച്ചിഴയ്ക്കാൻ ഉപയോഗിക്കുന്ന ചൂണ്ടയാണ് നോട്ടിഫിക്കേഷനുകൾ. അത്യാവശ്യമല്ലാത്ത എല്ലാ നോട്ടിഫിക്കേഷനുകളും ഓഫ് ചെയ്തു വയ്ക്കുന്നതിലൂടെ, ‘എപ്പോൾ ഫോൺ ഉപയോഗിക്കണം’ എന്ന നിയന്ത്രണം അൽഗോരിതങ്ങളിൽ നിന്നും തിരികെ പിടിക്കുകയാണ്. ഫോൺ നമ്മെ വിളിക്കുമ്പോഴല്ല, മറിച്ച് നമുക്ക് ആവശ്യമുള്ളപ്പോൾ മാത്രം ഫോൺ ഉപയോഗിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം.

3. അൽഗോരിതങ്ങളെ തിരികെ കബളിപ്പിക്കാം (Retraining the Algorithm)

നമ്മൾ അൽഗോരിതങ്ങളുടെ അടിമകളല്ല എന്ന് അവയെത്തന്നെ ബോധ്യപ്പെടുത്താനുള്ള എളുപ്പവഴി നമ്മുടെ ശീലങ്ങൾ മാറ്റുക എന്നതാണ്. നിങ്ങളുടെ പതിവ് താല്പര്യങ്ങൾക്ക് വിപരീതമായ, തികച്ചും വ്യത്യസ്തമായ വിഷയങ്ങൾ ബോധപൂർവം തിരയുക. വാച്ച് ഹിസ്റ്ററികളും കുക്കീസും (Cookies) കൃത്യമായ ഇടവേളകളിൽ മായ്ച്ചു കളയുക. (അൽഗോരിതങ്ങളെ തിരികെ കബളിപ്പിക്കാൻ സാധ്യമായ ഇനിയും ചില മാർഗങ്ങൾ ചേർത്തുവയ്ക്കാമെങ്കിലും അവയുടെ ഇരുതല മൂർച്ചയെ പരിഗണിച്ചുകൊണ്ട് പരാമർശിക്കാതെ കടന്നു പോകുന്നതാകും ഉചിതം).

4. വിരസതയെ തിരികെ സ്വാഗതം ചെയ്യുക (Embracing Boredom)

ബസ്സ് കാത്തുനിൽക്കുമ്പോഴോ, വെറുതെയിരിക്കുമ്പോഴോ ഉടനെ ഫോണിലേക്ക് കൈനീളുന്ന ശീലം നമ്മൾ മാറ്റേണ്ടതുണ്ട്. മനുഷ്യന്റെ ഏറ്റവും മികച്ച സർഗാത്മക ചിന്തകൾ ജനിക്കുന്നത് വിരസതയിൽ നിന്നാണ്. സ്ക്രീനുകൾ നമ്മുടെ വിരസതയെ ഇല്ലാതാക്കുകയല്ല, മറിച്ച് നമ്മുടെ ചിന്താശേഷിയെയും സർഗാത്മകതയെയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആ നിമിഷങ്ങളെ അൽഗോരിതങ്ങൾക്ക് വിട്ടു നൽകാതിരിക്കാം.

5. ഡാറ്റാ സംരക്ഷണ നിയമങ്ങൾ (Ethical Tech Regulation)

വ്യക്തികൾ തങ്ങളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുക എന്നത് മാത്രമല്ല ഇതിനൊരു പരിഹാരം. വമ്പൻ ടെക് കോർപ്പറേറ്റുകളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. മരുന്നുകൾക്കും ഭക്ഷണസാധനങ്ങൾക്കും ഗുണനിലവാര പരിശോധനയുള്ളതുപോലെ, മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കുന്ന ഈ അൽഗോരിതങ്ങൾക്കും എന്ത് ധാർമ്മിക ചട്ടക്കൂടാണ് ഉള്ളതെന്ന് ഭരണകൂടങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഭരണഘടനാപരമായ അവകാശമായി മനുഷ്യന്റെ സ്വകാര്യതയെ ഉയർത്തിപ്പിടിക്കുന്ന ശക്തമായ ഡാറ്റാ സംരക്ഷണ നിയമങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും സുതാര്യത ഉറപ്പുവരുത്താൻ ടെക് ഭീമന്മാരെ ഭരണകൂടങ്ങൾ നിർബന്ധിതരാക്കണം. (ഭരണകൂടങ്ങൾ തന്നെ അവരുടേതായ താല്പര്യങ്ങൾക്കായി ഈ അൽഗോരിതങ്ങൾ മാനിപുലേറ്റ് ചെയ്യുമ്പോൾ ഡാറ്റാ സംരക്ഷണ സാധ്യതകൾക്ക് അതിവിദൂര ഭാവിയിലേക്കെങ്കിലും ഉറ്റുനോക്കിയിട്ട് കാര്യമുണ്ടോ എന്നറിയില്ല.)

സമയം കിട്ടുകയാണെങ്കിൽ (സമയം കണ്ടെത്തി) കണ്ടുതീർക്കാൻ ജെഫ് ഒർലോസ്കി (Jeff Orlowski) സംവിധാനം ചെയ്ത് ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി റെക്കമെന്റ് ചെയ്യുന്നു, ‘The Social Dilemma’. നാം ജീവിക്കുന്ന ഡിജിറ്റൽ ലോകത്തിന്റെ അണിയറയിലെ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ഡോക്യുമെന്റ്റി വിരൽ ചൂണ്ടുന്നത്. അപരിചിത വനികേ, ഭ്രമ വനികേ തീയാണെന്നറിയാ ശലഭങ്ങൾ ‘ഇനിയും’ വീണെരിയാൻ ഇടവരരുത്.

മനുഷ്യ ജീവിതത്തെ ആയാസരഹിതമാക്കുന്ന അൽഗോരിതത്തിന്റെ സാധ്യതകളെ ഈ ലേഖനം ഒരിക്കലും വിസ്മരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുകയായിരുന്നില്ല. കാരണം ഈ ലേഖനം പൂർണ്ണമായി എഴുതി കുറിക്കപ്പെട്ടത് ഒരു ടാബ്ലറ്റ് സ്‌ക്രീനിൽ സ്‌റ്റൈലസ്പെൻ ഉപയോഗിച്ച് ഒരു നോട്ട് ടേക്കിങ് ആപ്പിന്റെ അൽഗോരിതങ്ങളുടെ സഹായത്തോടെയാണ്. ഈ ലേഖനത്തിന്റെ ലക്ഷ്യം, നമ്മുടെ തിരഞ്ഞെടുപ്പുകളിലേക്ക് അൽഗോരിതങ്ങൾ നടത്തുന്ന അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ആഴം പരിശോധിക്കാൻ പ്രേരിപ്പിക്കുക മാത്രമായിരുന്നു.

ഓർക്കുക, അൽഗോരിതത്തിന്റെ തടവറയിൽ നിന്നുള്ള മോചനം നമ്മുടെ ഇച്ഛാശക്തിയുടേയും വിവേകത്തിന്റെയും തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. ഈ ലേഖനം വായിച്ച് തീരുന്നതിനു മുൻപ് അൽഗോരിതങ്ങൾ പടച്ചുവിട്ട എത്ര മൊബൈൽ നോട്ടിഫിക്കേഷൻ ചിണുക്കങ്ങളെ നിങ്ങൾക്ക് മറികടക്കാൻ കഴിഞ്ഞു എന്ന് എനിക്കറിയില്ല... എന്നാൽ നിങ്ങൾക്കറിയാം...

  • binupanatt@gmail.com

മനുഷ്യൻ

ചുവരുകളെ മറന്നുപോയ

ഒരു മുറിയിൽ നിന്നാണ്

അയാൾ സംസാരിക്കുന്നത്.

ഓരോ ഉപരിതലവും

ഒരു ചെവിയാണത്രേ...

ഓരോ നിശബ്ധതയും

സംഭരിക്കപ്പെടുന്നത്രേ

ലോകത്തെ നോക്കാനാണ്

അയാൾ ജനാലകൾ കണ്ടുപിടിച്ചത്.

ഇപ്പോൾ ജനാലകളാണത്രേ

അയാളെ നോക്കുന്നത്...

അതിലൂടെ കയറി വരുന്ന

കാറ്റ് വിയർപ്പിനോടൊപ്പം

അയാളുടെ രഹസ്യങ്ങളും

ഒപ്പുന്നുണ്ടത്രേ...

അയാളുടെ പേര് മനുഷ്യൻ...

ഒരു മുറിയിലെ ചിരി

മറ്റൊരു വീട്ടിലെ വിനോദം.

ഒരു മുറിയിലെ കരച്ചിൽ

മറ്റൊരു മുറിയിലെ വാർത്ത.

നിങ്ങളുടെ മനസ്സും മനസ്സിലിരിപ്പും

ആരുടെയോ മേശപ്പുറത്തെ

ഒരു തുറന്ന ഫയൽ...

നിഴലുകൾ വിപണിയിലായിരുന്നുവോ?

ചിന്തകളും അളക്കപ്പെടുകയായിരുന്നുവോ?

യന്ത്രങ്ങൾ തന്ത്രങ്ങളായിരുന്നുവോ?

മുറി മുറിയായിരുന്നില്ലത്രേ

ഒരു ഫാമിന്റെ അറയായിരുന്നത്രേ.

ആർക്കോ കറന്നെടുക്കാൻ

കറവമുറ്റുമ്പോൾ അറുത്തെടുക്കാൻ

Dystopian Animal Farm അല്ല

അയാളും അയാളെ പോലെയുള്ള

പലരും നിങ്ങളും ഞാനും ഒക്കെ

കഴിയുന്ന യഥാർത്ഥ മനുഷ്യ ഫാം...

അപരിചിത വനികേ

ഭ്രമ വനികേ വരവായോ

തീയാണെന്നറിയാ ശലഭങ്ങൾ

വീണെരിയാനായി

- Patriot (2026) സിനിമയിലെ ഗാനം

Lyricist: Vinayak Sasikumar

Composer: Sushin Shyam

Link to the Song:

വചനമനസ്‌കാരം: No.219

പ്രാർത്ഥനയ്ക്ക് ഏത് തിന്മയെയും തകർത്തെറിയുവാൻ കഴിയും;  ബിഷപ് പോൾ ആന്റണി മുല്ലശേരി

ടെസ്സി തോമസ്സ് ഇപ്പോള്‍ എവിടെയാണ്?

🥋 പൊരുതി ജയിക്കാം, ചേർത്തുപിടിക്കാം: മെഡലിനേക്കാൾ വലിയ 'വൈബ്' സമ്മാനിച്ച ജിയോവാന! ✨✨

വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്ക് (1412-1431) : മെയ് 30