
ഇറ്റലിയില്‍ ബാഞ്ഞോറേജിയോവിലാണ് ജിയോവാനി ജനിച്ചത്. നാലാമത്തെ വയസ്സില്‍ മാരകമായ ഒരു രോഗം പിടിപെട്ടു. വി. ഫ്രാന്‍സീസ് അസ്സീസിയുടെ സഹായത്താലാണ് രോഗം ഭേദമായതെന്ന് വിശ്വസിക്കപ്പെടുന്നു. പാരീസിലായിരുന്നു വിദ്യാഭ്യാസം. ഫ്രാന്‍സിസ്‌കന്‍ സ്‌കൂളുകളുടെ സ്ഥാപകനായ ഇംഗ്ലീഷുകാരന്‍ ഹെയില്‍സിലെ അലക്‌സാണ്ടറുടെ കീഴിലായിരുന്നു പഠനം. പഠനം കഴിഞ്ഞ് ആ യൂണിവേഴ്‌സിറ്റിയില്‍ത്തന്നെ ഏഴുവര്‍ഷം പഠിപ്പിച്ചു. അദ്ദേഹത്തെ എല്ലാവരും "Bonaventure" എന്നു വിളിച്ചു. "വെല്‍ഡണ്‍", "നല്ല തുടക്കം", "ഉത്തമഭാഗ്യം" എന്നൊക്കെയാണ് അര്‍ത്ഥം. ഫ്രാന്‍സീസ് അസ്സീസി സ്ഥാപിച്ച ഓര്‍ഡര്‍ ഓഫ് പ്രയേഴ്‌സ് മൈനറില്‍ ചേര്‍ന്നപ്പോഴാണ് 1243-ല്‍ "ബൊനവഞ്ചര്‍" എന്ന പേരു സ്വീകരിച്ചത്.
1257-ല്‍ ഡോക്ടറേറ്റ് നേടി. അന്നു ഡോക്ടറേറ്റു സ്വീകരിക്കാന്‍ ബൊനവഞ്ചറുടെ ആത്മാര്‍ത്ഥ സുഹൃത്ത് വി. തോമസ് അക്വീനാസും ഉണ്ടായിരുന്നു. അതേവര്‍ഷംതന്നെ 39-ാമത്തെ വയസ്സില്‍ അവരുടെ സഭയുടെ മിനിസ്റ്റര്‍ ജനറലായി ബൊനവഞ്ചര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈഷമ്യമേറിയ 16 നീണ്ട വര്‍ഷം അദ്ദേഹം ആ ജോലി തുടര്‍ന്നു. വി. ഫ്രാന്‍സീസിന്റെ കടുത്ത നിയമങ്ങള്‍ അതേപടി തുടരണമെന്ന് ഒരു കൂട്ടരും (Observants), അല്പം മയപ്പെടുത്തണമെന്ന് മറ്റൊരു കൂട്ടരും (Conventuals) ആവശ്യപ്പെട്ടുകൊണ്ടിരുന്നു ബൊനവഞ്ചര്‍. മദ്ധ്യമാര്‍ഗ്ഗം സ്വീകരിച്ചു. അതുകൊണ്ട് "പ്രയേഴ്‌സ് മൈനര്‍" സഭയുടെ രണ്ടാം സ്ഥാപകനായി അറിയപ്പെടുന്നു.
എല്ലാ ദിവസവും സന്ധ്യാനേരത്ത് എല്ലാ ആശ്രമങ്ങളിലും ഒരു മണി അടിച്ചിട്ട് 'നന്മ നിറഞ്ഞ….' എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്ന നിയമമുണ്ടാക്കിയത് ബൊനവഞ്ചറാണ്. മാതാവ് മംഗളവാര്‍ത്ത ശ്രവിച്ച സമയം അതാണെന്നു കരുതപ്പെടുന്നു. ഈ സമയത്ത് 'കര്‍ത്താവിന്റെ മാലാഖ…' ചൊല്ലാന്‍ തുടങ്ങിയത് ഈ പ്രാര്‍ത്ഥനയുടെ ചുവടുപിടിച്ചായിരിക്കാം. റോമില്‍ മാതാവിന്റെ ബഹുമാനാര്‍ത്ഥം ബൊനവഞ്ചര്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്കും രൂപം കൊടുത്തിരുന്നു. ഒരുപക്ഷേ, സഭയില്‍ ഏറ്റവും ആദ്യത്തെ കൂട്ടായ്മയാണത്. കൂടാതെ തന്റെ സുഹൃത്ത് ഫ്രാന്‍സിന്റെ രാജാവ് വി. ലൂയിസിന്റെ ആഗ്രഹപ്രകാരം 'പീഡാനുഭവത്തിന്റെ ഒപ്പീസും' അദ്ദേഹം രചിച്ചു.
1265-ല്‍ പോപ്പ് ക്ലമന്റ് IV ബൊനവെഞ്ചറെ യോര്‍ക്കിന്റെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു. എങ്കിലും അദ്ദേഹമത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. പിന്നീട് എട്ടുവര്‍ഷത്തിനുശേഷം അല്‍ബാനോയുടെ ബിഷപ്പും കാര്‍ഡിനലുമായി അദ്ദേഹം നിയമിതനായി. പോപ്പ് ഗ്രിഗറിന്റെ പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കാനായി ഫ്‌ളോറന്‍സിന് അടുത്തുള്ള ആശ്രമത്തില്‍ ചെന്നപ്പോള്‍ അദ്ദേഹം പാത്രങ്ങള്‍ കഴുകുന്ന തിരക്കിലായിരുന്നു. അതുകൊണ്ട്, തനിക്കു ധരിക്കാനുള്ള കര്‍ദ്ദിനാളിന്റെ തൊപ്പി അടുത്തുനിന്ന മരത്തിന്റെ കമ്പില്‍ തൂക്കിയിട്ടാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 1274-ല്‍ ലിയോണ്‍സില്‍ തുടങ്ങാനിരുന്ന 14-ാമത് എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ഒരുക്കങ്ങള്‍ നടത്താന്‍ പോപ്പ് ഗ്രിഗരി X ചുമതലപ്പെടുത്തിയത് ബൊനവഞ്ചറെയാണ്. കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പോപ്പ് ആദ്ധ്യക്ഷ്യം വഹിച്ചെങ്കിലും നടപടികള്‍ നിയന്ത്രിച്ചത് പുതിയ കാര്‍ഡിനല്‍ ബൊനെവഞ്ചറായിരുന്നു. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ 1274 ജൂലൈ 15ന് ബൊനവെഞ്ചര്‍ ചരമം പ്രാപിച്ചു.
പ്രതിഭാശാലിയായ ദൈവശാസ്ത്രപണ്ഡിതനും തത്ത്വജ്ഞാനിയുമായിരുന്നു അദ്ദേഹം. തെളിഞ്ഞ ചിന്ത, ഔചിത്യബോധം, ആദര്‍ശധീരത എല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. വി. തോമസ് അക്വീനാസിന്റെ ചിന്തകള്‍ ശ്രോതാവിന്റെ മനസ്സിനെ ഉണര്‍ത്തുന്ന തത്ത്വങ്ങളായിരുന്നെങ്കില്‍, ബൊനവെഞ്ചര്‍ കൂടുതല്‍ പ്രാക്ടിക്കലായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ ഹൃദയസ്പര്‍ശിയും ഭക്തിദ്യോതകവുമായിരുന്നു. ബൊനവഞ്ചര്‍ ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. എല്ലാം തെളിഞ്ഞ ബുദ്ധിയില്‍ നിന്നുദിച്ച വ്യക്തമായ ചിന്തകളാണ്. അദ്ദേഹത്തിന്റെ "വചനങ്ങളുടെ വ്യാഖ്യാനം" 4000 പേജുകളുള്ള ഒരു സമ്പൂര്‍ണ്ണ ക്രിസ്ത്യന്‍ ദൈവശാസ്ത്രഗ്രന്ഥമാണ്. അദ്ദേഹം രചിച്ച "വി. ഫ്രാന്‍സീസിന്റെ ജീവചരിത്രം" ആ വിശുദ്ധനെപ്പറ്റിയുള്ള ഏറ്റവും ആധികാരികവും ഹൃദ്യവുമായ ജീവചരിത്രമാണ്.
സുവിശേഷപ്രസംഗത്തിന് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു. അതില്‍ അദ്ദേഹം അദ്വിതീയനുമായിരുന്നു. 1482-ല്‍ പോപ്പ് സിക്സ്റ്റസ് IV അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. 1588-ല്‍ പോപ്പ് സിക്സ്റ്റസ് V അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.