Coverstory

മൂന്നു ലഹരികളും മനുഷ്യ വിമോചനവും

ഫാ. ഡോ. കെ എം ജോര്‍ജ്
  • ഫാ. ഡോ. കെ എം ജോര്‍ജ്

മനുഷ്യര്‍ ഏറ്റവും അധികം ഭയപ്പെടുന്നത് മരണത്തെയാണ്. മരണഭയം മനുഷ്യനു മാത്രമല്ല സകല ജീവജാലങ്ങള്‍ക്കുമുണ്ട്. മീനിനെ പിടിച്ച് കരയ്ക്കിട്ടാല്‍ അത് പിടയ്ക്കുന്നത് ജീവനുവേണ്ടിയാണ്. മനുഷ്യനില്‍ മരണഭയം ബോധാബോധ മണ്ഡലങ്ങളെ പൂര്‍ണ്ണമായും ഗ്രസിക്കുന്നു. യേശുവിന് മരുഭൂമിയില്‍ വച്ചുണ്ടായ മൂന്നു പരീക്ഷകളെ ശ്രദ്ധിക്കുക (മത്താ. 4:1-11). മൂന്നിനും പുറകില്‍ അഗാധമായ മരണഭയം ഉണ്ടായിരുന്നു.

ഇതു മൂന്നും മനുഷ്യനുണ്ടാകുന്ന പരീക്ഷകളാണ്. യേശുവില്‍ മനുഷ്യനായിത്തീര്‍ന്ന ദൈവം ''സകലത്തിലും നമുക്കു തുല്യം പരീക്ഷിക്കപ്പെട്ടു'' (എബ്രായര്‍ 4:15) എന്നാണ് അപ്പസ്‌തോലന്മാര്‍ പഠിപ്പിച്ചത്. നമുക്ക് വിശക്കുകയും ഭക്ഷണം കിട്ടാതെ വിശപ്പ് നീണ്ടുപോവുകയും ചെയ്താല്‍ ഫലം മരണമാണെന്ന് നമുക്കറിയാം. അതുകൊണ്ട് എന്ത് മാര്‍ഗത്തിലായാലും മൃഗങ്ങളെപ്പോലെ തീറ്റ തേടുക എന്നത് സഹജമാണ്.

മരണത്തെ നാം ഭയപ്പെടുന്നതിന്റെ യഥാര്‍ഥ കാരണം ജീവനെ നാം സ്‌നേഹിക്കുന്നു എന്നതാണ്. ജീവന്റെ പ്രകാശവും ഊഷ്മളതയും ലാളിത്യവും സ്‌നേഹവുമാണ് ക്രിസ്തുവിന്റെ സുവിശേഷം. ആ ജീവന്റെ വെളിച്ചത്തില്‍ നമുക്കും ജീവിക്കാം.

മരുഭൂമിയിലെ കല്ലുകളെയും മണല്‍ത്തരികളെയും ഭക്ഷണമാക്കി മാറ്റി അതുമുഴുവന്‍ തിന്നാനാണ് നമ്മുടെ പ്രലോഭനം. 'കണ്‍സ്യൂമര്‍ കള്‍ച്ചര്‍' എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഉപഭോഗതൃഷ്ണയാണ് നമ്മുടെ സംസ്‌കാരത്തെ നയിക്കുന്നത്. അതിനൊരിക്കലും തൃപ്തി വരുന്നില്ല. ഒരു നേരം കഴിക്കുമ്പോഴും അടുത്തനേരം കിട്ടുമോ എന്ന മരണഭയമാണ് മനുഷ്യര്‍ക്ക്.

ഇതറിയാവുന്ന കച്ചവടക്കാര്‍ മാരകമായ മായം കലര്‍ത്തിയും രുചികൂട്ടാന്‍ അപകടകരമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തും ലഹരിപിടിപ്പിച്ചും സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കെട്ടിയും മരണത്തിന്റെ മുഖം മിനുക്കി ആകര്‍ഷണീയവും ആസ്വാദ്യകരവുമാക്കുന്നു. നമുക്കിവിടെ കേരളത്തില്‍ പുതിയ പറുദീസയാണ് മാളുകള്‍. ന്യൂ ജനവും ഓള്‍ഡ് ജനുവമെല്ലാം ഇടിച്ചു കയറുകയാണ് മാളുകളിലേക്ക്. മരണഭയത്തെ മറക്കാനും മറയ്ക്കാനുമാണിത്.

നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ യേശുവിന് അസാമാന്യ സിദ്ധി ലഭിച്ചു. ആ സിദ്ധിയുടെ ശക്തി ഉപയോഗിച്ച് മരുഭൂമിയിലെ കല്ലുകള്‍ മുഴുവന്‍ അപ്പമാക്കാന്‍ തന്നെ യുക്തിപൂര്‍വം പ്രേരിപ്പിച്ച പരീക്ഷകനോട് കര്‍ത്താവ് പറഞ്ഞു: ''മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വചനങ്ങള്‍ കൊണ്ടു കൂടിയാണ് ജീവിക്കുന്നത്.''

പ്രശസ്തിയും കൈയടിയും നേടാനാണ് യേശുവിനുണ്ടായ രണ്ടാമത്തെ പ്രലോഭനം. ജറുസലേം ദേവാലയത്തിന്റെ ഉന്നതഗോപുരത്തില്‍ കയറി, വലിയ പുരുഷാരം നോക്കി നില്‍ക്കേ താഴേക്ക് ചാടുക. ഒരിടത്തും തട്ടാതെയും മുട്ടാതെയും മാലാഖമാരാല്‍ പരിസേവിതനായി, ഒരു തൂവല്‍ പോലെ സുരക്ഷിതനായി, ഭൂമിയില്‍ പതിക്കുക.

ആയിരങ്ങള്‍ 'ലൈക്ക്' അടിക്കുന്നു. പതിനായിരങ്ങള്‍ 'ഷെയര്‍' ചെയ്യുന്നു. സംഭവം വൈറലാകുന്നു. വീരനായകനെ ജനം തോളിലേറ്റി ആര്‍പ്പിടുന്നു. നമ്മുടെ സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്നത് ഈ പ്രശസ്തിക്കു വേണ്ടിയുള്ള കടുത്ത ദാഹമാണ്. ഏത് ധാര്‍മ്മിക മര്യാദയെയും ലംഘിക്കാന്‍ കഴിവുള്ളതാണ് ഈ ആര്‍ത്തി. ഒറ്റപ്പെട്ടുപോകുന്നത് മരണത്തിന്റെ തുടക്കമാണ്. അതിനു മരുന്നാണ് ആര്‍പ്പിടുന്ന പുരുഷാരവും ഫാന്‍സ് ക്ലബുകളും.

തുടക്കത്തില്‍ വളരെ നല്ലവരും ആത്മാര്‍ഥതയുള്ള വരുമായ ആത്മീയമനുഷ്യര്‍ക്കുപോലും ഇത്തരം പോപ്പുലാരിറ്റി കൈവന്നാല്‍ അവര്‍ മിക്കവരും നിലവിട്ടുപോകും. പിന്നെ ധ്യാനകേന്ദ്രങ്ങളും അദ്ഭുത രോഗശാന്തി ശുശ്രൂഷകളും കോടികളുടെ ആസ്തികളുമായി അവര്‍ പ്രലോഭകന്റെ വഴിയേ ക്രമേണ നീങ്ങിത്തുടങ്ങും. ''നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്'' എന്നു പറഞ്ഞ് പ്രലോഭകനെ തോല്‍പിച്ച നസ്രായന്‍ തന്റെ പേരില്‍ അവരുടെ ജൈത്രയാത്ര കണ്ട് അന്തംവിട്ടു നില്‍ക്കേണ്ടി വരും.

മൂന്നാമത്തെ പ്രലോഭനം. ഒരുയര്‍ന്ന മലയുടെ ഉച്ചിയില്‍ നിന്ന് രാജ്യങ്ങളായ രാജ്യങ്ങളെല്ലാം സാത്താന്‍ യേശുവിനു കാണിച്ചുകൊടുത്ത് പറഞ്ഞു, ''എല്ലാറ്റിനും അധിപനായി നീ വാഴും. മഹാ സമ്രാട്ട് എന്ന പദവി കിട്ടും, ലോകം മുഴുവന്‍ നിന്റെ കാല്‍ക്കീഴിലാവും. അതിലളിതമായ ഒരു വ്യവസ്ഥ മാത്രം. എന്നെ ഒന്ന് കുമ്പിട്ട് നമസ്‌കരിക്കുക.'' മരണഭയത്തെ മറികടക്കാനുള്ള ഏറ്റവും വലിയ വഴിയാണിത്. എല്ലാ അധികാരവും ശക്തിയും ലഭിച്ച് തേജോമയനായി സ്തുതിപാടകന്മാരാല്‍ വാഴ്ത്തപ്പെടുക. നാമൊരിക്കലും മരിക്കയില്ല. 'രാജാവ് മരിച്ചു. രാജാവ് നീണാള്‍ വാഴട്ടെ' എന്ന് ഇംഗ്ലീഷില്‍ ചൊല്ലുണ്ടല്ലോ.

നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതുമുതല്‍ പാശ്ചാത്യ ക്രിസ്തീയ സഭയുടെ വലിയ പ്രലോഭനം ഈ സാമ്രാജ്യ മാതൃകയില്‍ സഭയെ സംഘടിപ്പിക്കുക എന്നതായിരുന്നു. കുരിശുയുദ്ധങ്ങളിലൂടെ, കോളനിവല്‍ക്കരണത്തിലൂടെ നേടിയെടുക്കുന്ന ആഗോളാധിപത്യത്തിന്റെ ശേഷിപ്പുകളാണ് പൊതുസ്ഥലങ്ങളില്‍ കുരിശ് സ്ഥാപിക്കലും ഒട്ടൊക്കെ കുരിശുമല കയറ്റങ്ങളുമെല്ലാം.

'നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ കുമ്പിട്ട് നമസ്‌കരിക്കാവൂ' എന്ന് ദൈവവചനം ഉദ്ധരിച്ച് പ്രലോഭകനെ പരാജയപ്പെടുത്തി, സാമ്രാജ്യമോഹത്തെ മുളയിലെ നുള്ളിക്കളഞ്ഞ യേശുവിനോടു കൂടിയാണോ നാം സഞ്ചരിക്കുന്നത് എന്ന് പരിശോധിക്കാനുള്ള അവസരം കൂടിയാണ് നമ്മുടെ നോമ്പ്.

യേശുവിനുണ്ടായ മൂന്നു പ്രലോഭനങ്ങളും മൂന്നു ലഹരികളാണ്. ഭൂമിയില്‍ നമ്മുടെ ആത്യന്തികാനുഭവമായ മരണത്തെ മറക്കാന്‍ നാം ഉപയോഗിക്കുന്ന ഔഷധം ഈ ലഹരികളാണ് - സുഖസമൃദ്ധമായ ഭക്ഷണം, പ്രശസ്തി, ആസ്തിയും അധികാരവുമുള്ള സ്ഥാനങ്ങള്‍. നമ്മുടെ പുതിയ തലമുറ ലഹരിമരുന്നുകള്‍ക്കു പുറകേ പായുന്നതും അതിന്റെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോകുന്നതും നമ്മെ പരിഭ്രാന്തരാക്കുന്നു. പക്ഷേ, മുന്‍പറഞ്ഞ മൂന്നു ലഹരികള്‍ ആസ്വദിക്കയും അതിനുവേണ്ടി ജീവിക്കയും ചെയ്യുന്ന മുതിര്‍ന്ന തലമുറയോട് ചെറുപ്പക്കാര്‍ക്ക് പലര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.

ആ പ്രതിഷേധക്കുറിപ്പു കൂടിയായിരിക്കാം അവര്‍ മിക്കവരും തേടുന്ന പുതുലഹരി. ക്രിസ്തുവിന്റെ സുവിശേഷം നല്കുമെന്ന് ''പ്രോസ്‌പെരിറ്റി ഗോസ്പല്‍''കാര്‍ അവകാശപ്പെടുന്ന സമ്പല്‍സമൃദ്ധിയെയും പോപ്പുലാരിറ്റിയെയും സ്ഥാനമാനങ്ങളെയും കുറിച്ചല്ല നോമ്പു പറയുന്നത്. ലോകത്തിന്റെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി സ്‌നേഹപൂര്‍വം മരണം സ്വീകരിച്ച യേശുവിന്റെ മാതൃകയാണ് നോമ്പിന്റെ പ്രധാന പ്രമേയം. തന്റെ ത്യാഗപൂര്‍ണ്ണമായ മരണംമൂലം നമ്മുടെ മരണഭയത്തെ നീക്കിക്കളയുകയും ഉയിര്‍പ്പിന്റെ മഹാസന്തോഷത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുകയും ചെയ്ത യേശുവാണ് ''നമ്മുടെ വിശ്വാസത്തിന്റെ നായകനും അതിനെ പൂര്‍ത്തീകരിക്കുന്നവനും'' (ഹെബ്രാ. 12:2).

ദൈവത്തോടും സകല ജീവജാലങ്ങളോടുമുള്ള നന്ദിയോടും സ്‌തോത്രത്തോടും കൂടി നമ്മുടെ ഭക്ഷണപാനീയങ്ങള്‍ നമുക്കു കഴിക്കാം. ആര്‍ത്തിയുടെയും അമിതമായ ആഡംബരത്തിന്റെയും സംസ്‌കാരം നമ്മുടെ വീടുകളില്‍ നിന്നും വിരുന്നുകളില്‍ നിന്നും ഒഴിവാക്കാം. നാം ആര്‍ജിക്കുന്നതെല്ലാം - സ്ഥലമാണെങ്കിലും സ്ഥാനങ്ങളാണെങ്കിലും പണമാണെങ്കിലും - നീതിയോടും നമ്മുടെ സമൂഹത്തോടുള്ള തികഞ്ഞ ഉത്തരവാദിത്വത്തോടും കൂടി വേണം. മരണത്തെ നാം ഭയപ്പെടുന്നതിന്റെ യഥാര്‍ഥ കാരണം ജീവനെ നാം സ്‌നേഹിക്കുന്നു എന്നതാണ്. ജീവന്റെ പ്രകാശവും ഊഷ്മളതയും ലാളിത്യവും സ്‌നേഹവുമാണ് ക്രിസ്തുവിന്റെ സുവിശേഷം. ആ ജീവന്റെ വെളിച്ചത്തില്‍ നമുക്കും ജീവിക്കാം.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി