ഫെയ്ത്ത് ഫിറ്റ്നസ്

പുതിയ കാലത്തെ 'നല്ല സമരിയക്കാരൻ' ആരായിരിക്കും?

Faith FItness 08

Sathyadeepam

പുതിയ കാലത്തെ 'നല്ല സമരിയക്കാരൻ' ആരായിരിക്കും? ദുരിതത്തിലായിരിക്കുന്നവരെ സഹായിക്കാൻ നമ്മൾ Facebook-ൽ ഒരു പോസ്റ്റ് ഇട്ടാൽ മതിയോ, അതോ അതിനപ്പുറം നേരിട്ട് എന്തെങ്കിലും ചെയ്യണമോ?

മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന് തിരിച്ചറിഞ്ഞ്, വീഴുന്നവന് കൈത്താങ്ങായും വിശക്കുന്നവന് ഭക്ഷണമായും നിരാലംബന് ആലംബമായും മാറുമ്പോൾ നമ്മുടെ മനസ്സിൻ്റെ അകത്തളങ്ങളിൽ നല്ല സമരിയാക്കാരൻ രൂപം കൊള്ളും.

  • ആൽഫ്രസ് ദേവസ്സിക്കുട്ടി പാലമറ്റം

    +2 വിദ്യാർഥി, ഹോളി ക്രോസ് ഫൊറോന പള്ളി, മഞ്ഞപ്ര

സഹജീവികളോടുള്ള അനുകമ്പയും കാരുണ്യവും നഷ്ടപ്പെട്ട് മാനുഷിക മൂല്യങ്ങളുടെ നിറം മങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ നല്ല സമരിയാക്കാരൻ ആരായിരിക്കും എന്നത് വളരെയേറെ വെല്ലുവിളി ഉയർത്തുന്ന, ചിന്തയെ പിടിച്ചുലയ്ക്കുന്ന ഒരു ചോദ്യമാണ്.

പണത്തിനും പ്രതാപത്തിനും പിന്നാലെ പായുന്ന ആധുനിക ജനതയോടൊപ്പമാണ് നാം സഞ്ചരിക്കുന്നതെങ്കിൽ നമുക്ക് ഒരു നല്ല സമരിയാക്കാരനാകുവാൻ കഴിയുകയില്ല. മാനവഹൃദയങ്ങൾ കൊടുങ്കാറ്റിൽ ആടിയുലയാതിരിക്കണമെങ്കിൽ, തന്റെ സമീപം അണഞ്ഞിരിക്കുന്ന സഹോദരങ്ങളിൽ യേശുവിനെ ദർശിച്ചുകൊണ്ട് സ്നേഹത്തിന്റെ, കരുതലിന്റെ, അഭയത്തിന്റെ, ആശ്രയത്തിന്റെ കരങ്ങൾ നീട്ടുവാൻ നമുക്കോരോരുത്തർക്കും കഴിയണം.

​ചുറ്റുപാടും വേദന അനുഭവിക്കുന്നവർക്കും, നിരാലംബർക്കും, പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നവർക്കും തക്ക സമയത്ത് സഹായഹസ്തമായി നാം മാറുമ്പോൾ പുതിയ ഒരു സമരിയാക്കാരൻ ജന്മമെടുക്കുകയാണ്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന് തിരിച്ചറിഞ്ഞ്, വീഴുന്നവന് കൈത്താങ്ങായും വിശക്കുന്നവന് ഭക്ഷണമായും നിരാലംബന് ആലംബമായും മാറുമ്പോൾ നമ്മുടെ മനസ്സിന്റെ അകത്തളങ്ങളിൽ നല്ല സമരിയാക്കാരൻ രൂപംകൊള്ളും.

​പ്രവർത്തി കൂടാത്ത വാക്ക് നിർജ്ജീവമാണ്. അതുകൊണ്ട് നിർജ്ജീവമായ വാക്കുകൾക്ക് പകരം പ്രവർത്തിയിലൂടെ നമുക്ക് ഫലം കണ്ടെത്തുവാനായി കഴിയുമ്പോൾ നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകും.

നാം ആകുന്ന ചിരാത് അണഞ്ഞിരിക്കുന്ന ഓരോ ചിരാതിലേക്കും വെളിച്ചം പകരുമ്പോൾ ഈ ലോകം മുഴുവൻ പ്രഭാപൂർണ്ണമാക്കുവാൻ നമുക്ക് സാധിക്കും.

F ​ഫേസ്ബുക്കിൽ പോസ്റ്റിടുന്നതിനെ ശരി വെക്കുന്നതോടൊപ്പം പ്രവർത്തിയാണ് ഏറെ അഭികാമ്യം എന്ന് ഓർമ്മപ്പെടുത്തുന്നു. ലൈക്കും ഷെയറും കിട്ടിയാൽ വിശക്കുന്നവന്റെ വിശപ്പ് അടക്കുവാൻ കഴിയുകയില്ല എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കരുത്. നമ്മളാൽ സഹായം ചെയ്യുന്നതോടൊപ്പം സന്നദ്ധ സംഘടനകളെ വിവരം അറിയിക്കുവാനും നിരാലംബരുടെ സംരക്ഷണം സുരക്ഷിതകരങ്ങളിൽ ഏൽപ്പിക്കുവാനും നമുക്കോരോരുത്തർക്കും ബാധ്യതയുണ്ടെന്ന കാര്യം മറക്കാതിരിക്കാം.

​ആവശ്യക്കാരനിലേക്ക് തുറവിയുണ്ടാകുന്ന നന്മയുള്ള ഹൃദയത്തിന്റെ ഉടമയായിക്കൊണ്ട് നമുക്ക് നല്ല ശിഖരങ്ങളുള്ള ആൽമരങ്ങൾ പോലുള്ള ആൾമരങ്ങളാകാം, തണലാകാം.

നല്ല സമരിയാക്കാരനായ നമുക്ക് കത്തിജ്വലിച്ച് അനേകർക്ക് വെളിച്ചമാകുന്ന ദീപസ്തംഭമായി മാറാം. അന്യന്റെ ദുഃഖങ്ങൾ നമ്മുടേയും ദുഃഖമായി ഉൾക്കൊണ്ട് അതിന് ആശ്വാസം പകരുവാൻ കഴിയുമ്പോൾ നമുക്ക് നല്ല സമരിയാക്കാരനായിത്തീരാൻ സാധിക്കും.

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു വൈദികാര്‍ഥി കൂടി കൊല്ലപ്പെട്ടു

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായി ക്ലൗദിയു ലൂച്യാന്‍ പോപ് തിരഞ്ഞെടുക്കപ്പെട്ടു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 64]

ബംഗ്ലാദേശിലേക്കു പ്രത്യാശയുടെ സന്ദേശവുമായി വത്തിക്കാന്‍ അധികാരി