ഇന്ന് ഞാൻ ഈശോയെ പലരിലും കാണാറുണ്ട്. പല പ്രവൃത്തികളിലും സാഹചര്യങ്ങളിലും കാണാറുണ്ട്. ഈശോ ആരാണ്? എന്ന എൻ്റെ ആ പഴയ ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടി. ഈശോ എല്ലാമാണ്. എന്റെ കൂടെ നടക്കുന്നവനാണ്. എന്നെ കേൾക്കുന്നവനാണ്. എല്ലാം കണ്ടറിഞ്ഞ് നൽകുന്നവനാണ്. അങ്ങനെ എന്റെ എല്ലാമെല്ലാണ് ഈശോ. പണ്ട് എന്റെ വിശ്വാസജീവിതത്തിൽ എനിക്ക് ഏറ്റവും കഠിനമായി തോന്നിയ, സംശയം പ്രകടിപ്പിച്ചുകൊണ്ടിരുന്ന ആ ചോദ്യമില്ലേ, അതിനുള്ള Answer ഇന്ന് എന്റെ കൂടെയുണ്ട്.
അൽന ഫിനിൻ പുത്തനങ്ങാടി
+2 വിദ്യാർഥിനി, സെൻ്റ് ജോർജ് പള്ളി, പുത്തൻപള്ളി
വിശ്വാസജീവിതത്തിൽ എനിക്ക് ഏറ്റവും കഠിനമായി തോന്നിയത് ഈശോയെ ശരിക്കും അറിയുക എന്നതായിരുന്നു. ഇതു തന്നെയാണ് എന്നെ ഏറ്റവും കൂടുതൽ സംശയിപ്പിച്ചതും. കുഞ്ഞിലെ തൊട്ടേ അപ്പനും അമ്മയും ഒരുമിച്ച് പള്ളിയിൽ കൊണ്ടുപോവുകയും പ്രാർഥിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു എന്ന് പറഞ്ഞു തന്നിട്ടില്ല. "ഈശോ അങ്ങനെ ഒരാളുണ്ട്, പ്രാർഥിച്ചാൽ എല്ലാം സാധിച്ചു തരുന്നൊരാൾ." ഇത്ര മാത്രമാണ് കുഞ്ഞിലെ എനിക്ക് കിട്ടിയിരുന്ന വിവരം. അങ്ങനെ ഞാൻ പ്രാർഥിക്കാൻ തുടങ്ങി, ആവശ്യങ്ങൾ പറയാൻ തുടങ്ങി. എന്നാൽ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടാറില്ലായിരുന്നു. അതൊരു വിശ്വാസമില്ലായ്മയിലേക്ക് പതിയെ വഴിമാറി.
ഒരു സമയത്ത് വീട്ടുകാർ എന്നെ പ്രാർഥിക്കാൻ നിർബന്ധിക്കുമ്പോൾ ഞാൻ ചോദിക്കുമായിരുന്നു, "ഈ പ്രതിമയോടൊക്കെ പ്രാർഥിച്ചിട്ട് എന്താ കാര്യം? ഒന്നും കിട്ടുന്നില്ല, പിന്നെന്തിനാ പ്രാർഥിച്ചിട്ട്?" പിന്നീട് കാറ്റിക്കിസം ക്ലാസിലൂടെയെല്ലാം ഈശോയെക്കുറിച്ച് കൂടുതലറിഞ്ഞു. എന്നിട്ടും ഞാൻ ഈശോയെ ശരിക്കും വിശ്വസിച്ചില്ല. അതിന് കാരണം യഥാർഥ ഈശോയെ അറിഞ്ഞിട്ടില്ല എന്നതായിരുന്നു.
പണ്ട് എനിക്ക് തീരെ വിശ്വാസമില്ലാത്ത ആളെയാണ് ഞാൻ ഇന്ന് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത്. ഇന്ന് ആരെങ്കിലും എന്നോട് 'നിനക്ക് ആരെയാ കൂടുതൽ ഇഷ്ടം' എന്ന് ചോദിച്ചാൽ എനിക്കൊറ്റ ഉത്തരമേ ഉള്ളൂ;
"എന്റെ ഈശോ!" അത്രയും എന്റെ ഈശോ എന്നെ സ്നേഹിച്ചിട്ടുണ്ട്, ആശ്വസിപ്പിച്ചിട്ടുണ്ട്, കൂടെ ഞാനുണ്ടെന്ന ബോധ്യം തന്നിട്ടുണ്ട്, പലരിലൂടെയും സംസാരിച്ചിട്ടുണ്ട്, പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈശോ തന്ന അനുഗ്രഹങ്ങളിൽ നിന്ന് എനിക്ക് ഈശോയെ ഫീൽ ചെയ്തു തുടങ്ങി. എന്തെങ്കിലും ചോദിച്ചാൽ മാത്രം തരുന്ന ഈശോയെ അല്ല. മറിച്ച്, കണ്ടറിഞ്ഞ് എല്ലാം തരുന്ന ഈശോയാണ് എപ്പോഴും എന്റെ കൂടെയുള്ളതെന്ന ബോധ്യം ഇന്നെനിക്കുണ്ട്.