"നമുക്ക് സഭയുടെ വാതിലുകളും ജനലുകളും തുറന്നിടാം. കാറ്റും വെളിച്ചവും കയറട്ടെ; പൊടിപടലങ്ങളും മാറാലകളും പോകട്ടെ." 1962-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരംഭം കുറിച്ചുകൊണ്ട് 81 വയസ്സുള്ള പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമനില്‍ നിന്നുയര്‍ന്ന ആ വാക്കുകളുടെ അലകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു സഭാ പരിഷ്‌കര്‍ത്താവ് സഭയുടെ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചൂടുപിടിച്ച ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ഒരു വേദിയായിരുന്നു. വിശ്വാസത്തെ വെറും ആചാരം എന്ന നിലയില്‍ നിന്നും അന്ധവിശ്വാസങ്ങളുടെ നീരാളിപ്പിടുത്ത ത്തില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു പോപ്പ് ജോണിന്റേത്. പോപ്പിന്റെ ഔദ്യോഗിക ചെരുപ്പുകള്‍ കാട്ടി അദ്ദേഹം സുഹൃത്തിനോടു സരസമായി പറഞ്ഞു; "പോപ്പിന് ഇത്രയും ഭാരമുള്ള ചെരുപ്പു നല്‍കിയിരിക്കുന്നത് അധികം സഞ്ചരിക്കാതിരിക്കാനാണ്." അന്ധമായ ആചാരങ്ങള്‍ക്കെതിരെ അങ്ങേയറ്റം വരെ തുളച്ചു കയറുന്ന മര്‍മ്മം!
കാര്യങ്ങള്‍ കൃത്യമായി വിലയിരുത്താനുള്ള സാമര്‍ത്ഥ്യം; 24000 യഹൂദരെ മരണത്തില്‍ നിന്നു രക്ഷപെടുത്താന്‍ മാത്രമുള്ള മനുഷ്യത്വം; മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മബോധം; ദൈവിക നന്മയിലുള്ള അടിയുറച്ച ബോദ്ധ്യം; എല്ലാ മതങ്ങളെയും ഒരുപോലെ കാണാനുള്ള മനുഷ്യത്വം; എല്ലാറ്റിനുമുപരി ക്രിസ്തീയ സഭകളെല്ലാം ഐക്യപ്പെട്ടു കാണാനുള്ള അതിരുകളില്ലാത്ത ക്രിസ്തീയ സ്‌നേഹം – എല്ലാം സമഞ്ജസമായി സമ്മേളിച്ചതായിരുന്നു ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പാ.
ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ഉത്തര ഇറ്റലിയിലെ ബര്‍ഗാമോയില്‍ 1881 നവംബര്‍ 25-ന് അഞ്ചെലോ ജൂസെപ്പെ റൊങ്കാളി ജനിച്ചു. 1904 ല്‍ പുരോഹിതനായി. ഒന്നാം ലോകമഹായുദ്ധത്തില്‍ "സ്‌ട്രെച്ചര്‍ ബോയി"യായി പങ്കെടുത്തു. 1921-ല്‍ വിശ്വാസത്തിന്റെ പ്രചരണത്തിനായി അദ്ദേഹം സൊസൈറ്റിയുടെ നാഷണല്‍ ഡയറക്ടറായി നിയമിതനായി. താമസിയാതെ അദ്ദേഹം ആര്‍ച്ചു ബിഷപ്പും ബര്‍ഗേറിയായുടെ പേപ്പല്‍ അംബാസിഡറുമായി. തുടര്‍ന്ന് ടര്‍ക്കിയിലും 1944 മുതല്‍ '53 വരെ ഫ്രാന്‍സിലും അംബാസിഡറായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ അനേകം നേതാക്കന്മാരെ കണ്ടുമുട്ടുകയും ഇരുസഭകളും തമ്മില്‍ ഐക്യപ്പെടാനുള്ള പ്രാഥമിക നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ആ നീക്കങ്ങള്‍ ഇപ്പോഴും പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
1935-ല്‍ കര്‍ദ്ദിനാളും വെനീസിന്റെ പാത്രിയാര്‍ക്കുമായി. 1958-ല്‍ പോപ്പ് പയസ് പന്ത്രണ്ടാമന്റെ നിര്യാണത്തോടെ 78 വയസ്സുള്ള ആഞ്ചെലോ റൊങ്കാളി പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവിന്റെ പേരു തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കൂടാതെ റോമിന്റെ രണ്ടു മദ്ധ്യസ്ഥന്മാരും ജോണാണ് – യോഹന്നാന്‍ സ്ലീഹായും സ്‌നാപകയോഹന്നാനും.
ദീര്‍ഘവീക്ഷണവും തെളിഞ്ഞ ചിന്തയും, പ്രതിപക്ഷ ബഹുമാനവും വിനയവും തുറന്ന മനസ്സും കൊണ്ട് മറ്റുള്ളവരിലെ ഏറ്റവും വലിയ നന്മ പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. "അനുസരണയും സമാധാനവും" എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശ വാക്യം. എല്ലാ പ്രവര്‍ത്തനങ്ങളും ദൈവതിരുമനസ്സിന് അനുയോജ്യമായിട്ടായിരുന്നു. നൂറുശതമാനവും സമാധാനത്തിന്റെ ദൂതനായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ രേഖപ്പെടുത്തിയതുപോലെ, "അദ്ദേഹവുമായി സംസാരിക്കുന്നവര്‍ക്കൊക്കെ എന്തെന്നില്ലാത്ത ആശ്വാസം ലഭിക്കുന്നു."
'സൂനഹദോസിന്റെ പാപ്പ' എന്നറിയപ്പെടുന്ന ജോണ്‍ ഇരുപത്തിമൂന്നാമനെ അള്‍ത്താരയില്‍ വണക്കത്തിനായി 2000 സെപ്തംബര്‍ 3 ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഉയര്‍ത്തി. 2014 ഏപ്രില്‍ 27-ന് ഫ്രാന്‍സിസ് പാപ്പ ജോണ്‍പോള്‍ രണ്ടാമനോടൊപ്പം ജോണ്‍ ഇരുപത്തിമൂന്നാമനെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തി. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരംഭിച്ച ദിനമായ ഒക്‌ടോബര്‍ പതിനൊന്ന് അദ്ദേഹത്തിന്റെ തിരുനാള്‍ ദിനമായി ആചരിക്കുന്നു.