കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

ലൂര്‍ദ്ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് (1858 മാര്‍ച്ച് 25) വി. ബര്‍ണദീത്തയോട് ''ഞാന്‍ അമലോത്ഭവയാണ്'' എന്നു വെളിപ്പെടുത്തി
കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8
Published on

ലോകമെമ്പാടുമുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ താല്‍പര്യപ്രകാരം ഒമ്പതാം പീയൂസ് മാര്‍പാപ്പ 1854 ഡിസംബര്‍ 8-ന് "ineffabilis Deus'' എന്ന ചാക്രികലേഖനത്തിലൂടെ കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു:

എത്രയും ഭാഗ്യപ്പെട്ട കന്യകാമറിയം ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍, സര്‍വശക്തനായ ദൈവം നല്‍കിയ പ്രത്യേക വരത്താലും ആനുകൂല്യത്താലും മനുഷ്യവംശത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ യോഗ്യതകളാലും, ഉത്ഭവപാപത്തിന്റെ സകല മാലിന്യത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടുവെന്നുള്ളത് ദൈവം വെളിപ്പെടുത്തിയിരിക്കുന്നതും, അതിനാല്‍ വിശ്വാസികള്‍ ഇത് ഉറപ്പായി നിത്യവും വിശ്വസിക്കേണ്ടതുമാണെന്ന് നാം പ്രഖ്യാപിക്കുന്നു.

ഈ പ്രഖ്യാപനത്തിനുശേഷം നാലുവര്‍ഷം കഴിഞ്ഞപ്പോഴാണ് (1858 മാര്‍ച്ച് 25) ലൂര്‍ദ്ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് വി. ബര്‍ണദീത്തയോട് ''ഞാന്‍ അമലോത്ഭവയാണ്'' എന്നു വെളിപ്പെടുത്തിയത്. പൗരസ്ത്യ സഭയില്‍ ഏഴാം നൂറ്റാണ്ടുമുതലും, പാശ്ചാത്യസഭയില്‍ ഒമ്പതാം നൂറ്റാണ്ടു മുതലും മാതാവിന്റെ അമലോത്ഭവതിരുനാള്‍ ആഘോഷിച്ചിരുന്നു.

ഈ പാരമ്പര്യത്തിന്റെ വെളിച്ചത്തില്‍ പാരീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ 1497-ല്‍ മാതാവിന്റെ അമലോത്ഭവസത്യം അംഗീകരിക്കുന്നതായി പ്രതിജ്ഞയെടുത്തു. അതിനുശേഷം, 1839-ലാണ് ലോരേറ്റോ ലുത്തിനിയായില്‍ ''അമലോത്ഭവയായ രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ'' എന്നു കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതിനുശേഷം മാര്‍പാപ്പായുടെ ചാക്രികലേഖനവും ലൂര്‍ദ്ദിലെ പ്രത്യക്ഷപ്പെടലും ഉണ്ടായി.

''ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു'' (റോമ. 5:12) എന്നാണ് പൗലോസ് ശ്ലീഹാ രേഖപ്പെടുത്തുന്നത്. ഇതിന്റെ ചുവടുപിടിച്ച് മദ്ധ്യശതകങ്ങളിലെ ചില ദൈവശാസ്ത്രപണ്ഡിതന്മാരായ ആന്‍സലം, ബര്‍ണാര്‍ദ്, അക്വീനാസ്, ബൊനവെഞ്ചര്‍ എന്നിവര്‍, ''മാതാവിന്റെ അമലോത്ഭവം'' എന്ന ആശയം ക്രിസ്തുവിന്റെ ''ലോകരക്ഷകന്‍'' എന്ന ആശയത്തെ ദുര്‍ബലമാക്കുമെന്നു വാദിച്ചു.

മാതാവ് അമലോത്ഭവയാണെങ്കില്‍ അവള്‍ക്ക് രക്ഷകന്റെ സഹായം ആവശ്യമില്ലെന്നും മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കാനാണ് ക്രിസ്തു വന്നതെന്ന സങ്കല്പത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ ആശയമെന്നും അവര്‍ വാദിച്ചു. വേണമെങ്കില്‍, ഗര്‍ഭത്തില്‍വച്ച് അവള്‍ വിശുദ്ധീകരിക്കപ്പെട്ടു എന്നു പറയണമെന്നായിരുന്നു അവരുടെ വിശദീകരണം.

ഈ വാദപ്രതിവാദങ്ങള്‍ അവസാനിച്ചത് ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള ജോണ്‍ ഡണ്‍ സ്‌കോട്ട് എന്ന ഫ്രാന്‍സിസ്‌കന്‍ ദൈവശാസ്ത്രജ്ഞന്‍, മാതാവിന്റെ ''അമലോത്ഭവം'' എന്ന ആശയം ''ലോകരക്ഷ'' എന്ന ആശയത്തിനു വിരുദ്ധമല്ലെന്നു സ്ഥാപിച്ചതോടെയാണ്.

അദ്ദേഹം വിശദീകരിച്ചു: ''മറ്റുള്ളവരെപ്പോലെതന്നെ മറിയവും ഉത്ഭവപാപത്തിന് അടിമയായിപ്പോകുമായിരുന്നു... എന്നാല്‍, മദ്ധ്യസ്ഥന്റെ വിശുദ്ധ ഇടപെടല്‍ അതിനവളെ അനുവദിച്ചില്ല. ക്രിസ്തു പാപസ്പര്‍ശമേല്‍ക്കാത്തവനായിരിക്കണം എന്നതിനാല്‍, അവിടുത്തെ മഹത്വത്താല്‍ മറിയം വിശുദ്ധയാക്കപ്പെട്ടു.''

നന്മ നിറഞ്ഞ മറിയമേ സ്വസ്തി! കര്‍ത്താവു നിന്നോടുകൂടെ. സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

ഏതായാലും മറിയത്തിന്റെ അമലോത്ഭവം ഒരു പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു. രക്ഷകന്റെ വരവിനുള്ള ഒരുക്കമായിരുന്നു. ലോകരക്ഷകന്റെ ഭൂമിയിലെ പ്രവര്‍ത്തനത്തിനുള്ള പശ്ചാത്തലം ഒരുക്കലായിരുന്നു. ദൈവത്തിന്റെ പദ്ധതിയുടെ തുടര്‍ച്ചയായിരുന്നു. രക്ഷയുടെ അച്ചാരമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org