

പുരാതന ഗാളിയ എന്നു പറയുന്നത് ഗോളും (ഇന്നത്തെ ഫ്രാന്‍സ്) ബ്രിട്ടനും സ്‌പെയിനും ചേര്‍ന്നതായിരുന്നു. ഈ സാമ്രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗവണ്മെന്റുദ്യോഗസ്ഥനായിരുന്നു പ്രീഫെക്ട്. വിശുദ്ധ അംബ്രോസിന്റെ യാഥാസ്ഥിതികനും റോമന്‍ ക്രിസ്ത്യാനിയുമായ പിതാവ് ഗാളിയയുടെ പ്രീഫെക്ടായിരുന്നു. പിതാവിന്റെ മരണത്തോടെ അംബ്രോസിന്റെ കുടുംബം റോമില്‍ തിരിച്ചെത്തി. സ്വതന്ത്രമായ വിദ്യാഭ്യാസത്തിനു ശേഷമാണ് നിയമം പഠിച്ചത്. അംബ്രോസിന്റെ അസാധാരണമായ കഴിവുകള്‍ ചക്രവര്‍ത്തിയുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഇറ്റലിയുടെ ഗവര്‍ണറായി മുപ്പത്തിമൂന്നു വയസ്സുള്ള അംബ്രോസ് നിയമിക്കപ്പെട്ടു. മാന്യനും നീതിമാനുമായ ഒരു ഭരണാധികാരിയായി, മിലാനിലെ ജനങ്ങളുടെ ആരാധനാപാത്രമായി മാറി അംബ്രോസ്. ആര്യന്‍ പക്ഷപാതിയായിരുന്ന ബിഷപ്പ് ഔക്‌സെന്റിയസ് മരണമടഞ്ഞപ്പോള്‍ പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതില്‍ ആര്യന്‍ പാഷണ്ഡികളും യാഥാസ്ഥിതിക ക്രിസ്ത്യാനികളും തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം പറഞ്ഞൊതുക്കി നാട്ടില്‍ സമാധാനം സ്ഥാപിക്കാനാണ് ഗവര്‍ണറായ അംബ്രോസ് എത്തിയത്. ജനക്കൂട്ടത്തില്‍നിന്ന് ഒരു ബാലന്‍ "അംബ്രോസുമെത്രാന്‍" എന്നു വിളിച്ചുപറഞ്ഞു. പെട്ടെന്ന് ജനങ്ങള്‍ അതേറ്റെടുത്തു. തന്റെ എതിര്‍പ്പുവകവയ്ക്കാതെ അംബ്രോസിനെ ജനങ്ങള്‍ മെത്രാനായി തിരഞ്ഞെടുത്തു. അങ്ങനെ ജ്ഞാനസ്‌നാനവും പൗരോഹിത്യവും സ്വീകരിച്ച അംബ്രോസ് 374 ഡിസംബര്‍ 7-ന് മിലാന്റെ മെത്രാനായി അഭിഷിക്തനായി.
അംബ്രോസ് തന്റെ സ്വകാര്യസ്വത്തുക്കളെല്ലാം പാവങ്ങള്‍ക്കു വിതരണം ചെയ്തു. ഭൂസ്വത്തുക്കളെല്ലാം പള്ളിക്കു ദാനം ചെയ്തു. എന്നിട്ട് വിശുദ്ധ ഗ്രന്ഥവും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളും ആഴമായി പഠിക്കാന്‍ ആരംഭിച്ചു. അങ്ങനെ പഠനവും അദ്ധ്യാപനവും ഒരുമിച്ച് നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വചനപ്രസംഗങ്ങള്‍ ഹ്രസ്വവും ശക്തവും പ്രായോഗികവുമായിരുന്നു. അംബ്രോസിന്റെ ശിഷ്യനായ വിശുദ്ധ അഗസ്റ്റിന്‍ രേഖപ്പെടുത്തുന്നതുപോലെ, "നന്നായി പഠിച്ച്, ഉചിതമായ വാക്കുകളില്‍, വിഷയത്തോടു നീതി പുലര്‍ത്തി ആകര്‍ഷകമായി അവതരിപ്പിക്കപ്പെട്ട ഹ്രസ്വമായ" പ്രസംഗങ്ങളായിരുന്നു അവ.
ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കെല്ലാം താന്‍തന്നെ അതു നല്‍കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
ഒരു സന്ന്യാസിയെപ്പോലെ ജീവിച്ചിരുന്ന അംബ്രോസ് മിതമായേ ഭക്ഷിച്ചിരുന്നുള്ളൂ. ദിവസം മുഴുവന്‍ ആര്‍ക്കും, ഉന്നതനും സാധാരണക്കാരനും, അദ്ദേഹത്തെ എപ്പോഴും സന്ദര്‍ശിക്കാമായിരുന്നു. രാത്രി മുഴുവന്‍ കത്തുകളുടെയും ഗ്രന്ഥങ്ങളുടെയും രചനയില്‍ അദ്ദേഹം മുഴുകിയിരുന്നു. സഭയ്ക്ക് സ്വന്തം നിലയില്‍ വിശ്വാസം പ്രചരിപ്പിക്കാനും ജനങ്ങളെ സന്മാര്‍ഗ്ഗത്തിലേക്കു നയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗവണ്മെന്റ് അവര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഭരണാധികാരികളെയും മുഖം നോക്കാതെ വിമര്‍ശിച്ചിരുന്ന അംബ്രോസ് "ചക്രവര്‍ത്തി തിരുസ്സഭയിലെ ഒരംഗമാണ്, സഭയ്ക്കു മേലല്ല" എന്നു തറപ്പിച്ചു പറയാനും മടിച്ചിരുന്നില്ല.
വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തിന് അംബ്രോസിന്റെ പ്രസംഗങ്ങളാണ് വഴിതെളിച്ചത്. അദ്ദേഹം തന്നെയാണ് വി. അഗസ്റ്റിന് ജ്ഞാനസ്‌നാനം നല്‍കിയതും. വിവിധ വിഷയങ്ങളെപ്പറ്റി ഈടുറ്റ ആധികാരിക ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സിസറോയെപ്പോലെ ശക്തനായ വാഗ്മിയായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഗാനരചയിതാവുമായിരുന്നു. അംബ്രോസിയന്‍ കീര്‍ത്തനങ്ങള്‍ പ്രാചീനകാലത്തു തന്നെ പ്രസിദ്ധങ്ങളായിരുന്നു.
386-ല്‍, ആര്യന്‍ പാഷണ്ഡതയില്‍ വിശ്വസിച്ചിരുന്ന ജസ്റ്റീനിയ ചക്രവര്‍ത്തിനിയും കൂട്ടാളികളും പുതുതായി നിര്‍മ്മിച്ച ഒരു ബസലിക്ക അവര്‍ ക്കായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ബിഷപ്പും സംഘവും നിരന്തരം പ്രാര്‍ത്ഥനയും സ്തുതിഗീതങ്ങളുമായി ദിവസങ്ങളോളം ബസലിക്കായില്‍ത്തന്നെ കഴിച്ചുകൂട്ടിയത്രെ. അംബ്രോസുതന്നെ രചിച്ച് ഈണം നല്‍കിയ കീര്‍ത്തനങ്ങളാണ് പിന്നീട് അംബ്രോസിയന്‍ കീര്‍ത്തനങ്ങളായി പ്രസിദ്ധമായത്.
397 ഏപ്രില്‍ 4-ാം തീയതി വിശുദ്ധ അംബ്രോസ് ദിവംഗതനായി.