Todays_saint

ബഥനിയിലെ വിശുദ്ധ മര്‍ത്താ (84) : ജൂലൈ 29

Sathyadeepam
ഈശോയുടെ ഏറ്റവും അടുത്ത, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ബഥനിയിലെ സഹോദരിമാരായ മര്‍ത്തായും മറിയവും അവരുടെ സഹോദരന്‍ ലാസറുമായിരുന്നു. ജൂദയായില്‍ ആയിരുന്നപ്പോഴൊക്കെ കൂടെക്കൂടെ ഇവരുടെ വീട്ടില്‍ പോവുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നതില്‍ ഈശോ സന്തോഷം കണ്ടെത്തിയിരുന്നു. വി.യോഹന്നാന്‍ പറയുന്നതുപോലെ, "യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു" (യോഹ. 11"5). പീഡാനുഭവത്തിനു മുമ്പ് അവസാനത്തെ ഏതാനും ദിവസങ്ങള്‍ യേശു ചെലവഴിച്ചത് ഇവരോടൊപ്പമായിരുന്നു. സഭ മര്‍ത്തായെ ആദരിക്കുന്നു.

മര്‍ത്തായായിരുന്നു ഏറ്റവും മൂത്തവള്‍. അവള്‍ എപ്പോഴും വീട്ടില്‍ വരുന്ന അതിഥികളെ സല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു. അവള്‍ ഉദാരയും കഠിനാദ്ധ്വാനിയും, കാര്യങ്ങള്‍ വേണ്ട രീതിയില്‍ നടക്കാതിരിക്കുമ്പോള്‍ അസ്വസ്ഥയുമായിരുന്നു. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു നല്ല ക്രിസ്ത്യാനിയുടെ പ്രായോഗികരൂപമായിരുന്നു അവള്‍. എപ്പോഴും മറ്റുള്ളവരുടെ സഹകരണം തേടുകയും അതിഥിസല്‍ക്കാരത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുകയും ചെയ്തിരുന്നു അവള്‍. ആദ്യകാല സഭയിലെ വിശ്വാസികളുടെ നന്മകളില്‍ ഒന്നായിരുന്നു അത്. അതേ സമയം മേരി ധ്യാനാത്മകജീവിതത്തിന്റെ പ്രതീകമായിരുന്നു.

മര്‍ത്താ കര്‍ത്താവിന്റെ ദൈവികശക്തിയില്‍ ആഴമായ വിശ്വാസവും ബോധ്യവുമുള്ള വ്യക്തിയായിരുന്നു. അതുകൊണ്ടാണ് സഹോദരനായ ലാസര്‍ മരിച്ചശേഷം യേശു അവളുടെ ഭവനത്തിലെത്തിയപ്പോള്‍ മര്‍ത്താ പറഞ്ഞത്: "കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍ നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരുമെന്ന് എനിക്കറിയാം" (യോഹ. 11:21-22). യേശു ലാസറിനെ ഉയിര്‍പ്പിച്ചു.

യേശുവിന്റെ ജീവിതത്തിലെ ഏറ്റവും മര്‍മ്മപ്രധാനമായ ഒരു സത്യം വെളിപ്പെടുത്തിയതും മര്‍ത്തായോടാണ്. "ഞാനാണു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും മരിക്കുകയില്ല" (യോഹ. 11:25-26). എല്ലാ ക്രിസ്തീയ സംസ്‌കാരകര്‍മ്മങ്ങളിലും ഉരുവിടുന്ന വാക്കുകളാണിവ.

മര്‍ത്തായുടെ പ്രതികരണം ഉദാത്തമായ വിശ്വാസത്തിന്റെ സജീവ മാതൃകയാണ്. "ഉവ്വ് കര്‍ത്താവേ, നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തുവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു"
യോഹ. 11:27

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം