ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ചു സുബോധനയിൽ സംവാദം

ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ചു സുബോധനയിൽ സംവാദം
Published on

അങ്കമാലി: ലിംഗമാറ്റ ശസ്ത്രക്രിയ ഉയർത്തുന്ന അജപാലനപരമായ വെല്ലുവിളികളെ കുറിച്ചുള്ള ഒരു സായാഹ്നചർച്ച അങ്കമാലി സുബോധനയിൽ മാർച്ച് 12 വ്യാഴാഴ്ച വൈകുന്നേരം നടത്തി. ആണു പെണ്ണാകുമ്പോൾ എന്ന പേരിൽ നടത്തിയ ചർച്ചയിൽ ഈ വിഷയത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ബന്ധപ്പെട്ട വിദഗ്ധർ സംസാരിച്ചു. ട്രാൻസ്മാൻ ആയ സാൻജോ സ്റ്റീവ്, ട്രാൻസ്ജെൻഡർ വ്യക്തികൾ സഭയിലും സമൂഹത്തിലും നേരിടുന്ന വെല്ലുവിളികൾ തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പങ്കുവച്ചു.

മനശ്ശാസ്ത്രവശങ്ങളെ കുറിച്ച് ഡോ. ജോപോൾ കിരിയാന്തൻ, സഭയുടെ ധാർമ്മികദൈവശാസ്ത്രവീക്ഷണത്തെ കുറിച്ച് ഡോ. അഗസ്റ്റിൻ കല്ലേലി, സാമൂഹ്യശാസ്ത്രപരമായ സമീപനങ്ങളെ കുറിച്ച്, ഡോ. വിൻസെന്റ് കുണ്ടുകുളം, സഭാനിയമപ്രകാരമുള്ള നിലപാടുകളെ കുറിച്ച് ഡോ. ബിജു പെരുമായൻ,

വൈദ്യശാസ്ത്രപരമായ നടപടികളെ കുറിച്ച് കോലഞ്ചേരി, എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജനായ ഡോ. രാഹുൽ എം എന്നിവർ സംസാരിച്ചു. ഡോ. പോൾ തേലക്കാട്ട് ചർച്ചകൾ നിയന്ത്രിച്ചു. സുബോധന ഡയറക്ടർ ഡോ. ജോസഫ് പാത്താടൻ സ്വാഗതവും സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ നന്ദിയും പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതാ റീജണൽ പാസ്റ്ററൽ സെന്ററായ സുബോധനയും സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും ചേർന്നാണ് ചർച്ച സംഘടിപ്പിച്ചത്. ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടിയുള്ള പ്രത്യേക പ്രവർത്തനപദ്ധതികൾ സഹൃദയ നടത്തി വരുന്നുണ്ട്. സുബോധനയിൽ എല്ലാ മാസവും സത്സംഘം എന്ന പേരിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സായാഹ്നചർച്ചകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഡയറക്ടർ ഡോ. ജോസഫ് പാത്താടൻ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org