Todays_saint

സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് (1046-1093) : നവംബര്‍ 16

Sathyadeepam
മാര്‍ഗര റ്റിന്റെ പിതാവ് ആംഗ്ലോ സാക്‌സണ്‍ രാജകുമാരനായ എഡ്വേര്‍ഡും അമ്മ ഹങ്കറിയുടെ രാജകുമാരിയായ അഗത്തായുമായിരുന്നു. ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന എഡ്മണ്ട് അയണ്‍സൈഡിന്റെ കൊച്ചു മകളുമായിരുന്നു മാര്‍ഗ്ഗരറ്റ്. ഹങ്കറിയില്‍ ക്രിസ്തീയ പശ്ചാത്തലത്തിലാണ് അവള്‍ വളര്‍ന്നത്. 1057-ല്‍ പിതാവിനോടൊപ്പം അവള്‍ ഇംഗ്ലണ്ടിലെത്തി. പക്ഷേ, നോര്‍മന്‍സ് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോള്‍ 1066-ല്‍ അവളുടെ കുടുംബത്തിന് സ്‌കോട്ട്‌ലണ്ടില്‍ അഭയം തേടേണ്ടിവന്നു. അവിടെവച്ച് 1070-ല്‍ രാജാവായ മാല്‍ക്കോം മൂന്നാമന്‍ മാര്‍ഗരറ്റിനെ വിവാഹം ചെയ്തു. മാല്‍ക്കോമിന്റെ പിതാവ് ഡങ്കനെ മാക്ബത്ത് വധിച്ചിരുന്നു.

മാര്‍ഗരറ്റ് ക്രിസ്തീയ പുണ്യങ്ങളുടെ ഒരു വിളനിലമായിരുന്നു. വിശുദ്ധിയും വിനയവും മര്യാദയും മാന്യതയുംകൊണ്ട് അവള്‍ രാജാക്ക ന്മാരുടെയും പ്രഭുക്കന്മാരുടെയുമൊക്കെ ശ്രദ്ധാകേന്ദ്രമായി. തന്റെ ഭര്‍ത്താവായ മാല്‍ക്കോം രാജാവിനെ സ്വാധീനിച്ച് സ്‌കോട്ട്‌ലണ്ടില്‍ ക്രിസ്തീയ സംസ്‌കാരം വളര്‍ത്തുന്നതിനും രാജ്യത്തില്‍ അഭിവൃദ്ധിയും മനുഷ്യത്വവും വര്‍ദ്ധിപ്പിക്കുന്നതിനും അവള്‍ക്കു കഴിഞ്ഞു. കെല്‍റ്റിക് സഭയെ റോമന്‍ സംസ്‌കാരത്തിലേക്കു തിരിയെ കൊണ്ടുവരുന്നതിനുവേണ്ടി കൗണ്‍സിലുകളിലും മറ്റും മാര്‍ഗരറ്റ് സജീവമായി പങ്കെടുത്തിരുന്നു. അവരുടെ ഔദാര്യം കൊണ്ടാണ് അനേകം പള്ളികളും ആശ്രമങ്ങളും അവിടെ രൂപംകൊണ്ടത്. അനേകം സാക്‌സണ്‍ അടിമകള്‍ സ്വതന്ത്രരായത് മാര്‍ഗരറ്റിന്റെ കാരുണ്യം കൊണ്ടാണ്.

1093 നവംബര്‍ 16-ന് മാര്‍ഗരറ്റ് മരണമടഞ്ഞു. 1250-ല്‍ പോപ്പ് ഇന്നസന്റ് നാലാമന്‍ അവളെ വിശുദ്ധയായി നാമകരണം ചെയ്തു. സ്‌കോട്ട്‌ലണ്ടിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ് വി. മാര്‍ഗ്ഗരറ്റ്.

മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിക്കഴിയുക മാര്‍ഗരറ്റിന്റെ പതിവായിരുന്നു. പാവങ്ങളെയും അനാഥരെയും കണ്ടെത്തി സഹായിക്കു ന്നതും ശുശ്രൂഷിക്കുന്നതും പതിവായിരുന്നു. മാര്‍ഗരറ്റിന് എട്ടു മക്കള്‍ ജനിച്ചു. അവരില്‍ രണ്ടുപേര്‍ സന്ന്യാസിമാരായി. മൂന്നുപേര്‍ തുടര്‍ച്ചയായി രാജ്യഭരണം കൈയേറ്റ്, സമര്‍ത്ഥമായും ജനോപകാരപ്രദമായും രാജ്യം ഭരിച്ചു. അവരില്‍ ഒരാളാണ് പിന്നീട് വിശുദ്ധനായിത്തീര്‍ന്ന ഡേവിഡ്. മാര്‍ഗരറ്റിന്റെ മകളാണ് വി. മറ്റില്‍ഡ. ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന ഹെന്‍ട്രി ഒന്നാമനായിരുന്നു അവളുടെ ഭര്‍ത്താവ്. ചരിത്രത്തില്‍ "നല്ലവളായ മോഡ് രാജ്ഞി" എന്നാണ് അവള്‍ അറിയപ്പെടുന്നത്.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍