

വിടാതെ പിന്തുടരുന്ന ജോബ്!
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറിന്റെ കോൺസൻട്രേഷൻ ക്യാമ്പുകളിലെ സങ്കടക്കടലുകളിൽ മുങ്ങിത്താണ ജൂതവംശജൻ ആണ് ഏലി വീസൽ. സാഹിത്യത്തിനുള്ള നോബൽ സമ്മാനജേതാവായ അദ്ദേഹം പിന്നീട് തന്റെ ഹോളോകോസ്റ്റ് വിചിന്തനങ്ങളുടെ അവസാനം ഇപ്രകാരം എഴുതി: “ഞാൻ ഒരിക്കലും ജോബിനെ ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴും അദ്ദേഹം എന്റെകൂടെയുണ്ട്. ഞാൻ പോകുന്നിടത്തെല്ലാം അദ്ദേഹം എന്നെ അനുഗമിക്കുന്നു.” ആശുപത്രികളിലും അപകടസ്ഥലങ്ങളിലും ശവകുടീരങ്ങളിലുമെല്ലാം ജോബ് ഇന്നും നിൽക്കുന്നു. ആരാണ് ഏലി വീസലിനെ വിടാതെ പിന്തുടരുന്ന ഈ ജോബ്?
"സഹനത്തിന്റെയും കഷ്ടതയുടെയും ഉത്തരമൊരു തർക്കമല്ല, മറിച്ച് ദൈവത്തിന്റെ സന്ദർശനമാണ്; അഥവാ ദൈവദർശനമാണ്. ദൈവം മനുഷ്യന്റെ പരിധികളിലേക്ക് ചുരുങ്ങുന്നില്ല."
ലുവെയ്ൻ യൂണി വേഴ്സിറ്റി ലൈബ്രറിയിൽ കണ്ട ഒരു പുസ്തകത്തിന്റെ വിചിത്രമായ തലക്കെട്ട് ജോബിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: Job: Divinely Abused. ആദ്യ വായനയിൽ ഞെട്ടലുളവാക്കുന്ന തലക്കെട്ട്! ദൈവത്തിന്റെ ജോബിനെയോ ജോബിന്റെ ദൈവത്തെയോ പരിചയമില്ലാത്ത ആരോ എഴുതിയ പുസ്തകമാണ്. സത്യത്തിൽ ദൈവവും സാത്താനും തമ്മിലുള്ള പകിട കളിക്കിടെ ഞെരിഞ്ഞമർന്നു പോയ ഒരുവനാണോ ജോബ്? അതോ മനുഷ്യകുലത്തിനുവേണ്ടി ദൈവത്തോട് ഒന്നൊന്നര ചോദ്യങ്ങൾ ചോദിക്കുന്ന ഒരാൾ മാത്രമാണോ ജോബ്?
മനുഷ്യർക്ക് അഗ്രാഹ്യമായ ആടുജീവിതങ്ങൾ!
ഹോളോകോസ്റ്റ് അതിജീവിതനും മനഃശാസ്ത്രജ്ഞനുമായ Viktor Frankl തന്റെ ‘Man’s Search for Meaning’ എന്ന കൃതിയിൽ തടവുകാലത്ത് താൻ ജോബിന്റെ ചോദ്യം ചോദിച്ചതായി ഓർമ്മിക്കുന്നു: “നിരപരാധികൾ എന്തുകൊണ്ട് സഹിക്കേണ്ടി വരുന്നു?” മറ്റുവാക്കുകളിൽ പറഞ്ഞാൽ മനുഷ്യവേദനയിൽ ദൈവത്തിന്റെ ഉത്തരങ്ങൾ ഇല്ലാത്തപ്പോൾ വിശ്വാസികൾ എന്ത് ചെയ്യണം? ജോബിന്റെ പുസ്തകത്തെ ആത്മാവിന്റെ രഹസ്യയാത്രയുടെ തെളിവായി കണ്ട ഹിപ്പോയിലെ അഗസ്റ്റിൻ ഇപ്രകാരം എഴുതി: “ദൈവം അഗ്രാഹ്യനായാലും അവൻ നല്ലവനാണ്.” അതേ, ആത്മാവിന്റെ ഇരുണ്ട രാത്രികളിലും!
"ദൈവവും സാത്താനും തമ്മിലുള്ള പകിട കളിക്കിടെ ഞെരിഞ്ഞമർന്നു പോയ ഒരുവനാണോ ജോബ്? അതോ മനുഷ്യകുലത്തിനുവേണ്ടി ദൈവത്തോട് ചോദ്യങ്ങൾ ചോദിക്കുന്ന ഒരാളോ?"
ജോബിനെതിരെയുള്ള സാത്താന്റെ ആരോപണം ദൈവ വിപണന കേന്ദ്രങ്ങളിൽ ഇന്നും മുഴങ്ങുന്നുണ്ട്: “വെറുതെയാണോ ജോബ് ദൈവത്തെ ഭയപ്പെടുന്നത്?” സംരക്ഷണവും ഐശ്വര്യവും ലഭിക്കുന്നതുകൊണ്ടാണ് ജോബ് ദൈവത്തെ ഭയപ്പെടുന്നതെന്നാണ് ആ ഭൂലോക നുണയൻ പറയുന്നത്! ജോബിന്റെ കാര്യത്തിൽ ഈ ആരോപണം അപ്രസക്തമാണെങ്കിലും പ്രതിഫലത്തിനോ അനുഗ്രഹത്തിനോ വേണ്ടി മാത്രം ദൈവത്തെ തേടുന്ന ബാർട്ടർ സിസ്റ്റത്തിലെ വിശ്വാസികളെ സംബന്ധിച്ച് സാത്താന്റെ ചോദ്യം ഇന്നും ഒരു വെള്ളിടിയാകുന്നു.
സഹിക്കുന്ന മനുഷ്യരെ പ്രതിസ്ഥാനത്ത് നിർത്താൻ മനുഷ്യകുലത്തിന് എന്നുമൊരു വ്യഗ്രതയുണ്ട്. ജോബിനെ ആശ്വസിപ്പിക്കാനെന്ന വ്യാജേന കുറ്റപ്പെടുത്താൻ വരുന്ന എലിഫാസ്, ബിൽദാദ്, സോഫാർ എന്നീ സുഹൃത്തുക്കൾ നമ്മുടെ അയൽപ്പക്കങ്ങളിലുമുണ്ട്. ഇവർ ജോബിനെ കുറ്റപ്പെടുത്തുന്നതും “നീ പാപം ചെയ്തിരിക്കണം; ഇല്ലെങ്കിൽ ദൈവം നിന്നെ ശിക്ഷിക്കില്ല” എന്ന ജനസമ്മതി നേടിയ പാരമ്പര്യ ലോജിക്കിന്റെ അടിസ്ഥാനത്തിലാണ്. കരുണയില്ലാത്ത ലോജിക്കാണത്.
"നോബൽ സമ്മാന ജേതാവായ ഏലി വിസൽ തന്റെ ഹോളോകോസ്റ്റ് വിചിന്തനങ്ങളിൽ എഴുതി: 'ഞാൻ ഒരിക്കലും ജോബിനെ ഉപേക്ഷിച്ചിട്ടില്ല, ആശുപത്രികളിലും അപകടസ്ഥലങ്ങളിലും ജോബ് ഇന്നും നിൽക്കുന്നു.'"
തത്വചിന്തകനായ എമ്മാനുവൽ ലെവിനാസ് എഴുതിയതുപോലെ, മറ്റൊരാളുടെ വേദനയെ തർക്കവിജയത്തിനായി ലളിതവത്കരിക്കുന്നത് ധാർമിക പരാജയമാണ്. അതേ, നമ്മൾ കടന്നുപോകാത്ത ആടുജീവിതങ്ങൾ നമ്മളെ സംബന്ധിച്ച് കെട്ടുകഥകളാണ്. എന്നാൽ എല്ലാമറിയുന്ന ദൈവം ജോബിന്റെ സുഹൃത്തുക്കളെ തിരുത്തുന്നുണ്ട്: “നിങ്ങൾ എന്റെ ദാസനായ ജോബ് സംസാരിച്ചതുപോലെ ശരിയായി എന്നെക്കുറിച്ച് പറഞ്ഞിട്ടില്ല.” ദൈവത്തിന്റെ തിരുത്തൽ സ്വീകരിക്കാത്ത പ്രഘോഷകർ ഇന്നും ഏഴ് തലമുറ ശാപത്തിന്റെ കരുണയില്ലാത്ത ലോജിക് സ്ഥാനത്തും അസ്ഥാനത്തും വിളമ്പി ആളുകളെ ഭയപ്പെടുത്തുന്നുണ്ട്. അത് ജോബ് ജീവിച്ച ഉസ് ദേശത്തും കേരളത്തിലും ഒരുപോലെ തന്നെ!
വിലാപം ദൈവശാസ്ത്രപരമായി സാധുവാണ്!
ഏലി വീസലിന്റെ വിഖ്യാതമായ “ദൈവവിചാരണ” (The Trial of God) എന്ന ഗ്രന്ഥത്തിൽ കൂട്ടക്കൊലക്ക് ഇരയാക്കപ്പെട്ട തന്റെ കുടുംബത്തിന്റെ സഹനങ്ങളുടെ കാരണക്കാരനായി ദൈവത്തെ വിചാരണ ചെയ്യുന്ന ബെറിഷ് എന്ന യഹൂദ സത്രം സൂക്ഷിപ്പുകാരനെ അവതരിപ്പിക്കുന്നുണ്ട്. വൈരുദ്ധ്യമെന്ന് പറയട്ടേ, വിചാരണ ചെയ്ത് ദൈവത്തെ കുറ്റക്കാരനാക്കുന്ന വിധിപ്രസ്താവിച്ചശേഷം ബെറിഷ് എന്ന സത്രം സൂക്ഷിപ്പുകാരൻ വീണ്ടും ദൈവത്തിൽ വിശ്വസിക്കുകയും, ദൈവത്തിൽ ആശ്രയിക്കുകയും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുമെന്നതാണ്! അയാൾ വീണ്ടും യഹൂദരുടെ പുരിം ഫെസ്റ്റിവൽ ആഘോഷിക്കാനൊരുങ്ങുകയാണ്! സഹിക്കുന്ന ജോബിലും ഇതുപോലുള്ള ചില സമാനതകൾ എഴുത്തുകാരൻ കാണുന്നുണ്ട്. എലി വീസലിനെ സംബന്ധിച്ച് ദൈവത്തെ ചോദ്യം ചെയ്യുമ്പോഴും വിശ്വാസം കൈവെടിയാത്ത മനുഷ്യന്റെ പ്രതീകമാണ് ജോബ്!
"ജോബിനെക്കുറിച്ച് ലുവെയ്ൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഒരു പുസ്തകം വിശേഷിപ്പിച്ചത് 'Divinely Abused' എന്നാണ്. ദൈവത്താൽ പീഡിപ്പിക്കപ്പെട്ടവൻ എന്നർത്ഥം വരുന്ന ഈ തലക്കെട്ട് ഞെട്ടലുണ്ടാക്കുന്നതാണ്."
“എന്തുകൊണ്ട് ഞാൻ?” എന്ന് ഒരിക്കലെങ്കിലും ചോദിച്ച എല്ലാവരുടെയും ശബ്ദമായി മാറുന്ന ജോബ്! ഹെബ്രായ പാരമ്പര്യത്തിൽ വിലാപം കലാപമല്ല; അത് ബന്ധമാണ്. ദൈവം കേൾക്കുന്നു എന്ന വിശ്വാസം ഉള്ളവൻ മാത്രമേ കരഞ്ഞ് വിളിക്കൂ. ജോബിന്റെ സുഹൃത്തുകൾ ദൈവത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ ജോബ് ദൈവത്തോട് സംസാരിച്ചു. ഇവിടെയാണ് വ്യത്യാസം. ദൈവത്തെ സംരക്ഷിക്കാനായി സത്യം മറച്ചില്ല. ജോബ് ചോദിച്ചു: “ദൈവത്തിനുവേണ്ടി നുണ പറയാമോ?” (ജോബ് 13:7) സത്യം തന്നെയായ ദൈവത്തിന് വേണ്ടിയും ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കുവേണ്ടിയും നുണ പറയില്ലെന്ന ഈ ധൈര്യം വിശുദ്ധമാണ്. ജോബിന്റെ ചോദ്യങ്ങൾ നിരീശ്വരന്റെ ഛർദി അല്ല; അവ ദൈവത്തെ വിട്ടുപോകാൻ സമ്മതിക്കാത്ത ഒരു ഹൃദയത്തിന്റെ നിലവിളികളാണ്. ആ അർത്ഥത്തിൽ മുന്തിരി ഫലം തന്നില്ലെങ്കിലും കർത്താവിൽ ആശ്രയം വിടാത്ത ഹബക്കുക്ക് പ്രവാചകന്റെ ചേട്ടനാണ് ജോബ്.
ചുഴലിക്കാറ്റിൽ നിന്നുള്ള ദൈവവാക്ക്
ഏലിയയോട് ദൈവം സംസാരിക്കുന്നത് ഇളംകാറ്റിൽ ആണെങ്കിൽ ജോബിനോട് ദൈവം സംസാരിക്കുന്നത് ചുഴലിക്കാറ്റിൽ നിന്നാണ്. കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു! ദൈവിക വെളിപാടിന്റെ പ്രകാശനങ്ങൾ ഐക്യരൂപത്തിന്റേത് മാത്രമല്ല! ദൈവം ജോബിനു മറുപടി പറയുമ്പോൾ, ഒരു വിശദീകരണവും നല്കുന്നില്ല. കാരണം സഹനത്തിന്റെയും കഷ്ടതയുടെയും ഉത്തരമൊരു തർക്കമല്ല, മറിച്ച് ദൈവത്തിന്റെ സന്ദർശനമാണ്; ദൈവദർശനമാണ്! ദൈവം ജോബിന്റെ പരിധികളിലേക്ക് ചുരുങ്ങുന്നില്ല. പകരം ചോദ്യങ്ങൾവഴി മനുഷ്യധാരണയുടെ പരിമിതികൾ വിപുലീകരിക്കുന്നു. ജോബിനുണ്ടായ ദർശനം ക്രൂശിതനായ ക്രിസ്തുവിന്റേതാണെന്ന് പറയുന്ന വാഖ്യാതാക്കളുണ്ട്. ദർശനത്തിനുശേഷം ജോബ് പറഞ്ഞു: “ഞാൻ വായ് പൊത്തുന്നു.” (ജോബ് 40:4). “അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു” (ജോബ് 42:5).
"നോമ്പുകാലം ജോബിനെപ്പോലെ ദൈവമുഖത്തേക്ക് തിരിയേണ്ട സമയമാണ്. നമ്മുടെ പരാതികളും പരിഭവങ്ങളും ദൈവത്തോട് തന്നെ പറയുകയും അവനിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യാം."
ഏലി വീസൽ എഴുതിയ ആത്മകഥാപരമായ കൃതിയായ Night-ൽ, ജോബിന്റെ ദൈവദർശനത്തെ ഓർമ്മിപ്പിക്കുന്ന ഒരു സംഭവമുണ്ട്. കോൺസെൻട്രേഷൻ ക്യാമ്പിൽ തൂക്കിലേറ്റപ്പെട്ട ഒരു ബാലൻ ശരീരഭാരക്കുറവ് കൊണ്ട് മരിക്കാതെ കയറിൽ തൂങ്ങിയാടുകയാണ്. ഇത് കണ്ട് സഹിക്കാനാകാതെ ഒരാൾ വിശ്വാസിയായ വീസലിനോട് ചോദിക്കുന്നു: “എവിടെയാണ് നിന്റെ ദൈവം?” ഈ ക്രൂരത നിന്റെ ദൈവം കാണുന്നില്ലേ? എഴുത്തുകാരൻ മനസ്സിൽ നിശ്ശബ്ദമായി മറുപടി പറയുന്നു: “ഇവിടെത്തന്നെയുണ്ട്, ഈ തൂക്കുകയറിൽ തൂങ്ങിക്കിടക്കുന്നത് ദൈവം തന്നെയാണ്.” അതേ, “എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു” എന്ന് വിളിച്ച് കരയുന്ന എല്ലാ മനുഷ്യപുത്രരുടെയും കുരിശിന്റെ മറുപുറത്ത് ദൈവമുണ്ട്.
ഏലി വിസെൽ എഴുതി: ഔഷ്‌വിറ്റ്സിനു ശേഷം ജോബിന്റെ ചോദ്യം മനുഷ്യരാശിയുടെ ചോദ്യമായി. ആശുപത്രികളിലും അപകട സ്ഥലങ്ങളിലും ശവകുടീരങ്ങളിലുമെല്ലാം ജോബ് ഇന്നും നിൽക്കുന്നു. വിലപിക്കാം, ചോദ്യം ചെയ്യാം, പ്രതിഷേധിക്കാം, പക്ഷേ ദൈവത്തോടുള്ള സംഭാഷണം നിർത്താതിരുന്നാൽ ഈസ്റ്റർ ദിവസം ജോബിനോടൊപ്പം നാമും പറയും “അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു” (ജോബ് 42:5).