Todays_saint

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5

Sathyadeepam
ഫ്രാന്‍സില്‍ സോയിസ്സണ്‍സ് മേഖലയിലെ വളരെ പ്രസിദ്ധവും സമ്പന്നവുമായ ഒരു കുടുംബത്തിലാണ് ബര്‍ട്ടില്ല ജനിച്ചത്. ഡഗോബര്‍ട്ട് ഒന്നാമന്റെ ഭരണകാലമായിരുന്നു അത്. നാട്ടില്‍ നടമാടിയിരുന്ന അനീതികളും അക്രമങ്ങളും കണ്ടാണ് ബര്‍ട്ടില്ല വളര്‍ന്നത്. കാപട്യങ്ങളും വഞ്ചനകളും അതിമോഹങ്ങളും കൊണ്ട് ധാര്‍മ്മികമായി അധഃപതിച്ച സമൂഹത്തിന്റെ മായകളില്‍ മുഴുകാതെയാണ് അവള്‍ ജീവിച്ചത്. ഭൗതികനേട്ടങ്ങളിലും സുഖഭോഗങ്ങളിലും നിന്നകന്ന് ജീവിക്കാനായിരുന്നു ബര്‍ട്ടില്ലയുടെ ആഗ്രഹം. മാതാപിതാക്കളോട് ഇക്കാര്യം തുറന്നു പറയാനുള്ള മടികൊണ്ട് റൂവന്‍ രൂപതയുടെ മെത്രാനായിരുന്ന വി. ഔവനുമായി അവള്‍ തന്റെ ആഗ്രഹങ്ങള്‍ പങ്കുവച്ചു. അദ്ദേഹം അവളെ പ്രോത്സാഹിപ്പിക്കുകയും പുതിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ നിരന്തരം പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

പിന്നീട്, മകളുടെ താല്പര്യങ്ങള്‍ അറിഞ്ഞ മാതാപിതാക്കളെ ക്രൂരമായി എതിര്‍ക്കാന്‍ ദൈവം അനുവദിച്ചില്ല. മേവോയ്ക്കു സമീപമുള്ള ഒരു ആശ്രമത്തിലേക്ക് അവളെ പറഞ്ഞയച്ചു. വി. കൊളുമ്പന്റെ ഭരണകാലത്തു സ്ഥാപിക്കപ്പെട്ടതായിരുന്നു ആ ആശ്രമം. വളരെ ഹൃദ്യമായി സ്വീകരിക്കപ്പെട്ട ബര്‍ട്ടില്ല കര്‍ശനമായ സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ചു. വളരെ വിനീതയായിരുന്ന അവള്‍ എല്ലാവര്‍ക്കും സമ്പൂര്‍ണ്ണമായി വിധേയയായി ജീവിച്ചു. ആവശ്യനേരത്ത് എല്ലാവരുടേയും സുഹൃത്തും സഹായിയുമായി മാറിയ അവള്‍ അധികം താമസിയാതെ മഠാധിപയുടെ പ്രധാന സഹായിയായി നിയമിതയായി.
ചക്രവര്‍ത്തിയായ ക്ലോവിസ് രണ്ടാമന്റെ ഇംഗ്ലീഷ് ഭാര്യയായിരുന്ന വി. ബത്തില്‍ദിസ്, ചെല്ലിയിലെ ആശ്രമം പുനരുജ്ജീവിപ്പിച്ചപ്പോള്‍, ബര്‍ട്ടില്ല താമസിച്ചിരുന്ന ജൂവര്‍ ആശ്രമത്തിന്റെ അധിപയോട് സമര്‍ത്ഥരും പരിചയസമ്പന്നരുമായ ഏതാനും കന്യാസ്ത്രീകളെ ചെല്ലിയിലെ ആശ്രമത്തിലേക്കു പറഞ്ഞുവിടണമെന്ന് അഭ്യര്‍ത്ഥിച്ചു. ബര്‍ട്ടില്ല ഉള്‍പ്പെടെയുള്ള ഒരു നല്ല ഗ്രൂപ്പിനെയാണ് മഠാധിപ അങ്ങോട്ട് അയച്ചത്. ആ മഠത്തിന്റെ ആദ്യത്തെ അധിപയായി തിരഞ്ഞെടുക്കപ്പെട്ടത് ബര്‍ട്ടില്ല തന്നെയായിരുന്നു.
ബര്‍ട്ടില്ലയുടെ മാതൃകാപരവും കര്‍ശനവുമായ ധാര്‍മ്മിക ജീവിതം അനേകം വിദേശികളെപ്പോലും ആകര്‍ഷിക്കുകയും അനേകര്‍ ദൈവവിളി സ്വീകരിക്കാന്‍ ഇടയാകുകയും ചെയ്തു. വിധവയായ ബത്തില്‍ദിസ് രാജ്ഞി വിശ്രമജീവിതം നയിച്ചത് ഈ മഠത്തിലായിരുന്നു. ബര്‍ട്ടില്ലയുടെ കരങ്ങളില്‍ നിന്ന് സഭാവസ്ത്രം സ്വീകരിച്ച് അവര്‍ ആശ്രമത്തിന്റെ ഒരു ഭാഗമായി സ്വയം ശൂന്യയാക്കി ജീവിച്ചു. എതല്‍ഹിയര്‍ രാജാവിന്റെ ഭാര്യ ഹെരെസ്വിതാ രാജ്ഞിയും രാജാവിന്റെ മരണശേഷം ഇതേ മഠത്തിലെ അന്തേവാസിയായി. വിനീതരായ ഈ റാണിമാരെക്കാളെല്ലാം വിനയത്തിന്റെ മൂര്‍ത്തീരൂപമായിരുന്നു മഠാധിപയായ ബര്‍ത്തില്ല. 692-ല്‍ മരണത്തിനു കീഴടങ്ങുന്നതുവരെ അവര്‍ ഊര്‍ജ്ജസ്വലമായി ആ ആശ്രമത്തെ നയിച്ചു.

ഒരു വ്യക്തി എത്ര വന്‍കാര്യങ്ങള്‍ ചെയ്താലും സ്വയം മറന്ന്, ആത്മനിര്‍വൃതിയില്‍ മുഴുകരുത്. താന്‍ ദൈവത്തിന്റെ വെറുമൊരു ഉപകരണമാണെന്നു കരുതി കൂടുതല്‍ വിനീതനാകുക.
– വി. വിന്‍സെന്റ് ഡി പോള്‍

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം