വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16
Published on
ആഫ്രിക്കയിലെ കാര്‍ത്തേജില്‍ ജനിച്ച സമ്പന്നനും പ്രശസ്തനുമായ ഒരു വാഗ്മിയായിരുന്നു സിപ്രിയാന്‍. ക്രിസ്തീയ സത്യങ്ങള്‍ വിശ്വാസയോഗ്യമായി അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത് വൃദ്ധനായ പുരോഹിതന്‍ സെസീലിയനാണ്. അന്ന് സിപ്രിയാന് അമ്പതു വയസു കഴിഞ്ഞിരുന്നു. ഏതായാലും, വൈകാതെ അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും തന്റെ സ്വത്തെല്ലാം വിറ്റ് പാവങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സിപ്രിയാന്‍ പൗരോഹിത്യം സ്വീകരിച്ചു. താമസിയാതെ കാര്‍ത്തേജിന്റെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്ന് ആഫ്രിക്കയിലെ സഭയുടെ കേന്ദ്രം കാര്‍ത്തേജാണ്. പെട്ടെന്ന് ഡേസിയന്‍ മതപീഡനം ആരംഭിച്ചു.

നമ്മള്‍ ലോകത്തിന്റെ വശ്യതയെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍, നാം ഈലോകത്തില്‍ത്തന്നെ കഴിയു ന്നതിനാല്‍, നമ്മള്‍ ഇവിടെ വിദേശികളെപ്പോലെയോ തീര്‍ത്ഥാടകരെപ്പോലെയോ ആയിരിക്കണം.
വിശുദ്ധ സിപ്രിയാന്‍

സഭയുടെ കെട്ടുറപ്പ് നഷ്ടപ്പെടാതിരിക്കാന്‍ സിപ്രിയാന്‍ ഒളിവിലിരുന്ന് സഭാകാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. ഒരു വര്‍ഷത്തിനുശേഷം, മതപീഡനത്തിന്റെ തീവ്രത കുറഞ്ഞപ്പോള്‍, അദ്ദേഹം കാര്‍ത്തേജില്‍ തിരിച്ചെത്തി.

എന്നാല്‍, മതപീഡനകാലത്ത് തങ്ങളുടെ വിശ്വാസം തള്ളിപ്പറഞ്ഞെങ്കിലും വീണ്ടും ക്രിസ്തീയ വിശ്വാസത്തില്‍ തുടരാന്‍ താല്പര്യമുള്ളവരോട് സഹാനുഭൂതിയോടെ സിപ്രിയാന്‍ പെരുമാറിയതിനെ നോവേഷ്യന്‍ എന്ന വൈദികന്‍ രൂക്ഷമായി വിമര്‍ശിക്കുകയും അങ്ങനെ ഒരു ശീശ്മ രൂപം കൊള്ളുകയും ചെയ്തു.

257-ല്‍ വലേറിയന്‍ ഒരു പുതിയ മതപീഡനത്തിന് തുടക്കമിട്ടു. തടവിലാക്കപ്പെട്ട സിപ്രിയാനെ 258 സെപ്തംബര്‍ 14-ന് ശിരച്ഛേദം ചെയ്ത് വധിച്ചു.

വധിക്കുന്നതിനു മുമ്പ്, റോമന്‍ ജഡ്ജിന്റെ മുമ്പില്‍ സിപ്രിയാന്‍ ധീരമായി തന്റെ വിശ്വാസം ഏറ്റുപറഞ്ഞതിന്റെയും അതില്‍ പ്രകോപിതനായ ജഡ്ജി വധശിക്ഷ വിധിച്ചതിന്റെയുമെല്ലാം വിശദമായ റിപ്പോര്‍ട്ടുകള്‍ നമുക്കു ലഭിച്ചിട്ടുള്ളതില്‍ നിന്ന് അന്നത്തെ വിശ്വാസജീവിതത്തെപ്പറ്റി വിശദമായി അറിയാന്‍ സാധിക്കുന്നുണ്ട്. സിപ്രിയാന്‍ രചിച്ച അറുപത്തിരണ്ട് ലേഖനങ്ങളും ഇന്നു ലഭ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org