Todays_saint

വിശുദ്ധ അഗാത്താ (251) : ഫെബ്രുവരി 5

Sathyadeepam

അഗാത്ത ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. ഇറ്റലിയില്‍ ജനിച്ച അവള്‍ ചെറുപ്പം മുതല്‍ ദൈവത്തിനു സമര്‍പ്പിതയായിരുന്നു. ക്വിന്റൈന്‍ എന്ന ഭരണാധികാരി അഗാത്തായുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. പക്ഷേ, അവള്‍ക്ക് അതില്‍ താല്പര്യമില്ലെന്നു മനസ്സിലാക്കിയ ക്വിന്റൈന്‍ ക്രിസ്ത്യാനികള്‍ ക്കെതിരെയുള്ള രാജകീയ വിളംബരത്തിന്റെ ബലത്തില്‍ അവളെ തടവിലാക്കി ഒരു വേശ്യാസ്ത്രീയുടെ കൂടെ പാര്‍പ്പിച്ചു. പീഡനത്തെക്കാളും മരണത്തേക്കാളും വേദനാജനകമായിരുന്നു അഗാത്തായ്ക്ക് ആ ജീവിതം.
ക്രിസ്തുവാണ് തന്റെ വെളിച്ചവും രക്ഷയുമെന്ന് അവള്‍ സധൈര്യം വിളിച്ചുപറഞ്ഞു. ക്രൂദ്ധനായ ക്വിന്റൈന്‍ മൃഗീയമായി പീഡിപ്പിക്കുകയും മുലകള്‍ ഛേദിച്ചുകളയുകയും ചെയ്തു. എന്നിട്ടു ഭക്ഷണവും മരുന്നും നല്‍കാതെ കാരാഗൃഹത്തിലടച്ചു. പക്ഷേ, കാരുണ്യവാനായ ദൈവം അവളെ കാത്തു. അത്ഭുതകരമായി അവള്‍ സുഖം പ്രാപിച്ചു.
എന്നിട്ടും കലി ഇറങ്ങാതിരുന്ന ക്വിന്റൈന്‍ അവളെ നഗ്നയാക്കി ചുട്ടുപഴുത്ത കല്‍ക്കരിക്കു മുകളിലൂടെ വലിക്കാനാണ് ആജ്ഞാപിച്ചത്. ആ സമയത്ത് ഒരു ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭയചകിതനായ ക്വിന്റൈന്‍ നഗരം വിട്ടുപോയി. പിറ്റേന്ന് 251 ഫെബ്രുവരി 5 രാത്രിയില്‍ അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് അവള്‍ പ്രാര്‍ത്ഥിച്ചു:

"ദൈവമേ, ജനനം മുതല്‍ അങ്ങെന്നെ സംരക്ഷിക്കുന്നു. ഭൗതികസുഖഭോഗങ്ങളില്‍നിന്ന് അങ്ങെന്നെ രക്ഷിച്ചു. എല്ലാം സഹിക്കുന്നതിനുള്ള ക്ഷമയും തന്നു. ഇനി എന്റെ ആത്മാവിനെ ഞാന്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു."

ആധുനികകാലത്ത് അഗാത്തായുടെ ശവകുടീരം തുറന്നപ്പോള്‍ അവളുടെ ശവശരീരത്തിന്റെ ത്വക്ക് അഴുകാതെയിരിക്കുന്നതു കാണപ്പെട്ടു. പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ആ പള്ളിയില്‍നിന്ന് ഹൃദ്യമായ ഒരു പരിമളം എപ്പോഴും പ്രസരിക്കുന്നുണ്ടായിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം