

പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനവും ജർമ്മൻ രാജവംശങ്ങളുടെ വളർച്ചയും നാം ഇതിനു മുന്നേയുള്ള ലക്കങ്ങളിൽ പഠിച്ചിട്ടുള്ളതാണ്. എല്ലാവരും ഓർക്കുന്നുണ്ടല്ലോ അല്ലേ? എന്താണ് ജർമൻ രാജവംശങ്ങളുടെ പ്രാധാന്യം എന്നും നമ്മൾ സൂചിപ്പിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പഠനത്തിനുശേഷം കിഴക്കൻ റോമാ സാമ്രാജ്യമാണ് മാർപാപ്പക്ക് സംരക്ഷണം നൽകിയിരുന്നത്. എന്നാൽ കിഴക്കൻ റോമാസാമ്രാജ്യത്തെ ഉപേക്ഷിച്ച് ജർമൻ രാജവംശങ്ങളെ തന്റെ സംരക്ഷണത്തിനായി ആദ്യം ഉപയോഗിച്ചത് ഗ്രിഗറി മാർപാപ്പയാണ്.
ലൊംബാർഡുകളുടെ ആക്രമണം ഉണ്ടായപ്പോൾ മറ്റാരുടെയും സഹായം ലഭ്യമാകാതിരുന്നതിനാൽ ലൊംബാർഡുകളിൽ ക്രിസ്തുമതം സ്വീകരിച്ചിരുന്ന തെയോടെലിൻഡ എന്ന രാജ്ഞിയോട് ഗ്രിഗറി പാപ്പ സംരക്ഷണം അഭ്യർത്ഥിക്കുകയും രാജ്ഞി അത് അനുവർത്തിക്കുകയും ചെയ്തു. അങ്ങനെ
ലൊംബാർഡുകൾ പൂർണ്ണമായും കത്തോലിക്ക വിശ്വാസികൾ ആവുകയും ചെയ്തു. സ്പെയിനിലെ വിസിഗോത്തുകളുമായും ഗ്രിഗറി മാർപാപ്പ ബന്ധം സ്ഥാപിച്ചു.
ഈ കാലഘട്ടത്തോട് കൂടിയാണ് പേപ്പൽ സ്റ്റേറ്റുകൾ (ഇറ്റലിയിൽ പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ) രൂപീകരിക്കപ്പെടുന്നതും അവ മാർപ്പാപ്പയുടെ ഭരണത്തിന് കീഴിലാവുന്നതും. ഇതിനാൽ തന്നെ മാർപാപ്പയ്ക്ക് ശക്തമായ ഒരു സാമ്രാജ്യത്തിന്റെ സംരക്ഷണം ആവശ്യമായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായ കിഴക്കൻ റോമാസാമ്രാജ്യത്തിന് മാർപാപ്പയ്ക്ക് പൂർണമായ സംരക്ഷണം നൽകാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് മാർപാപ്പാമാർ കിഴക്കിനെ വിട്ട് പടിഞ്ഞാറ് തന്നെയുള്ള ജർമൻ രാജവംശങ്ങളെ ആശ്രയിക്കുന്നത്. ഇതിനാൽ ഗ്രിഗറി മാർപ്പാപ്പയ്ക്കുശേഷമുള്ള ക്രൈസ്തവസഭാ ചരിത്രത്തിൽ ജർമ്മൻ രാജവംശങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ട്.
ആറാം നൂറ്റാണ്ടോടുകൂടി ക്രൈസ്തവസഭാ ചരിത്രത്തിലെ പ്രഥമ കാലഘട്ടം അവസാനിക്കുകയാണ്. ഗ്രിഗറി മാർപാപ്പയാണ് ഈ കാലഘട്ടത്തിലെ അവസാനത്തെ പ്രധാന വ്യക്തിത്വവും വിഷയവും. ക്രിസ്തുവിനുശേഷം അപ്പസ്തോലന്മാരുടെ പ്രേഷിത പ്രവർത്തനത്തിൽ ആരംഭം കുറിക്കുന്ന സഭ മതമർദ്ധന കാലഘട്ടത്തിലൂടെ കടന്നു പോവുകയും പിന്നീട് സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തു. അപ്പസ്തോലിക കാലഘട്ടം എന്ന് പേര് നൽകാവുന്ന ഈ ആറ് നൂറ്റാണ്ടുകളിൽ സഭ രൂപീകൃതമാകുന്നതും വിവിധ തലങ്ങളിൽ വളർച്ച പ്രാപിക്കുന്നതുമാണ് നാം ചർച്ച ചെയ്തത്. അടുത്ത ലക്കം മുതൽ മധ്യ കാലഘട്ടത്തിലെ സഭയെ നമുക്ക് പരിചയപ്പെടാം.