Todays_saint

ജപമാല രാജ്ഞി : ഒക്‌ടോബര്‍ 7

Sathyadeepam
ജപമാല ഒരു സമ്പൂര്‍ണ്ണ പ്രാര്‍ത്ഥനയാണ്. ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തില്‍ തുടങ്ങി സ്വര്‍ഗ്ഗസ്ഥനായ പിതാവേയും നന്മനിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ഉള്‍പ്പെടുന്ന പ്രാര്‍ത്ഥന നല്ലൊരു ധ്യാനവും കൂടിയാണ്.

പ്രസിദ്ധമായ ലെപ്പാന്റോ നാവികയുദ്ധം നടന്നത് 1571 ഒക്‌ടോബര്‍ 7-നാണ്. ഡോം ജൂവാന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ സൈന്യം തുര്‍ക്കികളെ പരാജയപ്പെടുത്തി. അങ്ങനെ തുര്‍ക്കികളുടെ അധീനതയില്‍ പെടാതെ ക്രിസ്തീയ സംസ്‌കാരം രക്ഷപ്പെട്ടു. യുദ്ധസമയത്ത് മാതാവിന്റെ സഹായം അപേക്ഷിച്ചിരുന്ന പോപ്പ് പയസ് V ന് അതു മാതാവിന്റെ വിജയമാണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. അക്കാര്യം അനുസ്മരിക്കാനാണ് ഒക്‌ടോബര്‍ 7-ന് വിജയമാതാവിന്റെ തിരുനാളായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.

പിന്നീടു വന്ന മാര്‍പാപ്പമാരും ലെപ്പാന്റോ യുദ്ധ ത്തിലെ വിജയം ജപമാലയുടെ വിജയമായി കണക്കാക്കുകയും അങ്ങനെ ജപമാല രാജ്ഞിയുടെ തിരുനാളായി ആ ആഘോഷം മാറുകയും ചെയ്തു.
13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ഡോമിനിക്കിനു ലഭിച്ച മാതാവിന്റെ ദര്‍ശനത്തോടു കൂടിയാണ് ജപമാലഭക്തി ആരംഭിച്ചതെന്നു കരുതപ്പെടുന്നു. ഡോമിനിക്കന്‍ സന്ന്യാസിയായിരുന്ന അലന്‍ റോച്ചെ (1475)യും സഹപ്രവര്‍ത്തകരും കൂടിയാണ് ജപമാലഭക്തി പ്രചരിപ്പിച്ചത്.

ആദ്യം ഫ്രാന്‍സിലേക്കും അവിടെനിന്ന് യൂറോപ്പിന്റെ നാനാഭാഗങ്ങളിലേക്കും അതു പ്രചരിച്ചു. പോപ്പ് ലിയോ X 1520-ല്‍ ഒക്‌ടോബര്‍ മാസം ജപമാല മാസമായി പ്രഖ്യാപിച്ചു. ആഗോളസയുടെ ആരാധനക്രമത്തില്‍ ഈ തിരുനാളാഘോഷം ഉള്‍പ്പെടുത്തിയത് 1716-ലാണ്. ഹങ്കറിയില്‍ യൂജിന്‍ രാജകുമാരന്‍ തുര്‍ക്കികള്‍ക്കെതിരെ നേടിയ ഒരു വിജയവും ഇതിനു കാരണ മായി. ക്രിസ്തീയ വിശ്വാസത്തിലെ ഇരുപതു മുഖ്യ രഹസ്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് രൂപപ്പെടുത്തിയ ജപമാല, സത്യത്തില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ രത്‌നച്ചുരുക്കം കൂടിയാണ്.

Rosary എന്ന ഇംഗ്ലീഷ് വാക്ക് Rosarium എന്ന ലത്തീന്‍ പദത്തില്‍ നിന്നുണ്ടായതാണ്. റോസകള്‍ നിറഞ്ഞ ഗാര്‍ഡന്‍, റോസാപ്പൂക്കള്‍ കൊണ്ടുള്ള കിടക്ക, പൂമാല, സത്ചിന്തകളുടെ സമാഹാരം എന്നൊക്കെ അതിന് അര്‍ത്ഥമുണ്ട്. ജപമാലഭക്തിയുടെ ആരംഭം 150 "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" ചൊല്ലുന്ന ഒരു പ്രാര്‍ത്ഥനാരീതിയിലാണ്. പിന്നീടത് 150 "നന്മ നിറഞ്ഞ മറിയമേ" എന്നാക്കി. മദ്ധ്യകാലഘട്ടത്തിലെ അക്ഷരാഭ്യാസമില്ലാത്ത ക്രിസ്ത്യാനികള്‍ എണ്ണം തിട്ടപ്പെടുത്താനാണ് നൂലില്‍ കോര്‍ത്ത് മണികള്‍ ഉപയോഗിച്ചിരുന്നത്.

ഇന്നു നാം ഉപയോഗിക്കുന്നത് ഡോമിനിക്കന്‍ സന്ന്യാസിമാര്‍ ഉപയോഗിച്ചിരുന്ന ജപമാലയുടെ ലഘൂകരിച്ച ഒരു പതിപ്പാണ്. വിശുദ്ധ ഗ്രന്ഥത്തിലെ രക്ഷാകര ചരിത്രത്തില്‍ ക്രിസ്തുവിന്റെയും മാതാവിന്റെയും ജീവിതവും സഹനവും മരണവും ഉയിര്‍പ്പും മഹത്വീകരണവുമൊക്കെ ഉള്‍പ്പെടുന്ന ഇരുപത് വിശ്വാസ സത്യങ്ങളാണ് ഇരുപതു രഹസ്യങ്ങളായി നാം ചൊല്ലി ധ്യാനിക്കുന്നത്. അവയെ നാലുവിഭാഗമായി തിരിച്ചിരിക്കുന്നു – സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും മഹിമയുടെയും പ്രകാശത്തിന്റെയും രഹസ്യങ്ങള്‍. എല്ലാത്തിലും മാതാവിനെ മദ്ധ്യസ്ഥയാക്കി നിറുത്തിക്കൊണ്ട് നമ്മുടെ സ്തുതികളും പരാതികളും അര്‍ത്ഥനകളും നാം ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു.

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു