Baladeepam

കര്‍ഷകരോദനം

Sathyadeepam

ഓട്ടന്‍തുള്ളല്‍

വി.ടി. ആന്‍റണി വട്ടക്കുഴി

അടിയനൊരല്പം കാര്യം പറയാന്‍
കടുകോളം വരമരുളീടേണം
തെറ്റു പൊറുത്തു കടാക്ഷിക്കേണേ?
ഞങ്ങള്‍ക്കാശ്രയം മറ്റൊന്നില്ല.
മതിഗുണമേലും ഗുരുവരരെല്ലാം
അതിമുദിതംമേ; വരമരുളേണം
എന്നാലിനിയൊരു കാര്യം പറയാം
എന്നുടെ ഗുരുവരനരുളിയപോലെ
കര്‍ഷകമക്കടെ വേദനയാണേ!
ദുരിതം ഞങ്ങളുണര്‍ത്തീടട്ടെ
ഭാരതനാടു ഭരിച്ചീടുന്നൊരു-
കേന്ദ്രത്തോടങ്ങുര ചെയ്യുന്നേന്‍
എംപിമാരതു കേട്ടീടേണം
എംഎല്‍എമാരതു കണ്ടീടേണം.
നിങ്ങളെയൊക്കെ ജയിപ്പിച്ചല്ലോ….
ഞങ്ങളതോര്‍ത്തു കരഞ്ഞിടുന്നു.
കേരളമുഖ്യന്‍ കേട്ടീടേണേ;
കര്‍ഷകമക്കള്‍ ആകെ വലഞ്ഞു.
അഷ്ടിക്കും വകയില്ലാതായി
കഷ്ടപ്പെട്ടു കഴിഞ്ഞുവരുന്നു.
കട്ടന്‍കാപ്പി കുടിക്കാന്‍ പോലും
കഷ്ടതയാണേ; കേട്ടിടേണം
വിളകള്‍ക്കൊന്നും വിലയില്ലാതെ
കര്‍ഷകമക്കള്‍ വലഞ്ഞീടുന്നു.
റബറുണ്ടൊരുവനു വിലയതിനില്ല
ചിരപ്പാലും വേണ്ടെന്നായി.
ചുക്കുണ്ടേലതാര്‍ക്കും വേണ്ട
കൊക്കോക്കായും വേണ്ടെന്നായി
പാക്കുണ്ടൊരുവനു വിലയതിനില്ല
കുരുമുളകപരനു പണമതിനില്ല.
തേങ്ങാമൂന്നു കൊടുത്തന്നാകില്‍
മാങ്ങായൊന്നു കിടച്ചന്നാകും
നെല്ലെന്നുള്ളൊരു വിളയെപ്പലരും
എല്ലാമങ്ങു മറന്നേ പോയി
കപ്പയ്ക്കും വിലയില്ലാതായി
കാപ്പിക്കുരുവുമതങ്ങനെതന്നെ.
ഗാട്ടെന്നൊരു കൂട്ടം വന്നു
കുറ്റമതെല്ലാം ഗാട്ടിന്‍ തലയില്‍
കഷ്ടം! നമ്മുടെ ഭവനങ്ങളുടെ
കഷ്ടസ്ഥിതിയതുകഠിനംതന്നെ!
രണ്ടും മൂന്നും പെണ്‍കുട്ടികളെ
കെട്ടിക്കാതെ വളര്‍ത്തിവരുന്നു.
അന്നപ്പെണ്ണിനു മുപ്പത്തഞ്ച്
മേരിക്കുട്ടിക്കിരുപത്തെട്ടു കഴിഞ്ഞു
കെട്ടിച്ചിട്ടില്ലവരെ കഷ്ടം!
കുട്ടികളാണവരിപ്പോഴുമയ്യോ!?
പെണ്ണിനു പ്രായം തെല്ലുകഴിഞ്ഞാല്‍
തിന്നുമ്പോഴും മുറങ്ങുമ്പോഴും
പെണ്ണു വളര്‍ന്നതുതന്നെയോര്‍ത്തു
തള്ളമെലിഞ്ഞു വിരൂപിണിയാകും
തന്ത പണത്തിനു തെണ്ടിനടക്കും
ചിന്തയിലാകെ ഭ്രാന്തു പിടിക്കും.
പണയമെടുത്തൊരു ബാങ്കിലണഞ്ഞാല്‍
ഈടതുപോരാ; പാട്ടിനു പോടാ
പണയം വയ്ക്കാന്‍ ഭൂമികൊടുത്താല്‍
പുഞ്ചിരിയോടതു വാങ്ങിച്ചീടും
പലിശകള്‍ കേറി മുടിഞ്ഞീടുമ്പോള്‍
ജപ്തിക്കായിട്ടോടി വരുന്നു.
ഇങ്ങനെ ബാങ്കിന്‍ വലയില്‍പ്പെട്ടതാ
കഷ്ടം പലരും ചത്തുതുടങ്ങി
കോട്ടയത്തൊരുത്തന്‍ കെട്ടിത്തൂങ്ങി
കേട്ടവരെല്ലാം ഓടിക്കൂടി.
കോഴിക്കോട്ടും കാസര്‍കോട്ടും
കര്‍ഷകമക്കള്‍ ജീവനൊടുക്കി.
എന്തൊരു ദുരിതം ശിവനേയാരും
കര്‍ഷകനായി ജനിച്ചീടല്ലേ!?
കര്‍ഷകബാദ്ധ്യത എഴുതിത്തള്ളാന്‍
സര്‍ക്കാരങ്ങു കനിഞ്ഞീടേണം
കര്‍ഷകരെല്ലാം ഒത്തൊരുമിച്ചാല്‍
കര്‍ഷകദുരിതം പമ്പ കടക്കും.
രാഷ്ട്രീയത്തിന്‍ വലയില്‍പ്പെട്ടാല്‍
മുക്തിയതില്ലെന്നോര്‍ത്തീടേണം.
കര്‍ഷകരെല്ലാം അണിചേര്‍ന്നാകില്‍
സര്‍ക്കാരേതും ഹര-ഹര ചൊല്ലും?
അഴിമതി ചൂഷണപീഡനമെല്ലാം
പമ്പ കടക്കും പമ്പിരികൊള്ളും.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം