പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

ഹിന്ദുത്വവാദികളുടെ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ചു നാഗാലാന്‍ഡിലെ ക്രിസ്ത്യന്‍ പള്ളികളും പരിസരങ്ങളും വൃത്തിയാക്കാമെന്ന ബി ജെ പി യുടെ വാഗ്ദാനം ക്രൈസ്തവര്‍ നിരസിച്ചു. നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നാഗാലാന്‍ഡിലെ ഇരുപതു ലക്ഷത്തോളം ജനങ്ങളില്‍ 88 ശതമാനവും ക്രൈസ്തവരാണ്. ക്രൈസ്തവരില്‍ ഭൂരിപക്ഷം ബാപ്റ്റിസ്റ്റു സഭാംഗങ്ങളുമാണ്. സംസ്ഥാനത്തെ ഭരണകക്ഷി കൂടിയാണു ബി ജെ പി.

മോദിയുടെ ബി ജെ പി ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നു ബാപ്റ്റിസ്റ്റ് സഭാനേതൃത്വം നേരത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പള്ളി വൃത്തിയാക്കി രാഷ്ട്രീയ നേട്ടമെടുക്കാനുള്ള ശ്രമത്തെ നാഗാലാന്‍ഡ് ക്രിസ്ത്യന്‍ റിവൈവല്‍ ചര്‍ച്ച് കൗണ്‍സിലും വിമര്‍ശിച്ചു.

അയല്‍ സംസ്ഥാനമായ മണിപ്പൂരിലെ കലാപമാരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ക്രൈസ്തവര്‍ക്കാണ് മണിപ്പൂരിലെ കലാപത്തില്‍ ഏറ്റവുമധികം നഷ്ടങ്ങളുണ്ടായത്. 220 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്ത കലാപത്തിന്റെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. ക്രൈസ്തവരോടുള്ള കരുതലാണ് പള്ളി വൃത്തിയാക്കാമെന്ന വാഗ്ദാനത്തിനു പിന്നിലുള്ളതെങ്കില്‍ ആദ്യം നാഗാലാന്‍ഡിനു പുറത്ത് അവര്‍ തീ കൊടുത്ത പള്ളികളില്‍ പോയി വൃത്തിയാക്കട്ടെയെന്നു നാഗാ സഭാനേതാക്കള്‍ പറഞ്ഞു. നാഗാലാന്‍ഡിലെ പള്ളികള്‍ വൃത്തിയാക്കുന്നത് വെറും കപടനാട്യമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org