Baladeepam

എന്തുകൊണ്ട് യേശു ബേത്ലഹെമില്‍ ജനിച്ചു?

Sathyadeepam

യേശുവിന്‍റെ ജന്മസ്ഥലമായ ബേത്ലഹെം ജറുസലേമില്‍നിന്ന് 8 കിലോമീറ്റര്‍ തെക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ബേത്ലഹെം എന്ന വാക്കിന്‍റെ അര്‍ത്ഥം അപ്പത്തിന്‍റെ ഭവനം എന്നാണ്. ഇസ്രായേല്‍ രാജാവായിരുന്ന റഹോബോവാമാണ് ഈ പട്ടണം നിര്‍മ്മിച്ചത് (2 ദിന.11,6). ഇതിന്‍റെ ആദ്യനാമം എഫ്രാത്താ എന്നായിരുന്നു. ബഥേലില്‍ നിന്ന് എഫ്രാത്തയിലേക്കു പോരുംവഴി എഫ്രാത്തക്കു സമീപമായപ്പോളാണ് യാക്കോബിന്‍റെ ഭാര്യ റാഹേല്‍ ബഞ്ചമിനെ പ്രസവിച്ചത്. ആ പ്രസവത്തോടെ മരണമടഞ്ഞ റാഹേലിനെ സംസ്കരിച്ചിരിക്കുന്നത് ബേത്ലഹെമിലാണ് (ഉല്‍. 35, 16-20).

പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് യേശുവിന്‍റെ ജനനം. മിക്കായുടെ പ്രവചനമനുസരിച്ച് ഇസ്രായേലിന്‍റെ രക്ഷകന്‍ ജനിക്കേണ്ടത് ബേത്ലഹെമിലാണ്. "ബേത്ലഹെം – എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍ നിന്ന് പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ ഉള്ളവനാണ്" (മിക്കാ 5,2).

പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ യേശുവിന്‍റെ ജനനം ദൈവനിയോഗമായിരുന്നു. "പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്ലഹെമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉല്‍ഭവിക്കുക" (മത്താ. 2,6).

യേശുവിന്‍റെ ജനനത്തോടടുത്താണ് അഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തി സെന്‍സസ് എടുക്കുവാനുള്ള കല്‍പന പുറപ്പെടുവിച്ചത്. പേരെഴുതിക്കാന്‍ ഓരോരുത്തരും താന്താങ്ങളുടെ പട്ടണത്തില്‍ പോകണമായിരുന്നു. ജോസഫും മേരിയും താമസിച്ചിരുന്നത് ഗലീലിയിലെ ഒരു പട്ടണമായ നസ്രത്തിലായിരുന്നു. പക്ഷേ, ജോസഫ് ജനിച്ചത് ദാവീദിന്‍റെ വംശപരമ്പരയിലായിരുന്നതുകൊണ്ട് ഓരോരുത്തരും സ്വന്തം പട്ടണത്തില്‍ പേരെഴുതിക്കേണ്ടത് കര്‍ശനമായിരുന്നതിനാല്‍ പൂര്‍ണഗര്‍ഭിണിയായ മറിയത്തെയും കൂട്ടി ജോസഫ് ബേത്ലഹെമിലേക്ക് യാത്രയാകുകയാണ്. ബേത്ലഹെമില്‍ ആയിരിക്കുമ്പോള്‍ മറിയത്തിന് പ്രസവസമയമടുത്തു. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ യേശു ബേത്ലഹെമില്‍ ജനിക്കുന്നു. അപ്പത്തിന്‍റെ നാട്ടില്‍ ജനിച്ചവന്‍ ഇന്നിതാ അപ്പത്തിന്‍റെ രൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍