വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : 
ഡിസംബര്‍ 25
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്മസ് ദിവസം രക്തസാക്ഷിത്വം വരിച്ച വിശ്വാസികളില്‍ ഒരാളാണ് വി. അനസ്താസ്യ എന്നു വിശ്വസിക്കപ്പെടുന്നു. ദിവ്യബലിയുടെ റോമന്‍ കാനനില്‍ ഈ വിശുദ്ധയുടെയും നാമമുണ്ട്. ക്രിസ്മസ് ദിവസം അര്‍പ്പിക്കപ്പെടുന്ന രണ്ടാമത്തെ ദിവ്യബലിയില്‍ ഈ വിശുദ്ധയെ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. പാരമ്പര്യമനുസരിച്ച് അനസ്താസ്യ ഒരു റോമന്‍ പ്രഭുവായ പ്രേട്ടെക്സ്റ്റാറ്റസിന്റെ മകളാണ്. പുബ്ലിയസ് എന്ന പേഗന്റെ ഭാര്യയുമായിരുന്നു. പേര്‍ഷ്യയിലേക്കു(ഇറാന്‍)ള്ള ഒരു യാത്രാമദ്ധ്യേ അദ്ദേഹം മരിച്ചു. തന്റെ ക്രിസ്ത്യന്‍ സഹോദരങ്ങളെ സഹായിച്ചതിന് അനസ്താസ്യ തടവിലാക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ട പേഗന്‍ കുറ്റവാളികള്‍ക്കൊപ്പം അനസ്താസ്യയെയും മറ്റൊരു ക്രിസ്ത്യാനിയെയും കൂടി ഒരു കപ്പലിലാക്കി നടുക്കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, വി. തെയോദാത്ത അവളെ സംരക്ഷിച്ചു. അങ്ങനെ പല്‍മേറിയ എന്ന ദ്വീപില്‍ അവളെത്തി. അവിടെ വച്ച് രക്തസാക്ഷിത്വം വരിച്ചു. കൈകാലുകള്‍ വിരിച്ച് മരങ്ങളില്‍ വലിച്ചു കെട്ടി തീയില്‍ ദഹിപ്പിക്കുകയായിരുന്നു എന്നു കരുതപ്പെടുന്നു.

വി. അനസ്താസ്യയുടെ സ്മരണയ്ക്കായി ഒരു ദൈവാലയം പണികഴിപ്പിച്ചിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്ക് ജെന്നാഡിയസ് ബൈസന്റൈനിന്റെ തലസ്ഥാനത്തെ ഒരു ദൈവാ ലയത്തിലേക്ക് വിശുദ്ധയുടെ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റിസ്ഥാപിച്ചതത്രെ. ഏതായാലും നാലാം നൂറ്റാണ്ടില്‍ പോപ്പ് ഡമാസസ് ''അനസ്താസ്യ'' എന്ന പേരില്‍ ഒരു ദൈവാലയം പുനരുദ്ധരിച്ചിരുന്നു. ''അനസ്താസ്യ'' എന്നതിനര്‍ത്ഥം ''പുനരുത്ഥാനം'' എന്നാണ്. റോമിലെ പ്രധാന ദൈവാലയങ്ങളില്‍ ഒന്നാണ് ശില്പഭംഗിയുള്ള ഈ ദൈവാലയം.

''സഹോദരനുവേണ്ടി സ്വന്തം ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല'' എന്നു സ്വന്തം ജീവിതംകൊണ്ട് യേശു നമ്മെ പഠിപ്പിക്കുകയായിരുന്നു. ഒരു നല്ല വൈദികനും നല്ല പിതാവും നല്ല ഡോക്ടറും നല്ല അദ്ധ്യാപകനുമൊക്കെ ചെയ്യേണ്ടതും ഇതുതന്നെയാണ്. യേശു പറയുന്നു: എനിക്കു വിശന്നു... ഞാന്‍ രോഗിയായിരുന്നു... ഞാന്‍ കാരാഗൃഹത്തിലായിരുന്നു... എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്.
മത്താ. 25:35-40

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org