ക്രിസ്മസ് : ഡിസംബര്‍ 25
നിത്യജീവന്റെ ജന്മദിനമാണ് ഇന്ന് നാം ആഘോഷിക്കുന്നത്. ത്രിതൈ്വകദൈവത്തിലെ പുത്രന്‍ തമ്പുരാന്‍ മാംസവും രക്തവുമുള്ള മനുഷ്യപുത്രനായി ഭൂമിയില്‍ അവതരിച്ച ചരിത്രമുഹൂര്‍ത്തം!
വിശുദ്ധ ബൈബിളില്‍ രക്ഷകന്റെ ജനനദിവസം കൃത്യമായി രേഖപ്പെടു ത്തിയിട്ടില്ല. ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായി പൊതുവെ അംഗീ കരിക്കപ്പെടുകയായിരുന്നു. ജൂലിയന്‍ കലണ്ടര്‍പ്രകാരം ഡിസംബര്‍ 25 ആണെങ്കില്‍, ഈജിപ്ഷ്യന്‍ കലണ്ടറനുസരിച്ച് ആ സുദിനം ജനുവരി 6 ആണ്. ഡിസംബര്‍ 25 ആകാന്‍ ഒരു കാരണവുമുണ്ട്. അന്നാണ് കാണാതിരുന്ന സൂര്യന്റെ ജന്മദിനമായി പേഗന്‍സ് ആചരിച്ചിരുന്നത്. അതായത് അസ്തമിച്ച സൂര്യന്‍ ഉത്തരദിക്കില്‍ ആകാശത്ത് ഉദിച്ചുയരുന്ന ഒരു പ്രത്യേക ദിവസമായിരുന്നു അത്. കൂടാതെ, സൂര്യദേവനായിരുന്നു ഒരു കാലത്ത് റോമന്‍ സാമ്രാജ്യത്തിന്റെ മുഖ്യമദ്ധ്യസ്ഥന്‍. അവുറേലിയന്‍ ചക്രവര്‍ത്തി സൂര്യദേവനു വേണ്ടി ഒരു ക്ഷേത്രം പണിതു സമര്‍പ്പിച്ചതും 274 ഡിസംബര്‍ 25 നാണ്. ഇറാന്റെ രഹസ്യദേവനായ മിത്ര അഥവാ നീതിസൂര്യന്റെ ജന്മദിനമായി ആഘോഷിക്കുന്നതും ഡിസംബര്‍ 25 തന്നെയാണ്.
''നമ്മുടെ കര്‍ത്താവിനെപ്പോലെ അജയ്യനായി മറ്റാരുണ്ട്?'' നാലാം നൂറ്റാണ്ടിലെ ജോണ്‍ ക്രിസോസ്തം ചോദിക്കുന്നു. അവന്‍ ''നീതിയുടെ സൂര്യ''നാണ്. ദൈവ-മനുഷ്യന്റെ അവതാരമാണ് നാം ആഘോഷിക്കുന്നത്; മനുഷ്യരൂപത്തിലുള്ള പ്രത്യക്ഷപ്പെടല്‍.
നാലാം നൂറ്റാണ്ടിനുശേഷം മാര്‍പാപ്പമാര്‍ ക്രിസ്മസ് ദിവസം മൂന്നുപ്രാവശ്യം ദിവ്യബലി അര്‍പ്പിച്ചിരുന്നു. മൂന്നിനും വ്യത്യസ്തമായ ബൈബിള്‍ ഭാഗമാണു വായിക്കുന്നത്. മദ്ധ്യകാലഘട്ടത്തിലെ താപസന്മാര്‍ ഇതിനു നല്‍കിയ വ്യാഖ്യാനം, ക്രിസ്തുവിന്റെ മൂന്നുവിധത്തിലുള്ള പിറവിയെയാണ് അതു സൂചിപ്പിക്കുന്നത് എന്നാണ്. ആദ്യത്തേത്, ''മാലാഖമാര്‍ക്കുള്ള ദിവ്യബലി.'' ഇത് അര്‍ദ്ധരാത്രിയില്‍ പരിശുദ്ധ മാതാവിന്റെ ബസലിക്കയിലാണ് അര്‍പ്പിക്കുന്നത്. ബത്‌ലഹേമിലെ പുല്‍ക്കൂടിന്റെ അവശിഷ്ടങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. 1586-ല്‍ അത് സിസ്റ്റൈന്‍ ചാപ്പലിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ''യുഗങ്ങള്‍ക്കു മുമ്പ്'' സ്വര്‍ഗ്ഗീയ പിതാവിന്റെ മടിയില്‍ സംഭവിച്ച നിത്യമായ പിറവിയെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്.
രണ്ടാമത്തേത്, ''ഇടയന്മാര്‍ക്കുള്ള ദിവ്യബലി.'' ഇത് പ്രഭാതത്തില്‍, വി. അനസ്താസ്യായുടെ നാമത്തിലുള്ള ദൈവാലയത്തിലാണ് അര്‍പ്പിക്കുന്നത്. ബൈസന്റൈന്‍ കാലത്തെ ''രാജകീയ ദൈവാലയ''മാണ് അത്. പുനരുദ്ധരിക്കപ്പെട്ട ജറൂസലം ദൈവാലയത്തെ അനുസ്മരിക്കാനാണ് ഇതു നിര്‍മ്മിക്കപ്പെട്ടത്. ''പ്രകാശങ്ങളുടെ പ്രകാശമായ'' ദൈവത്തിന്റെ മനുഷ്യാവതാരം ഇവിടെ അനുസ്മരിക്കുന്നു. ''വചനം കന്യകയുടെ ഗര്‍ഭത്തില്‍ മാംസം ധരിച്ചു.''
മൂന്നാമത്തേത്, രാവിലെ 9 മണിക്ക് വി. പത്രോസിന്റെ ബസലിക്കായില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലി. വിശ്വാസികളുടെ ഹൃദയങ്ങളിലുള്ള നമ്മുടെ കര്‍ത്താവിന്റെ പിറവിയെയാണ് ഇതു സൂചിപ്പിക്കുന്നത്. മഹാനായ പോപ്പ് ഗ്രിഗരി (540-604) ക്രിസ്മസ് ദിവസം പാപ്പാമാര്‍ക്കു മാത്രം അനുവദിച്ചിരുന്ന, മൂന്നു ദിവ്യബലി അര്‍പ്പിക്കാനുള്ള അവകാശം, എല്ലാ വൈദികര്‍ക്കും വീതിച്ചു നല്‍കി.
പുല്‍ക്കൂട്ടില്‍ ഉണ്ണീശോയെ കിടത്തി ആരാധിക്കുന്ന രീതി സഭ യില്‍ തുടങ്ങിയത് വി. ഫ്രാന്‍സീസ് അസീസ്സിയുടെ കാലം മുതലാണ്. വി. ഫ്രാന്‍സീസ് 1223 ലാണ്, ജീവനുള്ള കഴുതയെയും കാളയെയുമൊക്കെ ഒരുക്കി, ഗ്രേക്കിയോ നഗരത്തിനു സമീപമുള്ള ഒരു വനത്തിലെ ഗുഹയില്‍ ആദ്യത്തെ പുല്‍ക്കൂടിനു രൂപം നല്‍കിയത്. ഉണ്ണീശോയെ കൈയില്‍ പിടിച്ചുകൊണ്ട്, ദൈവത്തിന്റെ അനന്ത സ്‌നേഹത്തെയും കരുണയെയും പറ്റി ഹൃദയസ്പൃക്കായി ഫ്രാന്‍സീസ് പ്രസംഗിച്ചപ്പോള്‍ ഒരു നിമിഷം ഉണ്ണീശോ ചലിക്കുന്നതായി വിശ്വാസികള്‍ക്ക് അനുഭവപ്പെട്ടത്രെ! ഇറ്റലിയില്‍ ക്രിസ്മസ് കരോള്‍ ആരംഭിച്ചതും ഈ വിശുദ്ധന്റെ സ്വാധീനത്തിലാണ്. പിന്നീട് ജര്‍മ്മന്‍ ക്രിസ്മസ് ഗാനങ്ങളും മറ്റും പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളില്‍ രൂപംകൊണ്ടു.
വൃക്ഷങ്ങളില്‍ തിരി തെളിക്കുന്നതിനെപ്പറ്റിയുള്ള പരാമര്‍ശം 13-ാം നൂറ്റാണ്ടിലെ ഇതിഹാസങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇന്നു പ്രചാരത്തിലുള്ള ''ക്രിസ്മസ് ട്രീ''യുടെ ആരംഭം മിക്കവാറും ജര്‍മ്മനിയിലാണ്. ഏദേന്‍ തോട്ടത്തിലെ ''ജീവന്റെ വൃക്ഷ''മാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശിന്റെ സ്മരണയും അതുണര്‍ത്തുന്നുണ്ട്. റഷ്യയില്‍, കുരിശു തന്നെയാണ് പൂക്കളും പഴങ്ങളും കൊണ്ട് അലങ്കരിച്ച് ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നത് എന്നത് അതിശയകരം തന്നെ. സ്ട്രാസ്ബര്‍ഗ്ഗില്‍ ക്രിസ്മസ്ട്രീയെപ്പറ്റിയുള്ള പരാമര്‍ശം കാണുന്നത് 1605 മുതലാണ്. ഇംഗ്ലണ്ടില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ഇതിനു പ്രചാരം ലഭിച്ചത്. ജര്‍മ്മന്‍ രാജകുമാരന്‍ ആല്‍ബര്‍ട്ടിന്റെയും വിക്‌ടോറിയാ രാജ്ഞിയുടെയും കാലത്തായിരുന്നു അത്.