കഥകള്‍ / കവിതകള്‍

ടെസ്സി തോമസ്സ് ഇപ്പോള്‍ എവിടെയാണ്?

ജോസഫ് ആന്റണി
  • ചെറുകഥ

  • ജോസഫ് ആന്റണി

"ഹലോ പപ്പാ... ഞാൻ ട്രെയിനിലാണ്, ഓഫീസിൽ എത്താറായി. പപ്പയ്ക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഇപ്പോൾ ഡെലിവറി ബോയ് കൊണ്ടുവരും കേട്ടോ, അവർ എന്നെ വിളിച്ചിരുന്നു."

മകൾ നിഷയുടെ ഫോൺ കോൾ കട്ടാകുന്നതിനൊപ്പം തന്നെയായിരുന്നു മുൻവശത്തെ കോളിംഗ് ബെൽ മുഴങ്ങിയത്. ഇന്ന് മകൾക്കും മരുമകനും അതിരാവിലെ തന്നെ ഓഫീസിൽ പോകേണ്ടിയിരുന്നതിനാൽ വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നില്ല. ഇത്തരം ദിവസങ്ങളിൽ അവർ പുറത്തുനിന്ന് കഴിക്കുകയും എനിക്കുള്ളത് ഓൺലൈനിൽ ഓർഡർ ചെയ്യുകയുമാണ് പതിവ്. കാനഡയിൽ മകളുടെ അടുത്ത് വരുമ്പോഴൊക്കെ എന്റെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം ടിം ഹോർട്ടൻസിലെ 'ഫാർമേഴ്സ് റാപ്പും' 'ഫ്രഞ്ച് വാനില കോഫിയും' ആണ്. അതുകൊണ്ടുതന്നെ ഇന്നും നിഷ ഓർഡർ ചെയ്തത് അതുതന്നെയായിരിക്കുമെന്ന് എനക്കുറപ്പായിരുന്നു.

മെയ് മാസത്തിന്റെ വരവോടെ വിന്റർ സീസൺ ഔദ്യോഗികമായി അവസാനിച്ചെങ്കിലും, ഒന്റാരിയോയിൽ തണുപ്പ് ഒട്ടും കുറഞ്ഞിരുന്നില്ല. പുറത്ത് മൂന്ന് ഡിഗ്രി തണുപ്പാണ്. "ജാക്കറ്റും ഷൂവും തൊപ്പിയും ധരിക്കാതെ പപ്പാ പുറത്തിറങ്ങരുത്" എന്ന് ഇറങ്ങാൻ നേരവും നിഷ ചട്ടം കെട്ടിയിരുന്നതാണ്. എന്നാൽ, ഡെലിവറി ബോയിയിൽ നിന്ന് ആ ഭക്ഷണപ്പൊതി വാങ്ങാൻ മാത്രമല്ലേ എന്നുകരുതി, വീടിനുള്ളിൽ ധരിച്ചിരുന്ന മുണ്ടും ടീഷർട്ടും മാറ്റാതെ ഞാൻ പെട്ടെന്നുതന്നെ വാതിൽ തുറന്നു.

വരാന്തയിൽ കറുത്ത വിന്റർ ജാക്കറ്റ് ധരിച്ച, മെലിഞ്ഞു വെളുത്ത ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. വെട്ടിയൊതുക്കാത്ത താടിയും മീശയും. ആ മുഖത്ത് വല്ലാത്തൊരു വിഷാദം നിഴലിച്ചിരുന്നു. കണ്ടപ്പോൾ നാട്ടിലെ നമ്മുടെ അയൽവക്കത്തെ ഏതെങ്കിലും ഒരു കുട്ടിയെപ്പോലെ തോന്നി.

"സർ, ഹൗസ് നമ്പർ 528...?" അവൻ ചോദിച്ചു.

"യെസ്, 528."

കൈയിലെ ഭക്ഷണപ്പൊതി എനിക്ക് നേരെ നീട്ടുമ്പോൾ അവന്റെ ചുണ്ടിൽ അപരിചിതമല്ലാത്ത, ഏതോ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു.

"ആർ യു എ മലയാളി?" ഞാൻ സ്നേഹത്തോടെ ചോദിച്ചു.

"അതെ സർ... ഞാൻ കാനഡയിൽ വന്നിട്ട് കുറച്ചുകാലമേ ആയുള്ളൂ. പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ഫുഡ് ഡെലിവറി ചെയ്യുകയാണ്," അവൻ വിനയത്തോടെ മറുപടി നൽകി.

"നാട്ടിൽ എവിടെയാ?"

"ആലപ്പുഴയിലാ..."

"ഹോ! അതെയോ? ഞാൻ ചേർത്തലയിലാണല്ലോ. ആലപ്പുഴയിൽ എവിടെയാ?"

"അമ്പലപ്പുഴയ്ക്ക് അടുത്തുള്ള കരുമാടിയിൽ."

കരുമാടി എന്ന പേര് കേട്ടപ്പോൾ പെട്ടെന്ന് എന്റെ ഓർമ്മകളിലേക്ക് ഓടിയെത്തിയത് പണ്ട് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ എന്റെ സഹപ്രവർത്തകയായിരുന്ന ടെസ്സി തോമസിനെയാണ്.

"അവിടെ കരുമാടിയിൽ പണ്ട് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരു ടെസ്സി തോമസിനെ അറിയാമോ?"

പെട്ടെന്ന് ആ ചെറുപ്പക്കാരന്റെ മുഖത്ത് വല്ലാത്തൊരു അസ്വസ്ഥത പടരുന്നതായി ഞാൻ കണ്ടു. ഒരു നിമിഷം അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ കണ്ണുകൾ പെട്ടെന്ന് ആർദ്രമായി. പതറിയ ശബ്ദത്തിൽ അവൻ പറഞ്ഞു:

"സർ... അത്... അത് എന്റെ അമ്മയാണ്!"

"ഓ... അതുശരി! അത്ഭുതമായിരിക്കുന്നു. ടെസ്സി തോമസിന്റെ മോനാണല്ലേ? അമ്മ ഇപ്പോൾ എന്ത് ചെയ്യുന്നു? സുഖമായിരിക്കുന്നോ?"

എന്റെ ചോദ്യങ്ങൾ കേട്ടതായി പോലും ഭാവിക്കാതെ, അവൻ തിടുക്കത്തിൽ പറഞ്ഞു: "സോറി സർ, എനിക്ക് ഒരുപാട് ഡെലിവറി ബാക്കിയുണ്ട്..."

പെട്ടെന്നുതന്നെ ആ ചെറുപ്പക്കാരൻ തിരിഞ്ഞു നടന്നു. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന അവന്റെ വെളുത്ത കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് വളരെ തിടുക്കത്തിൽ കയറി, വണ്ടി വേഗത്തിൽ ഓടിച്ചുപോയി.

എന്റെ ചോദ്യങ്ങൾ ആ ചെറുപ്പക്കാരനെ അസ്വസ്ഥനാക്കിയോ? അറിയില്ല. കൈയിലെ ഭക്ഷണപ്പൊതിയുമായി വരാന്തയിൽ എല്ലാം മറന്ന് ഞാൻ കുറേനേരം നിന്നുപോയി. എന്തായിരിക്കാം അവനെ ഇത്രമേൽ അസ്വസ്ഥനാക്കിയത്? അവന്റെ അമ്മ മരിച്ചുപോയിരിക്കുമോ? അതോ അമ്മ അവനെ ഉപേക്ഷിച്ചതാണോ? അതോ അവൻ അമ്മയറിയാതെ നാടുവിട്ടു പോന്നതാണോ? അവൻ മറക്കാൻ ശ്രമിക്കുന്ന ഏതോ ഒരു ഭൂതകാലത്തെയാണോ ഞാൻ അറിയാതെ തൊട്ടുണർത്തിയത്?

ജീവിതത്തിലെ മഹാദുരന്തങ്ങളിൽ നിന്നും മനുഷ്യർ കരകയറുന്നത് പലതും മറക്കാൻ കഴിയുന്നതുകൊണ്ടാണല്ലോ. മറവിയെന്ന കരിമ്പടം പുതച്ച് ആശ്വാസം തേടിയവരുടെ ആ മൂടുപടം വലിച്ചുമാറ്റാൻ ശ്രമിക്കുന്നത് ഒരു ക്രൂരതയല്ലേ? 'മറവി എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. എല്ലാം ഓർമ്മയിലുണ്ടായിരുന്നെങ്കിൽ മനുഷ്യൻ എപ്പോഴേ ഭ്രാന്ത് പിടിച്ച് ചത്തുപോയേനെ' എന്ന് ബഷീറിന്റെ കഥകളിൽ എവിടെയോ വായിച്ചത് ഞാൻ ഓർത്തുപോയി. 

തണുപ്പിനെ പ്രതിരോധിക്കാനുള്ള ഒരു തയ്യാറെടുപ്പുമില്ലാതെ പുറത്തുനിന്ന എന്റെ ശരീരത്തിലേക്ക് മൂന്ന് ഡിഗ്രിയിലെ അതിരൂക്ഷമായ തണുപ്പ് സൂചിമുന കണക്കെ ആഴ്ന്നിറങ്ങുന്നത് കുറച്ചു സമയത്തേക്ക് ഞാൻ അറിഞ്ഞതേയില്ലായിരുന്നു. പെട്ടെന്നുതന്നെ ഞാൻ വീടിനുള്ളിലേക്ക് കയറി വാതിലടച്ചു.

ഭക്ഷണപ്പൊതി ടേബിളിൽ വെച്ച് കസേരയിലിരുന്നിട്ടും എന്റെ മനസ്സ് ശാന്തമായില്ല. പഴയ ഓർമ്മകൾ മനസ്സിൽ ഒന്നൊന്നായി തെളിഞ്ഞുവന്നു...

ടെസ്സി തോമസിനെ ആദ്യമായി കാണുന്നത് ഞാൻ ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിൽ ജോലി ചെയ്യുമ്പോഴാണ്. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷൻ ക്ലർക്ക് മോഹനൻ സാറിന്റെ അരികിൽ ജോയിൻ ചെയ്യാൻ നിൽക്കുന്ന ടെസ്സിയുടെ രൂപം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഇളം നീലനിറത്തിലുള്ള, ഒട്ടും ചുളിവുകളില്ലാതെ തേച്ചുമിനുക്കിയ കോട്ടൺ സാരി മനോഹരമായി ഉടുത്ത്, നീണ്ട സുന്ദരമായ മുടി പിറകിലേക്ക് ഒതുക്കി ചീകി, വലിയ മേക്കപ്പുകളൊന്നുമില്ലാത്ത ശാലീനസുന്ദരിയായ ഒരു ഇരുനിറക്കാരി. അധികം ശരീരവണ്ണമില്ലാത്ത നല്ല ആകാരവടിവ്. ആരും ഒന്നു നോക്കിനിന്നുപോകുന്ന വശ്യത. ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്നും ട്രാൻസ്ഫറായിപ്പോയ റാണിയമ്മയ്ക്ക് പകരക്കാരിയായി വന്നതാണെന്ന് മോഹനൻ സാർ പറഞ്ഞു.

ബി-1 സെക്ഷനിലെ രഘുവാണ് ടെസ്സിയെ കണ്ട ഉടനെ രഹസ്യമായി എന്നോട് പറഞ്ഞത്, "കക്ഷി കല്യാണം കഴിഞ്ഞതാണ് കേട്ടോ."

"തനിക്കെങ്ങനെ ഒറ്റനോട്ടത്തിൽ മനസ്സിലായി?" ഞാൻ ചോദിച്ചു.

"അവരുടെ നെറ്റിയിൽ സിന്ദൂരം ഇട്ടിരിക്കുന്നത് കണ്ടില്ലേ?"

സത്യത്തിൽ സിന്ദൂരം ഇടുന്നത് വിവാഹം കഴിഞ്ഞതിന്റെ അടയാളമാണെന്നൊന്നും എനിക്കന്ന് വലിയ നിശ്ചയമില്ലായിരുന്നു.

ടെസ്സി അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പുവെച്ച് ഓഫീസിനോട് ചേർന്നുള്ള ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലേയ്ക്കു പോയി. ആരോടും അധികം സംസാരമില്ല, നേരിയ ഒരു പുഞ്ചിരി മാത്രം. ഓഫീസിൽ ആകെ രണ്ട് വനിതകളും ഞങ്ങൾ പതിനൊന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ടെസ്സിയുടെ വരവ് ടൈപ്പിസ്റ്റ് സരോജിനി മാഡത്തിന് വലിയൊരു കൂട്ടായി. തന്നെയുമല്ല, സരോജിനി മാഡത്തിന്റെ വീട് തകഴിയിലായതുകൊണ്ട് രണ്ടുപേരും അടുത്തടുത്ത സ്ഥലക്കാരുമായിരുന്നു.

ടെസ്സി ആരോടും വലിയ അടുപ്പം കാണിക്കാറില്ല. എന്നും രാവിലെ പത്തുമണിക്ക് തന്നെ ഓഫീസിലെത്തും, ഏതാണ്ട് മുഴുവൻ സമയവും സീറ്റിൽ തന്നെ കാണും. ഉച്ചയാകുമ്പോൾ സരോജിനി മാഡത്തിന്റെ അടുത്തു വന്നിരുന്ന് രണ്ടാളും കൂടെ ഒരുമിച്ച് ഭക്ഷണം കഴിക്കും. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഞങ്ങളുടെ പൊതുക്കൂട്ടായ്മകളിലൊന്നും ടെസ്സി പങ്കെടുക്കാറില്ലായിരുന്നു; ഏതാണ്ട് ഒരു അന്തർമുഖിയെപ്പോലെ.

പിന്നീട് സരോജിനി മാഡത്തിൽ നിന്നാണ് ടെസ്സിയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ അറിയുന്നത്. ചമ്പക്കുളത്തെ ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു ടെസ്സി. അപ്പൻ പട്ടാളത്തിലായിരുന്നു, അമ്മ പ്രൈമറി സ്കൂൾ അധ്യാപികയും. അമ്മയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ആശ്രിത നിയമനം വഴിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി ക്ലർക്കായി അമ്പലപ്പുഴ സ്കൂളിൽ ടെസ്സിക്ക് ആദ്യ നിയമനം ലഭിക്കുന്നത്. കോളേജ് പഠനകാലത്ത് വീട്ടിൽ പെയിന്റ് ജോലിക്കു വന്ന കരുമാടി സ്വദേശിയായ സുരേഷ് കുമാർ എന്ന യുവാവുമായി ടെസ്സി പ്രണയത്തിലായി. ജോലി കിട്ടി ഏതാനും നാൾ കഴിഞ്ഞപ്പോൾ വീട്ടുകാരുടെ എതിർപ്പുകളെയൊക്കെ അവഗണിച്ച് ഒരു ദിവസം സുരേഷിനൊപ്പം ഇറങ്ങിപ്പോയി രജിസ്റ്റർ വിവാഹം ചെയ്തു. ഇപ്പോൾ കരുമാടിയിൽ ഒരു വാടകവീട്ടിലാണ് താമസം.

ടെസ്സിയുടെ വസ്ത്രധാരണത്തിലെ പ്രത്യേകതയും ശാലീനതയുമൊക്കെ കണ്ട് ആദ്യമൊക്കെ എനിക്ക് അവളോട് ചെറിയൊരു ആരാധന മനസ്സിൽ തോന്നിയിരുന്നു എന്നത് സത്യമാണ്. പലപ്പോഴും ഞാൻ അങ്ങോട്ട് കയറി സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ വാക്കുകളിൽ അല്ലെങ്കിൽ ഒരു ചെറുചിരിയിൽ അവളത് ഒതുക്കുമായിരുന്നു. വിവാഹിതയാണെന്ന് അറിയാവുന്നതുകൊണ്ട് പരിധിവിട്ടുള്ള സംഭാഷണങ്ങൾക്ക് ഞാനും മുതിർന്നില്ല.

മാസങ്ങൾ കടന്നുപോയി. ഒരു ദിവസം ഞാൻ സീറ്റിലിരുന്ന് ഫയൽ നോക്കുമ്പോൾ "സർ..." എന്ന പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ടു. തലയുയർത്തി നോക്കുമ്പോൾ മുന്നിൽ ടെസ്സിയാണ്.

"എന്താ ടെസ്സി മാഡം?"

"സർ... എനിക്ക് ഒരു ഉപകാരം ചെയ്യാമോ? എനിക്കൊരു ചിട്ടി കിട്ടിയിട്ടുണ്ട്, ഒരു ജാമ്യം നിൽക്കാമോ?"

"അതിനെന്താ, നിൽക്കാമല്ലോ," ഞാൻ പറഞ്ഞു.

ഓഫീസിലെ മറ്റാരോടും ചോദിക്കാതെ എന്നോട് മാത്രം അവളത് ചോദിച്ചതിന്റെ കാരണം എനിക്കറിയില്ലായിരുന്നു. ഞാൻ കൂടുതലായൊന്നും തിരക്കാതെ ചിട്ടിക്കുള്ള ജാമ്യരേഖകളിലും സാലറി സർട്ടിഫിക്കറ്റിലും ഒപ്പിട്ടുകൊടുത്തു.

പിന്നീട് എനിക്ക് ചേർത്തലയിലേക്ക് ട്രാൻസ്ഫർ കിട്ടി. ഞാൻ അങ്ങോട്ട് പോരുകയും ചെയ്തു. പിന്നീട് ടെസ്സിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, കുറച്ചു നാളുകൾക്ക് ശേഷം അവളെ അന്വേഷിച്ച് എനിക്ക് ആലപ്പുഴയിലേക്ക് പോകേണ്ടി വന്നു.

ഒരു ദിവസം എനിക്കൊരു രജിസ്റ്റേർഡ് കത്ത് കിട്ടി. ടെസ്സി ചിട്ടി തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാൽ ജാമ്യക്കാരനായ എന്റെ ശമ്പളത്തിൽ നിന്നും തുക പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിട്ടി കമ്പനി അയച്ച കത്തിന്റെ പകർപ്പായിരുന്നു അത്. ഇക്കാര്യം നേരിട്ട് പറയാനാണ് ഞാൻ ആലപ്പുഴയിലെ ഓഫീസിൽ ചെന്നത്. പക്ഷേ, ടെസ്സി മാസങ്ങൾക്ക് മുൻപേ അമ്പലപ്പുഴയിലേക്ക് സ്ഥലം മാറിപ്പോയിരുന്നു.

അവിടെവെച്ച് സരോജിനി മാഡത്തിൽ നിന്നാണ് ടെസ്സിയുടെ ദയനീയമായ അവസ്ഥ ഞാൻ അറിയുന്നത്. ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ടെസ്സിയുടെ ഭർത്താവ് സുരേഷ്, മെഡിക്കൽ കോളേജിൽ ഒരുമാസത്തോളം അബോധാവസ്ഥയിൽ കിടന്ന ശേഷം മരണപ്പെട്ടിരുന്നു. ഭർത്താവ് മരിക്കുന്ന സമയത്ത് ടെസ്സി രണ്ടാമതും ഗർഭിണിയായിരുന്നു. മൂത്തത് ഒരാൺകുട്ടി. ഭർത്താവിന്റെ മരണശേഷം പ്രസവിച്ച രണ്ടാമത്തെ പെൺകുട്ടിയാകട്ടെ ജന്മനാ ശാരീരിക-മാനസിക വൈകല്യങ്ങളുള്ളതായിരുന്നു.

സ്വന്തം വീട്ടുകാരോ ഭർത്താവിന്റെ വീട്ടുകാരോ ടെസ്സിയെയും കുഞ്ഞുങ്ങളെയും തിരിഞ്ഞുനോക്കിയില്ല. സരോജിനി മാഡം പറഞ്ഞ വിവരങ്ങൾ കേട്ട് എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ടെസ്സിയെ വീട്ടിൽ ചെന്ന് കണ്ട് ആശ്വസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞാൻ അതിന് മുതിർന്നില്ല. ഈ സാഹചര്യത്തിൽ ഞാൻ ചെന്നാൽ ചിട്ടിയുടെ കുടിശ്ശിക ചോദിക്കാൻ വന്നതാണെന്ന് അവൾ കരുതിയാൽ അത് അവളെ കൂടുതൽ വിഷമിപ്പിക്കും എന്നോർത്ത് ഞാൻ തിരികെ പോന്നു.

കാലങ്ങൾ വേഗത്തിൽ കടന്നുപോയി. ഞാൻ സർവീസിൽ നിന്നും വിരമിച്ചു. കാനഡയിലെ ഒന്റാരിയോയിലുള്ള മകളുടെയും കുടുംബത്തിന്റെയും കൂടെ കുറച്ചുദിവസം താമസിക്കാൻ എത്തിയതാണ് ഞാൻ ഇപ്പോൾ.

മേശപ്പുറത്തിരിക്കുന്ന പ്രഭാതഭക്ഷണത്തിന്റെ പാക്കറ്റ് തുറന്ന് ഫ്രഞ്ച് വാനില കോഫി കുടിക്കണം എന്ന് കരുതിയെങ്കിലും ടെസ്സി എന്ന പഴയ സഹപ്രവർത്തകയുടെ ഓർമ്മകൾ എന്നെ അത്രമേൽ അസ്വസ്ഥനാക്കിയിരുന്നു. ജനാലയ്ക്ക് പുറത്ത് ഒന്റാരിയോയിലെ തണുപ്പ് കൂടുതൽ കനക്കുന്നതുപോലെ എനിക്ക് തോന്നി.

ടെസ്സിക്ക് ഇപ്പോൾ സർവീസിൽ നിന്നും വിരമിക്കാറായിട്ടുണ്ടാകും. വൈകല്യം ബാധിച്ച മകളുടെ ശുശ്രൂഷയും ജോലിയുടെ തിരക്കുമായി നിസ്സഹായയായി, ഒറ്റപ്പെടലിന്റെ വേദനയിൽ കഴിയുന്ന അവളുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. അവൾ ഇപ്പോൾ എവിടെയായിരിക്കും? വല്ലപ്പോഴും വിളിക്കാറുള്ള പഴയ സഹപ്രവർത്തകൻ രഘുവിനെ വിളിച്ച് ഒന്ന് അന്വേഷിക്കാം എന്ന് കരുതി ഞാൻ ഫോണെടുത്തു. ഭാഗ്യം, രഘു വാട്സാപ്പിൽ ഓൺലൈനിലുണ്ട്. ഞാൻ ഉടനെ അവനെ വിളിച്ചു.

"ഹലോ രഘു, ഞാൻ മാത്യുവാണ്. ഞാൻ ഇപ്പോൾ കാനഡയിലാണ്. ഒരു അത്യാവശ്യ കാര്യം അറിയാനാണ് ഈ അസമയത്ത് വിളിക്കുന്നത്."

"ആ പറയൂ മാത്യു, കേൾക്കുന്നുണ്ട്."

"നമ്മുടെ കൂടെ പണ്ട് ആലപ്പുഴ ഡി.ഇ.ഓ-യിൽ ഉണ്ടായിരുന്ന ടെസ്സി തോമസിനെ ഓർമ്മയില്ലേ? ഇന്ന് ഇവിടെ ഫുഡ് ഡെലിവറിക്ക് വന്ന ഒരു പയ്യനെ പരിചയപ്പെട്ടു. അവൻ കരുമാടിക്കാരനാണ്. ടെസ്സിയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, അത് അവന്റെ അമ്മയാണെന്ന്! അതുകേട്ട് ഞാൻ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ അവൻ വല്ലാതെ അസ്വസ്ഥനായി ഒന്നും പറയാതെ വണ്ടി ഓടിച്ചുപോയി."

രഘുവിനും ടെസ്സിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. പഴയ ടൈപ്പിസ്റ്റ് സരോജിനി മാഡത്തിന്റെ നമ്പർ തരാമെന്നും അവരെ വിളിച്ചാൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞേക്കുമെന്നും രഘു പറഞ്ഞു. ഉടൻതന്നെ അവൻ നമ്പർ വാട്സാപ്പിൽ അയച്ചുതന്നു. 

നാട്ടിൽ ഇപ്പോൾ രാത്രി ഒൻപത് മണിയായിക്കാണും. ഈ രാത്രിയിൽ അവരെ വിളിക്കണോ എന്ന് ശങ്കിച്ചെങ്കിലും മനസ്സിലെ അസ്വസ്ഥത അത്രമേൽ കഠിനമായിരുന്നതുകൊണ്ട് ഞാൻ സരോജിനി മാഡത്തിന്റെ നമ്പറിലേക്ക് വിളിച്ചു. രണ്ടാമത്തെ റിംഗിൽ ഫോൺ എടുത്തത് അവരുടെ മകനായിരുന്നു. അമ്മ ഉറങ്ങാൻ കിടക്കുകയാണെങ്കിലും ഫോൺ തരാമെന്ന് അവൻ പറഞ്ഞു. അല്പസമയത്തിന് ശേഷം സരോജിനി മാഡം ഫോണിലെത്തി.

"ഹലോ സരോജിനി മാഡം, ഞാൻ മാത്യുവാണ്. പണ്ട് ആലപ്പുഴ ഓഫീസിലുണ്ടായിരുന്ന..."

"ആ മാത്യു, ഓർമ്മയുണ്ട്. എന്തൊക്കെയുണ്ട് വിശേഷം?"

"ഞാൻ കാനഡയിലാണ് മാഡം. ഒരു കാര്യം അറിയാൻ വിളിച്ചതാണ്. ഇന്ന് ഇവിടെ ടെസ്സി തോമസിന്റെ മകനെ ഞാൻ കണ്ടിരുന്നു. ടെസ്സിയെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ ഒന്നും പറയാതെ വിഷമത്തോടെ പോയി. ടെസ്സി ഇപ്പോൾ എവിടെയാണ്? എന്താണ് അവരുടെ വിശേഷം?"

ഞാൻ ചോദിച്ചു തീർന്നതും അപ്പുറത്തുനിന്നും ഒരു നെടുവീർപ്പ് ഉയർന്നു.

"എന്റെ മാത്യൂ... ഒന്നും പറയണ്ട! ആ പെൺകൊച്ചിന്റെ ജീവിതം വല്ലാത്തൊരു കഷ്ടകാലമായിരുന്നു. അവർക്ക് പെട്ടെന്ന് ഒരു സ്ട്രോക്ക് വന്നു. നോക്കാനും സഹായിക്കാനും ആരുമില്ലാത്തതുകൊണ്ട് ചെങ്ങന്നൂരിലെ ഏതോ ഒരു അഗതിമന്ദിരത്തിലാണ് നാട്ടുകാർ അവരെ കൊണ്ടുചെന്നാക്കിയത്. വയ്യാത്ത ആ മകളെ തിരുവല്ലയിലെ മറ്റൊരു അനാഥാലയത്തിലും ആക്കി..."

സരോജിനി മാഡത്തിന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയി. മനസ്സിൽ വല്ലാത്തൊരു നീറ്റൽ.

"മാത്യു കേൾക്കുന്നുണ്ടോ?" മാഡം തുടർന്നു. "ജാതി മാറി കല്യാണം കഴിച്ചതുകൊണ്ട് സ്വന്തം ബന്ധുക്കളാരും അവളെ തിരിഞ്ഞുനോക്കിയില്ല. ഭർത്താവിന്റെ വീട്ടുകാർക്കും അവളോട് അടുപ്പമില്ലായിരുന്നു. ടെസ്സിയുടെ രീതി അറിയാമല്ലോ, ആരോടും ഒന്നും തുറന്നുപറയില്ല. തികച്ചും ഒറ്റപ്പെട്ട ജീവിതം. പെൻഷൻ വാങ്ങാൻ വരുമ്പോൾ വല്ലപ്പോഴും ഞാൻ കാണുമായിരുന്നു. ആകെ സങ്കടമായിരുന്നു ആ പെണ്ണിന്. മൂത്ത മകൻ എൻജിനീയറിങ് കഴിഞ്ഞിട്ടും ജോലിയൊന്നും കിട്ടിയില്ല. അവൻ ചില ചീത്ത കൂട്ടുകെട്ടുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ, ടെസ്സി തന്റെ ഒരേയൊരു കിടപ്പാടം പണയപ്പെടുത്തി ലോണെടുത്ത് അവനെ കഴിഞ്ഞവർഷം കാനഡയ്ക്ക് അയച്ചു. അവിടെ പഠിക്കുകയാണെന്നാണ് അറിഞ്ഞത്. രണ്ടാമത്തെ മകൾക്ക് കേൾവിയും സംസാരശേഷിയുമില്ല, നടക്കാനും കഴിയില്ല. ടെസ്സി ഓഫീസിൽ പോകുമ്പോൾ അവളെയും കൂടെക്കൂട്ടും. വൈകുന്നേരം തിരികെ കൊണ്ടുവരും. എന്ത് ചെയ്യാം, വിധി ആ കുട്ടിയോട് ക്രൂരമായാണ് പെരുമാറിയത്.

ഒരു ദിവസം രാവിലെ പാൽ കൊടുക്കാൻ വന്ന സ്ത്രീ വിളിച്ചിട്ട് വാതിൽ തുറന്നില്ല. ഉള്ളിൽ നിന്ന് വയ്യാത്ത കുട്ടി എന്തൊക്കെയോ ശബ്ദമുണ്ടാക്കുന്നത് കേട്ട് അയൽക്കാർ ഓടിക്കൂടി വാതിൽ പൊളിച്ചു നോക്കുമ്പോൾ ടെസ്സി ബോധമില്ലാതെ നിലത്തു കിടക്കുകയായിരുന്നു. സ്ട്രോക്ക് ആയിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടു, ശരീരത്തിന്റെ ഒരു വശം പൂർണ്ണമായും തളർന്നുപോയി..."

ഞങ്ങളുടെ ഫോൺ സംഭാഷണം എങ്ങനെയാണ് അവസാനിച്ചത് എന്ന് എനിക്കറിയില്ല. തിരിച്ച് ഒന്നും സംസാരിക്കാൻ കഴിയാത്തവിധം എന്റെ നാവ് തളർന്നുപോയിരുന്നു. ചില മനുഷ്യരോട് കാലം ഒട്ടും കരുണ കാണിക്കാറില്ലല്ലോ...

തണുത്തുറഞ്ഞുപോയ ഫ്രഞ്ച് വാനില കോഫിയും ഫാർമേഴ്സ് റാപ്പും ഒരു ചോദ്യചിഹ്നമായി മേശപ്പുറത്ത് തന്നെയുണ്ടായിരുന്നു. എനിക്ക് ഒട്ടും വിശപ്പ് തോന്നിയില്ല.

നാളെയും ഈ ഡെലിവറി ഏജൻസിയിൽ നിന്ന് തന്നെ ബ്രേക്ക്ഫാസ്റ്റ് ഓർഡർ ചെയ്യാൻ നിഷയോട് പറയണം. ആ മകനെ എനിക്ക് വീണ്ടും കാണണം... അവനെ ഒന്നു നെഞ്ചോട് ചേർത്തു പിടിച്ച് ആശ്വസിപ്പിക്കണം. പരിഭവങ്ങളില്ലാതെ, ചോദ്യങ്ങളില്ലാതെ...

പ്രാർത്ഥനയ്ക്ക് ഏത് തിന്മയെയും തകർത്തെറിയുവാൻ കഴിയും;  ബിഷപ് പോൾ ആന്റണി മുല്ലശേരി

🥋 പൊരുതി ജയിക്കാം, ചേർത്തുപിടിക്കാം: മെഡലിനേക്കാൾ വലിയ 'വൈബ്' സമ്മാനിച്ച ജിയോവാന! ✨✨

വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്ക് (1412-1431) : മെയ് 30

വിശ്വാസപരിശീലനം: കൃപ നിറഞ്ഞ ശുശ്രൂഷ

പേപ്പൽ സ്റ്റേറ്റിന്റെ അവസാനവും വത്തിക്കാൻ രാഷ്ട്രത്തിന്റെ രൂപീകരണവും