വിശുദ്ധരായ ഏലിയാസും ഫ്‌ളാവിയനും  (518)  : ജൂലൈ 20

വിശുദ്ധരായ ഏലിയാസും ഫ്‌ളാവിയനും  (518)  : ജൂലൈ 20

ഏലിയാസിന്റെ ജനനം അറേബ്യയിലായിരുന്നു. എന്നാല്‍ അലക്‌സാണ്‍ഡ്രിയായുടെ പേട്രിയാര്‍ക്കായിരുന്ന തിമോത്തിയുടെ കാലത്ത് ഏകസ്വഭാവവാദികള്‍ പീഡനം ആരംഭിച്ചു. അങ്ങനെ 457-ല്‍ ഏലിയാസ് ഈജിപ്തില്‍നിന്നു പലസ്തീനായിലേക്കു പലായനം ചെയ്തു. എവുത്തിമൂസ് അദ്ദേഹത്തിന് അഭയം നല്‍കി. ജറീക്കോയില്‍ അദ്ദേഹം ഒരു ക്രിസ്ത്യന്‍ സമൂഹത്തിനു രൂപംകൊടുത്തു.

494-ല്‍ ഏലിയാസ് പൗരോഹിത്യം സ്വീകരിക്കുകയും ജറൂസലത്തിന്റെ പേട്രിയാര്‍ക്കായി അഭിഷിക്തനാവുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് സിറിയക്കാരനായ വി. ഫ്‌ളാവിയനെ ഏലിയാസ് കണ്ടുമുട്ടുന്നത്. ഇരുവരും കോണ്‍സ്റ്റാന്റിനോപ്പിളില്‍ പ്രതിനിധികളായി എത്തിയതായിരുന്നു.

കാല്‍സിഡണ്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതിന് ഏലിയാസിനു വളരെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രീയാര്‍ക്കീസുമാരായ എവുഫേമിയസും മാസിഡോണി യസുമായി ഏലിയാസ് സൗഹൃദം സ്ഥാപിച്ചു. എന്നാല്‍ ഏകസ്വഭാവ വാദികളായ അന്തിയോക്യയുടെയും അലക്‌സാണ്ഡ്രിയായുടെയും പാത്രിയാര്‍ക്കീസുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ചക്രവര്‍ത്തി അനസ്താസിയൂസ് I ന്റെ മുമ്പില്‍ ഏലിയാസ് തന്റെ വിശ്വാസപ്രഖ്യാപനം നടത്തി. പക്ഷേ, ചക്രവര്‍ത്തി അതു ദുര്‍വ്യാഖ്യാനം നടത്തി. അതിനു മറുപടിയായി ഏലിയാസ് മറ്റൊരു വിശ്വാസപ്രഖ്യാപനം കൂടി നടത്തി. കാസിഡോണിനെ സപ്പോര്‍ട്ടു ചെയ്തുകൊണ്ടുള്ളതായിരുന്നു അത്. എന്നാല്‍ 511-ല്‍ സിഡോണ്‍ സിനഡില്‍വച്ച് കാത്സിഡോണിന്റെ വാദമുഖങ്ങളെ എതിര്‍ക്കാന്‍ ഏലിയാസിനോട് ആവശ്യപ്പെട്ടു. പക്ഷേ, ഭൂരിപക്ഷം ബിഷപ്പുമാരുടെയും അംഗീകാരം നേടിയെടുത്ത ഏലിയാസ് വി. സെബാസിന്റെ നേതൃത്വത്തില്‍ ഒരു ഡെലഗേഷനെ, തന്റെ വാദ മുഖങ്ങള്‍ക്ക് അംഗീകാരം പിടിച്ചെടുക്കാന്‍, ജറൂസലമിലേക്ക് അയച്ചു.

ഏലിയാസും ഫ്‌ളാവിയനും യാഥാസ്ഥിതിക വിശ്വാസത്തില്‍ ഉറച്ചുനിന്നു. അതിനാല്‍ ചക്രവര്‍ത്തി അവരിരുവരെയും 516-ല്‍ അയിലായിലേക്കു നാടുകടത്തി.

ഫ്‌ളാവിയന്‍, അറേബ്യയിലെ പേത്രാ എന്ന സ്ഥലത്തുവച്ചു മരിച്ചു, ഏലിയാസ് അയിലായിലും.

"നാം എത്ര കൂടുതല്‍ നമ്മുടെമേല്‍ വിജയം വരിക്കുന്നുവോ, അത്രയേറെ അനുഗ്രഹങ്ങള്‍ ദൈവം നമുക്കു തരും. ഇന്ന് നമ്മുടെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ നമുക്കു കഴിയുമെങ്കില്‍, നാളെയും മറ്റന്നാളും കൂടുതല്‍ ക്ലേശകരമായ വിഷമതകള്‍ തരണം ചെയ്യാന്‍ നമുക്കു സാധിക്കും." -വി. വിന്‍സെന്റ് ഡി പോള്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org