ചെന്നിത്തല ഗോപിനാഥ്
ക്രൂശേറ്റി മൂന്ന് കാരിരുമ്പാണി സാക്ഷ്യമായ്
ക്രൂരമാം പീഡനം ഓരോന്നുമേറ്റനാള്‍
ക്രൂദ്ധമായൊരു പാപചിന്തയുമുള്ളിലായ്
ക്രൂശിതനായവന്‍ ഓര്‍ക്കാതിരുന്നപ്പോള്‍
ഈ സൂക്തമെന്നാളും ഉരുവിടാന്‍ ക്രിസ്തുവിന്‍
ഈ സാക്ഷ്യ പിന്‍ഗാമിയെന്നൊരു ഭാഷ്യത്താല്‍
ഇന്നു നാം കാണുന്ന മാനുഷ പാതയില്‍
ഇഹലോകമെങ്ങാനുമുണ്ടോ പിറന്നവര്‍ ?
കാല്‍ച്ചുവട്ടില്‍ എത്ര നൂറ്റാണ്ട് പിന്നിട്ടു
കണ്ണുനീരര്‍പ്പിച്ചു പൂര്‍വിക ജന്മങ്ങള്‍
കൊട്ടാര സാദൃശ്യ മേടയില്‍ ഇന്നിന്റെ
കോടീശ്വരത്വം നയിക്കുന്നോ സഭകളെ
കുര്‍ബാന എന്ന മൂന്നക്ഷരം കൂട്ടിനായ്
കൂര്‍മ്മം അതിന്‍പൊരുള്‍ സൂക്ഷ്മം ഗ്രഹിക്കുകില്‍
കുത്സിതബുദ്ധിയാല്‍ ചിന്തിച്ചഹം പൂണ്ട്
കുശാഗ്ര ലക്ഷ്യത്താല്‍ സ്വാര്‍ത്ഥമോഹത്തിലോ ?
എവിടെ തിരിഞ്ഞു നീ അര്‍പ്പിച്ചു സാക്ഷ്യത്തെ
ഏകാന്ത ചിന്തതന്‍ മാനസ തര്‍പ്പണം
എല്ലാം വിശുദ്ധനാം കര്‍ത്താവിന്‍ പാദത്തില്‍
എത്തിനില്‍ക്കും ലോകമുള്ളാരു കാലവും
അവിടെ മുഖാമുഖം കാരുണ്യവാന്‍ എന്നും
അത്തിരുവടികളെ ഏക ലക്ഷ്യത്തിലായ്
അഹമെന്ന ഭാവം വെടിഞ്ഞു നീ കല്പിച്ചാല്‍
അതിസൂക്ഷ്മ തര്‍പ്പകം വേറില്ലൊരിക്കലും
കലിയുഗപാതയില്‍ യേശുവിന്‍ ശിഷ്യരോ
കുരിശൂരി യുദ്ധകളത്തില്‍ പയറ്റവെ
കാലത്തിന്‍ പുത്രരായ് കോമരം കൂറുന്ന
കോലങ്ങളിന്നെത്രേ ഈ രണ ഭൂമിയില്‍
കൂനന്‍ കുരിശ്ശെന്ന സത്യമീ തലമുറ
കണ്ടവരിന്നില്ല എങ്കിലും ഓര്‍ക്കുകില്‍
കുരിശില്‍ പിടഞ്ഞവന്‍ കാണുന്നു വര്‍ഗീയ
കുരിശുയുദ്ധത്തിലെ ഇന്നിന്റെ സാരാംശം
സഭയിന്നു സംസ്‌കാര സ്മൃതി തേടി ഉഴലുന്നു
ശ്മശാന ഭൂവിലും അനീതിയെ വെല്ലുവാന്‍
സംസ്‌കൃതിക്കെന്തേ പിഴച്ചുവോ മര്‍ത്ത്യന്റെ
സംസ്‌കാരമില്ലാത്ത ചെയ്തിയിന്നത്രേമേല്‍
ഇന്നിന്റെ തിരുവസ്ത്രമെത്രേ മതിപ്പെന്ന്
ഈ ലോക മര്‍ത്ത്യര്‍ക്ക് സാക്ഷ്യം വരുത്തേണ്ട
ഇത്യുക്ത ഭാവം വരിച്ചുള്ളതാകണം
ഇടയന്റെ ഗാംഭീര്യമതിലൂന്നി നില്‍ക്കണം.
തുന്നലൊട്ടില്ലാത്ത കുപ്പായമന്നേശു
തന്‍ നഗ്‌നതയ്‌ക്കൊട്ടു കവചമായ്ത്തീര്‍ക്കുവാന്‍
തോളിലെ മാറാപ്പുപോലെന്ന മട്ടിലായ്
തന്‍ തിരു ദേഹം മറയ്ക്കാന്‍ ധരിച്ചതും