കഥകള്‍ / കവിതകള്‍

വേനല്‍മഴയുടെ ആലസ്യം

Sathyadeepam
  • ചെന്നിത്തല ഗോപിനാഥ്

പുതുമഴയ്‌ക്കെന്തേയൊരിത്തിരി നാണത്താല്‍

പൊരിവെയില്‍ ചൂടിനെ തഴുകാന്‍ മടിക്കയോ

മാനമൊട്ടാകെയും കാര്‍മുകില്‍ പാളിയാല്‍

കരിമിഴിക്കോണിലായ് നാണം തുടിച്ചപോല്‍,

ശങ്കിച്ചുനിന്ന കാര്‍മേഘങ്ങളിറ്റിറ്റു

തുള്ളിയായ് ചിന്തിത്തെറിക്കുന്ന വേളയില്‍

ആരോ ശകാരിച്ചുവെന്നപോല്‍ പിന്നെയും

മൗനത്തിലൊത്തിരിനേരം ചിന്തിക്കയായ്.

തുള്ളിക്കൊരു കുടം ചിന്തേണ്ട നിമിഷങ്ങള്‍

കാതോര്‍ത്തിതെങ്ങോ പുലഭ്യം ചൊരിഞ്ഞപോല്‍

അല്‍പനേരം ശഠിച്ചൊന്നങ്ങു കണ്‍പാര്‍ത്തു

ഇല്ലില്ല ജീവന്‍ തുടിക്കുന്നു കുളിരിനായ്.

എന്നവള്‍ ചിന്തിച്ചൊരല്‍പനേരം നിന്നു

പുല്‍കുമീമാറില്‍ പുല്‍ക്കൊടികളോ ചിരിതൂകി

പച്ചിലക്കാടും വടവൃക്ഷങ്ങള്‍ സ്തുതിപാടി

ആലസ്യഭാവത്തില്‍ ലയിക്കാന്‍ ചരാചരം.

തളിരിടാം നാളേയ്ക്കു മുകുളങ്ങള്‍ കുമ്പിടാന്‍

മര്‍മ്മരം കൂറുന്ന പോലെ ചിന്തിക്കയായ്

രണ്ടുനാള്‍ ചൊല്ലവേ പച്ചപ്പുല്‍ക്കൊടികളാല്‍

അങ്ങോളമിങ്ങോളം പാടപ്പരപ്പുകള്‍.

ചിത്തം കുറിച്ചൊട്ടു ശീതളകുളിരിനാല്‍

പച്ചപ്പനംതത്തകൂട്ടങ്ങള്‍ നീളെയും

കൊറ്റികള്‍ വണ്ണാത്തിക്കിളികള്‍ പുല്‍ത്തകിടിയോ

കാര്‍മുകില്‍ കാറ്റെടുത്താകെ പൊലിഞ്ഞുപോയ്!

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17