കഥകള്‍ / കവിതകള്‍

കാവല്‍ വിശുദ്ധന്‍

Sathyadeepam

എ.കെ. പുതുശ്ശേരി

ആരെന്തു പറഞ്ഞാലും
ആരവം കൂടിയാലും
ഭാരതനാടിന്‍ കാവല്‍
വിശുദ്ധന്‍ അങ്ങാണല്ലോ

ധീരനായ് യേശുവിന്‍റെ
കൂടെപോയ് മരിക്കുവാന്‍
ഭീരുത്വം വെടിഞ്ഞേക
ശിഷ്യനാം ദിദിമോസേ

ഭാരതം ദൈവാരൂപി
കൃപയാല്‍ നിറയുവാന്‍
കാരണം നീയാണല്ലോ
പാതയും നീ താനല്ലോ

പാരിന്‍റെ പൊരുളായ
മേരിതന്‍ സൂനുവിനെ
ഭാരതജനതതന്‍
ഹൃത്തില്‍ നീ പ്രതിഷ്ഠിച്ചു.

തൊട്ടാലെ വിശ്വസിക്കൂ
കൂട്ടാളി കൂട്ടത്തോട്
കട്ടായം പറഞ്ഞവന്‍
നീ തന്നെ തോമാശ്ലീഹ

എട്ടുനാള്‍ പിന്നീടവേ
ഇഷ്ടനാം ശിഷ്യന്‍ മുന്നില്‍
തുഷ്ടിയോടീശോനാഥന്‍
സ്പഷ്ടമായോതിലയോ

കാണു നീയെന്‍ പാര്‍ശ്വത്തില്‍
കുന്തത്തിന്‍ മുറിവായ
ആണിതന്‍ പഴുതുകള്‍
കരത്തില്‍ ദര്‍ശിക്കുക

തൊട്ടാലെ നമ്പുവെന്നു
തിട്ടമായി പറഞ്ഞോനേ
തൊട്ടുനോക്കുകയെന്നെ
നിന്‍ ഗുരു ഞാന്‍ തന്നെയോ

പൊട്ടുന്ന ഹൃദയത്തോടോതി
നീയെന്‍ കര്‍ത്താവേ
തിട്ടമായി വിശ്വസിപ്പു
നീതന്നെയീശപുത്രന്‍

അരുളി മഹാഗുരു
കാണാതെ വിശ്വസിപ്പോര്‍-
ഇരുളു നീങ്ങി നിത്യ
ജീവനില്‍ പ്രവേശിക്കും

നിത്യത വഴിയുന്ന
സത്യമാം വചസ്സുകള്‍
എത്തിച്ച മാഹാമതേ
ഭാരതം നമിക്കുന്നു.

മറിയം: ദൈവത്തിന്റെ അമ്മ - ജനുവരി 1

സെന്റ് ഓഡിലോ ഓഫ് ക്ലൂണി (962-1049) : ജനുവരി 1

കിടപ്പാടത്തിനായുള്ള സമരത്തില്‍ ആദിവാസികള്‍ക്കൊപ്പം ഒഡീഷയിലെ സഭയും

വിശുദ്ധ സില്‍വെസ്റ്റര്‍ I (-335) : ഡിസംബര്‍ 31

കെ സി വൈ എം വരാപ്പുഴ അതിരൂപത സുവര്‍ണ ജൂബിലി സമാപിച്ചു