ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ആദിവാസികള്‍ക്ക് ഇപ്രാവശ്യത്തെ ക്രിസ്മസ് വലിയ ആഘോഷങ്ങളില്ലാതെ കടന്നുപോയി. കാരണം തങ്ങളുടെ ഭൂമി ബലമായി ഏറ്റെടുക്കുന്നതിന് എതിരായ ഒരു സമരത്തിലാണ് ഇപ്പോള്‍ 5 ഗ്രാമങ്ങളിലെ ആദിവാസി കര്‍ഷകര്‍. കൃഷിക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫലഭൂയിഷ്ടമായ ഭൂമിയാണ് ഒരു സിമന്റ് കമ്പനിക്കായി ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നത്. വിളവു നിറഞ്ഞ പാടങ്ങളും വിളകളും നശിപ്പിച്ചുകൊണ്ടാണ് കമ്പനി നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു.
5 ഗ്രാമങ്ങളില്‍ നിന്നുള്ള 7000 കര്‍ഷകര്‍ ആണ് ഇപ്പോള്‍ സമര രംഗത്തുള്ളത്. ആദിവാസികളുടെ 270 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കാനാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും കത്തോലിക്കരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ സിമന്റ് കമ്പനികളില്‍ ഒന്നായ ഡാല്‍മിയക്ക് വേണ്ടിയാണ് ഈ ഏറ്റെടുക്കല്‍. ഈ പ്രദേശത്തെ ഏറ്റവും വലിയ ചുണ്ണാമ്പല്ല്, ഡോളോമൈറ്റ് ഖനികള്‍ നടത്തുന്നത് ഈ കമ്പനിയാണ്.
ജനങ്ങളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍മ്മാണ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കമ്പനിയോട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പ്രാദേശിക പഞ്ചായത്തിന്റെ അധ്യക്ഷനായ ആദിവാസി കത്തോലിക്കാ വിശ്വാസി ബിബോള്‍ ടോപ്പോ പറഞ്ഞു. ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്ന് പ്രൊട്ടസ്റ്റന്റ് സഭാംഗവും മറ്റൊരു ഗ്രാമമുഖ്യനുമായ ബിനയി ബര്‍ള അറിയിച്ചു. ഒഡീഷ ഹൈക്കോടതിയുടെ ഒരു വിധിക്കെതിരായ അപ്പീലാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ളത്. ഈ കേസില്‍ വിധി വരാതെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കുന്നതിന് പഞ്ചായത്തുകളുടെ അനുമതി ആവശ്യമാണ്. പക്ഷേ ഒരു പഞ്ചായത്ത് പോലും അനുമതി നല്‍കിയിട്ടില്ല. 80 ശതമാനം കര്‍ഷകരുടെ അനുമതി നിയമപ്രകാരം ആവശ്യമാണെങ്കിലും ഒരാള്‍ പോലും ആ അനുമതിയും നല്‍കിയിട്ടില്ല.
ഈ സമരങ്ങളുടെ പശ്ചാത്തലത്തില്‍ രൂപതയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ പരിമിതമായ തോതില്‍ മാത്രമേ നടത്താവൂ എന്ന് ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന റൂര്‍ക്കല കത്തോലിക്കാ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് കിഷോര്‍ കുമാര്‍ രൂപതയിലെ ഇടവകകളോടും സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചിരുന്നു. സമരം ചെയ്യുന്നവരോട് ഐകമത്യം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയോ വിരുന്നുകള്‍ നടത്തുകയോ ചെയ്യാതെയാകണം ക്രിസ്മസ് ആഘോഷിക്കേണ്ടത് എന്നും ബിഷപ്പ് ഇടയലേഖനത്തില്‍ എഴുതി.