സോണി ദീദി
പ്രിയ കൂട്ടുകാരെ,
സന്തോഷവും ആനന്ദവും തമ്മിലുള്ള വ്യത്യാസമെന്ത്? സന്തോഷം പുറത്തുള്ള സാഹര്യങ്ങള്‍ നിര്‍ണ്ണയിക്കുകയോ നല്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ഒന്നാണ്. ഉദാഹരണത്തന് ഒരു ഐസ്‌ക്രീം കപ്പ് സന്തോഷം തരുന്നുണ്ടാകും. അതു കയ്യില്‍ നിന്ന് നിലത്തുവീണുപോയാല്‍ സന്തോഷം കെട്ടു. അല്ലേ?
എന്നാല്‍, ആനന്ദം പുറത്തുള്ളവ നിർണ്ണയിക്കുന്ന ഒന്നല്ല, ഒരുവന്‍ അവന്റെ ഉള്ളില്‍ത്തന്നെ കണ്ടെത്തേണ്ട ഒരു നീരുറവയാണ്. പുറത്തെ കാലങ്ങളൊക്കെ മാറിക്കൊണ്ടിരുന്നേക്കാം. എന്നാലും ഉള്ളിലെ ആനന്ദത്തെ സ്പര്‍ശിക്കുവാനോ നശിപ്പിക്കുവാനോ അവയ്ക്കു കെല്പില്ല. ബൈബിള്‍ ഹബക്കുക്ക് എന്ന പുസ്തകത്തില്‍ നമ്മളിങ്ങനെ വായിക്കുന്നു: "അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കുമെന്ന്." ഒക്കെ ഒറ്റനോട്ടത്തില്‍ അശുഭകരമാണ്. എന്നാലും ഉള്ളിലെ ആനന്ദത്തെ നശിപ്പിക്കുവാന്‍ അവ പര്യാപ്തമല്ല. പതുക്കെപ്പതുക്കെ സന്തോഷത്തില്‍ നിന്ന് ആനന്ദത്തിലേക്ക് യാത്ര ചെയ്യാനാവണം കൂട്ടുകാര്‍ക്ക്.
പുത്തനാണ്ടിന്റെ മംഗളാശംസകളോടെ,