ലോകത്തിലെ ഏറ്റവും പ്രായമേറിയ വൈദികനു മാര്‍പാപ്പയുടെ പിറന്നാളാശംസ

ലോകത്തിലെ ഏറ്റവും പ്രായമേറിയ വൈദികനു മാര്‍പാപ്പയുടെ പിറന്നാളാശംസ
Published on

സുദീര്‍ഘവും വിശ്വസ്തവും സമര്‍പ്പിതവുമായ പൗരോഹിത്യജീവിതത്തിന് കൃതജ്ഞത പറഞ്ഞുകൊണ്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദേശം എത്തു മ്പോള്‍ ഫാ. ബ്രൂണോ കാന്ത് തന്റെ 111-ാം ജന്മദിനം ആഘോഷിക്കുകയായിരുന്നു.

ജര്‍മ്മനിയിലെ ഫുല്‍ദാ രൂപതാ വൈദികനായ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായമേറിയ കത്തോലിക്ക പുരോഹിതന്‍ എന്ന് ഔദ്യോഗി കമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജന്മദിനാശംസകള്‍ മാര്‍പാപ്പ അദ്ദേഹത്തെ എഴുതി അറിയിച്ചു.

ഇന്നത്തെ പോളണ്ടിലാണ് ഫാ. കാന്ത് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ വൈദികനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പക്ഷേ നാസി അധിനിവേശം അദ്ദേഹത്തിന്റെ പദ്ധതികളെ തകര്‍ത്തു. നിര്‍ബന്ധിത ജോലിക്കും പട്ടാളവൃത്തിക്കും അദ്ദേഹം വിധേയനായി. നാലു വര്‍ഷം റഷ്യയില്‍ യുദ്ധതടവുകാരനായി കഴിയേണ്ടി വന്നു.

പിന്നീട് അദ്ദേഹം ജര്‍മ്മനിയിലേക്ക് പലായനം ചെയ്തിരുന്ന തന്റെ കുടുംബവുമായി കൂടിച്ചേര്‍ന്നു. പുരോഹിത പഠനം ആരംഭിക്കുകയും 1950 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

102 വയസ്സുവരെ അദ്ദേഹം സ്വന്തമായി വണ്ടിയോടിച്ചിരുന്നു. രോഗീസന്ദര്‍ശനം അടുത്ത കാലം വരെ തുടര്‍ന്നു.

മരണം അകലെയല്ലെന്ന് അംഗീകരിക്കുന്ന ഫാ. കാന്ത് ഇപ്പോള്‍ പദപ്രശ്‌നങ്ങള്‍ പൂരിപ്പിച്ചും ടെലിവിഷന്‍ കണ്ടും പത്രങ്ങള്‍ വായിച്ചും പ്രാർഥിച്ചും ദിവസങ്ങള്‍ ചെലവിടുന്നു. പ്രാർഥനയാണ് തനിക്ക് യൗവനം പകരുന്നതെന്ന് അദ്ദേഹം പറയുന്നു.

logo
Sathyadeepam Online
www.sathyadeepam.org