വിശുദ്ധ തെയോഫെയിന്‍സ് (817) : മാര്‍ച്ച് 12

വിശുദ്ധ തെയോഫെയിന്‍സ് (817) : മാര്‍ച്ച് 12
810-814 കാലഘട്ടത്തില്‍ ഒരു സുപ്രധാന ക്രോണിക്കിള്‍ രചിച്ച വ്യക്തിയെന്ന നിലയിലും വി. തെയോഫെയിന്‍സ് ബഹുമാനിക്കപ്പെടുന്നു. 284 മുതല്‍ 813 വരെയുള്ള കാലഘട്ടമാണ് ക്രോണിക്കിളിന്റെ വിഷയം. ഏഴും എട്ടും നൂറ്റാണ്ടുകളിലെ ബൈസന്റൈന്‍ ചരിത്രം പഠിക്കാന്‍ നിലവിലുള്ള ഏറ്റവും ആധികാരികമായ രണ്ടു ചരിത്രരേഖകളില്‍ ഒന്നാണ് ഈ ക്രോണിക്കിള്‍.

വിശുദ്ധ തെയോഫെയിന്‍സ്, അഞ്ചാം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. കാരണം, അദ്ദേഹത്തിന്റെ പിതാവ് അകാലത്തില്‍ മരണമടഞ്ഞിരുന്നു; കൂടാതെ വന്‍ സ്വത്തിന്റെ ഉടമയുമായിരുന്നു. ഏതായാലും ചെറുപ്പത്തിലേ തന്നെ ഒരു സമ്പന്നയുവതിയെ അദ്ദേഹത്തിനു വിവാഹം ചെയ്യേണ്ടിവന്നു. പക്ഷേ വിവാഹബന്ധം പൂര്‍ത്തി യാക്കുന്നതിനു മുമ്പേ, ഉഭയസമ്മതപ്രകാരം അവര്‍ പിരിഞ്ഞു. അദ്ദേഹം ഒരു പോളി ക്രോണിക്കന്‍ ആശ്രമത്തില്‍ ചേരുകയും ഭാര്യ ഒരു കന്യാസ്ത്രീയാകുകയും ചെയ്തു

അദ്ദേഹം പിന്നീട് അനേകം ആശ്രമങ്ങള്‍ സ്ഥാപിക്കുകയും മര്‍മ്മര കടലിന്റെ തീരത്തുള്ള ഒരു ആശ്രമത്തിന്റെ അധിപനായി സേവനം ചെയ്യുകയും ചെയ്തു.

787 ല്‍ നടന്ന രണ്ടാം നിഖ്യാ (ടര്‍ക്കി) സൂനഹദോസിലേക്ക് തെയോഫെയിന്‍സും ക്ഷണിക്കപ്പെട്ടിരുന്നു. ഈ സൂനഹദോസിലാണ് പ്രതിമകള്‍ ഉപയോഗിക്കാനും ആരാധിക്കാനുമുള്ള അനുവാദം നല്‍കിയത്. എന്നാല്‍ 814 ല്‍ അര്‍മേനിയന്‍ ചക്രവര്‍ത്തിയായ ലെയോ അഞ്ചാമന്‍ ഈ അനുവാദം എടുത്തുകളയുകയും പ്രതിമകളുടെ ഉപയോഗം തടയുകയും ചെയ്തു. ലെയോയുടെ ഈ നടപടിയെ തെയോഫെയിന്‍സ് ശക്തിയുക്തം എതിര്‍ത്തു. അങ്ങനെ അദ്ദേഹം തടവിലാക്കപ്പെട്ടു. രണ്ടു വര്‍ഷം ആവശ്യത്തിനു ഭക്ഷണം പോലും ലഭിക്കാതെ തടവില്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു അതോടെ അദ്ദേഹത്തെ ഗ്രീസിലുള്ള സമോത്രെയ്‌സ് എന്ന ദ്വീപിലേക്ക് നാടുകടത്തി. അവിടെ വച്ച് 817 മാര്‍ച്ച് 12 ന് അദ്ദേഹം ചരമമടഞ്ഞു.

ഗ്രീക്ക് ലാറ്റിന്‍ റീത്തുകളിലെ പള്ളികളില്‍ തെയോഫെയിന്‍സിനെ വിശുദ്ധനായി വണങ്ങുന്നുണ്ട്.

810-814 കാലഘട്ടത്തില്‍ ഒരു സുപ്രധാന ക്രോണിക്കിള്‍ രചിച്ച വ്യക്തിയെന്ന നിലയിലും വി. തെയോഫെയിന്‍സ് ബഹുമാനിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ജോര്‍ജ് സിഞ്ചെല്ലസിന്റെ പ്രേരണയാലാണ് ഈ രചന നിര്‍വ്വഹിച്ചതെന്ന് കരുതുന്നു. 284 മുതല്‍ 813 വരെയുള്ള കാലഘട്ടമാണ് ക്രോണിക്കിളിന്റെ വിഷയം. ഏഴും എട്ടും നൂറ്റാണ്ടുകളിലെ ബൈസന്റൈന്‍ ചരിത്രം പഠിക്കാന്‍ നിലവിലുള്ള ഏറ്റവും ആധികാരികമായ രണ്ടു ചരിത്രരേഖകളില്‍ ഒന്നാണ് ഈ ക്രോണിക്കിള്‍. മറ്റൊന്ന്, കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പേട്രിയാര്‍ക്ക് നൈസ്‌ഫോറസ് ഒന്നാമന്‍ രചിച്ച ക്രോണിക്കിളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org