സുമിൻ ജോയ്
“കുട്ടികളേ... അടുത്ത ഞായറാഴ്ച ഫാദേഴ്സ് ഡേ ആണല്ലോ..” ബിന്ദു ടീച്ചർ ചിരിച്ചുകൊണ്ട് ക്ലാസിലാകെ നോക്കി.
ഉച്ചതിരിഞ്ഞ മയക്കത്തിൽ മുഴുകിയിരുന്ന കുട്ടികൾ പെട്ടെന്ന് ഉണർന്നു. പിന്നിലെ ബെഞ്ചുകളിൽ നിന്ന് പോലും ആവേശം നിറഞ്ഞ ശബ്ദങ്ങൾ ഉയർന്നു.
“അതുകൊണ്ട് ഈ ആഴ്ച നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ് ഉണ്ട്...” ടീച്ചർ ബോർഡിനരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
“ഓരോരുത്തരും നിങ്ങളുടെ അച്ഛനോടൊപ്പ മുള്ള ഒരു ഫോട്ടോ കൊണ്ടുവരണം. വെറും ഫോട്ടോ മാത്രമല്ല... ആ ചിത്രത്തിന് പിന്നിലുള്ള ഒരു ഓർമ്മയും പറയണം.
അച്ഛൻ നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിച്ചതായി തോന്നിയ ഒരു നിമിഷം... നിങ്ങൾക്കായി ത്യജിച്ച ഒരു ദിവസം... അല്ലെങ്കിൽ നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു ചെറിയ അനുഭവം...”
ക്ലാസിൽ ഒരുനിമിഷം മൗനം പടർന്നു.
പിന്നെ പെട്ടെന്ന് കുട്ടികളിൽ ചിരികൾ വിരിഞ്ഞു.
“ടീച്ചർ... ഞാൻ ബീച്ചിൽ പോയ ഫോട്ടോ കൊണ്ടു വരട്ടേ?”
“എന്റെ ഡാഡി എന്നെ തോളിൽ ഇരുത്തിയ ഫോട്ടോ ഉണ്ട്!”
“ഞങ്ങൾ മൂന്നുപേരും മാച്ചിംഗ് ഡ്രസ്സ് ഇട്ട ഫോട്ടോ കൊണ്ടുവരാം!”
ഓരോ കുട്ടിയും അവരുടെ അച്ഛനെക്കുറിച്ചുള്ള ഓർമ്മ കളിലേക്ക് ആവേശത്തോടെ ഇറങ്ങിപ്പോയി.
ബിന്ദു ടീച്ചർ മൃദുവായി ചിരിച്ചു.
“ഫോട്ടോ ഭംഗിയുള്ളതാ കണമെന്നില്ല കുട്ടികളേ... പക്ഷേ അതിലുള്ള സ്നേഹം സത്യമാണ്...”
ടീച്ചറുടെ ശബ്ദം ഒന്ന് ഇടറി.
“ചിലപ്പോൾ അച്ഛന്മാർ സ്നേഹം പറയാറില്ല... പക്ഷേ അവരുടെ ജീവിതം മുഴുവൻ അത് നമ്മൾക്കായി ജീവിച്ചുകാണിക്കാറുണ്ട്...”
പിൻബെഞ്ചിലിരുന്ന ഗ്രീഷ്മ മാത്രം തലകുനിച്ച് നോട്ട് ബുക്കിന്റെ കോണിൽ എന്തോ വരച്ചുകൊണ്ടിരുന്നു.
ക്ലാസിലെ മറ്റു കുട്ടികളുടെ ചിരിയും സംസാരവും അവൾക്കൊരു വിദൂര ശബ്ദം പോലെ തോന്നി.
പെൻസിൽ കൊണ്ടു വരച്ച രേഖകൾക്കിടയിൽ അവളുടെ മനസ്സ് എവിടെയോ അകന്നുപോയിരുന്നു.
“ഗ്രീഷ്മാ... നിന്റെ അച്ഛന്റെ ഫോട്ടോ കൊണ്ടുവരുമല്ലോ?”
ടീച്ചറുടെ ശബ്ദം അവളെ ചിന്തകളിൽ നിന്ന് ഞെട്ടിച്ചു.
അവൾ പതിയെ തല ഉയർത്തി.
ഒരു നിമിഷം ക്ലാസ് മുഴുവൻ അവളിലേക്ക് ചുരുങ്ങിയതുപോലെ തോന്നി.
“ആ... കൊണ്ടുവരാം ടീച്ചർ...”
താഴ്ന്ന ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.
പക്ഷേ ആ വാക്കുകൾ പറയുമ്പോൾ അവളുടെ ഉള്ളിൽ ഒരു ഭയം ഇരച്ചുകയറിയിരുന്നു.
ഓരോ വർഷവും ഫാദേഴ്സ് ഡേ വരുമ്പോൾ ക്ലാസ് മുഴുവൻ അച്ഛന്മാരുടെ കഥകളാൽ നിറയും. അപ്പോൾ ഗ്രീഷ്മ മാത്രം നിശ്ശബ്ദയായി ഇരിക്കും.
ബാഗിൽ നിന്ന് പേന എടുത്ത് അവൾ വീണ്ടും ബുക്കിലേക്ക് നോക്കി. വരച്ചുകൊണ്ടിരുന്ന ചിത്രം ഇപ്പോൾ വ്യക്തമായി ഒരു മുഖത്തിന്റെ രൂപം പോലെ തോന്നി - പകുതി മാത്രം പൂർത്തിയായ ഒരു മനുഷ്യൻ. അവൾ പേന ശക്തമായി പിടിച്ചു.
വീട്ടിൽ അമ്മയുടെ മൗനമായ തിരക്കുകൾ... വൈകുന്നേരങ്ങളിൽ ജനാലയ്ക്കരികിൽ അച്ഛനായി കാത്തുനിന്നിരുന്ന ബാല്യം... മറ്റു കുട്ടികൾ അച്ഛനെക്കുറിച്ച് സംസാരിക്കുമ്പോൾ ചിരിക്കാനായി ശ്രമിച്ച നിമിഷങ്ങൾ... എല്ലാം മങ്ങിയ ഓർമ്മകളായി മനസ്സിലൂടെ കടന്നുപോയി.
“ഫോട്ടോ കൊണ്ടുവരാം...”
ആ വാക്കുകൾ ഇപ്പോൾ അവൾക്ക് അസഹ്യമായ ഭാരമുള്ളതായിരുന്നു. കൊണ്ടുവരാൻ ഒരു ചിത്രം മാത്രമല്ല... പറയാൻ കഴിയാത്ത കുറെ ചോദ്യങ്ങളും അതിനൊപ്പം വരുമായിരുന്നു.
വൈകുന്നേരം വീട്ടിലെത്തിയ ഉടനെ അവൾ ബാഗ് പോലും വയ്ക്കാതെ പഴയ അലമാര തുറന്നു. പൊടിയുടെ മങ്ങിയ ഗന്ധം മുറിയിലാകെ പടർന്നു.
മുകളിലെ തട്ടിൽ പഴകിയ സാരികളും നിറം മങ്ങിയ ഷർട്ടുകളും. താഴെ ചില ഫയലുകൾ. മഞ്ഞപിടിച്ച ആശുപത്രി രേഖകൾ. റേഷൻ കാർഡിന്റെ കോപ്പി. ഒരു പഴയ ഡയറി... എല്ലാം ചേർന്ന് പഴയ ജീവിതത്തിന്റെ ഓർമ്മത്തുണ്ടുകൾ പോലെ...
ഓരോ പേപ്പറും അവൾ മറിച്ചുനോക്കി. പക്ഷേ അവൾ അന്വേഷിച്ചിരുന്ന ഒന്ന് മാത്രം ഉണ്ടായിരുന്നില്ല. അച്ഛന്റെ ഒരു ഫോട്ടോ....
“അമ്മേ...”
അടുക്കളയിൽ ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന സരിത തിരിഞ്ഞുനോക്കി.
“എന്താ മോളേ?”
“നമ്മൾക്ക് അച്ഛന്റെ ഒരു ഫോട്ടോ പോലുമില്ലേ?”
ചോദ്യം കേട്ടതും സരിതയുടെ കൈ നിശ്ചലമായി. ഒരു ചെറിയ മൗനം മുഖത്ത് പടർന്നു.
“ഉണ്ടാവുമോന്ന് നോക്കാം...”
അമ്മയും മകളും വീണ്ടും തിരച്ചിൽ തുടങ്ങി. അൽപസമയത്തിനുശേഷം ഒരു പഴയ പേഴ്സ് സരിതയുടെ കൈയിൽപ്പെട്ടു. അതിൽ നിന്ന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പുറത്തുവന്നു.
ഗ്രീഷ്മയുടെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തെളിഞ്ഞു. പക്ഷേ അടുത്ത നിമിഷം ആ തെളിച്ചം മങ്ങി. ഫോട്ടോയിൽ സരിതയും കുഞ്ഞായിരുന്ന ഗ്രീഷ്മയും മാത്രം.
“ഇതിൽ അച്ഛൻ എവിടെയാ?”
ഗ്രീഷ്മയുടെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു. സരിത ഫോട്ടോയിലേക്ക് നോക്കി ചെറുതായി ചിരിച്ചു. ആ ചിരിയിൽ വേദനയുണ്ടായിരുന്നു.
“ഫോട്ടോ എടുത്തത് അച്ഛനായിരുന്നു...”
ആ വാക്കുകൾ കേട്ടപ്പോൾ ഗ്രീഷ്മ മിണ്ടാതെ നിന്നു. ചില മറുപടികൾ ശൂന്യതയേക്കാൾ വേദനിപ്പിക്കുന്നതാ ണെന്ന് അവൾക്ക് ആദ്യമായി തോന്നി.
“അച്ഛൻ ഒരിക്കലും ഫോട്ടോ എടുക്കാറില്ലായി രുന്നോ?”
അന്ന് രാത്രി മെഴുകുതിരിയുടെ വെളിച്ചത്തിൽ ഗ്രീഷ്മ വീണ്ടും ചോദിച്ചു. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. സരിത കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
“നമുക്ക് ഒരുമിച്ച് നിൽക്കാൻ പോലും സമയം കിട്ടിയിരുന്നില്ല മോളേ...”
* * * * * *
ഷാജി... ഗ്രീഷ്മയുടെ അച്ഛൻ. ഒരു കെട്ടിടനിർമ്മാണ തൊഴിലാളി. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് പഴയ സ്കൂട്ടറിൽ ജോലിക്ക് പോകും. വൈകിട്ട് തിരിച്ചു വരുമ്പോൾ ഗ്രീഷ്മ പലപ്പോഴും ഉറങ്ങിക്കഴിഞ്ഞിരിക്കും. പക്ഷേ ഓരോ രാത്രിയും അവളുടെ നെറ്റിയിൽ തലോടാതെ അദ്ദേഹം കിടക്കാറില്ലായിരുന്നു.
അവൾക്ക് പനി വന്ന രാത്രികളിൽ ഉറങ്ങാതെ കാവലിരുന്ന മനുഷ്യൻ. കഴിക്കാൻ വാങ്ങിയ ബിസ്കറ്റിന്റെ പകുതി കുഞ്ഞിന് കൊടുത്തിട്ട് “എനിക്ക് വേണ്ട” എന്ന് ചിരിക്കുന്ന മനുഷ്യൻ.
പക്ഷേ ആ ജീവിതത്തിൽ ഫോട്ടോകൾക്ക് ഇടമുണ്ടായിരുന്നില്ല. ജീവിക്കാൻ മാത്രം സമയം തികയാത്ത ദിവസങ്ങളായിരുന്നു അത്. വൈദ്യുതിയുടെ അഭാവത്തിൽ മെഴുകുതിരി തീരാറായപ്പോൾ സരിത പഴയ ഇരുമ്പ് ട്രങ്ക് തുറന്നു.
പഴയ കത്തുകൾ... ബാങ്ക് പേപ്പറുകൾ... ഇൻഷുറൻസ് രേഖകൾ... അതിനിടയിൽ നിന്ന് ഒരു വെള്ളക്കവർ വഴുതി വീണു.
സരിത അത് തുറന്നുനോക്കിയതും നിശ്ചലമായി.
“എന്താ അമ്മേ?”
അവൾ പതുക്കെ പേപ്പർ ഗ്രീഷ്മയ്ക്ക് നീട്ടി.
ഒരു ബാങ്ക് ഫോം.
“Name of Nominee: GRISHMA SHAJI”
അതിന് താഴെ -
“Signature of Guardian”
നീല മഷിയിൽ ഒരു ഒപ്പ്.
SHAJI.
ഗ്രീഷ്മ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ആ ഒപ്പ് തഴുകി.
“ഇത്... അച്ഛന്റെ കൈയെഴുത്താണോ?”
“അതെ...”
സരിതയുടെ കണ്ണുകൾ നിറഞ്ഞു.
“ആശുപത്രിയിൽ പോകുന്നതിന് ഒരാഴ്ച മുമ്പ് എഴുതിയത്...”
അന്ന് ശ്വാസം മുട്ടി ചുമച്ചുകൊണ്ടിരുന്നിട്ടും ഷാജി ബാങ്കിലേക്ക് പോയിരുന്നു.
“ഈ അവസ്ഥയിൽ എന്തിനാ ബാങ്കിൽ പോകുന്നത്?” സരിത ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചു.
“ ഗ്രീഷ്മയുടെ പേരിൽ ചെറിയൊരു അക്കൗണ്ട് തുടങ്ങണം... അവൾ വലുതാകുമ്പോൾ പഠിക്കാൻ ഉപകരിക്കും...”
ആ ദിവസം ബാങ്കിൽ വച്ചായിരുന്നു ആ ഒപ്പ്. അതായിരുന്നു അവസാനമായി ഷാജി സ്വന്തം പേരെഴുതിയത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ഹൃദയാഘാതം അദ്ദേഹത്തെ കൊണ്ടുപോയി.
അന്ന് ഗ്രീഷ്മയ്ക്ക് രണ്ട് വയസ്സ് മാത്രം.
* * * * * *
ഫാദേഴ്സ് ഡേ ദിനം. ക്ലാസിൽ നിറയെ ഫോട്ടോകൾ. വലിയ ഫ്രെയിമുകളും നിറമുള്ള ഓർമ്മകളും.
“ഗ്രീഷ്മ... നിന്റെ ഫോട്ടോ എവിടെ?”
ബിന്ദു ടീച്ചർ ചോദിച്ചു.
ഗ്രീഷ്മ പതുക്കെ ബാഗിൽ നിന്ന് ആ ബാങ്ക് ഫോം പുറത്തെടുത്തു. ടീച്ചർ അമ്പരന്നു.
“ഇത്... ബാങ്ക് ഫോം അല്ലേ?”
ക്ലാസ് മുഴുവൻ നിശ്ശബ്ദമായി.
ഗ്രീഷ്മയുടെ ശബ്ദം വിറച്ചു.
“ടീച്ചർ... എനിക്ക് അച്ഛനോടൊപ്പമുള്ള ഒരു ഫോട്ടോ പോലും ഇല്ല...”
ഒരു നിമിഷം അവൾ നിർത്തി.
“അച്ഛൻ ജീവിതം മുഴുവൻ ഞങ്ങൾക്കുവേണ്ടി പണിയെടുക്കുകയായിരുന്നു... ഫോട്ടോ എടുക്കാൻ സമയം ഉണ്ടായിരുന്നില്ല...”
അവളുടെ കണ്ണുകൾ ജലസാന്ദ്രമായി.
“പക്ഷേ... എന്റെ പേരിനടിയിൽ അച്ഛൻ എഴുതിയ ഈ ഒപ്പുണ്ട്...”
അവൾ പേപ്പർ നെഞ്ചോട് ചേർത്തുപിടിച്ചു.
“എന്നെക്കുറിച്ച് അവസാനമായി ചിന്തിച്ച ദിവസം എഴുതിയ ഒപ്പ്...”
ഒരു തുള്ളി കണ്ണുനീർ പേപ്പറിലേക്കുവീണു.
“ഇതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഫാദേഴ്സ് ഡേ ഗിഫ്റ്റ്...”
ബിന്ദു ടീച്ചർ പെട്ടെന്ന് മുഖം തിരിച്ചു. കണ്ണുനീർ മറയ്ക്കാനായിരുന്നു അത്. ക്ലാസിൽ ആരും കൈയടിച്ചില്ല. കാരണം ചില നിമിഷങ്ങൾ കൈയടിക്കാനുള്ളതല്ല... മനസ്സിൽ ജീവിതം മുഴുവൻ സൂക്ഷിക്കാനുള്ളതാണ്.