കെ മുണ്ടാടന്‍
2025 ലെ സാഹിത്യത്തിനു നൊബേല്‍ സമ്മാനം ലഭിച്ച ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍ക്കായി പറയുന്നു, ''ഒന്നില്‍ നിന്ന് സ്വതന്ത്രമായി, നമ്മളില്‍ ത്തന്നെ നിരവധി സവിശേഷതകളുണ്ട്. എല്ലാം നമുക്കകത്തുതന്നെയാണെന്നുള്ളത്: സ്വര്‍ഗം, നരകം, ശുദ്ധീകരണ സ്ഥലം. എന്നാല്‍, ഇത്തരമൊരു ലളിതവല്‍ക്കരണത്തില്‍ എനിക്ക് വിശ്വാസമില്ല.'' ഒട്ടും ലളിതവല്‍ക്കരിക്കാതെ ഒരു കാലഘട്ടത്തിന്റെയും സമൂദായ ത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിശ്വാസത്തിന്റെയും ആഴത്തിലേക്ക് ഊളിയിട്ട് മിത്തും അദ്ഭുതത്തിലെ അനശ്വരതയും എല്ലാം ചേരുവകളാക്കി മലയാള ഭാഷയുടെ പുതിയ അടയാളപ്പെടുത്തലുകളുമായി ''കാലൊടിഞ്ഞ പുണ്യാളന്‍'' എന്ന കഥാ സമാഹാരത്തിലൂടെ മലയാളിയെ ത്രസിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഷനോജ് ആര്‍ ചന്ദ്രന്റെ ''അരപ്പാതിരി'' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 29) കണ്ടപാടെ ആര്‍ത്തിയോടെ വായിച്ചു. പച്ചയായ യാഥാര്‍ത്ഥ്യങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളും തത്ത്വചിന്തകളും ചേര്‍ന്ന ഒരു കോക്‌ടെയില്‍ കഥ, പക്ഷേ കത്തോലിക്കരെ പ്രത്യേകിച്ച് യഥാസ്ഥിതികരെ ചൊടിപ്പിക്കുന്നതാണ്.
കഥ ഈയിടെ മാര്‍പാപ്പ കാലം ചെയ്തപ്പോള്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടന്ന കര്‍ദിനാളുമാരുടെ കോണ്‍ക്ലേവു മായി ബന്ധപ്പെടുത്തിയാണ്. പക്ഷേ അതിനെ ബന്ധിപ്പിക്കുന്നത് കുട്ടനാട്ടിലെ വൈശ്യംഭാഗം പള്ളിയില്‍ നടന്ന ഒരു ദിവ്യകാരുണ്യ അദ്ഭുതവുമായി ട്ടാണ്. അദ്ഭുതം കുട്ടനാട്ടിലെ വൈശ്യംഭാഗം പുഷ്പറോസ് പള്ളിയിലെ വികാരിയച്ചന്‍ ഫാ. ചാമകുന്നില്‍ കുര്‍ബാനയ്ക്കു കൊടുത്തപ്പോള്‍ ''അരപ്പാതിരി'' എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ദേവസ്യ എന്ന വൃദ്ധന് നല്കിയ തിരുവോസ്തിയില്‍ യേശുവിന്റെ പച്ചയായ മാംസവും രക്തവും കണ്ടതാണ്.
അദ്ഭുതകരമായ തിരുവോസ്തിയെടുത്ത് ഒരു ചില്ലുപേടകത്തിലാക്കി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ പ്രതിഷ്ഠിച്ചു. അതിനു ശേഷം അടിയന്തിരമായി മെത്രാനച്ചന്റെ നേതൃത്വത്തില്‍ വന്ന വൈദികശ്രേഷ്ഠരുടെ കമ്മീഷന്റെ പരിശോധനയും ചോദ്യം ചെയ്യലും അതിഗംഭീരമായിരിക്കുന്നു. എന്തായാലും കര്‍ത്താവിന്റെ തിരുശരീരം നല്‍കിയപ്പോള്‍ ചാമകുന്നിലച്ചന്റെ അവസ്ഥ വിവരിക്കുന്നിടത്ത് കഥാകൃത്ത് ആത്മീയതയുടെ അവധാനതയും കുറിച്ചിട്ടുണ്ട്. ചാമകുന്നിലച്ചന്‍ കമ്മീഷന്‍ അംഗങ്ങളോട് പറയുന്നത് ഇങ്ങനെയാണ്, ''നൂറുനൂറ്റമ്പതു പേര്‍ക്ക് നല്‍കിയപ്പോഴേക്കും ഞാന്‍ വിവശനായി. പതിവില്ലാതെ കാല്‍ കുഴഞ്ഞു. എനിക്ക് താങ്ങാനാവാത്ത വലിയൊരു ശരീരത്തിന്റെ ചോരയിറ്റുന്ന മാംസം മുഴുവന്‍ ചുമലിലേറ്റി തളരുന്നതായി തോന്നി.'' പരിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തി കൊടുക്കുന്ന ഓരോ വൈദികനും ഇങ്ങനെയൊരു ഭാരം തോന്നേണ്ടതല്ലേ എന്ന ചോദ്യം എന്റെ മനോമുകുരത്തിലെങ്ങോ മുഴങ്ങി.
തിരുവോസ്തി സ്വീകരിച്ച അരപ്പാതിരി എന്ന വൃദ്ധനെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ മര്‍മ്മം തെളിയുന്നത്. കാരണം തിരുവോസ്തിയില്‍ പതിഞ്ഞ രക്തത്തിന്റെ രൂപം കൃത്യമായ് ആ വൃദ്ധന്‍ വായിച്ചെടുത്തു. അത് CXL എന്നായിരുന്നു. ഏതൊരു അദ്ഭുതവും വച്ച് പണമുണ്ടാക്കാമെന്നു കരുതുന്നവരുടെ കണ്ണുകള്‍ അതിനെ വ്യാഖ്യാനിച്ചത് നടുക്ക് ഒരു കുരിശ് ചരിഞ്ഞു കിടക്കുന്നു എന്നാണ്. അതിന്റെ അര്‍ഥം പണ്ട് ഫ്രാന്‍സിസ് അസ്സീസിയോട് പഴയ പള്ളി പുതുക്കി പണിയാന്‍ ആവശ്യപ്പെട്ടതുപോലെ ചരിഞ്ഞ കുരിശ് ''നൂറ്റാണ്ട് കഴിഞ്ഞ പള്ളി പുതുക്കിപ്പണിത് പുതിയതുണ്ടാക്കാന്‍ നേരമായെന്നര്‍ഥം'' എന്ന് മെത്രാന്‍ പറഞ്ഞു.
പക്ഷേ പണ്ട് സെമിനാരിയില്‍ പോയി പഠിച്ച് പാതിരിയാകാതെ ആറു വര്‍ഷം കഴിഞ്ഞ് തിരിച്ചുപോന്ന് 'അരപ്പാതിരി' എന്ന കളിപ്പേര് കിട്ടിയ ദേവസ്യ ചേട്ടന്‍ അത് വായിച്ചത് ലാറ്റിന്‍ സംഖ്യാ ക്രമപ്രകാരം 140 എന്നാണ്. ആ വൃദ്ധന്റെ വിടുവായത്തം കേട്ട് മെത്രാനും വൈദിക പണ്ഡിതരും അയാളോട് പറഞ്ഞത് അദ്ഭുതത്തിന്റെ അര്‍ഥം വ്യഖ്യാനിക്കാന്‍ അല്‍മേനിക്കു അവകാശമില്ലെന്നാണ്. പക്ഷേ എങ്കിലും ജിജ്ഞാസയുടെ പേരില്‍ അവര്‍ ചോദിച്ചു 140 എന്നു വച്ചാല്‍ എന്താണ്. അയാള്‍ പറഞ്ഞു അത് കത്തോലിക്കാസഭയിലെ കര്‍ദിനാളുമാരുടെ എണ്ണമാണ്. പക്ഷേ സഭയില്‍ ആകെ 242 കര്‍ദിനാള്‍മാരുണ്ടല്ലോ എന്ന വാദഗതി ഉയര്‍ത്തി വൃദ്ധനെ ചെറുതാക്കിയപ്പോഴാണ് അയാള്‍ അക്ഷരാര്‍ഥത്തില്‍ അവരെ ഞെട്ടിച്ചത്. പക്ഷേ സിസ്റ്റൈന്‍ ചാപ്പലില്‍ കൂടിയിരിക്കുന്ന കോണ്‍ക്ലേവില്‍ മാര്‍പാപ്പയെ തിരഞ്ഞടുക്കാന്‍ യോഗ്യതയുള്ള കര്‍ദിനാളുമാരുടെ എണ്ണം 140 എന്നാണ് വൃദ്ധന്റെ വ്യാഖ്യാനം.
കോണ്‍ക്ലേവില്‍ ദേവസ്യേട്ടന്റെ ഇടവകക്കാരനായ നടുവിലേപറമ്പില്‍ ഫിലിപ്പ് എന്ന കര്‍ദിനാളും ഉണ്ടെന്നത് മറ്റൊരു യഥാര്‍ഥ്യം. അരപ്പാതിരിയുടെ പ്രവചനം ഒരു ഇന്ത്യാക്കാരന്‍ അതും മലയാളി മാര്‍പാപ്പയാകാന്‍ പോകുന്നുവെന്നാണ്. അതേസമയം സിസ്റ്റൈന്‍ ചാപ്പലിലെ മൈക്കല്‍ ആഞ്ജലോയുടെ വിശ്വപ്രസിദ്ധമായ ''സൃഷ്ടി'' എന്ന പെയിന്റിംഗിനെ ധ്യാനിച്ച് കര്‍ദിനാള്‍ ഫിലിപ്പ് ആദ്യമനുഷ്യന്റെ വിരല്‍ ദൈവത്തിന്റെ വിരലിനെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതിനു പകരം മാര്‍പാപ്പയുടെ സിംഹാസനത്തെ തൊടാന്‍ നീളുന്ന 140 കര്‍ദിനാളുമാരുടെ കൈകളെയാണ് കാണുന്നത്. എന്തായാലും അരപ്പാതിരിക്ക് വീണ്ടും തിരുവോസ്തിയില്‍ അടയാളം ലഭിച്ചു. അത് മലയാളി കര്‍ദിനാള്‍ ഫിലിപ്പിന് ലഭിച്ച വോട്ടിന്റെ നമ്പറാണ് എന്നു വ്യഖ്യാനിച്ചത് അരപ്പാതിരിക്കെതിരെ പള്ളിവിലക്കിനു കാരണമായി.
അതിനിടെ മലയാളി കര്‍ദിനാള്‍ കോണ്‍ക്ലേവിലെ ഒരുവട്ടം വോട്ടെടുപ്പില്‍ തനിക്കു തന്നെ വോട്ടു ചെയ്തു വോട്ട് അസാധുവാക്കിയതും അധികാരമോഹത്തിന്റെ കളങ്കമായി മാറി. ഇടവകപള്ളിയില്‍ നിന്നും മാറി അരപ്പാതിരി വൃദ്ധന്‍ തുരുത്തി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ചെന്നു തിരുവോസ്തി സ്വീകരിക്കുന്നതും ഒക്കെ വായിക്കുമ്പോള്‍ ഷനോജ് സമകാലിക സഭാരാഷ്ട്രീയത്തിന്റെയും ചേരുവ ഈ കഥയില്‍ ചേര്‍ത്തിട്ടുണ്ടെന്നു വ്യക്തമാണ്.
ഫുള്‍സ്റ്റോപ്പ്: ''എല്ലാ മനുഷ്യരും അരപ്പാതിരി മാരാണ്. മുഴുവനാകാത്തവര്‍! പാതിമാത്രം നിറഞ്ഞവര്‍! മുഴുവന്‍ നിറയാനാകുമ്പോഴൊക്കെ ശ്രദ്ധതെറ്റി പാത്രം ചരിഞ്ഞൊഴുകുകയോ വിണുടഞ്ഞു പോകുകയോ ചെയ്യുന്നുണ്ട്.''